ദൈവീക സംരക്ഷണത്തിൽ നിന്നും പാപം ചെയ്ത് അകന്നു പോകുന്നവരെപ്പറ്റി വ്യസനിക്കുന്നവനാണ് സ്വർഗ്ഗീയപിതാവ്. പിശാചിന്റെ പിടിയിൽപെട്ടു തന്റെ പ്രിയജനത്തിനു പാപങ്ങളിലൂടെ ജീവഹാനി സംഭവിക്കുമ്പോൾ കർത്താവ് അത്യധികം വേദനിക്കുന്നു. നാം ഓരോരുത്തരുടെയും ഉള്ളിൽ ക്രിസ്തു വസിക്കുന്നു. ക്രിസ്തുവിൽ ആയിരിക്കുന്നവൻ പുതിയ സൃഷ്ടിയാണ്. പഴയത് കടന്നുപോയി. ഇതാ, പുതിയത് വന്നു കഴിഞ്ഞു” (2 കോറിന്തോസ് 5:17). യേശുവിൽ മാത്രം ദൃഷ്ടിയുറപ്പിച്ച്, ദൈവം നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന ജോലി എന്തുതന്നെ ആയാലും അത് പരാതിയും പരിഭവവുമില്ലാതെ, ആത്മാർത്ഥതയോടെ ചെയ്യാൻ നമുക്കാവണം.
സത്യത്തിലേക്കുള്ള വഴിയും യേശുവിലൂടെയാണ്.ഒരു യഥാർത്ഥ ക്രിസ്തുശിഷ്യന് സത്യവും കള്ളവും തമ്മിൽ വെളുപ്പും കറുപ്പും എന്നപോലെ വ്യക്തമായ വേർതിരിവുണ്ടായിരിക്കണം. അവന്റെ സംസാരവും പ്രവർത്തിയും ഒരിക്കലും സത്യവും കള്ളവും കൂടിക്കലർന്ന, നിഴൽവീണ ഇടങ്ങളിലാവരുത്. അല്പംപോലും വളച്ചുകെട്ടാതെ സത്യം മാത്രം പറയുന്ന ഒരു വ്യക്തിക്ക് ഒരിക്കലും ലോകത്തിന്റെ പ്രീതിക്ക് പാത്രമാകാൻ സാധിക്കുകയില്ല. മറ്റുള്ളവർക്ക് പ്രീതികരമായത് സംസാരിക്കാനുള്ള തത്രപ്പാടിൽ, സത്യത്തിനു സാക്ഷ്യം നൽകാൻ പലപ്പോഴും നമ്മൾ മറക്കുന്നു. ദൈവത്തോടും മറ്റുള്ളവരോടും തന്നോടുതന്നെയും സത്യം പറയുവാനും പ്രവർത്തിക്കുവാനും നമുക്കാവണം. ഇങ്ങനെയുള്ള ഒരു ജീവിതത്തിൽനിന്നു നമ്മെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന ഭയത്തിന്റെ ആത്മാവിനെ നാം തിരിച്ചറിയുകയും വെറുത്തുപേക്ഷിക്കുകയും ചെയ്യണം.
ദൈവമക്കൾ എന്നു പറയുന്ന നാം എല്ലാവരും, ഒരു നിമിഷം പോലും കര്‍ത്താവിന്റെ വഴിയില്‍ നിന്നു ഞാനകന്നുപോയില്ല എന്നു പറയുവാൻ സാധിക്കണം. എത്രത്തോളം വിശുദ്ധമായ ജീവിതം നയിക്കുന്ന വ്യക്തിയാണെങ്കിൽകൂടിയും, ഈ ഭൂമിയിൽ ജീവനോടെ ഇരിക്കുന്ന കാലത്ത് ഒരാൾക്കും പാപമെന്ന യാഥാർത്ഥ്യത്തെ പരിപൂർണ്ണമായും ഒഴിവാക്കാൻ ആവുകയില്ല. ഏതു പാപം ചെയ്താലും മാനസാരത്തോടെ പാപം ഏറ്റുപറയുമ്പോൾ ക്ഷമിക്കുന്നവനാണ് സ്വർഗ്ഗീയ പിതാവ്. നാം ഓരോരുത്തർക്കും കർത്താവിന്റെ വഴിയിൽ നടക്കുവാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.