ജപമാല രാജ്ഞി തിരുന്നാൾ ഏങ്ങനെ ഉണ്ടായി? അല്പ० ചരിത്ര०

ഇന്ന് ഒക്ടോബർ 7 ജപമാലരാജ്ഞിയുടെ തിരുനാൾ.

1571 ൽ ലെപ്പാന്തോ യുദ്ധത്തിൽ ഒരു വിജയ സാധ്യതയും ഇല്ലാതിരുന്നിട്ടും ഓട്ടോമൻ തുർക്കികൾക്കെതിരെ ജപമാലയുടെ ശക്തിയാൽ വിജയം നേടിയതിന്റേയും അങ്ങനെ ക്രിസ്ത്യൻ രാജ്യങ്ങളുടെ സംരക്ഷണം നേടിയെടുത്തതിന്റേയും അനുസ്മരണയായി വി. പയസ് അഞ്ചാമൻ മാർപാപ്പ പ്രഖ്യാപിച്ച വിജയമാതാവിന്റെ തിരുനാളാണ് പിന്നീട് ജപമാല രാജ്ഞിയുടെ തിരുനാളായി മാറിയത്.


ചരിത്രത്തിലുടനീളം മാതാവിന്റെ മാധ്യസ്ഥം വഴി നേടിയെടുത്ത എല്ലാ വിജയങ്ങളും ഈ തിരുനാളിൽ അനുസ്മരിക്കുന്നു.
യുദ്ധം ജയിച്ച് ലൊറേത്തൊയിൽ വന്ന സൈനീകരുടെ പ്രാർത്ഥനാ സ്തുതികളായിരുന്നു “ക്രിസ്ത്യാനികളുടെ സഹായമേ” എന്നത്. മരിയൻ ലുത്തിനിയയിൽ (ലൊറേത്തോ ലുത്തിനിയ) അന്നാണ് ഈ അപധാനം കൂട്ടിച്ചേർക്കപ്പെട്ടത്.


സഭയുടെ ഔദ്യോഗിക പ്രാർത്ഥനയായതിനാൽ മാർപാപ്പമാർക്ക് മാത്രമാണ് ഇതിൽ പ്രാർത്ഥനകൾ കൂട്ടിച്ചേർക്കാൻ അവകാശം.

അങ്ങനെ ചേർക്കപ്പെട്ടതാണ് 1675-ൽ “ജപമാലയുടെ രാജ്ഞി” തുടങ്ങി 1995-ൽ “കുടുംബങ്ങളുടെ രാജ്ഞി” (ജോൺ പോൾ II) 2020 ജൂൺ 20 – ന് വിമല ഹൃദയ തിരുനാൾ ദിവസം ഫ്രാൻസീസ് പാപ്പ ചേർത്ത 3 യാചനകളും (“കരുണയുടെ മാതാവേ”, “പ്രത്യാശയുടെ മാതാവേ”, “കുടിയേറ്റക്കാരുടെ ആശ്വാസമേ”).
സഭ ഔദ്യോഗികമായി അംഗീകരിച്ച 6 ലുത്തിനിയകളാണ് ഉള്ളത്.


1) ഏറ്റവും പഴയത് സകല വിശുദ്ധരുടെ ലുത്തിനിയ
2) 1531 മുതലെങ്കിലും ലൊറേത്തോ ലുത്തിനിയ എന്ന പേരിൽ മരിയൻ ലുത്തിനിയ പ്രചാരത്തിലുണ്ട്. 1587-ലാണ് ഇത് ഔദ്യോഗികമാക്കുന്നത്.
3) 1886 -ൽ അംഗീകരിച്ച ഈശോയുടെ തിരുനാമ ലുത്തിനിയ
4) 1899 -ലെ ഈശോയുടെ തിരുഹൃദയ ലുത്തിനിയ
5) 1909 -ലെ വി. യൗസേപ്പിതാവിന്റെ ലുത്തിനിയ
6) 1960 -ലെ കർത്താവിന്റെ തിരുരക്തത്തിന്റെ ലുത്തിനിയ.

മരിയൻ ലുത്തിനിയക്ക് 6 വിഭാഗങ്ങൾ ഉണ്ട്:
1) മറിയത്തിന്റെ വിശുദ്ധിയുടെ പ്രകീർത്തനങ്ങൾ
2) അനന്യമായ മാതൃസ്ഥാന പ്രകീർത്തനങ്ങൾ
3) കന്യകാത്വ പ്രകീർത്തനങ്ങൾ
4) മാതൃ പ്രതിരൂപ പ്രകീർത്തനങ്ങൾ
5) സഹായഭാവ പ്രകീർത്തനങ്ങൾ
6) രാജ്ഞിപദ പ്രകീർത്തനങ്ങൾ.
ഈ പ്രാർത്ഥനയിൽ ഒളിഞ്ഞിരിക്കുന്ന അവർണ്ണനീയമായ മഹാസത്യങ്ങൾ ഉൾക്കൊള്ളുമ്പോൾ ഇതിന്റെ അർത്ഥപൂർണ്ണതയും സൗന്ദര്യവും നമുക്ക് ആസ്വദിക്കാനാകും.

ഫാ. ഫ്രാൻസീസ് കൂത്തൂർ

നിങ്ങൾ വിട്ടുപോയത്