ലണ്ടന്‍: ഭ്രൂണഹത്യ ക്ലിനിക്കിനു മുന്നിൽ നിന്ന് പ്രാർത്ഥിച്ചതിന്റെ പേരിൽ നേരത്തെ പിഴയൊടുക്കിയ ബോർൺമൗത്ത് സ്വദേശിക്കെതിരെ ക്രിമിനല്‍ കേസ്. ആദം സ്മിത്ത് കോർണര്‍ എന്ന വ്യക്തിയ്ക്കെതിരെയാണ് ഭ്രൂണഹത്യ വിരുദ്ധമായ ബോധവൽക്കരണങ്ങളും, പ്രാർത്ഥനകളും വിലക്കിയ ബഫർ സോണിന്റെ ഉള്ളിൽ നിശബ്ദമായി പ്രാർത്ഥിച്ചുവെന്ന കുറ്റം ചാര്‍ത്തിയിരിക്കുന്നത്. 2022ൽ ഇതിന്റെ പേരിൽ കോണറിന് പിഴ ശിക്ഷ ലഭിച്ചിരുന്നു. അതേസമയം ഓഗസ്റ്റ് ഒന്‍പതാം തീയതി ബോർൺമൗത്തിലെ മജിസ്ട്രേറ്റ് കോടതിക്ക് മുമ്പാകെ അദ്ദേഹം ഹാജരാകുമെന്ന് കോർണറിന് നിയമസഹായം നൽകുന്ന അലയൻസ് ഡിഫൻഡിങ് ഫ്രീഡം ഇന്നലെ വ്യക്തമാക്കി.
രണ്ട് പതിറ്റാണ്ടുകൾക്ക് മുന്‍പ് ഭ്രൂണഹത്യ ചെയ്യപ്പെട്ട തന്റെ കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കുന്നതിനാണ് ഭ്രൂണഹത്യ ക്ലിനിക്കിന് മുന്നിൽ അദ്ദേഹം എത്തുന്നത്. ക്ലിനിക്കിൽ ജോലി ചെയ്യുന്നവരുടെയും, അവിടെ എത്തുന്നവരുടെയും സ്വകാര്യത മാനിച്ച് ക്ലിനിക്കിനോട് പുറം തിരിഞ്ഞു നിന്നാണ് കോണർ പ്രാർത്ഥിച്ചതെന്ന് അലയൻസ് ഡിഫൻഡിങ് ഫ്രീഡം വിശദീകരിച്ചു. ഈ സമയത്താണ് സാമൂഹ്യ സുരക്ഷ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ അവിടെയെത്തി കോണറിനെ ചോദ്യം ചെയ്യുകയായിരിന്നു. എന്താണ് ക്ലിനിക്കിന് മുന്നിൽനിന്ന് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ മരണമടഞ്ഞ തന്റെ മകനുവേണ്ടി പ്രാർത്ഥിക്കുകയാണെന്ന ഉത്തരമാണ് മുൻ ആർമി ഓഫീസർ കൂടിയായ കോണർ നൽകിയത്.

അതേസമയം പല സാഹചര്യങ്ങളിൽ നിശബ്ദ പ്രാർത്ഥനയെന്നത് ഒരു ക്രിമിനൽ കുറ്റമല്ലായെന്ന് കോടതികളും, പോലീസും വ്യക്തമാക്കിയിട്ടുള്ളതാണെന്നും എഡിഎഫിന്റെ യുകെയിലെ ലീഗൽ കൗൺസിൽ പദവി വഹിക്കുന്ന ജർമിയ ഇഗുന്നുബോലെ പറഞ്ഞു. പണ്ട്, സൈനിക മെഡിക്കൽ പരിശീലനത്തിന്റെ ഭാഗമായി ആശുപത്രിയിൽ ഭ്രൂണഹത്യ നടത്താന്‍ സഹായിച്ചിരുന്നുവെന്നും എന്നാൽ ഇന്നു ഭ്രൂണഹത്യ നടത്തുന്നവർക്കായി പ്രാർത്ഥിക്കുകയാണെന്നും ഭ്രൂണഹത്യ എത്രത്തോളം ഹാനികരമാണെന്നും ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണെന്നു മനസ്സിലാക്കുന്നുവെന്നും കോണർ ഇക്കഴിഞ്ഞ ദിവസം പറഞ്ഞു.

2022 ഒക്ടോബർ 13നാണ് ബഫർ സോണിൽ കുരിശു വരയ്ക്കുന്നതും, വിശുദ്ധ ഗ്രന്ഥം വായിക്കുന്നതും അടക്കമുള്ളവ വിലക്കുന്ന പ്രൊട്ടക്ഷൻ ഓർഡർ എന്ന പേരിൽ ബോർൺമൗത്ത് കൗൺസിലിന്റെ നിരോധനം നിലവിൽ വന്നത്. ഇത് ലംഘിച്ചാൽ 113 ഡോളർ വരെ പിഴ ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ കേസ് കോടതിയുടെ പരിഗണനയ്ക്ക് അയക്കാനും സാധ്യതയുണ്ട്. സമാനമായ നിരോധനം ഇംഗ്ലണ്ടിലും, വെയിൽസിലും ഉടനീളം കൊണ്ടുവരാൻ യുകെയിലെ പാർലമെന്റ് അംഗങ്ങൾ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നതും ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.



