എറണാകുളം അതിരൂപത ബസിലിക്ക തുറക്കുന്നതുമായി ബന്ധപ്പെട്ട് ബഹു. മുൻ ബസിലിക്ക വികാരിയുടെ ഒരു പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു .
ആ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത് താൻ അനുസരിക്കാൻ സന്നദ്ധനാണെന്നും എന്നാൽ പോലീസിന്റെ സാന്നിധ്യത്തിലുള്ള ദൈവാരാധന ആണ് വിഷയമെന്നുമാണ് .
ഇവിടെ ന്യായമായ ഒരു ചോദ്യം ഉയരുന്നു. എന്താണ് യഥാർത്ഥത്തിൽ ഇവിടെ പ്രശ്നം? പോലീസിന്റെ സാന്നിധ്യം ഒഴിവാക്കണമെങ്കിൽ സഭയിലെ അധികാരികളെ എല്ലാവരും അനുസരിച്ചാൽ മതിയല്ലോ. അങ്ങനെയെങ്കിൽ ഇത് തീരാവുന്ന പ്രശ്നമേയുള്ളൂ.
എന്നാൽ ഇവിടെ സഭയിലെ അധികാരികളെ അനുസരിക്കാൻ സാധിക്കുന്നില്ല എന്നതാണ് അടിസ്ഥാന പ്രശ്നം.
മുൻ ബസിലിക്ക വികാരിയച്ചൻ സൂചിപ്പിച്ചതുപോലെ വിശുദ്ധ കുർബാന എങ്ങോട്ട് തിരിഞ്ഞ് അർപ്പിക്കണം എന്നതുമായി ബന്ധപ്പെട്ടതാണ് നിലവിലെ ക്രമസമാധാന പ്രശ്നം.
വിശുദ്ധ കുർബാന എങ്ങോട്ട് തിരിഞ്ഞ് അർപ്പിക്കണം എന്നതിനെ സംബന്ധിച്ച് സാർവത്രികസഭയിലെ ഒരു സൂനഹദോസും കൃത്യമായി നിർദ്ദേശങ്ങൾ നൽകിയിട്ടില്ല. എന്നാൽ നൂറ്റാണ്ടുകളായി ലത്തീൻ സഭയുടെയും പൗരസ്ത്യ സഭകളുടെയും വിശുദ്ധ കുർബാന അർപ്പണ രീതിയായിരുന്നു അൾത്താരാഭിമുഖമായി വിശുദ്ധബലിയർപ്പിക്കുക എന്നത്.
രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം ലത്തീൻ സഭയിൽ ഈ രീതിയിൽ വ്യത്യാസം വരികയും അവർ ജനാഭിമുഖമായി വിശുദ്ധ കുർബാന അർപ്പിക്കാൻ ആരംഭിക്കുകയും ചെയ്തു. രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം ആരാധനക്രമരംഗവുമായി ബന്ധപ്പെട്ട് പല പരീക്ഷണങ്ങൾ നടക്കുകയും ഇതിൽ പലതും വത്തിക്കാൻ തിരുത്തുകയും ചെയ്തിട്ടുണ്ട് എന്ന കാര്യവും നാം ഓർക്കേണ്ടതുണ്ട്. എന്നാൽ, രണ്ടാം വത്തിക്കാൻ കൗൺസിൽ ഇനി മുതൽ ജനാഭിമുഖമായി വിശുദ്ധ ബലിയർപ്പിക്കണം എന്നു പറയുകയോ അൾത്താര അഭിമുഖമായ വിശുദ്ധ കുർബാനയർപ്പണം നിർത്തലാക്കുകയോ ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്.മാത്രമല്ല, ഭൂരിഭാഗം പൗരസ്ത്യ സഭകളിലും ഇന്നും അൾത്താര അഭിമുഖമായി ആണ് വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്നത്.
ഒരുകാലത്ത് ലത്തീൻ സഭയുടെയും വിശുദ്ധ കുർബാന അർപ്പണരീതിയായിരുന്ന അൾത്താര അഭിമുഖ രീതി കൂടി ഉൾച്ചേർത്താണ് സീറോ മലബാർ സഭയുടെ സിനഡ് ഏകീകൃതമായി ബലിയർപ്പിക്കണമെന്ന് എല്ലാ രൂപതകളോടും ആവശ്യപ്പെടുകയും 2021 നവംബർ 27 മുതൽ അത് നടപ്പിലാവുകയും ചെയ്തത്.
ഈ പശ്ചാത്തലത്തിലാണ് വിശുദ്ധ കുർബാന അൾത്താര അഭിമുഖമായി അർപ്പിക്കുന്നതിനെ ‘കൽദായം ‘എന്ന് വിളിച്ച് ഒരു വിഭാഗം ആക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്തത്.
ചരിത്രത്തെയോ ദൈവശാസ്ത്രത്തെയോ മാനിക്കാത്ത ഇത്തരം ആക്ഷേപങ്ങളെയാണ് വാസ്തവത്തിൽ തിരുത്തേണ്ടത്. ഇത്തരം തിരുത്തലിനും വിശ്വാസത്തിന്റെ പരിശീലനത്തിനും വേണ്ടിയാണ് സിനഡ് ആവശ്യത്തിലേറെ സമയം വിശുദ്ധ കുർബാനയുടെ ഏകീകൃത ബലിയർപ്പണ രീതി സീറോ മലബാർ സഭ മുഴുവനായി നടപ്പിലാക്കാൻ അനുവദിച്ചു നൽകിയിരിക്കുന്നത്. എന്നാൽ ഇതിനു തയ്യാറാകാതെ ക്രമസമാധാന പ്രശ്നം, തുറന്ന സംഭാഷണം, ഫ്രാൻസിസ് മാർപാപ്പ തുടങ്ങിയ പദങ്ങൾ ഉപയോഗിച്ചുകൊണ്ട് സിനഡ് നിർദ്ദേശിച്ച കാര്യങ്ങൾ നടപ്പിലാക്കാതിരിക്കാൻ ശ്രമിക്കുന്നത് നിർഭാഗ്യകരമാണ്.
ഒരു ഇടവകയിൽ ഒരു പ്രശ്നം ഉണ്ടാകുമ്പോൾ പാരിഷ് കൗൺസിൽ വിളിച്ചു ചേർത്താണ് പ്രഥമ പടിയായി ആ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നത്. ഇതിന്റെ അർത്ഥം ബന്ധപ്പെട്ട ഇത്തരം സമിതികൾക്ക് ഇടവകയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സാധിക്കും എന്നാണ്. അങ്ങനെയെങ്കിൽ
ഒരു സഭയുടെ പരമോന്നത സമിതിയായ സിനഡിന്റെ തീരുമാനങ്ങൾ ഉൾക്കൊള്ളാനും ആ സഭയിലെ അംഗങ്ങൾ കടപ്പെട്ടവരാണ്.ഒരു വികാരി എന്ന നിലയിൽ ഒരു വൈദികനിൽ നിക്ഷിപ്തമായ ദൗത്യമാണ് വിശ്വാസവും ദൈവാരാധനയുമായി ബന്ധപ്പെട്ട് സഭയിലെ മേലധികാരികൾ നൽകുന്ന കൃത്യമായ നിർദ്ദേശങ്ങളും അറിവുകളും തന്റെ ഇടവകാംഗങ്ങൾക്ക് പകർന്നു കൊടുക്കുക എന്നത്.
അജപാലന ആവശ്യം നടന്നു കിട്ടാനുള്ള കൂട്ടായ്മയായി തന്റെ അതിരൂപതയുടെ കൂട്ടായ്മയെ അച്ചൻ വിശേഷിപ്പിച്ചു കണ്ടു. കൂട്ടായ്മ എപ്പോഴും നല്ലതാണ്. എന്നാൽ കൂട്ടായ്മ എന്നത് സഭയുടെ പൊതു നിയമങ്ങളെ വെല്ലുവിളിക്കുമ്പോൾ അത് അച്ചടക്കവും വിവേകവും നഷ്ടപ്പെട്ട ഒരു കൂട്ടമായി അധപതിക്കുന്നു !
ആൾക്കൂട്ട കൊലപാതകങ്ങൾ ഇത്തരം കൂട്ടങ്ങൾക്ക് ഒരുദാഹരണമാണ്. സഭയെയും സഭയുടെ സംവിധാനത്തെയും വെല്ലുവിളിച്ചുകൊണ്ട് അവതരിപ്പിക്കപ്പെടുന്ന കൂട്ടായ്മകളെ യഥാർത്ഥ കൂട്ടായ്മ എന്ന് വിളിക്കാൻ സാധിക്കുമോ?
1999 ൽ സിനഡ് എടുത്ത തീരുമാനം പുന:പരിശോധിക്കുന്നത് ശരിയായ കാര്യമല്ലെന്ന് അച്ചൻ ന്യായീകരിക്കുന്നതു കേട്ടു.
1999ൽ സിനഡ് എടുത്ത തീരുമാനം തിന്മയായിട്ടുളള ഒന്നായിരുന്നോ? 1999ൽ നടപ്പിലാകാതിരുന്നത് 2021ൽ നടപ്പിലായില്ലേ?
സഭയുടെ ചരിത്രത്തിൽ എപ്പോഴും മാറ്റങ്ങൾ സംഭവിക്കുന്നത് നാം കാണുന്നുണ്ട്. ഒരുകാലത്ത് വിശുദ്ധ കുർബാനയർപ്പണത്തിന് ശേഷം ഉടൻ തന്നെ വൈദികൻ ദിവ്യകാരുണ്യ ഈശോയെ എഴുന്നള്ളിച്ചു വെച്ച ശേഷം വാഴ് വ് നൽകുന്ന രീതിയുണ്ടായിരുന്നു.
ഇന്ന് ആ രീതിക്ക് മാറ്റം വന്നിരിക്കുകയാണ്. അത് ആരാധനാപരമായി ശരിയായ ഒരു രീതിയല്ല എന്ന് മനസ്സിലാക്കിയ സഭയുടെ മേലധികാരികൾ അതിനെ നിർത്തലാക്കുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ അജപാലന ആവശ്യം എന്നു പറയുന്നത്, പ്രത്യേകിച്ച് ആരാധനക്രമ കാര്യങ്ങളിൽ ഉള്ള അജപാലന ആവശ്യം, സഭയുടെ മേലധികാരികളിൽ നിക്ഷിപ്തമാണ്.
കത്തോലിക്കാ സഭയുടെ സഭാ സംവിധാനം മനസ്സിലാകുന്നവർക്ക് അത് 24 വ്യക്തിസഭകളുടെ ഒരു കൂട്ടായ്മയാണ് എന്ന ബോധ്യം ഉണ്ടായിരിക്കും. അതുപോലെതന്നെ ഓരോ സഭയെയും സംബന്ധിച്ച നിലപാടുകൾ കാലാകാലങ്ങളായി ആ സഭയിലെ മെത്രാൻ സംഘമാണ് തീരുമാനിക്കുന്നത് എന്നതും ശ്രദ്ധേയമാണ് .
സംഭാഷണത്തിന്റെയും ഒന്നിച്ചു നടക്കലിന്റെയും പ്രാധാന്യം ഓർമിപ്പിക്കുന്ന വരും ഫ്രാൻസിസ് മാർപാപ്പയുടെ ശൈലിയെക്കുറിച്ച് വാചാലരാകുന്നവരും എന്തുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ കൂടി ഉൾപ്പെട്ട സഭയുടെ സംവിധാനത്തെ മാനിക്കാതിരിക്കുന്നത് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.
ഒരു വ്യക്തി സഭയിലെ മെത്രാന്മാർ എല്ലാവരും ഒരുമിച്ച് കൂടി ആ സഭയുടെ പ്രതിനിധികൾ എന്ന നിലയിൽ ദൈവാരാധനയുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനത്തെ അംഗീകരിക്കുകയില്ല എന്നു പറയുന്നത് ഏറെ വിചിത്രമാണ്.
ദൈവാരാധന സഭയുടെ പരമോന്നത പ്രവൃത്തിയാണ്.
അത് ഏതെങ്കിലും രൂപതയുടെയോ ഇടവകയുടെയോ പൊതുസ്വത്തല്ല. എന്നാൽ, ഈ ദൈവാരാധനയെ ഒരു ക്രമസമാധാന പ്രശ്നമാക്കി വളർത്തിയെടുക്കുന്നത് ആരാണ്?
ഒരു ഇടവകയിലെ വിശ്വാസികൾക്ക് ദൈവാരാധനയെക്കുറിച്ചും സഭയുടെ നിയമങ്ങളെക്കുറിച്ചും ആ ഇടവകയിലെ വികാരിക്ക് ബോധ്യപ്പെടുത്താൻ സാധിക്കില്ലേ? സഭയോട് ചേർന്നുനിന്ന് ചിന്തിക്കാനും പ്രവർത്തിക്കാനും തന്റെ ഇടവകജനത്തെ ഉദ് ബോധിപ്പിക്കേണ്ടവനല്ലേ വികാരി?
ഇപ്രകാരം ചെയ്യാതെ അനുസരണക്കേടിന്റെ ഇത്തരം നവീന ഭാഷ്യങ്ങൾ അവതരിപ്പിക്കുന്നത് ഏറെ ആശങ്ക ഉളവാക്കുന്നതാണ്. ദുർബലമനസ്ക്കരായ പലർക്കും സഭാ സംവിധാനങ്ങളെ വെല്ലുവിളിക്കാൻ ഇത്തരം നവീന ഭാഷ്യങ്ങൾ കാരണമായിത്തീരും.
ഫാ.ജോസഫ് കളത്തിൽ, താമരശ്ശേരി രൂപത.