അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.( മത്തായി 5:16 )

” അഞ്ച് വയസ്സുള്ളപ്പോൾ ഞാൻ എന്റ കുടുംബത്തിലെ ചിലരാൽ ലൈംഗികമായി ദുരുപയോഗപ്പെട്ടു. ആ മുറിവുകൾ വളരെ ആഴത്തിൽ എന്നെ ബാധിച്ചു. ദുരുപയോഗം രഹസ്യമായി സൂക്ഷിക്കുകയും വർഷങ്ങളോളം ഇടയ്ക്കിടെ തുടരുകയും ചെയ്തു. എന്റ മനസ്സിനും ശരീരത്തിനും ഏറ്റ ഈ ആഘാതം ഒടുവിൽ പുരുഷൻമാരെ വിശ്വാസമില്ലാത്ത , സ്ത്രീ സുഹൃത്തുക്കളുമായി മാത്രം ബന്ധമുള്ള ( സ്വവർഗ്ഗ ലൈംഗിക ബന്ധം ) വലിയ ദേഷ്യവും, ഡിപ്രഷനും,നിരാശയും, ആത്മ വിശ്വാസമില്ലാത്ത വ്യക്തിയുമാക്കി എന്നെ മാറ്റി “- വനേസ ഹൊറബ്യൂന.

വനേസ ഹൊറബ്യൂന തന്റെ അമ്മയുടെ ശ്രദ്ധയിലും കരുതലിലും വളരാൻ കൊതിച്ചു.

അവളുടെ മാതാപിതാക്കൾ തമ്മിൽ വലിയ ബന്ധമില്ലായിരുന്നു. അതിനാൽ, കുട്ടിക്കാലത്ത്, അവൾക്ക് ലഭിക്കേണ്ട സ്നേഹം കുടുംബത്തിൽനിന്നും ലഭിച്ചില്ല . അതിനേക്കാൾ ഭീകരമായിരുന്നു , അഞ്ച് വയസ്സുള്ളപ്പോൾ കുടുംബാംഗങ്ങൾ ലൈംഗികമായി ദുരുപയോഗിച്ചത്. ഇത് അവളുടെ മനസ്സിനെയും ശരീരത്തെയും തളർത്തിക്കളഞ്ഞു. ഈ മുറിവുകൾ അവളിൽ ആഴത്തിൽ പതിഞ്ഞു കിടന്നു.

ചെറിയ വനേസയ്ക്ക് താൻ ദുരുപയോഗപ്പെട്ടപ്പോൾ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു, ദുരുപയോഗത്തെക്കുറിച്ച് അവൾ മൗനം പാലിച്ചു. എന്നിരുന്നാലും, അത് അവളുടെ ആത്മാഭിമാനത്തെയും പുരുഷന്മാരോടുള്ള അവളുടെ വീക്ഷണത്തെയും ആഴത്തിൽ ബാധിച്ചു.

താമസിയാതെ, ഈ ആഘാതം അമിത കോപമായി മാറി. അവൾ വീട്ടിലും സ്കൂളിലും എല്ലാവരോടും ദേഷ്യപ്പെടുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്നവ്യക്തിയായി മാറി.

വനേസയുടെ അമ്മ മകളുടെ ഈ മനോഭാവത്തെക്കുറിച്ച് വിഷമിക്കാൻ തുടങ്ങി. അതിനാൽ, അവര്‍ 13 വയസ്സുള്ളപ്പോൾ വനേസയെ ഒരു ക്രിസ്ത്യൻ യൂത്ത് ക്യാമ്പിലേക്ക് അയച്ചു. അവിടെയാണ് അവൾ ദൈവസ്നേഹം അനുഭവിച്ചറിഞ്ഞത്, അവൾ തന്റെ ജീവിതം യേശുവിന് സമർപ്പിച്ചു.

എന്നെ ശരിക്കും സ്വാധീനിച്ച ആദ്യ കാര്യം പ്രോത്സാഹനമാണ്,” വനേസ യൂത്ത് ക്യാമ്പിലെ തന്റെ സമയത്തെക്കുറിച്ച് പറഞ്ഞു. ഞാൻ ശരിക്കും നന്നായി എൻജോയ് ചെയ്തു. ദൈവജനം എത്ര മനോഹരവും അത്ഭുതവുമാണെന്ന് എനിക്ക് തോന്നി. ദൈവം ഇതുപോലെയാണെങ്കിൽ – ഞാൻ അവനെ സ്നേഹിക്കുന്നു. ഞാൻ എന്റെ ജീവിതം കർത്താവിന് സമർപ്പിച്ചു, തികച്ചും വ്യത്യസ്തയായ ഒരു വ്യക്തിയായി ഞാൻ തിരിച്ചെത്തി.

വനേസയുടെ സ്വഭാവത്തിന് മാറ്റം വന്നു. ദൈവത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ തുടങ്ങിയപ്പോൾ അവളുടെ ഊർജം വർധിച്ചു . കലയോടുള്ള അവളുടെ അഭിനിവേശവും ഈ സമയത്ത് വളർന്നു. ഒരു മൂത്ത സഹോദരിയിൽ നിന്നും ലയൺ കിംഗ് ( യേശുക്രിസ്തു ) പോലുള്ള കാർട്ടൂണുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് വനേസ വരയ്ക്കാൻ തുടങ്ങി.

വനേസയുടെ മനോഭാവവും മനോവീര്യവും മെച്ചപ്പെടാൻ തുടങ്ങിയപ്പോൾ, അവളുടെ ഗാർഹിക ജീവിതം കൂടുതൽ വഷളായി. അവളുടെ പിതാവ് വിവാഹേതര ബന്ധത്തിൽ അകപ്പെട്ടതിനെ തുടർന്ന് അമ്മ വീട് വിട്ടിറങ്ങി. മാതാ പിതാക്കളുടെ വേർപിരിയൽ വനേസയെ വല്ലാതെ വേദനിപ്പിച്ചു.”ഇത് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു,” വനേസ തന്റെ മാതാപിതാക്കളുടെ വേർപിരിയലിനെക്കുറിച്ചും ഒടുവിൽ വിവാഹമോചനത്തെക്കുറിച്ചും പറഞ്ഞു.

മാതാപിതാക്കളുടെ വേർപിരിയൽ അവളെ ആഴത്തിൽ വേദനിപ്പിച്ചു. വനേസ വിഷാദ രോഗവുമായി മല്ലിട്ടു. 16-ാം വയസ്സിൽ അവൾ ആത്മഹത്യയ്ക്കും ശ്രമിച്ചു. പക്ഷേ, ഭാഗ്യവശാൽ, അവളുടെ ശ്രമം വിജയിച്ചില്ല. ദൈവവുമായുള്ള അവളുടെ ബന്ധം അവളെ അഗ്നിപരീക്ഷയിലൂടെ കടത്തിക്കൊണ്ടുപൊയി.

താമസിയാതെ അവൾ ഒരു പ്രാദേശിക ഔട്ട്റീച്ച് ശുശ്രൂഷയിൽ സേവനമനുഷ്ഠിച്ചു തുടങ്ങി.

എന്നാൽ വനേസയുടെ പള്ളിയിലെ സേവനത്തിനിടയിൽ അവളിൽ മറ്റൊരു പ്രശ്നം ഉയർന്നു വന്നു , അവളുടെ ഭൂതകാലത്തിന്റെ വൈകാരികവും ലൈംഗികവുമായ ആഘാതം മറ്റൊന്നായി മാറാൻ തുടങ്ങിയത്. പുരുഷന്മാരോടുള്ള ഭയം. ഇത് കാരണം അവൾ തന്റ തന്നെ ലിംഗത്തിലുള്ളവരിലേക്ക് ആകർഷിക്കപ്പെടാൻ തുടങ്ങി. തന്റ മുൻകാല ലൈംഗികാതിക്രമങ്ങളുടെയും ആഘാതങ്ങളുടെയും വേദന അവളിൽ ആഴത്തിൽ പതിഞ്ഞിരുന്നു.

ദൈവത്തിനുവേണ്ടിയുള്ള ജീവിതം നയിക്കുന്നതിൽ നിന്ന് ഞാൻ അയോഗ്യയാണെന്ന് അറിഞ്ഞപ്പോൾ വളരെ ദുഃഖം തോന്നിയതായി ഞാൻ ഓർക്കുന്നു. അതിനാൽ, അവൾ ശുശ്രൂഷാ ജോലി ഉപേക്ഷിച്ച് എട്ട് വർഷത്തോളം ഉൾവലിഞ്ഞ് , ഒറ്റപ്പെടലിലേക്ക് എത്തിച്ചേർന്നു.

കലയോടുള്ള അഭിനിവേശവും അവൾ ഉപേക്ഷിച്ചു.“എനിക്ക് കൗൺസിലിംഗ് നിർബന്ധമായും ലഭിക്കേണ്ടതായുള്ള ഒരു അവസ്ഥയിൽ ഞാൻ എത്തി,” – വനേസ പറഞ്ഞു. “അതിനാൽ, ഞാൻ എന്റെ ഒരു മുതിർന്ന പാസ്റ്റർക്കൊപ്പം കൗൺസിലിംഗിന് പോയി. ആദ്യമായി എന്റ പ്രശ്നങ്ങളും കാരണങ്ങളും എവിടെ നിന്നാണ് വരുന്നതെന്ന് അദ്ദേഹത്തോട് സംസാരിച്ച് ഞാൻ മനസ്സിലാക്കി തുടങ്ങി.

ദൈവത്തിന്റെ അനന്തമായ സ്നേഹത്തെയും അനുകമ്പയെയും കുറിച്ച് കൗൺസിലർ വനേസയെ ഓർമ്മിപ്പിച്ചു.ദൈവം സൗമ്യനും ദയയും ഉള്ളവനാണെന്നും അതിലൂടെ അവൻ എന്നെ നയിക്കാൻ പോകുകയാണെന്നും ഞാൻ മനസ്സിലാക്കി,” വനേസ പറഞ്ഞു.

“ഇത് അതിശയകരമായിരുന്നു, കാരണം എനിക്ക് വിടുതൽ അനിവാര്യമായിരുന്നു. ശാക്തീകരണവും സ്വാതന്ത്ര്യവും അനുഭവിച്ചാണ് ഞാൻ അവിടെ നിന്നും മടങ്ങി പോയത്. എനിക്ക് സ്വാതന്ത്രം ലഭിച്ചതായി തോന്നി. ”അവളുടെ കല വീണ്ടും തുടങ്ങാൻ സുഹൃത്തുക്കളും സഭയും അവളെ പ്രോത്സാഹിപ്പിച്ചു, വനേസ വരയ്ക്കുക മാത്രമല്ല, പെയിന്റിംഗ് പരീക്ഷിക്കുകയും ചെയ്തു.

തന്റ കഴിവുകൾ ക്രിസ്തുവിനുവേണ്ടി ഉപയോഗിക്കണം എന്ന് അവൾക്ക് തോന്നി. വനേസ വീട്ടിൽ പോയി തന്റ പെയിന്റുകൾ സജ്ജീകരിച്ചു, രണ്ടര മണിക്കൂറിനുള്ളിൽ ആദ്യത്തെ പെയിന്റിംഗ് പൂർത്തിയാക്കി. അങ്ങനെയാണ് ദൈവം തന്ന ആ കഴിവ് തന്റ ജീവിതത്തിലേക്ക് തിരികെ വന്നത്. ഞാനൊരു ചിത്രകാരിയാണ്, എനിക്കിത് ഇഷ്ടമാണ്. – വനേസ സ്വയം തന്റ ഉള്ളിൽ പറഞ്ഞു.

വനേസ കൗൺസിലിംഗിൽ പങ്കെടുക്കുന്നത് തുടർന്നു, വർഷങ്ങളായി താൻ പോരാടിയ തന്റ ലൈംഗിക അശുദ്ധി ( സ്വവർഗ്ഗ ലൈഗികത ) താൻ മറികടന്നുവെന്നും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുവാൻ സാധിച്ചെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.

വീണ്ടും ക്രൈസ്തവ വിശ്വാസത്തിലേക്ക് മടങ്ങി വന്ന മാതാപിതാക്കളുമായി അവൾ അനുരഞ്ജനം നടത്തുകയും ചെയ്തു. അങ്ങനെ നഷ്ടപ്പെട്ടെന്ന് വനേസ കരുതിയതെല്ലാം ഒരൊന്നായി ദൈവം മടക്കി കൊടുത്തു. കഴിഞ്ഞ ഒമ്പത് വർഷമായി, ക്രിസ്തുവിനെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങൾ വരയ്ക്കുന്ന ലോകമെങ്ങും അറിയപ്പെടുന്ന ഒരു കലാകാരിയെന്ന നിലയിൽ വനേസ വിജയകരമായ ഒരു കരിയർ പിന്തുടരുന്നു.

ദൈവതിനെ ആരാധിക്കുന്ന സംഗീതം കേട്ടുകൊണ്ട് അവൾ രാജ്യത്തുടനീളമുള്ള പരിപാടികളിൽ വേഗത്തിൽ പെയിന്റ് ചെയ്യുന്നു. തന്റെ മുറിവുകൾ ഉണക്കാനും ജീവിതലക്ഷ്യം നൽകാനും ദൈവത്തിന് മാത്രമേ കഴിഞ്ഞുള്ളൂവെന്ന് വനേസ പറയുന്നു.

ഞാൻ ദൈവത്താൽ സ്നേഹിക്കപ്പെടുന്നുവെന്ന് എനിക്കറിയാം. അവന്റെ ഹിതത്തിൽ ആയിരിക്കുക, കർത്താവുമായി ബന്ധം പുലർത്തുക, അതാണ് ജീവിതത്തിലെ ആത്യന്തികമായ പൂർത്തീകരണം.

ഞാൻ ദൈവത്തെ ആരാധിക്കുമ്പോൾ, അത് ദൈവവുമായുള്ള എന്റെ ബന്ധമാണ് പ്രദർശിപ്പിക്കുന്നത്. ആളുകൾ പറയും, ‘നിങ്ങൾ പെയിന്റ് ചെയ്യുമ്പോൾ എനിക്ക് പരിശുദ്ധാത്മാവിന്റ അനുഭവമുണ്ടായി.’ കർത്താവ് ചെയ്ത എല്ലാത്തിനും എനിക്ക് വേണ്ടത്ര നന്ദി പറയാൻ കഴിയാറില്ല , എന്നാൽ എല്ലാ ദിവസവും ഞാൻ അവനെ സ്നേഹിക്കാനും അത് പെയിംന്റിങ്ങിലൂടെ ലോകത്തെ കാണിക്കാനും ഞാൻ പരമാവധി ശ്രമിക്കുന്നു

ഇന്ന് അമേരിക്കയിലെ അരിസോണയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗാലറിയിൽ അവരുടെ പ്രചോദനാത്മകമായ കലകൾ എല്ലാവർക്കും കാണാം.

വനേസ ഒരു മികച്ച സംഗീതജ്ഞയും ഗായികയുമാണ്. ക്രിസ്ത്യൻ ആരാധനാ സംഗീതത്തിന്റെ നിരവധി ആൽബങ്ങൾ അവർ പുറത്തിറക്കിയിട്ടുണ്ട്, അവ ലോകമെമ്പാടുമുള്ള പ്രേക്ഷകർ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

വനേസയുടെ 361 k followers ഉള്ള ഇൻസ്ററഗ്രാം പേജ് വളരെ പ്രശസ്തമാണ്.

🖌റോബിൻ സക്കറിയാസ്

നിങ്ങൾ വിട്ടുപോയത്