ബ്രസല്‍സ്: ഭ്രൂണഹത്യ എന്ന മാരക തിന്മക്ക് വേണ്ടി യൂറോപ്യന്‍ യൂണിയന് രൂപം കൊടുത്ത നിയമ ഭേദഗതിയുടെ കരടുരൂപത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചുകൊണ്ട് യൂറോപ്യന്‍ മെത്രാന്മാര്. ചാര്‍ട്ടര്‍ ഓഫ് ഫണ്ടമെന്റല്‍ റൈറ്റ്സ് എന്ന നിര്‍ദ്ദിഷ്ട നിയമ ഭേദഗതി യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങളെയും മാനുഷികാന്തസിനേയും അട്ടിമറിക്കുമെന്നാണ് യൂറോപ്യന്‍ യൂണിയന് മെത്രാന് സമിതി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയനിലെ പൗരാവകാശ ചാര്‍ട്ടറിലെ ഭ്രൂണഹത്യ അവകാശങ്ങള്‍ വളരെക്കാലമായി വിവാദ വിഷയമായി തുടരുകയാണ്. ഈ നിയമഭേദഗതിക്ക് വേണ്ടി ഭ്രൂണഹത്യ അനുകൂലികള്‍ വളരെക്കാലമായി ശ്രമിച്ചു വരികയാണ് പുതിയ നീക്കം. ഭേദഗതി യൂറോപ്യന്‍ നിയമങ്ങള്‍ക്കും മാനുഷിക അന്തസ്സിനും എതിരായ ധാര്‍മ്മിക പ്രതിരോധം സൃഷ്ടിക്കുമെന്ന് യൂറോപ്യന്‍ യൂണിയന് മെത്രാന് സമിതി പ്രസ്താവിച്ചു.
യൂറോപ്യന്‍ യൂണിയന്റെ ഉടമ്പടികളിലും, മറ്റും മാനുഷിക അന്തസ്സിനു പ്രത്യേക മൂല്യം തന്നെയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന പ്രസ്താവനയില്‍, ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും, എല്ലാ മനുഷ്യജീവികളുടെയും അന്തസ്സ് സംരക്ഷിക്കുകയെന്നത് ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന തത്വമാണെന്നും, യൂറോപ്യന്‍ നിയമങ്ങളിലോ, അന്താരാഷ്ട്ര നിയമങ്ങളിലോ ഭ്രൂണഹത്യക്കു അംഗീകരിക്കപ്പെട്ട അവകാശമില്ലെന്നും പറയുന്നുണ്ട്. യൂറോപ്യന്‍ മനുഷ്യാവകാശ കോടതി, ഭ്രൂണഹത്യയെ യൂറോപ്യന്‍ കണ്വെന്ഷന് ഓഫ് ഫണ്ടമെന്റല്‍ റൈറ്റ്സിനാല്‍ സംരക്ഷിക്കപ്പെട്ട ഒരു മനുഷ്യാവകാശമായി ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ജീവിക്കുവാനുള്ള അവകാശത്തെ ഒരു മൗലീകാവകാശമായി കോടതി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
യൂറോപ്യന്‍ യൂണിയനിലെ പല അംഗരാജ്യങ്ങളിലും 12 ആഴ്ചമുതല്‍ 14 ആഴ്ചവരേയുള്ള ഭ്രൂണഹത്യ നിരോധിച്ചിരിക്കുകയാണ്. കഴിഞ്ഞ ജനുവരിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഭ്രൂണഹത്യക്കുള്ള അവകാശം നിയമമാക്കുവാന്‍ യൂറോപ്യന്‍ യൂണിയനോട് ആഹ്വാനം ചെയ്തിരുന്നു. മാക്രോണിന്റെ ആഹ്വാനത്തിനെതിരെ യൂറോപ്യന്‍ യൂണിയനിലെ മെത്രാന് സമിതി രംഗത്ത് വന്നു. “ഗര്‍ഭധാരണം കാരണം ബുദ്ധിമുട്ടോ, വിഷമഘട്ടത്തിലോ ആയിരിക്കുന്ന സ്ത്രീകളെ പരിപാലിക്കുക എന്നത് സഭാദൗത്യത്തിന്റെ പ്രധാന ഭാഗമാണെന്നും നമ്മുടെ സമൂഹങ്ങള്‍ പാലിച്ചിരിക്കേണ്ട ഒരു ദൗത്യമാണിതെന്നും” മെത്രാന് സമിതി അന്ന് പ്രസ്താവിച്ചിരിന്നു.