“Give your servant a pledge of good; let not the insolent oppress me.”
(Psalm 119:122) ✝️

ദൈവശാസ്ത്രവീക്ഷണത്തിൽ നന്മയുടെ മാനദണ്ഡം വ്യത്യസ്തമാണ്. പരമമായ നന്മയ്ക്ക് അടിസ്ഥാനം ദൈവമാണ്. തിരുവെഴുത്തുകളിൽ നന്മ ഒരു കേവല ഗുണമോ മാനവിക ആദർശമോ അല്ല. ദൈവത്തിന്റെ വിശുദ്ധി, നീതി, സത്യം, സ്നേഹം, ഔദാര്യം, ദയ, കൃപ, തുടങ്ങിയ ഗുണങ്ങൾ നന്മയിൽ ഉൾപ്പെടുന്നു. ദുഷ്ടതയും അധർമ്മവും നിറഞ്ഞ ഒരു ലോകത്തിലാണ് നാമെല്ലാവരും ജീവിക്കുന്നത്. നിങ്ങളിൽ നിന്ന് നേട്ടം കൈവരിച്ചവർ പോലും നിങ്ങൾക്കെതിരെ എഴുന്നേൽക്കാൻ ശ്രമിക്കുന്ന സമയങ്ങളുണ്ട്. എന്നാൽ ഇതിനെല്ലാം ഇടയിൽ, നമ്മുടെ കർത്താവ് എപ്പോഴും നമുക്ക് നല്ലത് മാത്രം നൽകുന്നു. ദൈവം നാം ഒരോരുത്തർക്കും നൻമയെ ഉറപ്പു വരുത്തുന്ന ദൈവം ആണ്.

ഒരു ലൗകിക പിതാവ് തന്റെ മക്കൾക്ക് നല്ല ദാനങ്ങൾ നൽകാൻ അറിയുമ്പോൾ, നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ്, അത്യധികം സ്നേഹമുള്ള നിങ്ങളുടെ പിതാവ് നിങ്ങൾക്ക് നല്ല സമ്മാനങ്ങൾ നൽകില്ലേ? അവൻ തീർച്ചയായും അവ നിങ്ങൾക്ക് നൽകും. സങ്കീർത്തനങ്ങൾ 23:6 ൽ പറയുന്നു, നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും എന്ന്. ദൈവത്തെ സ്നേഹിക്കുന്നവർക്ക് നിർണ്ണയ പ്രകാരം ദൈവത്താൽ വിളിക്കപ്പെട്ടവർക്ക് സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്ന് തിരുവചനം പറയുന്നു.

ചില സന്ദർഭങ്ങളിൽ നന്മയ്ക്കു പകരം തിന്മയും കഷ്ടതയും ഇയ്യോബിന്റെ ജീവിതത്തിലെന്നപോലെ നേരിട്ടെന്നു വരാം. എന്നാൽ അവിടെയും ദൈവം ഒരു പ്രത്യേക അർത്ഥത്തിൽ നന്മ ചെയ്യുകയാണ്. ഒരു മനുഷ്യൻ കഷ്ടം സഹിക്കുന്നത് നല്ലതാണ്. വിശുദ്ധീകരണത്തിനും , നന്മയ്ക്കും, ദൈവവിശ്വാസത്തിൽ ബലപ്പെടുന്നതിനും, സഹിഷ്ണുതയ്ക്കും കഷ്ടതകൾ കാരണമായിതീരുന്നു എന്ന് ഹെബ്രായർ 12:10 ൽ പറയുന്നു. ദൈവത്തിൽ ആശ്രയിക്കുന്ന മനുഷ്യനെ സാത്താനിക ശക്തികൾക്ക് ഒരു രീതിയിലും നശിപ്പിക്കാൻ സാധിക്കുകയില്ല. നൻമ നൽകുന്ന ദൈവത്തിന് നമ്മൾക്ക് നന്ദിപറയാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.









