കൊച്ചി: കേരളത്തിന്റെ തീരദേശജനത കടലാക്രമണങ്ങളും അപകടമരണങ്ങളും വഴി ഇരകളാക്കപ്പെടുമ്പോൾ അവർക്ക് വേണ്ടി സംസാരിക്കുന്നവരെ കലാപകാരികളായി മുദ്ര കുത്തുന്ന നടപടി തികച്ചും പ്രതിഷേധാർഹമാണ്.
മുതലപ്പൊഴിയിൽ അപകടത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. മത്സ്യത്തൊഴിലാളികളുടെ ജീവനാശത്തിനും എണ്ണമറ്റ അപകടങ്ങൾക്കും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾക്കും പതിവായി കാരണമാകുന്ന മുതലപ്പൊഴിയിലെ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തേണ്ട ബാധ്യത സർക്കാരിനാണുള്ളത്. ജനപ്രതിനിധികൾ ജനങ്ങൾക്കുവേണ്ടി ആത്മാർത്ഥമായി ഇടപെടുന്നവരുടെ വികാരംകൂടി ഉൾക്കൊണ്ടുകൊണ്ട് സത്യസന്ധമായ ഇടപെടലുകൾ നടത്തുകയും പ്രശ്നപരിഹാരത്തിനായി മുന്നിട്ടിറങ്ങുകയുമാണ് ആവശ്യം.
മുതലപ്പൊഴിയിലെ അപകടാവസ്ഥ പരിഹരിക്കുന്നതിന് ശാശ്വതമായ നടപടികൾ ഉണ്ടാകേണ്ടതുണ്ട്. എന്നാൽ മത്സ്യതൊഴിലാളികളുടെ ദുരവസ്ഥകളിൽ കൂടെ നിൽക്കുന്നതിനു പകരം അവർക്കു വേണ്ടി ശബ്ദം ഉയർത്തുന്നവരെ നിശബ്ദമാക്കുന്നതിനാണ് ചില അധികാരികൾ ശ്രമിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ഒപ്പം നിന്ന് അവരുടെ ക്ഷേമത്തിന് വേണ്ടി സാധ്യമായതെല്ലാം ചെയ്യുന്ന ലത്തീൻ സഭയ്‌ക്കെതിരെ ദുരുദ്ദേശപരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
കഴിഞ്ഞ ദിവസം മുതലാപ്പൊഴിയിൽ ഉണ്ടായ പ്രതിഷേധങ്ങളുടെ പേരിൽ ഫാ. യൂജിൻ പെരേര ഉൾപ്പെടെയുള്ളവർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നും മത്സ്യതൊഴിലാളികളോട് തുടർന്നുകൊണ്ടിരിക്കുന്ന നീതിനിഷേധം അവസാനിപ്പിക്കണമെന്നും സർക്കാരിനോട് സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ അഭ്യർത്ഥിക്കുന്നു.
ബിഷപ് തോമസ് തറയിൽ
കൺവീനർ
സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
ജൂലൈ 14, 2023