പ്രകൃതി സൗഹൃദ ജീവിത ശൈലി പ്രോത്സാഹനത്തിനായി കാർബൺ ഫാസ്റ്റിംഗ് പദ്ധതിയൊരുക്കി എറണാകുളം-അങ്കമാലി അതിരുപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ. അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് നിയന്ത്രിച്ച് ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും പോലുള്ള ദുരിതങ്ങൾക്കെതിരെ സമൂഹത്തെ ബോധവത്കരിക്കുകയാണ് കാർബൺ ഫാസ്റ്റിംഗ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാരിന്റെ അംഗീകൃത ഹരിത സഹായ സ്ഥാപനവും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കുള്ള സേവനദാതാവുമാണ് സഹൃദയ. ചെടികൾ വച്ചുപിടിപ്പിക്കുക, രാസ വിഷങ്ങൾ ഒഴിവാക്കുക, ആഹാരം പാഴാക്കാതിരിക്കുക, ആഹാര അവശിഷ്ടങ്ങൾ ഉൾപ്പടെയുള്ള മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതെ ശാസ്ത്രീയമായി സംസ്കരിക്കുക, പ്ലാസ്റ്റിക്ക് വസ്തുക്കളും ഡിസ്പോസിബിൾ പാത്രങ്ങളും കഴിയുന്നത്ര ഒഴിവാക്കുക, മാലിന്യങ്ങൾ കത്തിക്കാതിരിക്കുക, ജലവിനിയോഗം വിവേകത്തോടെ ചെയ്യുക , മഴവെള്ള റീചാർജിംഗ് പ്രോത്സാഹിപ്പിക്കുക, വൈദ്യുതി പാഴാക്കാതിരിക്കുക, സോളാർ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുക, സമീപ പ്രദേശങ്ങളിലെ യാത്രയ്ക്കായി പൊതുവാഹനങ്ങൾ, സൈക്കിൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുക തുടങ്ങി കാർബൺ ഫാസ്റ്റിംഗ് ശീലമാക്കാൻ മാർഗദർശനമേകുന്ന നിർദ്ദേശങ്ങളും സഹൃദയ പുറത്തിറക്കിയിട്ടുണ്ട്.

കാർബൺ ഫാസ്റ്റിംഗ് പദ്ധതിയുടെ ഉദ്ഘാടനം തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ സംഘടിപ്പിച്ച സഹൃദയ ഫെസ്റ്റിൽ വച്ച് സിറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. നമുക്കു മാത്രമല്ല വരുന്ന തലമുറകൾക്കും ഈ ഭൂമിയിൽ സുഖകരമായ ജീവിതം ഉറപ്പാക്കാൻ പ്രകൃതിസംരക്ഷണം ജീവിത നിയോഗമാക്കാൻ ഓരോ മനുഷ്യനും ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയോടും സഹജീവികളോടും സൗഹൃദപരമായി ജീവിക്കുക എന്നത് പ്രാർത്ഥനാ ജീവിതത്തിനൊപ്പം പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഫൊറോനാ വികാരി ഫാ.തോമസ് പെരുമായൻ അധ്യക്ഷനായിരുന്നു. കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ.ജേക്കബ് മാവുങ്കൽ, സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തു വെളളിൽ എന്നിവർ സംസാരിച്ചു.

നിങ്ങൾ വിട്ടുപോയത്