പ്രഭാത പ്രാർത്ഥന..🙏
എല്ലാം പൂർത്തിയായിരിക്കുന്നു..(യോഹന്നാൻ 19/30)
ഈശോയേ..
ചില വേർപിരിയലുകളാണ് സ്നേഹത്തിന്റെ അർത്ഥം നമുക്ക് മനസ്സിലാക്കി തരുന്നത് എന്ന് ചിലപ്പോഴെങ്കിലും തോന്നാറുണ്ട്.പലരുടെയും പരുക്കൻ സ്വഭാവത്തിനുള്ളിൽ മറഞ്ഞിരിക്കുന്ന സ്നേഹം തിരിച്ചറിയുന്നത് പലപ്പോഴും ഒരു വിയോഗത്തിന്റെ ഒറ്റപ്പെടലിലോ രോഗത്തിന്റെ തകർച്ചയിലോ ആയിരിക്കും.

നഷ്ടപ്പെടലിന്റെ ശൂന്യതയിലൂടെ നോക്കുമ്പോൾ മാത്രമേ ഇത്രനാളും എന്റെ കൂടെയുണ്ടായിരുന്നിട്ടും ഞാൻ വില നൽകാതിരുന്ന ചിലരുടെ സ്നേഹവും,തിരിച്ചറിയാതെ പോയ സാമിപ്യവും,പങ്കു വച്ചു തന്നിരുന്ന കരുതലിന്റെ കരസ്പർശവും എന്റെ മുൻപിൽ നിറവോടെ തെളിയുകയുള്ളു..അപ്പോൾ കൂടെയുണ്ടായിരുന്നിട്ടും..ഇത്രത്തോളം എന്നെ സ്നേഹിച്ചിട്ടും ഞാനറിയാതെ പോയല്ലോ ദൈവമേ എന്ന് ഒരു നിമിഷമെങ്കിലും ഹൃദയം തുറന്നു നമ്മൾ വിലപിച്ചു പോകും.

ഈശോയേ..പ്രാണൻ പകുത്തു നൽകുന്ന സ്നേഹവുമായി എന്നെ തേടിയെത്തിയിട്ടും..നിഴലു പോലെ എന്റെ കൂടെയുണ്ടായിരുന്നിട്ടും ഒരിക്കൽ പോലും ഞാൻ നിന്നെ തിരിച്ചറിയാതെ പോയി.എന്റെ സങ്കടങ്ങൾ തീർത്ത ഇരുളറയ്ക്കു മുൻപിൽ നിന്നപ്പോൾ ഞാനവനെ അറിയുകയേയില്ല എന്ന മറുവാക്കോടെ നിന്നെ പലവട്ടം തള്ളിപ്പറഞ്ഞു

..എന്റെ വേദനകളുടെ കുരിശു വഹിക്കുവാൻ തയ്യാറാവാതെ നീ ദൈവപുത്രനെങ്കിൽ എന്നെ ഈ കുരിശിൽ നിന്നും രക്ഷിക്കുക എന്നു വെല്ലുവിളിച്ചു..തീരാവ്യാധികളുടെ ചുഴിയിൽ പെട്ടുഴറിയപ്പോൾ എല്ലാം അവസാനിച്ചു എന്ന നിരാശയോടെ രക്ഷയുടെ കുരിശിൻ ചുവട്ടിൽ നിന്നും ഞാൻ ഓടിയോളിച്ചു..


സ്നേഹനാഥാ..ജീവിതത്തിലെ നിർദ്ദയമായ ഇരുളിൽ നിന്നും മൗനത്തിൽ നിന്നും പ്രത്യാശയുടെ ഉയർപ്പനുഭവത്തിലേക്ക് എന്റെ വിശ്വാസത്തെ വളർത്തേണമേ..അപ്പോൾ ഏതു സങ്കടങ്ങളുടെയും ദുഃഖരഹസ്യങ്ങൾക്കപ്പുറം സന്തോഷത്തിന്റെ ഉയർപ്പനുഭവത്തിനു വേണ്ടി കാത്തിരിക്കാനുള്ള പ്രത്യാശ ഞങ്ങളിലും ഉദിച്ചുയരുക തന്നെ ചെയ്യും..


നിത്യസഹായ മാതാവേ..ഞങ്ങളുടെ അഭയസ്ഥാനവും പ്രതീക്ഷയുമായി നിത്യം കൂടെയുണ്ടാകേണമേ..ആമേൻ 🙏

നിങ്ങൾ വിട്ടുപോയത്