“He brought them out of darkness and the shadow of death, and burst their bonds apart.”
(Psalm 107:14) ✝️
സത്യവും നീതിയും ആകുന്ന ദൈവീകപ്രകാശത്താൽ പൂരിതമായിരുന്ന ഭൂമി, പാപത്തിനു മനുഷ്യൻ ഹൃദയത്തിൽ ഇടംകൊടുത്ത അന്നുമുതൽ അന്ധകാരത്തിൽ നിപതിച്ചു. കളവിനും വഞ്ചനയ്ക്കും ആത്മാവിനെ വിട്ടുകൊടുത്ത മനുഷ്യന് പ്രകാശം അസഹനീയമായി മാറി, വേദനാ ജനകമായിത്തീർന്നു. ആത്മാവിന്റെ ഇരുളിൽ മുഖം മറച്ച്, അധമമോഹങ്ങളുടെ സാക്ഷാത്കരണത്തിനായി അവൻ തന്റെ ജീവനെ അന്ധകാരത്തിന്റെ അധിപന് അടിയറ വച്ചു. പാപാന്ധകാരത്തിൽ തപ്പിത്തടഞ്ഞ്, മരണത്തിന്റെ താഴ്‌വരയിലൂടെ, ലക്ഷ്യമില്ലാതെ ഉഴലുന്ന കൂട്ടം തെറ്റിയ കുഞ്ഞാടുകൾക്ക് സുരക്ഷിതമായി ലഷ്യത്തിലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്ന പ്രകാശമായാണ് ഈശോ ബെത് ലഹേമിലെ ഒരു പുൽക്കുടിലിൽ പിറന്നുവീണത്
ക്രിസ്തുവിലൂടെ ഭൂമിയിൽ ഉദയംചെയ്ത ദൈവത്തിന്റെ പ്രകാശത്തെ മറയ്ക്കാനോ ഇല്ലാതാക്കാനോ കഴിയുന്നതൊന്നും ഈ പ്രപഞ്ചത്തിലില്ല. ഇന്നത്തെ ലോകത്തിലും, എത്ര കഠിനമായ അന്ധകാരത്തിൽ സ്ഥിതി ചെയ്യുന്നവർക്കും കാണുവാൻ സാധിക്കുന്ന വിധത്തിൽ യേശുവാകുന്ന പ്രകാശം, ദൈവവചനത്തിലൂടെയും പരിശുദ്ധാൽമാവിന്റെ ശക്തികളിലൂടെയും, ലോകത്തിൽ കത്തിജ്വലിക്കുന്നുണ്ട്. നമ്മിലെ അന്ധകാരത്തെയും, അതിൽ പതിയിരിക്കുന്ന അപകടങ്ങളെയും തിരിച്ചറിഞ്ഞ്, എകരക്ഷകനായ യേശുക്രിസ്തുവിന്റെ പ്രകാശത്തിലേക്ക് കണ്ണുകൾ തുറക്കാൻ നമുക്കാവുന്നുണ്ടോ?
യേശുവാകുന്ന സത്യവെളിച്ചം നമ്മുടെ ജീവിതത്തിലെ പാപത്തിന്റെ അന്ധകാരത്തെ ദഹിപ്പിച്ചു കളയുന്നു. ദൈവം വെളിച്ചമാക്കുന്നു അതിനാൽ കർത്താവിൽ ഇരുട്ട് ഒട്ടും ഇല്ല, എന്ന് യോഹന്നാന്റെ ലേഖനത്തിൽ കാണുവാൻ കഴിയും. യേശുവിനാൽ നമ്മളും ലോകത്തിനു മുമ്പിൽ പ്രകാശമായി മാറും .കർത്താവിലുള്ള വെളിച്ചം നിമിത്തമുള്ള സ്വാതന്ത്ര്യം നമ്മുടെ ജീവിതത്തിലും അനുഭവിക്കുമ്പോൾ നമ്മുടെ ജീവിതവും പ്രകാശിക്കും.
ജോർദ്ദാന്റെ മറുകരയിൽ ഉണ്ടായിരുന്ന സെബുലൂണ്‍, നഫ്താലി, വിജാതീയരുടെ ഗലീലി, എന്നീ പ്രദേശങ്ങൾ പാപത്തിന്റെ അന്ധകാരത്തിൽ ആയിരുന്നു, എന്നാൽ യേശു ആ ദേശത്ത് എത്തിയപ്പോൾ അന്ധകാരത്തിലായ ജനങ്ങൾ വലിയ പ്രകാശം കണ്ടു. അതായത് പാപത്തിൽ നിന്നും രോഗത്തിൽ നിന്നും ആകുലതകളിൽ നിന്നും ക്രിസ്തു അവരെ മോചിപ്പിച്ചു. നാം ഓരോരുത്തരുടെയും ജീവിതത്തിൽ ബാധിച്ചിരിക്കുന്ന അന്ധകാരത്തെ യേശുവിന്റെ ശക്തിയാൽ മാറ്റുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.