ഏകീകൃത സിവിൽ കോഡ്: കേരള കത്തോലിക്കാസഭയുടെ നിലപാട്
- കേന്ദ്ര നിയമമന്ത്രാലയം യൂണിഫോം സിവിൽ കോഡിന്റെ കരട് രൂപം തയ്യാറാക്കുകയോ പുറത്തുവിടുകയോ ചെയ്തിട്ടില്ല എന്നതിനാൽ തന്നെ, ഇപ്പോൾ ലക്‌ഷ്യം വയ്ക്കുന്ന പുതിയ സിവിൽ കോഡിന്റെ സ്വഭാവം എന്തായിരിക്കും എന്നുള്ളതിനെക്കുറിച്ച് വ്യക്തതയില്ല. യൂണിഫോം സിവിൽകോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളും ആശയങ്ങളും ക്ഷണിച്ചുകൊണ്ട് കഴിഞ്ഞ ജൂൺ 14 ന് ഇരുപത്തിരണ്ടാം നിയമ കമ്മീഷൻ നോട്ടീസ് പ്രസിദ്ധീകരിച്ച നടപടി, എന്ത് നിർദ്ദേശങ്ങൾ നൽകും എന്നുള്ളതിനെക്കുറിച്ച് ആശയക്കുഴപ്പം ഉളവാക്കുന്നതും അവ്യക്തവുമാണ്. ഏകീകൃത സിവിൽ കോഡിന്റെ അന്തസത്തയെക്കുറിച്ചുള്ള അജ്ഞത നിമിത്തം, അത് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകിയിരിക്കുന്ന മത സ്വാതന്ത്ര്യത്തെ അത് ഏതുവിധത്തിലാണ് ബാധിക്കുക എന്നുള്ളതിന് വ്യക്തതക്കുറവുണ്ട്.
- ഇന്ത്യൻ ജനതയുടെ വിശാലമായ വൈവിധ്യത്തിന്റെ പശ്ചാത്തലത്തിൽ ചിന്തിച്ചാൽ സാംസ്കാരികവും മതപരവുമായി ഏകീകൃത സിവിൽ കോഡ് എന്ന ആശയം അപ്രായോഗികവും, അസാധ്യവുമാണ്. ഇരുപത്തൊന്നാമത് നിയമ കമ്മീഷൻ 2018 ൽ പുറത്തിറക്കിയ കൺസൾട്ടേഷൻ പേപ്പറിലൂടെ വ്യക്തമാക്കിയതുപോലെ, ഈ പ്രത്യേക വിഷയം പരിഗണനയ്‌ക്കെടുക്കാനുള്ള സമയം ഇനിയുമായിട്ടില്ല എന്ന നിലപാടാണ് കേരള കത്തോലിക്കാ സഭയ്ക്കുമുള്ളത്.
- പഠനത്തിന് കൂടുതൽ സമയം ആവശ്യമുള്ള വിഷയമായതിനാൽ, അഭിപ്രായം സമർപ്പിക്കാൻ പരിമിതമായ സമയം മാത്രം നൽകിയിരിക്കുന്ന നടപടി സന്ദേഹം ഉളവാക്കുന്നതാണ്. ഈ നിയമം പ്രാബല്യത്തിൽ വന്നാൽ, അതുവഴി മതസ്വാതന്ത്ര്യം ഹനിക്കപ്പെടാനും, പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങൾ ചവിട്ടി മെതിക്കപ്പെടാനുമുള്ള സാധ്യതകളുള്ളത് ആശങ്കാജനകമാണ്.
- ഏതെങ്കിലും വിധത്തിൽ ഏകീകൃത സിവിൽ കോഡ് പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള നീക്കങ്ങളുണ്ടെങ്കിൽ, അത് ഇന്ത്യയുടെ ജനസംഖ്യയിൽ 8.9 ശതമാനം വരുന്ന, ക്രൈസ്തവ വിശ്വാസികൾ ഉൾപ്പെടെയുള്ള പട്ടികവർഗ്ഗക്കാരുടെ മതപരവും സാംസ്കാരികവുമായ ആശങ്കകളെ ശ്രദ്ധാപൂർവ്വം പരിഗണിച്ചുകൊണ്ടായിരിക്കണം. ചുരുക്കിപ്പറഞ്ഞാൽ, ഏകീകൃത സിവിൽകോഡ് നിലവിൽവരുന്നതുവഴിയായി ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യത്തിന്റെ ഭാഗമായ വിവിധ ജനവിഭാഗങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തെയും മത സ്വാതന്ത്ര്യത്തെയും യാതൊരു വിധത്തിലും തടസപ്പെടുത്തുകയോ തകർക്കുകയോ ചെയ്യരുത്. ഏതെങ്കിലും വിധത്തിലുള്ള വിവേചനങ്ങളുടെ പേരിലോ, ലിംഗഭേദ അനീതിയുടെ പേരിലോ പൂർണ്ണമായും മതപരവും സാംസ്കാരികവുമായ വിഷയങ്ങളിൽ വ്യക്തിനിയമങ്ങളുടെ മറവിൽ സർക്കാർ കൈകടത്തരുത്. പൂർണ്ണമായും മതപരമോ സാംസ്കാരികമോ ആയ വിഷയങ്ങളിൽ സർക്കാർ ഇടപെടലുകൾ നടത്തുമ്പോൾ അത് വ്യക്തി നിയമങ്ങളിൽ കടന്നുകൂടിയിട്ടുള്ള അനീതിയെയോ അസമത്വങ്ങളെയോ നീക്കം ചെയ്യാനും ലിംഗപരമോ മറ്റേതെങ്കിലും വിധത്തിലുള്ളതോ ആയ വിവേചനങ്ങൾ പരിഹരിക്കാനും മാത്രമായിരിക്കണം.
5.ന്യൂനപക്ഷ സമുദായങ്ങൾ എന്നനിലയിൽ വിവിധ മത വിഭാഗങ്ങളുടെ ഉൾഭരണ സ്വാതന്ത്ര്യവും പൈതൃകവും സംരക്ഷിക്കുന്നതിൽ കേന്ദ്ര സർക്കാർ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. നിയമനിർമ്മാണങ്ങളും പരിഷ്‌കാരങ്ങളും ഏതെങ്കിലും മത – ന്യൂനപക്ഷ വിഭാഗങ്ങളിൽ അസ്വസ്ഥതകൾക്ക് കാരണമായിക്കൂടാ.
ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗിക വക്താവ്, കെസിബിസി