“പരിശുദ്ധ പിതാവിന്റെ നിർദ്ദേശത്തോടും ഓറിയൻറൽ കോൺഗ്രിഗേഷന്റെ അംഗീകാരത്തോടുകൂടിയുള്ള നവീകരിച്ച കുർബാന ക്രമവും വി.കുർബാനയുടെ ഏകീകൃത രൂപത്തിലുള്ള അർപ്പണവും 2021 നവംബർ 28, ആരാധനാക്രമവത്സരത്തിന്റെ ആരംഭ ദിവസം മുതൽ എല്ലാ രൂപതകളിലും നടപ്പിലാക്കുവാനുള്ള പരിശുദ്ധ സിനഡിന്റെ തീരുമാനം സീറോ മലബാർ സഭയിലെ വിശ്വാസികൾ മുൻപിൽ നിന്ന് കൊണ്ട് ഓരോ ഇടവകയിലും എറ്റെടുത്ത് നടപ്പാക്കണം.” സീറോ മലബാർ സഭയുടെ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി നിർദേശിച്ചു

“ഈ തീരുമാനത്തെ അംഗീകരിക്കുവാനും,സന്തോഷത്തോടെ പ്രാവർത്തികമാക്കി സഭാശുശ്രൂഷയോട് ചേർന്നുനിന്നുകൊണ്ട്,സഭാ നിയമങ്ങളോട് വിശ്വസ്തത പുലർത്തി നടപ്പിലാക്കുവാനും,നമ്മുടെ സഭയിൽ വിഭാഗീയതയും അനൈക്യവും വളരുവാനും വർദ്ധിപ്പിക്കാനുള്ള സാധ്യതകളെ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും സീറോമലബാർ സഭയിലെ എല്ലാ വൈദിക,സന്യസ്ത, അല്മായ സഹോദരങ്ങളോടും ഞാൻ വിനയപൂർവ്വം അപേക്ഷിക്കുന്നു.”

നമുക്ക് നമ്മുടെ പിതാവായ മാർത്തോമാ ശ്ലീഹാ പകർന്നു തന്ന വിശ്വാസ തീക്ഷണതയുണ്ട്.എന്ത് തടസ്സങ്ങൾ ഉണ്ടായാലും ക്രിസ്തുവിനെ പ്രതി സഹിഷ്ണുതയോടെ നമുക്ക് മുൻപോട്ടു പോകാം.നമ്മുടെ മക്കൾക്ക് പകർന്നു കൊടുക്കാൻ നമുക്കുള്ളത് നമ്മുടെ ശ്രേഷ്ഠമായ ആത്മീയ പാരമ്പര്യമാണ്.വിയോജിപ്പിന്റെ സ്വരങ്ങളെ നമുക്ക് ക്ഷമയോടെ സമീപിക്കാം.- അദ്ദേഹം പറഞ്ഞു

സഭയുടെ പാരമ്പര്യത്തിലും പൈതൃകത്തിലും നാം അഭിമാനിക്കുന്നു.ദൈവരാജ്യസ്ഥാപനത്തിനായി സീറോ-മലബാര്‍ സഭാംഗങ്ങള്‍ ചെയ്യുന്ന സേവനങ്ങള്‍ മഹത്തരമാണ്.സഭയ്ക്കു ലഭിക്കുന്ന സാര്‍വത്രീകാംഗീകാരത്തിലും അഭിമാനമുണ്ട്.എന്നാല്‍ അടുത്ത കാലത്ത് സഭയുടെ ഐക്യത്തിനു ഭീഷണിയാകുന്ന സംഭവവികാസങ്ങള്‍ നമ്മെ വേദനിപ്പിക്കുകയാണ്.ഞാൻ തന്നെ അതിന് സാക്ഷ്യം വഹിച്ചു.നിസ്സാരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ വിഭജിതരാകാനും സഭയുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്ഫലമാക്കാനും പറ്റിയ സമയമല്ല ഇതെന്ന് നാം എല്ലാവരും മനസ്സിലാക്കണം.വി.കുർബാനയുടെ ഏകീകൃത രൂപത്തിലുള്ള അർപ്പണം നടപ്പിൽ വരുത്താനുള്ള ശ്രമങ്ങളിൽ പങ്കുകാരാകാനും മുൻനിരയിൽ നിൽക്കാനും എല്ലാ അൽമായ സംഘടനകൾക്കും ഉത്തരവാദിത്വമുണ്ട്.- അദ്ദേഹം വ്യക്തമാക്കി

സീറോ മലബാർ സഭയുടെ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി

പരിശുദ്ധ മാർപാപ്പയുടെ പ്രബോധനങ്ങളെ നിസ്സാരവത്കരിക്കുന്ന പ്രവണതകളെയും,സഭയിലെ വളരെ ചെറിയ ഒരു വിഭാഗം നടത്തുന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളെയും വളരെ ജാഗ്രതയോടെ നമുക്ക് നേരിടാം.വി.തോമാശ്ലീഹായുടെ മക്കളെന്ന നിലയില്‍ സഭയില്‍ സമാധാനം നിലനിര്‍ത്താനും പോരായ്മകള്‍ ക്ഷമിക്കാനും സമാധാനത്തിനും ഐക്യത്തിനും വേണ്ടി ആത്മാര്‍ത്ഥമായി ശ്രമിക്കാനും സഭാനേതൃത്വവും വൈദികരും സന്യസ്തരും വിശ്വാസികളും ഒന്നിച്ചു പ്രവര്‍ത്തിക്കാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.- സീറോ മലബാർ സഭ അൽമായ ഫോറം സെക്രട്ടറി പറഞ്ഞു .



നിങ്ങൾ വിട്ടുപോയത്