കത്തോലിക്കാസഭ എന്നത് പാശ്ചാത്യ – പൗരസ്ത്യ സഭകൾ ചേർന്നതാണ് എന്ന കാഴ്ചപ്പാട് ഇല്ലാത്തവർ പുച്ഛത്തോടെ പലപ്പോഴും ഉപയോഗിക്കുന്ന ഒരു വാക്കാണ് ‘കൽദായം’ എന്നത്. കത്തോലിക്കാ കൂട്ടായ്മയിലെ പൗരസ്ത്യ സഭകളെക്കുറിച്ചുള്ള അജ്ഞതയും അവജ്ഞയുമാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്.തങ്ങൾക്ക് ഇഷ്ടമില്ലാത്തവയെയെല്ലാം ‘കൽദായം’ എന്ന് മുദ്രകുത്തി അവതരിപ്പിക്കുകയും മാറ്റി നിർത്തുകയും ചെയ്യുന്നത് തീർത്തും യുക്തിരഹിതമായ സമീപനമാണ്. സഭാവിജ്ഞാനീയത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാടില്ലാത്തവരെയും സാധാരണ വിശ്വാസികളെയും തെറ്റിദ്ധരിപ്പിക്കുകയും പൗരസ്ത്യസഭകളെ മോശമായി ചിത്രീകരിക്കുകയും ആക്ഷേപിക്കുകയുമാണിവിടെ ചെയ്യുന്നത്.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ശൈലിയിൽ മറ്റ് സഭകളെ അഭിസംബോധന ചെയ്യുന്നതും അവതരിപ്പിക്കുന്നതും ക്രിസ്തീയമല്ലെന്നു മാത്രമല്ല മാനുഷികവുമല്ല.വാസ്തവത്തിൽ, വിശ്വാസത്തിനും യുക്തിക്കും ഇത്രയേറെ പ്രാധാന്യം കൊടുക്കുന്ന കത്തോലിക്കാ സഭയിൽ ഇപ്രകാരമുള്ള ശൈലികൾ വളർന്നുവരുന്നത് വിചിത്രവും വിരോധാഭാസവുമാണ്!

പൗരസ്ത്യ സഭകളെക്കു റിച്ചുള്ള കത്തോലിക്കാ പ്രബോധനം

കത്തോലിക്കാ സഭാവിജ്ഞാനീയമനുസരിച്ച് 23 പൗരസ്ത്യ സഭകളും ഒരു പാശ്ചാത്യ (ലത്തീൻ) സഭയും ഉൾപ്പെട്ടതാണ് കത്തോലിക്കാ സഭ. പാശ്ചാത്യ- പൗരസ്ത്യ സഭകളെക്കുറിച്ച് ‘സീറോ മലബാർ സഭയുടെ ആരാധനക്രമ വിശ്വാസ പരിശീലന ഗ്രന്ഥം’ വ്യക്തമായ അറിവ് നൽകുന്നുണ്ട് .അതനുസരിച്ച് എ.ഡി നാലാം നൂറ്റാണ്ടിൽ റോമാസാമ്രാജ്യത്തിന്റെ അധിപനായിരുന്ന ഡയക്ലീഷൻ ചക്രവർത്തി തന്റെ സാമ്രാജ്യത്തെ നാലായി ഭാഗിക്കുകയും പിന്നീട് അത് രണ്ടായി ചുരുങ്ങുകയും ചെയ്തു. ഇപ്രകാരം പുരാതന റോമാസാമ്രാജ്യത്തിന്റെ പാശ്ചാത്യഭാഗത്ത് വളർന്നു വികസിച്ച സഭകൾ പാശ്ചാത്യ സഭകൾ എന്നും പൗരസ്ത്യഭാഗത്ത് വളർന്നു വികസിച്ച സഭകൾ പൗരസ്ത്യ സഭകൾ എന്നും അറിയപ്പെട്ടു. റോമാ സാമ്രാജ്യത്തിന് പുറത്തും ശ്ലീഹന്മാർ സഭകൾ സ്ഥാപിച്ചിരുന്നു. തോമാശ്ലീഹായാൽ സ്ഥാപിതമായ ഭാരതത്തിലെ സഭ അതിന് ഒരു ഉദാഹരണമാണ്. കാലക്രമേണ പാശ്ചാത്യസഭയിൽ പെടാത്ത സഭകളെല്ലാം പൗരസ്ത്യ സഭകൾ എന്ന പേരിൽ അറിയപ്പെട്ടു.(No.41). ആദിമസഭയിലെ 3 പ്രധാന സംസ്കാരങ്ങളിൽ (സെമിറ്റിക്ക്,ഗ്രീക്ക്, റോമൻ ) വേരുപിടിച്ച സഭ മൂന്ന് സഭാ പാരമ്പര്യങ്ങളിലാണ് അറിയപ്പെട്ടത്. അവ കിഴക്കിന്റെ സുറിയാനി പാരമ്പര്യം, കിഴക്കിന്റെ ഗ്രീക്ക് പാരമ്പര്യം, പാശ്ചാത്യ ലത്തീൻ പാരമ്പര്യം എന്നിവയാണ്. (No.40).

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ (CCC) ഇപ്രകാരം പറയുന്നു:

“സഭയുടെ കൂട്ടായ്മയിൽ ശരിയായ സ്ഥാനം സൂക്ഷിച്ചുകൊണ്ടുതന്നെ സ്വന്തമായ പാരമ്പര്യങ്ങളെ നിലനിർത്തുന്ന വ്യക്തി സഭകൾ ഉണ്ട്. ഇത്തരം വൈവിധ്യത്തിന്റെ മഹത്തായ സമ്പന്നത സഭയുടെ ഏകത്വത്തിന് വിരുദ്ധമല്ല”(CCC, No.814). ഇന്ന് സഭയിൽ ഉപയോഗിച്ചുവരുന്ന ആരാധനാ പാരമ്പര്യങ്ങൾ അഥവാ റീത്തുകൾ ലത്തീൻ, ബൈസന്റയിൻ,അലക്സാൻഡ്രിയൻ, സിറിയൻ, അർമേനിയൻ, മാറോനീത്ത,കൽദായ എന്നിവയാണെന്നും CCC വ്യക്തമാക്കുന്നു (No.1203).

പൗരസ്ത്യ സഭകളെ ആദരിച്ച മാർപാപ്പമാർ

പൗരസ്ത്യസഭകളെല്ലാം അപ്പസ്തോലികങ്ങളാണ് എന്നാണ് പരിശുദ്ധ സിംഹാസനത്തിന്റെ നിലപാട്. ഈ നിലപാടിനെ സാധൂകരിക്കുന്ന വിധത്തിൽ പലപ്പോഴും മാർപാപ്പമാർ പൗരസ്ത്യ സഭകളുടെ തനിമയെ സംരക്ഷിക്കുവാൻ നിർണായകമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. 1274ൽ ലയൺസിലും 1439ൽ ഫ്ലോറൻസിലും വെച്ച് നടന്ന സൂനഹദോസുകൾ റീത്തുകളുടെ(Rite)വൈവിധ്യത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് നമ്മെ ഉദ്ബോധിപ്പിക്കുന്നു.’റീത്ത്’ എന്ന വാക്കിന്റെ അർത്ഥം തന്നെ ‘രീതി’ എന്നാണല്ലോ. ഫ്ലോറൻസ് സൂനഹദോസിൽ വെച്ച് എവുജിൻ നാലാമൻ മാർപാപ്പ പൗരസ്ത്യ ലിറ്റർജികളും അനുഷ്ഠാന രീതികളും കൃത്യമായി പരിശോധിച്ച ശേഷം അവ പൂർണ്ണമായി ആചരിക്കണമെന്ന് പൗരസ്ത്യരോട് കല്പിച്ചു. പൗരസ്ത്യ സഭകളുടെ കാര്യത്തിൽ വളരെയധികം താൽപര്യം കാണിച്ചിട്ടുള്ള ബെനഡിക്ട് പതിനാലാമൻ മാർപാപ്പ (1740-58) 1755 ജൂലൈ 26ന് പുറപ്പെടുവിച്ച ചാക്രികലേഖനത്തിന്റെ പേരാണ് ‘അല്ലാത്തേ സുന്ത്’ (Allatae Sunt). പൗരസ്ത്യ ആചാരങ്ങൾ ഉപേക്ഷിച്ച് ലത്തീൻ റീത്തിനോട് അനുരൂപപ്പെടുന്നതിനോട് ഈ ചാക്രികലേഖനത്തിൽ അദ്ദേഹം ഒട്ടും തന്നെ യോജിക്കുന്നില്ല.1862 ഏപ്രിൽ എട്ടിന് ഒമ്പതാം പീയൂസ് മാർപാപ്പ പുറപ്പെടുവിച്ച തിരുവെഴുത്താണ് ‘അമാന്തിസ് സിമൂസ്'(Amantissimus). റീത്തുകളുടെ വൈവിധ്യം കത്തോലിക്കാ സഭയുടെ ഐക്യത്തിനെതിരല്ലെന്നും അവ പൂർണ്ണമായി സംരക്ഷിക്കണമെന്നും ഈ തിരുവെഴുത്തിലൂടെ മാർപാപ്പ ആഹ്വാനം ചെയ്യുന്നു.

1894ൽ “Orientalium Dignitas”(കിഴക്കിന്റെ മഹത്വം) എന്ന ശ്ലൈഹിക ലേഖനം പ്രസിദ്ധീകരിച്ച ലെയോ പതിമൂന്നാമൻ മാർപാപ്പ ഇപ്രകാരം പറയുന്നു:” സഭയുടെ സാർവത്രികതയ്ക്ക് ഏറ്റവും വലിയ തെളിവാണ് വിവിധ റീത്തുകളുടെ വൈവിധ്യം നിറഞ്ഞ ആരാധനക്രമങ്ങളും ആചാരാനുഷ്ഠാനങ്ങളും”.

1907ൽ വിശുദ്ധ ജോൺ ക്രിസോസ്റ്റോമിന്റെ പതിനഞ്ചാം ശതാബ്ദി റോമിൽ ആഘോഷിച്ചപ്പോൾ ബൈസന്റയിൻ റീത്തിൽ നടത്തപ്പെട്ട പൊന്തിഫിക്കൽ ചടങ്ങുകളിൽ പത്താം പീയൂസ് മാർപാപ്പ അധ്യക്ഷത വഹിക്കുകയും ഗ്രീക്ക് ഭാഷയിലെ ചില പ്രാർത്ഥനകൾ അദ്ദേഹം തന്നെ ചൊല്ലുകയും ചെയ്തു.

1917 മെയ് ഒന്നിന് ‘Dei Providentis’ എന്ന തിരുവെഴുത്ത് വഴി റോമിൽ പൗരസ്ത്യസഭകളുടെ ഓഫീസ് സ്ഥാപിച്ചുകൊണ്ട് ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ (1914- 1922) ഇപ്രകാരം പറഞ്ഞു: “ക്രിസ്തുവിന്റെ സഭ ലത്തീനോ ഗ്രീക്കോ അല്ല. അത് കാതോലികം(Catholic)ആണ്. തന്മൂലം അവളുടെ സന്താനങ്ങൾ ഗ്രീക്കുകാരായാലും ലത്തീൻകാരായാലും സുറിയാനിക്കാരായാലും കത്തോലിക്കാ സഭാധികാരികളുടെ ദൃഷ്ടിയിൽ തുല്യരാണ്.” പതിനൊന്നാം പീയൂസ് മാർപാപ്പ (1922-1939)ഇപ്രകാരം പറയുന്നു:” എല്ലാ മനുഷ്യരും അവർ ഏതു വർഗ്ഗക്കാരായാലും ഏത് ഭാഷയും റീത്തും ഉപയോഗിക്കുന്നവർ ആയാലും ഒരേ ലക്ഷ്യത്തിനുവേണ്ടി നിലകൊള്ളുന്നു “.പന്ത്രണ്ടാം പീയൂസ് മാർപാപ്പയുടെ കാലത്ത്(1939-58) പൗരസ്ത്യസഭകൾക്ക് അവരുടേതായ ഒരു കാനൻ നിയമത്തിന് രൂപം കൊടുത്തു എന്നത് ഏറെ ശ്രദ്ധേയമാണ്. ‘ഓറിയെന്താലിസ് എക്ലേസിയേ’ എന്ന തന്റെ തിരുവെഴുത്തിലൂടെ പന്ത്രണ്ടാം പീയൂസ് മാർപാപ്പ പൗരസ്ത്യ സഭകളുടെ രീതികളും ലത്തീൻ രീതികളും തുല്യ ആദരവോടും ബഹുമാനത്തോടും കൂടി പരിഗണിക്കപ്പെടേണ്ടതാണ് എന്ന് സൂചിപ്പിക്കുന്നുണ്ട്.

പോൾ ആറാമൻ മാർപാപ്പ 1968ൽ പ്രസിദ്ധീകരിച്ച ‘സത്യവിശ്വാസ പ്രഖ്യാപന’ത്തിൽ പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള വിശ്വാസ സത്യങ്ങൾ എല്ലാം ഏറ്റുപറയുന്നുണ്ട്. എന്നാൽ പൗരസ്ത്യ സഭകളുടെ വിശ്വാസത്തെ മാനിച്ചുകൊണ്ട് പരിശുദ്ധാത്മാവ് പുത്രനിൽ നിന്നും പുറപ്പെടുന്നു (filioque) എന്ന പ്രബോധനം ഈ വിശ്വാസ പ്രഖ്യാപനത്തിൽ ഒഴിവാക്കിയിട്ടുണ്ട്. പൗരസ്ത്യ സഭകളോടുള്ള ആദരവാണ് നാം ഇവിടെ കാണുന്നത്.

1995 മെയ് രണ്ടിന് കിഴക്കിന്റെ വെളിച്ചം (Orientale Lumen) എന്ന ശ്രദ്ധേയമായ ശ്ലൈഹിക ലേഖനം പുറപ്പെടുവിച്ച ജോൺപോൾ രണ്ടാമൻ മാർപാപ്പ ഇപ്രകാരം പറയുന്നു :”പാരമ്പര്യവും പ്രതീക്ഷയും എന്ന യാഥാർത്ഥ്യത്തെ പൗരസ്ത്യ സഭകൾ സജീവമായ വിധത്തിൽ പ്രകാശിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് അതിന്റെ ആരാധനക്രമം മുഴുവൻ രക്ഷയുടെ അനുസ്മരണവും കർത്താവിന്റെ പ്രത്യാഗമനത്തിനായുള്ള പ്രാർത്ഥനയുമാണ്” (No.😎.

ബെനഡിക്ട് പതിനാറാമൻ മാർപാപ്പ 2007 ഫെബ്രുവരി 22ന് പുറപ്പെടുവിച്ച വിശുദ്ധ കുർബാനയെക്കുറിച്ചുള്ള സിനഡനന്തര ശ്ലൈഹിക ആഹ്വാനമായ ‘സ്നേഹത്തിന്റെ കൂദാശ’യിൽ ഇപ്രകാരം പറയുന്നു:”പരിശുദ്ധാത്മാവിന്റെ ജ്ഞാനത്താൽ നയിക്കപ്പെട്ട ദൈവത്തിന്റെ സഭയുടെ 2000 വർഷത്തെ ചരിത്രം പരിശോധിക്കുക. നമ്മുടെ രക്ഷയുടെ സംഭവത്തെ നാം അനുസ്മരിക്കുന്നതിന്റെ അനുഷ്ഠാനപരമായ രൂപങ്ങളുടെ ക്രമവത്കൃതമായ വികസനത്തെ കൃതജ്ഞതാപൂർവ്വമായ വിസ്മയത്തോടെ കാണാൻ കഴിയും. പൗരസ്ത്യ ദേശത്തുള്ള പ്രാചീന സഭകളിലെ അനുഷ്ഠാന ക്രമങ്ങളിൽ ഇന്നും പ്രശോഭിക്കുന്ന ആദിമ നൂറ്റാണ്ടുകളിലെ വ്യത്യസ്ത രൂപങ്ങൾ മുതൽ റോമൻ അനുഷ്ഠാനക്രമത്തിന്റെ വ്യാപനംവരെ”(No.3).

2022 ഫെബ്രുവരി 18ന് പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള കോൺഗ്രിഗേഷന്റെ പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ ഇപ്രകാരം പറഞ്ഞു:”കത്തോലിക്കാ സഭ എപ്പോഴും മറ്റ് പാരമ്പര്യങ്ങളെ സശ്രദ്ധം വീക്ഷിക്കുന്നു. ഓരോന്നിന്റെയും തനിമ കാത്തുസൂക്ഷിച്ചു കൊണ്ട് അവയുടെ ഗവേഷണത്തെയും നവീകരണത്തെയും ശ്രദ്ധിക്കുന്നു.ഇപ്രകാരം തങ്ങളുടെ തനിമയോടുള്ള വിശ്വസ്തതയാണ് പൗരസ്ത്യ സഭകളുടെ ഐക്യവും യോജിപ്പുമുള്ള സമ്പന്നതയെ സൃഷ്ടിക്കുന്നത് “

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനം

സഭയിലെ ഏറെ പ്രധാനപ്പെട്ട രണ്ടാം വത്തിക്കാൻ കൗൺസിൽ (1962-1965) പൗരസ്ത്യ സഭകളെ സംബന്ധിച്ച ഒരു പ്രമാണ രേഖ തന്നെ പ്രസിദ്ധീകരിച്ചു കൊണ്ടാണ് ആ സഭകളോടുള്ള ആദരവും തുറവിയും പ്രഖ്യാപിച്ചത്. പൗരസ്ത്യ സഭകൾക്കും പാശ്ചാത്യ സഭകളെപ്പോലെ തന്നെ തങ്ങളുടെ പ്രത്യേക ശിക്ഷണത്തിനനുസരിച്ച് സ്വയം ഭരിക്കാനുള്ള അവകാശവും കടമയും ഉണ്ടെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നുണ്ട്.(പൗരസ്ത്യ സഭകൾ,No.5)

ഉപസംഹാരം

സീറോ മലബാർ സഭ എന്നത് കത്തോലിക്കാ കൂട്ടായ്മയിലെ പൗരസ്ത്യസുറിയാനി അഥവാ കൽദായ ആരാധനക്രമ കുടുംബത്തിലെ ഒരു സഭയാണ്.പൗരസ്ത്യ സഭകളിൽ അംഗബലത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഈ സഭ പ്രേക്ഷിത തീക്ഷ്ണതയിൽ ഒന്നാം സ്ഥാനത്താണെന്ന് പല ചരിത്രകാരന്മാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇന്ന് പലരും ആരാധനക്രമവുമായി ബന്ധപ്പെട്ട സഭയുടെ പഠനങ്ങളെ ഉൾക്കൊള്ളാനോ അംഗീകരിക്കാനോ ശ്രമിക്കാതെ ‘കൽദായം’ എന്ന് അന്ധമായും യുക്തിരഹിതമായും പലവുരു ആവർത്തിക്കുന്നത് സഭാവിരുദ്ധവും വിശ്വാസവിരുദ്ധവുമാണ്.

പൗരസ്ത്യസഭകളെക്കുറിച്ചുള്ള അജ്ഞതയാണ് ഇന്ന് മാർപാപ്പയുടെ കല്പനയെപ്പോലും ധിക്കരിക്കുന്ന നിലപാട് സ്വീകരിക്കാൻ സഭയിലെ ഒരു വിഭാഗത്തെ പ്രേരിപ്പിക്കുന്നത്. സാർവത്രിക സഭയ്ക്ക് തന്നെ അപമാനമാണ് ഇത്തരത്തിലുള്ള സമീപനങ്ങൾ. ഇതര സഭകളെ ആദരിക്കാനും മാനിക്കാനും നാം പഠിച്ചേ തീരൂ. ഇതര സഭകളെക്കുറിച്ചുള്ള അറിവും വിശ്വാസ പരിശീലനവും വരും തലമുറകൾക്ക് പകർന്നു കൊടുക്കുക എന്നത് ഏറെ പ്രധാനപ്പെട്ടതാണ്.കത്തോലിക്കാ കൂട്ടായ്മയിലുള്ളതും ഇല്ലാത്തതുമായ പൗരസ്ത്യ സഭകളെ യാഥാർത്ഥ്യ ബോധത്തോടെ അറിയാനും മനസ്സിലാക്കാനും ഓരോ വിശ്വാസിയും ശ്രമിക്കുക എന്നത് സഭൈക്യത്തിന്റെ ഈ കാലഘട്ടത്തിൽ ഏറെ അനിവാര്യമാണ്.

ഫാ.ജോസഫ് കളത്തിൽ,താമരശ്ശേരി രൂപത.