ദൈവത്തില്‍നിന്ന് നിരന്തരം അനുഗ്രഹങ്ങള്‍ മേടിക്കുന്നവനാണ് മനുഷ്യന്‍. മനുഷ്യന്‍റെ കഴിവുകൊണ്ടുനേടുന്നതല്ല ഇത്. ദൈവം സൗജന്യമായി നല്‍കുന്നതാണ് അനുഗ്രഹം. അനുഗ്രങ്ങള്‍ ലഭിക്കുന്നതിനായി മനുഷ്യന്‍ ചില വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്. ഉല്‍പ്പത്തി പുസ്തകത്തിന്‍റെ 12-ാമദ്ധ്യായത്തില്‍ അബ്രാഹവുമായി ദൈവം നടത്തുന്ന സംഭാഷണത്തില്‍ ഈ അനുഗ്രഹത്തിന്‍റെ വ്യവസ്ഥകള്‍ നാം കാണുന്നുണ്ട്.
അബ്രാഹം അനുഗ്രഹം പ്രാപിച്ചതിന്‍റെ ഒന്നാമത്തെ കാരണം ത്യജിക്കേണ്ടതിനെ ത്യജിക്കാനുള്ള സന്നദ്ധതയായിരുന്നു. സ്വന്തദേശത്തെയും പിതൃഭവനത്തെയും ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവനതു ചെയ്തു. ഭൗതികമായി നേടുവാന്‍ കഴിയുമായിരുന്ന സൗഭാഗ്യങ്ങളെ അബ്രാഹം ഉപേക്ഷിച്ചു. ഒരുവന്‍റെ അവകാശങ്ങളെ സന്തോഷത്തോടുകൂടി വിട്ടുകൊടുക്കുമ്പോഴാണ് ദൈവാനുഗ്രഹം കടന്നു വരുന്നത്. അബ്രഹാമിനെ ദൈവം അനുഗ്രഹിച്ചതിന്‍റെ ഒരു പ്രധാന കാരണം അവന്‍റെ അനുസരണമാണ്. മോശയോട് “ഞാന്‍ അബ്രാഹത്തിന്‍റെ ദൈവമാണ്” എന്നു പറയുമ്പോള്‍ അനുസരിക്കുന്നവരെ അനുഗ്രഹിക്കുന്ന ദൈവമെന്നാണ് അര്‍ത്ഥം വയ്ക്കുന്നത്.
വ്യക്തിയില്‍ ദൈവാനുഗ്രഹം വരുന്നത് അവന്‍ നടത്തുന്ന സമര്‍പ്പണത്തിലൂടെയാണ്. ദൈവത്തിന്‍റെ ഹിതപ്രകാരം തന്‍റെ ജീവിതത്തെ നടത്തുന്നതിനും, തന്‍റെ സമ്പത്തു മുഴുവന്‍ ദൈവഹിതപ്രകാരം ഉപയോഗിക്കുന്നതിനും അബ്രാഹം മനസ്സു കാണിച്ചു. ഈ സമ്പൂര്‍ണ്ണ സമര്‍പ്പണം ദൈവാനുഗ്രഹത്തിന് കാരണമായി. നാം ഓരോരുത്തർക്കും അബ്രാഹത്തെപ്പോലെ അനുഗ്രഹം അവകാശമാകുന്നവരാകാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ