Come quickly to help me, my Lord and my Savior. (Psalms 38:22)

നമ്മുടെയൊക്കെ മനസില്‍ സാധാരണയായി ഉയരുന്ന ചില ചോദ്യങ്ങളുണ്ട്. എന്തുകൊണ്ട് നീതിനിഷ്ഠരായി ജീവിക്കുന്ന ആളുകളുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നില്ല എന്ന്? വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ ഒരു ദമ്പതികളെക്കുറിച്ച് പരാമര്‍ശമുണ്ട്: സഖറിയാ-എലിസബത്ത് ദമ്പതികള്‍. അവര്‍ നീതിനിഷ്ഠരായിരുന്നു. മനുഷ്യരുടെ ദൃഷ്ടിയില്‍ മാത്രമല്ല, ഹൃദയങ്ങളും വിചാരങ്ങളും അറിയുന്ന ദൈവത്തിന്‍റെ മുമ്പിലും അവര്‍ നീതിനിഷ്ഠരായിരുന്നു. മറ്റൊരു പ്രത്യേകത അവര്‍ കര്‍ത്താവിന്‍റെ കല്പനകളും വചനങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു. എന്നുപറഞ്ഞാല്‍ ഈ ലോകത്തില്‍ പാപത്തിന്‍റെ നിഴല്‍പോലും വീഴാതെ ജീവിച്ചവര്‍. പക്ഷേ, അവര്‍ വലിയ സഹനത്തിലൂടെയാണ് കടന്നുപോയിരുന്നത്. കാരണം
അവര്‍ക്ക് മക്കളുണ്ടായിരുന്നില്ല.
അയല്ക്കാരും ബന്ധുക്കളും സുഹൃത്തുക്കളും ചോദിച്ചിരുന്ന ചോദ്യം ഇതായിരുന്നു: എന്തുകൊണ്ട് അവർക്ക് കുട്ടികളില്ല ? അതിനുള്ള ഉത്തരവും സമൂഹം തന്നെ കണ്ടെത്തിക്കാണണം. അവര്‍ നമ്മുടെ മുമ്പില്‍ വിശുദ്ധരായി അഭിനയിക്കുന്നവരാണ്. എന്നാല്‍ അവര്‍ രഹസ്യമായി പാപം ചെയ്യുന്നുണ്ട്. അതിനാല്‍ ദൈവം അവരെ ശിക്ഷിച്ചതാണ്. അവര്‍ അങ്ങനെ ചിന്തിക്കുന്നതില്‍ തെറ്റില്ലായിരുന്നു. കാരണം യഹൂദരുടെ സങ്കല്പമനുസരിച്ച് മക്കള്‍ ദൈവത്തിന്‍റെ ദാനമാണ്. മക്കളില്ലാത്തത് ദൈവത്തിന്‍റെ ശിക്ഷയാണ്. ഇങ്ങനെ ചുറ്റുമുള്ളവരുടെ പരിഹാസങ്ങളും കുത്തുവാക്കുകളുമേറ്റ് അപമാനഭാരത്താല്‍ ശിരസ് കുനിച്ചായിരിക്കാം അവര്‍ ജീവിച്ചിരുന്നത്.

എന്നാല്‍ അസാധ്യതകളെ സാധ്യതകളാക്കുവനായ സര്‍വശക്തനായ ദൈവം അവരുടെ ജീവിതത്തില്‍ ഇടപെടുകതന്നെ ചെയ്തു. അമൂല്യനും അനശ്വരനുമായ ഒരു കുഞ്ഞിനെ സമയത്തിന്‍റെ തികവില്‍ നല്കി അനുഗ്രഹിച്ചു. പക്ഷേ എന്തുകൊണ്ട് ഈ കാലതാമസം? സഖറിയാ-എലിസബത്ത് ദമ്പതികള്‍ക്ക് വിവാഹശേഷം ഉടനെ കുഞ്ഞുങ്ങളുണ്ടാവുകയാണെങ്കില്‍ അതില്‍ അസാധാരണമായിട്ടൊന്നുമില്ല. അത് സ്വാഭാവികമായി സംഭവിച്ച ഒരു കാര്യമായിട്ടു മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ. എന്നാൽ ഇവരുടെ ജീവിതത്തിൽ കുട്ടികൾ ഉണ്ടാകാതിരിക്കാൻ രണ്ട് കാരണങ്ങളായിരുന്നു ഉണ്ടായിരുന്നത്, ഒന്നാമതായി എലിസബത്ത് വന്ധ്യയായിരുന്നു. ഇരുവരും പ്രായം കവിഞ്ഞവരുമായിരുന്നു.എന്നാല്‍ ദൈവമഹത്വം പ്രകടമാകുന്നത് സാധ്യതകളൊന്നുമില്ലാത്ത ഇടങ്ങളില്‍ അസാധ്യമായ കാര്യങ്ങള്‍ സംഭവിക്കുമ്പോഴാണ്.

നാം ഒരോരുത്തരും ചോദിച്ചേക്കാം എല്ലാവർക്കും പെട്ടെന്നു കുട്ടികൾ ഉണ്ടാകുന്നില്ലേ, പിന്നെ എന്തിനാണ് കർത്താവ് സഖറിയാ -എലിസബത്ത് ദമ്പതികൾക്ക് താമസം വരുത്തിയത് എന്ന്? ദൈവം കാലതാമസം വരുത്തിയപ്പോൾ അവർ പ്രാർത്ഥക്കുമ്പോൾ ദൈവം നൽകിയ കുട്ടിയിലും മഹത്വം ഇറങ്ങി. ആ കുട്ടി ആയിരുന്നു സ്നാപക യോഹന്നാൻ. സ്നാപക യോഹന്നാൻ രക്ഷാകര ചരിത്രത്തിൽ യേശുവിന് വഴികാട്ടി ആയി. നമ്മുടെ പ്രാർത്ഥന താമസിക്കുമ്പോൾ ഓർക്കുക, ദൈവം താന്‍ സ്നേഹിക്കുന്നവരെ തന്‍റെ മഹത്വത്തിന്‍റെ ഉപകരണങ്ങളാക്കുവാന്‍ ആഗ്രഹിക്കുന്നു. അതുവഴി ദൈവത്തിന്റെ പ്രവർത്തി ഭൂമിയിൽ നമ്മളിലൂടെ വെളിപ്പെടുന്നു. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ







