സംഘടിച്ചാല്‍ സഭ ശക്തമാകുമോ ?

ശ്രീനാരായണ ഗുരു തന്റെ അനുയായികളോട് പറഞ്ഞു : സംഘടിച്ചു , ശക്തരാവുക … കമ്യൂണിസം പറയുന്നതും , ‘ സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ ‘ എന്നുതന്നെ. ജനങ്ങളുടെ സംഘടിത മുന്നേറ്റത്തിലൂടെ വ്യവസ്ഥിതികള്‍ മാറ്റിമറിക്കപ്പെട്ടിട്ടുണ്ട്, ഭരണകൂടങ്ങള്‍ നിലംപരിശായിട്ടുണ്ട്.

ജനങ്ങളുടെ സംഘടിത ശക്തിക്കുമുന്നില്‍ സ്വേച്ഛാധികാരികള്‍ രാജ്യം വിട്ടോടിയ കഥകളും നമുക്കറിയാം. സംഘടിച്ചാല്‍ ശക്തിയുണ്ടാകും, വിജയമുണ്ടാകും എന്നത് സര്‍വസാധാരണമായ ഒരു കാര്യമാണ് . എന്നാല്‍ സംഘടിച്ചുണ്ടാകുന്ന ശക്തിയെ ആരാണ് നിയന്ത്രിക്കുന്നത്?

അതുവഴി നേട്ടമുണ്ടാക്കുന്നത് ആരാണ് എന്നൊക്കെ ചിന്തിക്കുമ്പോഴാണ് സംഘടിച്ചു ശക്തരാകുന്നതിലെ അപകടം നമുക്ക് മനസിലാവുക. ജനങ്ങളെ സംഘടിപ്പിക്കുവാന്‍ നേതാക്കന്മാര്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് ഭയമാണ്.

തങ്ങളുടെ നിലനില്‍പ്പ് , പുരോഗതി , ഭാവി അപകടത്തിലാണെന്ന് ബോധ്യപ്പെടുത്തുമ്പോള്‍ ജനങ്ങള്‍ സുരക്ഷിതത്വത്തിനുവേണ്ടി ഒന്നിച്ചുകൂടും . അതുപോലെ നമ്മിലെ അഹങ്കാരത്തെ ഉണര്‍ത്തിക്കൊണ്ട് ശ്രേഷ്ഠ ജാതി , ശ്രേഷ്ഠ ഭാഷ , ശേഷ്ഠമായ രാഷ്ട്രം തുടങ്ങിയ വികാരം ഉയര്‍ത്തിയാലും ജനം സംഘടിക്കും.

വര്‍ഗീയ വികാരങ്ങളാണ് ഈ കാലഘട്ടത്തില്‍ രാഷ്ട്രീയ നേതാക്കന്മാര്‍ ജനങ്ങളെ സംഘടിപ്പിക്കുവാന്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നതെന്നും നമുക്കറിയാം.

ഒരു പൊതുശത്രുവിനെ സൃഷ്ടിച്ചെടുക്കുകയും ആ ശത്രുവിനോടുള്ള വെറുപ്പ് ആളിക്കത്തിക്കുകയും ചെയ്താല്‍ ജനങ്ങളെ ഒന്നിപ്പിക്കുക വളരെ എളുപ്പമാണ്. ഇങ്ങനെയുണ്ടാകുന്ന ജനകീയ മുന്നേറ്റങ്ങള്‍ , ഒരുപാട് നിഷ്‌കളങ്കരുടെ കണ്ണീരിനും പരിഹരിക്കാന്‍ കഴിയാത്ത നഷ്ടങ്ങള്‍ക്കും സമൂഹത്തിന്റെ ശിഥിലീകരണത്തിനും കാരണമായിട്ടുണ്ട് എന്ന വസ്തുത കഴിഞ്ഞ നാളുകളിലുണ്ടായ എല്ലാ വിപ്ലവങ്ങളുടെയും പഠനം നമ്മെ ബോധ്യപ്പെടുത്തും. ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ നഷ്ടപ്പെടുന്നതിനും സഹവര്‍ത്തിത്വത്തിലൂന്നിയ സാംസ്‌കാരിക നേട്ടങ്ങള്‍ ഇല്ലാതാകുന്നതിനും ഈ ജനകീയ മുന്നേറ്റങ്ങള്‍ കാരണമായിട്ടുണ്ട് എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നില്ലേ ?

എത്രമാത്രം ചരിത്രം പഠിച്ചാലും ചരിത്രത്തില്‍നിന്നും പഠിക്കുവാന്‍ കഴിയാത്തവരാണ് മനുഷ്യര്‍. അതിനാല്‍ ചരിത്രം എന്നും ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുകയാണ്. ഇന്നും പലതരം വെറുപ്പില്‍നിന്നും മിഥ്യാഭിമാനത്തില്‍നിന്നും ശത്രുഭയത്തില്‍ നിന്നും രൂപപ്പെടുന്ന സംഘടിത ശക്തി ദേശങ്ങളിലെങ്ങും പ്രബലമായിക്കൊണ്ടിരിക്കുന്നു. ഭീകരമായ രക്തച്ചൊരിച്ചിലിലേക്കും അനീതിയിലേക്കും അസമാധാനത്തിലേക്കുമാണ് ലോകം പോയിക്കൊണ്ടിരിക്കുന്നതെന്ന് ചിന്തിക്കുന്നവര്‍ക്കൊക്കെ മനസിലാകും.

മറ്റൊരിക്കലും ഇല്ലാത്തവിധം സഭയും ക്രിസ്തീയ വിശ്വാസികളും ഇന്ന് പീഡിപ്പിക്കപ്പെടുന്നുണ്ട്. ഭയവും അരക്ഷിതാവസ്ഥയും ക്രൈസ്തവ സമൂഹങ്ങളിലെങ്ങും വ്യാപകമായിക്കഴിഞ്ഞു. സ്വാഭാവികമായും ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയും അനീതിക്കെതിരെ പൊരുതേണ്ടതിന്റെ അനിവാര്യതയും സമുദായത്തെ സ്‌നേഹിക്കുന്ന വരിലൊക്കെ ഉണര്‍ന്നിട്ടുണ്ട്.

സ്വന്തം സമുദായത്തിന്റെ രക്ഷയ്ക്കുവേണ്ടി ഒന്നിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നത് തികച്ചും സ്വാഭാവികമാണ്. അതില്‍ യാതൊരു തെറ്റുമില്ല . എന്നാല്‍ ഇതൊക്കെ താല്‍ക്കാലികമായ ഫലങ്ങള്‍ മാത്രമേ ഉളവാക്കു എന്ന സത്യം നാം തിരിച്ചറിയണം. ദൈവം നമ്മെ സംരക്ഷിക്കുന്നില്ലെങ്കില്‍ നമ്മളുയര്‍ത്തുന്ന സംരക്ഷിത വലയങ്ങളെല്ലാം തകര്‍ന്നുവീഴും.

ദൈവം നമുക്കുവേണ്ടി പോരാടുന്നില്ലെങ്കില്‍ നമ്മുടെ പോരാട്ടങ്ങളെല്ലാം ഫലശൂന്യമാകും . ബൈബിളും സഭയുടെ ചരിത്രവും പഠിക്കുമ്പോള്‍ നമുക്കു വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. ദൈവജനത്തിന് എന്നും ശത്രുക്കളുണ്ടായിരുന്നു – മിക്കപ്പോഴും ആ ശത്രുക്കള്‍ അവരെക്കാള്‍ വളരെ വലിയവരും ശക്തരും ആയിരുന്നു. ഈജിപ്തിലെ ഫറവോയും കാനാന്‍ദേശത്തെ ശക്തരായ ജനതകളും കോട്ടകളും മുതല്‍ റോമാസാമാജ്യംവരെയും ദൈവജനത്തിന് കീഴടക്കാന്‍ കഴിയാത്തവിധം പ്രബലമായിരുന്നു. എന്നിട്ടും ആ ശത്രുക്കള്‍ , നിലംപൊത്തി ദൈവജനം വിജയശ്രീലാളിതരായി. അതിന്റെ രഹസ്യം സംഘടിത ശക്തിയോ ആയുധബലമോ അംഗബലമോ ആയിരുന്നില്ല . പ്രത്യുത സംഘടിതശക്തിയെക്കാള്‍ വലിയ ദൈവശക്തി ആയിരുന്നു. ദൈവം തന്റെ ജനത്തിനുവേണ്ടി പോരാടി . ഇന്നും നാം അഭിമുഖീകരിക്കുന്ന ശത്രുക്കള്‍ നമ്മെക്കാള്‍ ശക്തരാണ്. ഒരു സംഘടിത ശക്തികൊണ്ടും നമുക്കവരെ കീഴടക്കാനാവില്ല.

അവരെ കീഴടക്കാനുള്ള ഏകവഴി ദൈവശക്തിയാണ്. ദൈവം നമുക്കുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ നാം വിജയം വരിക്കൂ. മലാക്കി 4 : 3 – ല്‍ നാം വായിക്കുന്നു ‘ ഞാന്‍ പ്രവര്‍ത്തിക്കുന്ന ദിവസം ദുഷ്ടന്മാരെ നിങ്ങള്‍ ചവിട്ടിത്താഴ്ത്തും. അവര്‍ നിങ്ങളുടെ കാല്‍ക്കീഴില്‍ ചാരംപോലെ ആയിരിക്കും.’ അതെ, ദൈവം പ്രവര്‍ത്തിക്കുന്ന ദിവസം മാത്രമേ തിന്മയുടെ ശക്തിയെ നമ്മുടെ കാല്‍ക്കീഴിലാക്കുവാന്‍ സാധിക്കു.

ദൈവം നമുക്കുവേണ്ടി പ്രവര്‍ത്തിക്കണമെങ്കില്‍ നാം ദൈവഹിതം അനുസരിച്ച് ജീവിക്കണം. നമ്മുടെ സമുദായത്തിന്റെ ദുര്‍ബലതയ്ക്കും ദുഃസ്ഥിതിക്കും അടിസ്ഥാന കാരണം ആത്മീയജീര്‍ണതയാണ്.

നാം ദൈവത്തില്‍നിന്നും വളരെ വളരെ അകന്നു പോയിരിക്കുന്നു. ദൈവരാജ്യത്തെക്കാള്‍ ഭൗതിക സാമ്രാജ്യങ്ങള്‍ സൃഷ്ടിക്കുന്നതിലാണ് നമ്മുടെ ശ്രദ്ധ. ആത്മാക്കളുടെ രക്ഷ എന്ന പരമപ്രധാനമായ ലക്ഷ്യം നമുക്കെ വിടെയോ നഷ്ടപ്പെട്ടുകഴിഞ്ഞു. ആത്മാക്കള്‍ നശിക്കുന്നതോര്‍ത്ത് വിലപിക്കുന്നവര്‍ നമുക്കിടയില്‍ എത്രപേരുണ്ടാകും ? നമ്മുടെ അധികാരങ്ങളും അവകാശങ്ങളും സുഖസൗകര്യങ്ങളും നശിക്കുന്നതോര്‍ത്ത് നാം ദുഃഖിക്കുമ്പോള്‍ നമ്മുടെ ദൈവം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ആത്മാക്കളെ ഓര്‍ത്ത് വേദനിക്കുകയാണ്.

നാം ദൈവത്തെ മഹത്വപ്പെടുത്തുമ്പോള്‍ ദൈവം നമ്മെയും മഹത്വപ്പെടുത്തും. സ്വന്തം മഹത്വം തേടിയുള്ള പ്രയാണത്തില്‍ യേശുവും സുവിശേഷവും വിസ്മരിക്കപ്പെട്ടുപോയതിന്റെ അനന്തരഫലമാണ് നാമിന്ന് അനുഭവിക്കുന്ന അപമാനവും അവഗണനകളും. എല്ലാ നൊമ്പരങ്ങളിലൂടെയും ദൈവം നമ്മെ തിരിച്ചുവിളിക്കുകയാണ് – ദൈവത്തിന്റെ പക്കലേക്ക് മടങ്ങിച്ചെല്ലാന്‍. അപ്പോള്‍ എന്തു സംഭവിക്കും ?

‘ നിങ്ങള്‍ ഭയപ്പെടാതെ ഉറച്ചുനില്‍ക്കുവിന്‍. നിങ്ങള്‍ക്കുവേണ്ടി ഇന്നു കര്‍ത്താവ് ചെയ്യാന്‍ പോകുന്ന രക്ഷാകൃത്യം നിങ്ങള്‍ കാണും … കര്‍ത്താവ് നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തുകൊള്ളും , നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി ‘ ( പുറപ്പാട് 14 : 13-14 ) എന്ന വചനം ഈ കാലഘട്ടത്തിലും സത്യമായിത്തീരും . ദൈവം നമ്മോട് പറഞ്ഞിരിക്കുന്നത് സംഘടിച്ച് ശക്തരാകാനല്ല, പ്രത്യുത പരിശുദ്ധാത്മാവില്‍ ശക്തി പ്രാപിക്കാനാണ് .

സഭയുടെ ശക്തി എന്നു പറയുന്നത് സുവിശേഷം തന്നെയാണ്. സുവിശേഷത്തിലൂടെയാണ് സഭ തന്റെ ശത്രുക്കളെ കീഴടക്കേണ്ടതും , ദൈവവചനമെന്ന ആയുധം ഉപയോഗിച്ച് , പരിശുദ്ധാത്മാവിന്റെ ശക്തിയില്‍ തിന്മയുടെ കോട്ടകളെ നിലംപരിശാക്കാന്‍ തയാറാകുമ്പോള്‍ ദൈവജനം ഉത്കര്‍ഷം നേടും – മാനിക്കപ്പെടും.

എല്ലാറ്റിലും ഉപരിയായി നാം ഓര്‍ക്കേണ്ട ഒരു സത്യമിതാണ് – സഭ ഐക്യത്തിന്റെ കൂദാശയാണ്. അതിനാല്‍ ഈ ഭൂമിയില്‍ സഭയെക്കാള്‍ വലിയ സംഘടിത ശക്തിയില്ല. ഇവിടെ ആത്മാക്കള്‍ ഒന്നിക്കപ്പെടുന്നത് സ്‌നേഹത്തിലാണ് , ദൈവാരൂപിയിലാണ് . തന്മൂലം സഭയ്ക്കുപരിയായ മറ്റൊരു സംഘടിതശക്തിക്ക് സഭയില്‍ പ്രസക്തിയില്ല. ഭയത്തില്‍നിന്നു രൂപപ്പെടുന്ന ഐക്യം എപ്പോഴും ഉപരിപ്ലവമായിരിക്കും; സ്‌നേഹത്തില്‍ നിന്നുത്ഭവിക്കുന്ന ഐക്യമേ നിലനില്ക്കുന്ന ഫലം പുറപ്പെടുവിക്കുകയുള്ളൂ. സഭ ഉണരുമ്പോള്‍ ഐക്യവും ബലവും സ്വാഭാവികമായും പ്രകടമാകാന്‍ തുടങ്ങും . അതിനെ കീഴടക്കാന്‍ തിന്മയ്ക്കു കഴിയില്ല.

Benny Punnathara

നിങ്ങൾ വിട്ടുപോയത്