നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിതിരുനാളിനു ഒരുക്കമായി സഭ പരിശുദ്ധമായ എട്ടുനോമ്പിലേക്ക് പ്രവേശിക്കുവാൻ ഒരുങ്ങുകയാണല്ലോ. കേരളസഭയെ, പ്രത്യേകിച്ച് മാർത്തോമാക്രിസ്ത്യാനികളെ സംബന്ധിച്ച് എട്ടുനോമ്പ് നമ്മുടെ പാരമ്പര്യത്തിനോട് ഇഴകി ചേർന്നുകിടക്കുന്നതാണ്. ആത്മീയമായ ഒരു ഒരുക്കം ആണെങ്കിലും എട്ടുനോമ്പ് ഒരുപാട് മറ്റ് തരത്തിലുള്ള മാനങ്ങളും മുന്നോട്ട് വെക്കുന്നുണ്ട്. എട്ടുനോമ്പിന്റെ ഐതിഹ്യം പരിശോധിച്ചാൽ തന്നെ നമുക്ക് അത് മനസിലാകും.

ഐതീഹ്യം

എട്ടുനോമ്പിന്റെ ഉത്ഭവത്തെപ്പറ്റി ധാരാളം ഐതിഹ്യങ്ങൾ കേരളത്തിലെ ക്രിസ്ത്യൻ സമൂഹങ്ങൾക്കിടയിൽ പ്രചാരത്തിലുണ്ട്. എല്ലാം തന്നെ വിരൽ ചൂണ്ടുന്നത് ആ കാലത്തിലെ ക്രിസ്തുമതത്തിനെതിരെ നടന്ന വിവിധ തരത്തിലുള്ള മതമർദ്ദങ്ങളിലേക്കാണ്. അതിൽ എല്ലാവരും ഒരുപോലെ ശെരി വെക്കുന്ന ഒന്നാണ് കൊടുങ്ങല്ലൂരുമായി ബന്ധപ്പെട്ടത്. ‘ഭാരത ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടിൽ ‘ ആയ ഇരിങ്ങാലക്കുട രൂപതയിലെ കൊടുങ്ങല്ലൂർ നമ്മുടെ പിതാവായ മാർതോമാശ്ലീഹായുടെ വരവോടു കൂടി ഇവിടെ ഒരു ക്രൈസ്തവ സമൂഹം ഉണ്ടായിരുന്നു. തോമാശ്ലീഹാക്കുണ്ടായിരുന്ന അതെ ദൈവമാതൃഭക്തി അദ്ദേഹം സ്ഥാപിച്ച സഭകളിലും കാണാൻ സാധിക്കും. കൊടുങ്ങല്ലൂരിൽ ഈശോമിശിഹായുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിൽ ഒരു പള്ളിയും ഉണ്ടായിരുന്നു. ( ഇന്ന് ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തിൽ പുനർനിർണയം ചെയ്യപ്പെട്ട ഒരു പള്ളി ഉണ്ട് ). A D 7, 8 നൂറ്റാണ്ടുകളിൽ കൊടുങ്ങല്ലൂരിലെ ക്രിസ്ത്യാനികൾ ഒരുപാട് മതപീഡനങ്ങൾക്ക് വിധേയരായി. ഈ സമയങ്ങളിൽ കൊടുങ്ങല്ലൂരിലെ നസ്രാണികൾ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി 8 ദിവസം നോമ്പും ഉപവാസവുമായി പ്രാർത്ഥിച്ചിരുന്നു. ടിപ്പുവിന്റെ കാലത്തും മധ്യകേരളത്തിലെ നിരവധി ക്രൈസ്തവ ദേവാലയങ്ങൾ ടിപ്പുവിന്റെ സൈന്യം തകർക്കുകയും സ്ത്രീകളെ മറ്റും പീഡനങ്ങൾക്ക് വിധേയരാക്കുകയും ചെയ്തിരുന്നു. ടിപ്പുവിന്റെ പടയിൽ നിന്നും രക്ഷ നേടുന്നതിനായി സ്ത്രീകൾ നോമ്പ് എടുത്ത് പ്രാർത്ഥിച്ചു. അങ്ങനെ സ്ത്രീകളുടെ നോമ്പ്, കന്യക നോമ്പ് എന്ന പേരും എട്ടുനോമ്പിന്‌ വന്നു. ഇത്തരത്തിൽ ഉള്ള മതമർദ്ദനങ്ങളിൽ നിന്നുള്ള രക്ഷ നേടുന്നതിനായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുന്നത് എട്ടുനോമ്പിന്റെ ഉത്ഭവത്തിനു കാരണമായെന്ന് ഇതുപോലെയുള്ള ഐതീഹ്യങ്ങളിൽ നിന്നും മനസിലാക്കാം.

എട്ടുനോമ്പിന്റെ ഇന്നിന്റെ പ്രസക്തി ഇനി വർത്തമാനകാലത്തിലേക്ക് വന്നാൽ എട്ടുനോമ്പിന്റെ അന്നിന്റെ പ്രസക്തി ഒട്ടും ചോരാതെ ഇന്നും നിലനിൽക്കുന്നുണ്ട് എന്ന് സമീപകാല സംഭവങ്ങളിൽ നിന്നും നമുക്ക് കാണാം. കാരണം, അന്താരാഷ്ട്ര തലത്തിൽ ക്രിസ്തുമതവും ക്രിസ്ത്യാനികളും വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു.

🔴 ക്രൈസ്തവ ദേവാലയങ്ങൾ തീവ്രവാദികൾ നശിപ്പിക്കുന്നു. Eg: തുർക്കിയിലെ ഹാഗിയ സോഫിയ, ശ്രീലങ്കയിലെ പള്ളി ആക്രമണം

🔴 ക്രൈസ്തവിക ചിഹ്നങ്ങളെ തേച്ചുമായ്ച്ചുകൊണ്ടിരിക്കുന്നു. 🔴 ക്രിസ്ത്യാനികൾ ന്യൂനപക്ഷമായ രാജ്യങ്ങളിൽ മതനിന്ദ കുറ്റങ്ങളും മറ്റും ആരോപിച്ചു കൊണ്ട് വലിയ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നു.

🔴 പാകിസ്താനിലെ മരിയ ഷഹബാസ്, ആസിയ ബീവി പോലെയുള്ള മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരുപാട് വിഷയങ്ങളിൽ ഇരയാകുന്നത് ക്രിസ്ത്യാനികളാണ്.

🔴 കുടിയേറ്റക്കാരും അഭയാർത്ഥികളുമായി യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറുന്നവർ യൂറോപ്പ്യൻ രാജ്യങ്ങളുടെ ജനാധിപത്യ ലിബറൽ നയങ്ങളുടെ ചുവട് പിടിച്ചുകൊണ്ട് പതുകെ പതുകെ അവിടെയുള്ള ക്രൈസ്തവരെ ആക്രമിക്കുന്ന അന്തരീക്ഷം നാം കാണുന്നതാണ്.

ഇനി ഇന്ത്യയിലേക്ക്, സ്ഥിതി ഒട്ടും മെച്ചമല്ല, ഉത്തരേന്ത്യയിലെമ്പാടും ക്രിസ്ത്യൻ മിഷനറിമാരെ വേട്ടയാടുന്നു. പലപ്പോഴും ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ പോലും ക്രൈസ്‌തവരെ അനുവദിക്കാത്ത അവസ്ഥ, ക്രൈസ്തവ അഗതി മന്ദിരങ്ങളെ പോലും സംശയത്തിന്റെ മുൾമുനയിൽ നിർത്തി അധിക്ഷേപിക്കുന്നു.

നാം ജീവിക്കുന്ന കൊച്ചുകേരളത്തിലേക്ക് വന്നാൽ കേരളത്തിലേക്ക് വന്നാൽ പ്രത്യക്ഷത്തിൽ യാതൊരു പ്രശ്നം തോന്നുന്നില്ല എങ്കിലും ഇന്ന് കേരളത്തിൽ സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടിരിക്കുന്ന സമൂഹം ആയി ക്രിസ്ത്യൻ സമുദായം മാറുന്നു.

🔴 കേരള നവോത്ഥാനത്തിൽ മുഖ്യ പങ്ക് വഹിച്ച ക്രിസ്ത്യൻ സമുദായത്തെ ഇന്ന് കേരളത്തിന്റെ സാമൂഹിക – രാഷ്ട്രീയ – ഉദ്യോഗസ്ഥ – വിദ്യാഭ്യാസ തലങ്ങളിൽ നിന്നും മാറ്റിനിർത്തികൊണ്ടിരിക്കുന്ന ഗുരുതരമായ സാഹചര്യം.

🔴 ക്രിസ്തുമതം ഏറെ പരിശുദ്ധിയോടെ നോക്കി കാണുന്ന പൗരോഹിത്യത്തെയും സന്യാസത്തെയും മലയാള സിനിമയിലും മാധ്യമങ്ങളിലെ കോമഡി പരിപാടികളിൽ പോലും ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ മറ്റും വികലമാക്കി അവതരിപ്പിക്കുന്നു.

🔴 മാധ്യമങ്ങളിലൂടെ വിശുദ്ധ കൂദാശകൾ പ്രത്യേകിച്ച് കുമ്പസാരം പോലെയുള്ളവയെ അശ്ലീലമായി സമൂഹത്തിനു മുന്നിൽ കാണിച്ചു കൊണ്ട് ക്രിസ്തുമതത്തെ പ്രത്യേകിച്ച് കത്തോലിക്കാ സഭയെ പരസ്യമായി അധിക്ഷേപിക്കാൻ ആർക്കും മടിയില്ലാതെ ആയി.

🔴 ക്രിസ്തുമതത്തിലെ പെൺകുട്ടികളെ തിരഞ്ഞു പിടിച്‌ മതപരിവർത്തനം ചെയുക എന്ന ഗൂഢ ഉദ്ദേശ്യത്തോടെ ‘ പ്രണയകെണികളിൽ ‘ വീഴ്ത്തുന്നു.

🔴 സഭയിലെ ഒറ്റപെട്ട സംഭവങ്ങളെ വക്രീകരിച്ചു കാണിച്ച് തേജോവധം ചെയുന്ന മുഖ്യധാരാ മാധ്യമങ്ങൾ.

🔴 കൃത്യമായ സംവരണം ഇല്ലാത്തതു കൊണ്ട് സുറിയാനി ക്രിസ്ത്യാനികൾ ഉൾപ്പടെ ഉള്ളവർക്ക് സർക്കാർ തലങ്ങളിൽ ഒരു ജോലി പോലും കിട്ടുന്നില്ല. റാങ്ക് പട്ടികയിൽ വന്നാൽ പോലും സംവരണം ഇല്ലാത്തത് കൊണ്ട് തഴയപ്പെടുന്ന അവസ്ഥ.

എന്നിങ്ങനെ നാമും പരോക്ഷമായി ആക്രമിക്കപെട്ടുകൊണ്ടിരിക്കുക ആണ്. ക്രിസ്ത്യൻ സമുദായത്തെ ഇഞ്ചിഞ്ചായി ഇല്ലാതാകുന്നത് എന്തുകൊണ്ട് നാം അറിയുന്നില്ല?????

ചുരുക്കത്തിൽ,നമ്മുടെ പൂർവ പിതാക്കന്മാർ മതപീഡനങ്ങൾ ഉണ്ടായപ്പോൾ നമുക്ക് കാണിച്ച് തന്ന വലിയ മാതൃക ഉണ്ട്. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുക എന്നത്. കാരണം മറ്റൊന്നും അല്ല, മംഗളവാർത്ത ശ്രവിച്ചതുമുതൽ ഗാഗുൽത്താവരെ അരുമ സുതനോടൊപ്പം അവന്റെ നിഴലായി ആ അമ്മ ഉണ്ടായിരുന്നു……..

ഈശോയുടെ സ്വർഗ്ഗാരോഹണത്തിനു ശേഷം, ചിന്നിച്ചിതറിയ ശിഷ്യഗണത്തെ ഒരുമിച്ച് ചേർത്ത്‌ തന്റെ പുത്രന്റെ മൗതിക ശരീരമായ സഭാസമൂഹത്തെ പണിതുയർത്തുവാൻ ആ അമ്മ ഉണ്ടായിരുന്നു……

ഈ എട്ടുനോമ്പ് നമുക്ക് അവസരം ആണ്. മിശിഹായുടെ സഭയെ ചിതറിക്കാൻ നോക്കുന്ന ഛിദ്രശക്തികളെ നശിപ്പിച് അവന്റെ സഭയെ പണിതുയർത്തുവാനുള്ള കൃപ ലഭിക്കുവാൻ അമ്മയോട് പ്രാർത്ഥിക്കാം…..

പുരാതനമായ പുത്തൻചിറ പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ഛായാചിത്രത്തിൽ എഴുതിയിരിക്കുന്നതുപോലെ “ഞങ്ങളുടെ രക്ഷകനായ ദൈവത്തിന്റെ അമ്മയായ കന്യകാമറിയത്തിന്റെ പ്രാർത്ഥന എല്ലായ്‌പ്പോഴും രാവുംപകലും ഞങ്ങൾക്ക് കോട്ടയായിരിക്കണമേ”ആമേൻ

Midhun Thomas

നിങ്ങൾ വിട്ടുപോയത്