ദൈവവുമായുള്ള ഒരു വ്യക്തിയുടെ ബന്ധത്തിൽ ഏറ്റവും ബുദ്ധിമുട്ടേറിയ രണ്ടു കാര്യങ്ങളാണ്, പ്രാർത്ഥനയും വിശ്വാസത്തിലൂടെയുള്ള പ്രത്യാശയും. എപ്പോഴും പ്രാർത്ഥിക്കണം എന്നാണ് ഈശോ നമ്മോടു പറയുന്നത്. പ്രാർത്ഥനയിലൂടെയാണ് നമ്മൾ ദൈവവുമായുള്ള ബന്ധത്തിന് ജീവൻ പ്രദാനം ചെയ്യുന്നത്. അതിനാൽതന്നെ, അനുദിന ജീവിതത്തിൽ നമ്മൾ ചെയ്യേണ്ട ഏറ്റവും പ്രാധാന്യമേറിയ കാര്യങ്ങളിലൊന്നാണ് ദൈവത്തോടുള്ള പ്രാർത്ഥന. എന്നാൽ ഒട്ടേറെ വിശ്വാസികൾക്ക്, പ്രാർത്ഥന അവരുടെ തിരക്കേറിയ ജീവിതത്തിലെ അവസാന കാര്യമാണ്. മറ്റെല്ലാം ചെയ്തതിനുശേഷം, പിന്നീട് സമയമുണ്ടെങ്കിൽ മാത്രം ചെയ്യുന്ന ഒന്നായി പ്രാർത്ഥന പലപ്പോഴും മാറാറുണ്ട്.

ഈശോ പറയുന്നത്, ഭാഗ്നാശരാകരുത് എന്നാണ്. കുറേക്കാലം പ്രാർത്ഥിച്ച ഒരു കാര്യം നടക്കാതെ വരുമ്പോൾ, ആദ്യം പ്രാർത്ഥനയെയും പിന്നീട് ദൈവത്തെ തന്നെയും ഉപേക്ഷിക്കുവാനുള്ള പ്രവണത മനുഷ്യസഹജമാണ്. നമ്മൾ പ്രാർത്ഥിക്കുന്ന കാര്യങ്ങൾ നാമാഗ്രഹിക്കുന്ന സമയത്ത് എന്തുകൊണ്ട് കിട്ടുന്നില്ല എന്ന ചോദ്യത്തിന് പൊതുവായ ഒരു ഉത്തരമില്ല. വളരെ ന്യായമെന്നും യുക്തമെന്നും ഒക്കെ നമുക്ക് തോന്നുന്ന ആവശ്യങ്ങൾക്ക് ദൈവസന്നിധിയിൽനിന്നും ഒരുത്തരവും കിട്ടാതെ വരുന്നത് പലപ്പോഴും നമ്മെ നിരാശയിലേക്ക് തള്ളിവിടാറുമുണ്ട്. ഇത്തരം അവസരങ്ങളിലെല്ലാം ഈശോ നമ്മോടു ആവശ്യപ്പെടുന്നത്, നമ്മുടെ വിശ്വാസത്തെ മുറുകെപിടിക്കാനാണ്.

പ്രാർത്ഥനയിലൂടെ ദൈവവുമായി സജീവബന്ധം പുലർത്തുന്ന ഒരു വ്യക്തി, തനിക്കു കിട്ടാതെ പോയതിനെ ഓർത്തു പരിഭവിക്കുകയല്ല ചെയ്യേണ്ടത്. നമ്മൾ ചോദിക്കാതെ തന്നെ ദൈവം നമ്മളിലേയ്ക്ക്‌ ചൊരിഞ്ഞിരിക്കുന്ന ഒട്ടനവധിയായ നന്മകളെ പ്രതി സന്തോഷിക്കുവാനും ദൈവത്തിനു നന്ദി പറയുവാനും നമുക്കാവണം. വി പൗലോസ്‌ തെസലോനിക്കായിലെ സഭക്ക് എഴുതിയ ഒന്നാം ലേഖനത്തിൽ ഇപ്രകാരം പറയുന്നു: “എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ. ഇടവിടാതെ പ്രാർത്ഥിക്കുവിൻ. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ”. ഇതാണ് ദൈവം നമ്മിൽനിന്നും ആഗ്രഹിക്കുന്നത്. അപ്പസ്തോലൻ തുടർന്ന് പറയുന്നു: പ്രാർത്ഥന ഉപേക്ഷിച്ച് നിങ്ങളുടെ “ആത്മാവിനെ നിങ്ങൾ നിർവീര്യമാക്കരുത്”. പ്രത്യാശ കൈവെടിഞ്ഞ് “പ്രവചനങ്ങളെ നിന്ദിക്കരുത്” (1 തെസലോനിക്കാ 5:16-20). ആയതിനാൽ ഭഗ്നാശരാകാതെ ഉണർന്നിരുന്ന് പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🧡ആമ്മേൻ

നിങ്ങൾ വിട്ടുപോയത്