The trees of the field shall yield their fruit, and the earth shall yield its increase, and they shall be secure in their land.
(Ezekiel 34:27 ) ✝️
ദൈവമാണ് എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടം . ”അവിടുത്തെ അനുഗ്രഹം നദിയെന്നപോലെ വരണ്ട ഭൂമിയെ ആവരണം ചെയ്യുന്നു; ഭൂമിയിലെ മഴയും ജലവും നദികളും, കന്നുകാലികൾ, ധാന്യങ്ങൾ തുടങ്ങി ഭൗതിക സമൃദ്ധി മുഴുവനും ദൈവത്തിന്റെ അനുഗ്രഹമാണ് (സങ്കീ 65 : 9-11). ദൈവത്തിന്റെ തിരുവചനം ശ്രവിച്ച് അതനുസരിച്ച് ജീവിക്കുന്നവരെല്ലാം നിശ്ചയമായും ദൈവത്താൽ അനുഗ്രഹിക്കപ്പെടും എന്നത് അവിടുത്തെ വാഗ്ദാനമാണ്. സമ്പത്ത് ഇല്ലാത്തത്, കർത്താവിന്റെ അനുഗ്രഹം ഇല്ലാത്തത് കൊണ്ടാണ് എന്നു നാം വിശ്വസിക്കരുത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുന്നത് ദൈവിക പദ്ധതിയിലേയ്ക്ക് വഴി നടത്താനാണ്.
നാം ഓരോരുത്തരുടെയും ജീവിതത്തിൽ ദൈവം നൽകിയിരിക്കുന്ന അനുഗ്രഹം വലുതെന്നോ, ചെറുതെന്നോ നോക്കാതെ മറ്റുള്ളവരുമായി പങ്കു വയ്ക്കാൻ സന്തോഷകരമായ മനസ് നാം ഒരോരുത്തർക്കും ഉണ്ടായിരിക്കണം. നാം ഒരോരുത്തരും സന്തോഷകരമായി പങ്കുവയ്ക്കുന്നത് ദൈവത്തിന്റെ അനുഗ്രഹത്തിന് പാത്രമാകുന്നു.കർത്താവ് നോക്കുന്നത്, നമ്മുടെ കരങ്ങളിൽ എന്ത് ഉണ്ട് എന്നല്ല, നൽകാനുള്ള നമ്മുടെ മനസിനെയാണ്. 2കോറിന്തോസ് 9 : 7 ൽ പറയുന്നു, സന്തോഷപൂര്‍വം നല്കുന്നവനെയാണ് ദൈവം സ്നേഹിക്കുന്നത്. ജീവിതത്തിൽ മോശമായ സാഹചര്യത്തിൽ പോലും പൂർണ്ണമായി ദൈവത്തിൽ ആശ്രയിക്കുക. നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം സദാ സമൃദ്ധമായി ഉണ്ടാകാനും, സത്കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി നല്കാന് കഴിവുറ്റവനാണ് ദൈവം
കർത്താവ് നാം ഓരോരുത്തരുടെയും കൂടെ ഉണ്ടെങ്കിൽ ദൈവത്തിന്റെ അനുഗ്രഹം ജീവിതത്തിൽ ഉടനീളം ദർശിക്കാൻ സാധിക്കും. തിരുവചനം പറയുന്നു, കർത്താവ് ജോസഫിന്റെ കൂടെ ഉണ്ടായിരുന്നു. എല്ലാക്കാര്യങ്ങളിലും അവന് ശ്രേയസുണ്ടായി. അനുഗ്രഹം ദാനമാണെങ്കിൽ മനുഷ്യവർഗത്തിന് നല്കപ്പെടുന്ന ഏറ്റവും വലിയ ദാനം പരിശുദ്ധാത്മാവാണ്. അതുപോലെ കർത്താവ് നാം ഒരോരുത്തരെയും, രോഗങ്ങളിൽ നിന്നും, മഹാമാരിയിൽ നിന്നും, ആകുലതകളിൽ നിന്നും സംരക്ഷിക്കുന്നു. നാം ഓരോരുത്തരെയും, അനുഗ്രഹിക്കുകയും, പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിന് നന്ദി പറയാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.