പാവപ്പെട്ടവരെയും, അക്ഷരാഭ്യാസം ഇല്ലാത്തവരുടെയും, ജാതി വ്യവസ്ഥകളുടെ പേരിൽ ചവിട്ടി അരയ്ക്കപ്പെടുന്നവരുടെയും ഇടയിൽ ഞങ്ങൾ പ്രവർത്തിക്കുന്നു. അവരോടൊപ്പം ആവോളം സമയം പങ്കിടുന്ന ഞങ്ങൾക്ക്, തങ്ങളുടെ ജീവിതാവസ്ഥകളെ പുനരുദ്ധരിക്കാനും അർഹതപ്പെട്ട അവകാശങ്ങൾ നേടിയെടുത്തു എല്ലാ മനുഷ്യരെയും പോലെ അങ്ങനെ അന്തസായി ജീവിക്കാൻ അവരെ പഠിപ്പിക്കാനും കഴിയുന്നുണ്ട്. ചൂഷണം ജീവിതചര്യ ആക്കിയവർക്കും, രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി പാവപ്പെട്ടവനെ തങ്ങളുടെ വരുതിയിൽ നിറുത്തി മുതലെടുക്കുന്ന കുതന്ത്ര രാഷ്ട്രീയ രാജാക്കന്മാർക്കും, സഹിക്കാൻ പറ്റുന്നില്ലെന്നു ഞങ്ങൾക്കറിയാം. പക്ഷെ പിന്മാറില്ല ഞങ്ങൾ. കാരണം തുല്യതയും സഹോദര്യവും അത് ഏതൊരു മനുഷ്യന്റെയും അവകാശമാണ്. വേദനിക്കുന്ന മനുഷ്യമുഖങ്ങളിൽ ഞങ്ങൾ ക്രിസ്തുവിനെ കാണുന്നു. സത്യത്തെ ഇനിയും തമസ്സാക്കല്ലേ എന്ന് മാത്രം യാചിക്കുന്നു.
ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും നെഞ്ചോടണച്ചു സ്വീകരിക്കുന്ന, പരിപാലിക്കുന്ന ഞങ്ങളെ സഹിക്കാൻ, സുഖിച്ചു-രമിച്ചു ജീവിക്കാൻ സ്വന്തബന്ധങ്ങളെ അറുത്തു മുറിക്കുന്ന മരവിച്ച മനസാക്ഷികൾക്ക് പറ്റുന്നില്ലായിരിക്കും. കാരണം സ്വന്തം മനസാക്ഷിയുടെ രോദനം മറക്കാൻ നിങ്ങൾക്ക് പല മുഖം മൂടികളും വേണ്ടി വരും. സ്ഥാന താല്പര്യങ്ങൾക്കും സ്വകാര്യ നേട്ടങ്ങൾക്കും വേണ്ടി ദൈവഭക്തരായി കഴിയുന്നവർക്കും ഞങ്ങളെ സഹിക്കാൻ പറ്റില്ല. കാരണം നിങ്ങൾ എന്തൊക്കെയോ നേടാൻ വേണ്ടി ദൈവത്തെ ഉപയോഗിക്കാൻ വരുമ്പോൾ ദൈവത്തെ പ്രതി എല്ലാം ഉപേക്ഷിച്ചവരാണ് ഞങ്ങൾ.
ശരീരത്തിന്റെ നിമിഷ സുഖങ്ങൾക്കും ജീവിതം അടിപൊളിയാക്കുന്നതിനും വേണ്ടി ധാർമ്മികതയുടെയും സഭ്യതയുടെയും അതിർവരമ്പുകളെ ഭേദിച്ചു സ്വയം നശിക്കുന്നത് സ്വാതന്ത്ര്യമായി കരുതുന്നവർക്കും ഞങ്ങളെ സഹിക്കാൻ പറ്റില്ല. കാരണം നിങ്ങളുടെ നന്മയെ പ്രതി എന്തൊക്കെയോ അരുതുകൾ ഞങ്ങൾ നിങ്ങളോട് പറയാൻ ശ്രമിച്ചിട്ടുണ്ട്, അച്ചടക്ക ജീവിതത്തിന്റെ വില നിങ്ങളുടെ മുമ്പിൽ തുറന്നു വച്ചിട്ടുണ്ട്… ഇതൊക്കെ കൊണ്ടായിരിക്കാം അലങ്കാരത്തിന് വേണ്ടി മാത്രം സന്യാസവസ്ത്രമിടുന്ന വനിതയ്ക്ക് വേണ്ടി ശബ്ദിച്ച ആരും നൂറുകണക്കിന് മതതീവ്രവാദികൾ വളഞ്ഞു ആക്രമിച്ച നാലു യുവസന്യാസിനികൾക്ക് വേണ്ടി മിണ്ടാതിരുന്നത്. അതുകൊണ്ടാകാം സിനിമാ താരങ്ങൾക്ക് വാക്കുകൊണ്ടും നോക്കുകൊണ്ടും പോലും അപമാനം വരാതെ സുരക്ഷയൊരുക്കുന്ന വനിതാ കമ്മീഷനും രാഷ്ട്രീയ അധികാരികളും ഞങ്ങളെ തുടരെ തുടരെ അപമാനിച്ച സാമൂവൽ കൂടലിനെതിരെ തന്ന160 പരാതികളുടെയും മേൽ മൗനം പാലിച്ചത്. ലൗജിഹാദിനെതിരെ പ്രഘോഷിച്ചവർ എന്തേ ഇവിടെ മൗനികളായി പോകുന്നു? ക്രൈസ്തവ സന്യാസിനിമാരുടെ സംരക്ഷകരായി അവരുടെ മാനത്തിന് വില പേശി അരങ്ങു തകർത്താടിയ മറുനാടനും കർമ്മയും… സുരക്ഷയുടെ കുടനിവർത്തിയ കാസയും…. ആരെയും ഇന്ന് ഒരിടത്തും കാണുന്നില്ലല്ലോ… മൗനം ഒരുപാട് സത്യങ്ങൾ വിളിച്ചു പറയുന്നു, നെറിവുള്ളവർ മനസിലാക്കുക. കൂലിക്കാരന് ഒരിക്കലും ആർജവത്വം കാണിക്കാനാവില്ല. എന്തിനോ ആർക്കോ ഒക്കെ വേണ്ടി സ്വയം കൂലിക്കാരനും ഒറ്റുകാരനും ഒക്കെ ആയി ജീവിതത്തിന്റെ വില കളയുന്ന സകലരുടെയും മുമ്പിൽ ജീവിക്കുന്നെങ്കിൽ ഞങ്ങൾ അഭിമാനത്തോടെ ജീവിക്കും. മരിക്കുന്നെങ്കിൽ നിറഞ്ഞ സംതൃപ്തിയുടെയും.
കർത്താവിന്റെ മണവാട്ടിയായ സഭയ്ക്കെതിരെ ഒരുക്കപ്പെടുന്ന ഒരു ആയുധവും ഇന്നേവരെ തകർക്കപ്പെടാതിരുന്നിട്ടില്ല. ചെമ്മരിയാടിന്റെ വേഷത്തിൽ വരുന്ന ചെന്നായ്ക്കളിൽ നിന്നും വേണ്ടി വന്നാൽ ദൈവം തമ്പുരാൻ നേരിട്ട് വന്നും രക്ഷിക്കും എന്ന് ഞങ്ങൾക്കറിയാം. അതൊന്നു ഓർമ്മപ്പെടുത്താനും മിത്ര വേഷമണിഞ്ഞു നിൽക്കുന്ന ശത്രുക്കളുടെ മുഖം മൂടി മാറ്റാനും ദൈവം തന്ന ഒരു അവസരമായി ഞങ്ങൾ ഇതിനെ കാണുന്നു.
Navya Jose
..Voice of Nuns