ചില മനുഷ്യർ അങ്ങനെയാണ്, സമയം പൂർത്തിയാകും മുൻപ്, പറയാനേറെ ബാക്കി വച്ച്, ചില സ്‌മൃതി തരംഗങ്ങൾ സമൂഹത്തിൽ അവശേഷിപ്പിച്ച്, ദൈവദൂതരെപോലെ ഭൂമിയിൽ നിന്നും മടങ്ങാറുണ്ട്.
നല്ലൊരു കാരിത്താസിയനായ റിറ്റോ ഇത്തരത്തിൽ, വേറിട്ടൊരു അനുഭവം കാഴ്ചവച്ചാണ് നമ്മെ വിട്ടു പിരിഞ്ഞത്.കഴിഞ്ഞ ഒൻപതു വർഷക്കാലമായി കാരിത്താസിൽ ജോലി ചെയ്തവർക്കും ഒപ്പം ഒരിക്കലെങ്കിലും സംസാരിച്ചിട്ടുള്ളവർക്കും റിറ്റോയെ എളുപ്പം മറക്കാൻ ഇടയുണ്ടെന്നു തോന്നുന്നില്ല. അതിന്റെ പ്രധാന തെളിവാണ്, അനുശോചനമായി കാരിത്താസിലേക്കെത്തുന്ന നിരവധി സന്ദേശങ്ങൾ.
നിറ പുഞ്ചിരിയോടെയാണ് റിറ്റോ, ഡയറക്ടർ അഡ്മിനിസ്ട്രേഷൻ ഓഫീസിൽ എത്തുന്നവരെ സ്വീകരിച്ചിരുന്നത്. നിസ്വാർത്ഥ സേവനത്തിന്റെ പ്രതീകമായി, ചുറുചുറുക്കോടെ, എല്ലാവരോടും സമഭാവനയോടെ പെരുമാറിയിരുന്ന, തന്റെ ജോലിയിൽ ഒരു അനുകരണീയ മാതൃകയായിരുന്നു റിറ്റോ. കാരിത്താസ് ആശുപത്രിയിലെ ഡയറക്ടർ സെക്രട്ടറി എന്ന നിലയിൽ തന്നിൽ നിക്ഷിപ്തമായിരുന്ന ജോലികൾ ഏറെ അർപ്പണബോധത്തോടെയാണ് റിറ്റോ നിർവ്വഹിച്ചിരുന്നത്. ചൈതന്യവത്തായ ആ പെരുമാറ്റ മര്യാദകൊണ്ട് ഓഫീസിൽ എത്തുന്ന എല്ലാവർക്കും ഹൃദ്യമായ അനുഭവങ്ങൾ സമ്മാനിക്കാൻ റിറ്റോ അങ്ങേയറ്റം ശ്രദ്ധാലുവായിരുന്നു.
ഇക്കഴിഞ്ഞ ഒൻപതു വർഷക്കാലവും ഒരു നല്ല കാരിത്താസിയൻ എന്ന നിലയിൽ ഈ ആശുപത്രിയിൽ വ്യക്തിമുദ്ര പതിപ്പിച്ച റിറ്റോ, അതിജീവനത്തിന്റെ മാതൃകയാണ്. മായാത്ത പുഞ്ചിരിയോടെ ചുറ്റുമുള്ളവർക്കു എപ്പോഴും പോസിറ്റീവ് എനർജി പ്രധാനം ചെയ്തിരുന്ന, തന്റെ രോഗ കിടക്കയിലും ഒരിക്കലും പഴി പറയാതെ, നിരാശ പ്രകടിപ്പിക്കാതെ ശുഭാപ്തി വിശ്വാസത്തോടെ യായിരുന്നു റിറ്റോ. അതാണവരെ ഏറെ വ്യത്യസ്തയാക്കുന്നതും. റിറ്റോ സ്വർഗീയ ഭവനം പൂകുന്ന ഈ വേളയിൽ തുടർന്നും സ്വർഗീയ സിംഹാസനത്തിൻ മികച്ച സെക്രട്ടറിയായി, പ്രകാശം പരത്തുന്ന മാലാഖയായി പ്രശോഭിക്കാൻ സർവേശ്വരൻ റിറ്റോയെ ഇടവരുത്തട്ടെ.
റിറ്റയോട് എന്തുപറഞ്ഞാലും ചോദിച്ചാലും പറയും “done” . ” നമുക്ക് തകർക്കാo അച്ചാ” അത് ഒര് റിറ്റോ സ്റ്റൈൽ ആണ് . അത് ഞങ്ങൾക്ക് നഷ്ടപ്പെടുന്നു.റിറ്റോയെ കാരിത്താസിലേക്കയച്ച, അവളുടെ മാതാപിതാക്കളെ ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. കുടുംബത്തിന്റെ ദുഃഖത്തിൽ കാരിത്താസ് ആശുപത്രിയും പങ്കുചേരുന്നു. സ്വർഗ്ഗ രാജ്യത്തുനിന്നുമുള്ള റിറ്റോയുടെ പ്രാർത്ഥനകൾ ആ കുടുംബത്തോടും കുഞ്ഞു മകനോടുമൊപ്പം എന്നും ഉണ്ടായിരിക്കട്ടെ. സ്വർഗ്ഗത്തിൽ ഇരുന്ന് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ !!!
റിറ്റോയിക്ക് നിത്യ ശാന്തി നേർന്നുകൊണ്ട്!
ഫാ.ബിനു കുന്നത്ത്കാരിത്താസ്