കർത്താവ് നമ്മുടെ കൂടെ ഉണ്ടെങ്കിൽ നാം ഓരോരുത്തർക്കും സമാധാനം ലഭിക്കും. ക്രിസ്തു നമ്മുടെ കൂടെ ഇല്ലാത്തതാണ് പലപ്പോഴും നമ്മുടെ ജീവിതത്തിലെ അസമാധാനത്തിനു കാരണം. ഇന്ന് ലോകത്ത് എന്തും പണം കൊടുത്താൽ വാങ്ങിക്കാൻ കിട്ടും, എന്നാൽ സമാധാനം മാത്രം പണം കൊടുത്താൽ ലഭിക്കുകയില്ല. ദൈവത്തിന്റെ ദാനമാണ് സമാധാനം. യഥാര്‍ത്ഥ സമാധാനത്തിന്റെ ഏക ഉറവിടം യേശുക്രിസ്തുവാണ്. ക്രിസ്തുവിനെക്കൂടാതെ, ലോകത്ത് ശരിയായ സമാധാനത്തിന്റെ യാതൊരു പ്രത്യാശയുമില്ല. ‘അവസാന അത്താഴ’ വേളയില്‍, യേശു തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്; അവന്‍ പറഞ്ഞു: “എന്റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്.” അവന്‍ നല്‍കുന്ന സമാധാനം ഉപരിപ്ലവമല്ല. മറിച്ച്, മനുഷ്യഹൃദയത്തിന്റെ അടിത്തട്ടില്‍ വരെ എത്തുന്നതാണ്.

നാം കൊതിക്കുന്ന അമൂല്യമായ സമാധാനത്തിന്റെ ചിത്രം യോഹന്നാൻ അദ്ധ്യായം 14 ൽ വരച്ചു കാണിക്കുന്നു. അതിന്റെ ഉറവിടം യേശുവാണ്. അവൻ വാഗ്ദത്തം ചെയ്ത തന്റെ ആത്മാവിനെ തന്റെ അനുയായികൾക്ക് വീതിച്ച് നൽകുന്നു. അത് അസ്വസ്ഥമായ ഹൃദയങ്ങൾക്കുള്ള ഔഷധവും ഭയത്തിനുള്ള മറുമരുന്നുമാണ്. യേശു ക്രിസ്തു നൽകുന്ന സമാധാനം നമ്മുടെ ഉള്ളിൽ ഉണ്ടെങ്കിൽ മാത്രമേ, മറ്റുള്ളവർക്കും സമാധാനം പകരാൻ സാധിക്കുകയുള്ളു.

ഓരോ തവണയും ദൈവം നമ്മൾക്ക് ഉത്തരം നൽകുമ്പോൾ, ആദ്യം നൽകുന്നത് സമാധാനം ആണ്. കാരണം, നാം പ്രയാസമേറിയ സാഹചര്യങ്ങളിൽ ആകുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങും. ഭയത്തിന്റെ കാര്യങ്ങൾ ചിന്തിക്കുകയും നിരാശപ്പെടുകയും ചെയ്യും. അനുകൂലമായ കാര്യത്തെക്കുറിച്ചു ചിന്തിക്കാൻ നമ്മൾക്ക് സമയം ലഭിക്കില്ല. അതുകൊണ്ടാണ് ഏതൊരു കാര്യത്തിനും മുമ്പ്, നാം ദൈവത്തെ അന്വേഷിക്കുമ്പോൾ ദൈവത്തിന്റെ സമാധാനം നമ്മളെ നിറയ്ക്കുന്നത്. ഇത് സകല ബുദ്ധിയെയും കവിയുന്ന സമാധാനമാകുന്നു എന്ന് തിരുവചനം പറയുന്നു. നാം ഒരോരുത്തർക്കും ദൈവിക സമാധാനത്തിനായി പ്രാർത്ഥിക്കാം.

Phone 9446329343

നിങ്ങൾ വിട്ടുപോയത്