ആഗോള യുവജന ദിനത്തിന് മുന്നോടിയായാണ് ഇന്ത്യക്ക് പുറമെയുള്ള സീറോ മലബാർ യുവജനങ്ങൾ പോർട്ടുഗലിലെ മിൻഡെ പട്ടണത്തിൽ പഞ്ചദിന സംഗമത്തിനായി ഒരുമിച്ച് കൂടിയിരിക്കുന്നത്.
യുവജന സമ്മേളനത്തിന്റെ ഭാഗമായാണ് മിൻഡേ പട്ടണത്തിൽ നിന്ന് 14 കിലോമീറ്ററോളം വരുന്ന പരി. ഫാത്തിമ മാതാവിന്റെ തീർത്ഥകേന്ദ്രത്തിലേക്ക് കാൽനടയായി തീർത്ഥാടനം നടത്തിയത്.
ജപമാല പ്രാർത്ഥനകളും, മരിയൻ ഗാനങ്ങളും വിവിധ ഭാഷകളിൽ ഉരുവിട്ട് കൊണ്ട് നടത്തിയ പ്രാർത്ഥന പദയാത്ര പങ്കെടുത്ത യുവജനങ്ങൾക്കും, കടന്ന് പോയ വഴികളിലെ പ്രദേശവാസികൾക്കും ഒരു പ്രാർത്ഥനാ അനുഭൂതിയായിരുന്നു. മലയാളം ഇംഗ്ലീഷ്, ഇറ്റാലിയൻ ഭാഷകളിൽ മരിയൻ ഗാനങ്ങൾ പാടികൊണ്ടാണ് യുവജനങ്ങൾ തീർത്ഥാടനത്തിൽ പങ്കെടുത്തത്.
പരി. ഫാത്തിമ മാതാവിന്റെ തീർത്ഥകേന്ദ്രത്തിൽ എത്തിചേർന്ന തീർത്ഥാടക സംഘത്തിന് ബിഷപ്പ് എമിററ്റസ് മാർ ബോസ്കോ പുത്തൂർ വി.കുർബാന അർപ്പിച്ച് വചന സന്ദേശം നൽകി.
ഭാരതത്തിൽ നിന്നുള്ള പ്രദമ തദേശീയ വിശുദ്ധയായ വി. അൽഫോൻസാമ്മയുടെ തിരുനാൾ ദിനത്തിൽ വി. അൽഫോൻസയെ പോലെ ജീവിതത്തിൽ ക്രിസ്തുവിനെ കണ്ടെത്താനും, രൂപപെടുത്താനും യുവജനങ്ങൾ ശ്രമിക്കണമെന്നും സന്ദേശം നൽകി. അതിന് ശേഷം തീർത്ഥ കേന്ദ്രത്തിലെ പൊതു ശുശ്രൂഷകളോട് കൂടെ ജാഗരണ പ്രാർത്ഥനയിലും, ദിവ്യകാരുണ്യ ആരാധനയിലും, ജപമാല തിരിപ്രദക്ഷിണ പ്രാർത്ഥനയിലും പങ്കെടുത്തു.
ഫാ. ജിയോ തരകൻ