“The fear of the Lord prolongs life, but the years of the wicked will be short.”
(Proverbs 10:27)
ജീവിതത്തിൽ എല്ലായ്പ്പോഴും ദൈവത്തിങ്കലേക്കു നോക്കുകയും ദൈവത്തിനു പ്രസാദകരമായി ജീവിക്കുകയും ചെയ്യുന്നതാണ് ദൈവഭക്തി. ശരിയായ വിശ്വാസവും ശരിയായ പ്രവൃത്തിയും ഭക്തിയുടെ ഘടകങ്ങളാണ്. ദൈവഭക്തി എന്നു പറയുന്നത് കൊണ്ട് നാം പലപ്പോഴും ഉദേശിക്കുന്നത്, കർത്താവിനെ ആരാധിക്കുകയും, സ്തുതിക്കുകയും, ഉപവസിക്കുകയും ചെയ്യുന്നത് മാത്രമല്ല തിൻമയുടെ ശക്തിയെയും, പാപത്തെയും വെറുത്ത് വിശുദ്ധിയെ ജീവിതത്തിൽ ധരിക്കുന്നതാണ്. നമ്മുടെ കർത്താവ് വിശുദ്ധിയുടെ ദൈവമാണ്. നൻമ പുറപ്പെടുവിക്കുന്ന വ്യക്തികളായി മാറുവാൻ ദൈവഭക്തിയുടെ പാതയിൽ സഞ്ചരിക്കുവാനുള്ള ഒരു തീരുമാനമെടുക്കുകയാണ് നമ്മൾ ചെയ്യേണ്ട ആദ്യപടി.
ജീവിതത്തിൽ നിന്ന് തിൻമയെ അകറ്റി, നൻമ പുറപ്പെടുവിക്കുന്നവർ ആകുന്നതിനുള്ള കൃപയ്ക്കായി നമുക്കും പ്രാർത്ഥിക്കാം. പ്രപഞ്ചത്തെ മുഴുവൻ അടക്കിവാഴുന്ന തിന്മയുടെ ശക്തിയാണു ദുഷ്ടത. ദൃശ്യവും അദൃശ്യവുമായ സകലതും പാപത്തിന്റെ പിടിയിലാണ്. ദൈവവുമായുള്ള ബന്ധം നഷ്ടപ്പെട്ടതാണ് ദുഷ്ടതയുടെ അടിസ്ഥാന കാരണം. ജീവിതത്തിൽ പലപ്പോഴും, ചെറിയ ചെറിയ ലാഭങ്ങൾക്കു വേണ്ടി ദുർമാർഗത്തെ കൂട്ടുപിടിക്കുന്നു, നാം ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങൾക്ക് അനുസരിച്ച് ദുർമാർഗത്തെ സ്വയമായി നാം ന്യായീകരിക്കുകയും, പാപത്തിലേയ്ക്ക് നമ്മെ നയിക്കപ്പെടാൻ സാഹചര്യം ഒരുക്കുകയും ചെയ്യുന്നു.
ജീവിതത്തിൽ എന്താണോ ഒരു വ്യക്തി തിരഞ്ഞെടുക്കുന്നത്, അത് അനുസരിച്ച് ആയിരിക്കും ആ വ്യക്തിയുടെ അവസാനവും. വാളെടുക്കുന്നവൻ വാളാലെ നശിക്കും എന്ന് പറയുന്നതുപോലെ. ദുഷ്ടത പ്രവർത്തിക്കുന്ന വ്യക്തികൾ അവരുടെ യൗവനത്തിൽ തന്നെ മരണപ്പെടുന്നത്, ദിനം പ്രതി മാദ്ധ്യമങ്ങളിലൂടെ നാം കാണുന്നതാണ്. നീതിമാൻ നന്മ ചെയ്യുമ്പോൾ ദൈവത്താലും, വ്യക്തികളാലും അനുഗ്രഹിക്കപ്പെടുകയും, അവർക്ക് ദീർഘായുസ്സ് ലഭിക്കുകയും ചെയ്യുന്നു. കർത്താവായ യേശുവേ, നന്മ ചെയ്യുവാൻ ആഗ്രഹിക്കുമ്പോഴും തിന്മയിലേക്ക് നിപതിക്കുന്ന എന്റെ ഹൃദയത്തെ ഞാനങ്ങേയ്ക്കു മുൻപിൽ തുറന്നിടുന്നു. എന്റെ ദൗർബല്യങ്ങളിൽ അങ്ങെനിക്കു ശക്തിയാകണമേ, അങ്ങയുടെ അനുഗ്രഹത്താൽ നന്മ മാത്രം തിരഞ്ഞെടുക്കുന്ന ഒരു ഹൃദയത്തിനുടമയായി ഞാൻ മാറട്ടെ എന്നു പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ