ഫ്രാൻസിസ് പാപ്പാ ബഹ്‌റൈൻ സന്ദർശിക്കുമ്പോൾ!
ഫ്രാൻസിസ് പാപ്പാ ബഹ്‌റൈൻ സന്ദർശിക്കുന്നു! ചരിത്രപരവും പ്രവാചക യുക്തിയുള്ളതുമായ ഒരു സന്ദർശനം എന്നാണ് അതിനെ വിശേഷിപ്പിക്കാൻ തോന്നുന്നത്. സാഹോദര്യത്തിന്റെ സന്ദേശം എല്ലാ വൈരുധ്യങ്ങൾക്കും മേലെയാണ് എന്നു പ്രഖ്യാപിക്കുന്ന ഒരു നടപടിയായി അതിനെ കാണാൻ ആഗ്രഹിക്കുന്നു. പ്രായത്തിന്റെയും അനാരോഗ്യത്തിന്റെയും വെല്ലുവിളിയെ അതിലംഘിച്ചുകൊണ്ട് പാപ്പാ ‘നമ്മൾ സഹോദരർ’ എന്നു പ്രഖ്യാപിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്!ലോകം ഇന്നു പിന്തുടരുന്ന വെറുപ്പിന്റെ യുക്തിയെ അതിലംഘിച്ചുകൊണ്ടു മാത്രമേ ലോകത്തിനു മുന്നോട്ടുപോകാൻ കഴിയൂ എന്നു ലോക രാജ്യങ്ങളെ ഓർമ്മിപ്പിക്കാനുള്ള പരിശ്രമമാണ് പാപ്പാ നടത്തുന്നത്!
ആഗോളതലത്തിൽ ശക്തിപ്രാപിക്കുന്ന വിരുദ്ധ ചിന്താഗതികൾ ലോകത്തെ നാശത്തിലേക്കു നയിക്കും എന്ന തിരിച്ചറിവാണ് പാപ്പായെ ഈ ദൗത്യത്തിനു പ്രേരിപ്പിക്കുന്നത് എന്നതിൽ സംശയമില്ല. ഇറ്റലിയിലും ഫ്രാൻസിലും ഇഗ്ലണ്ടിലും ഉൾപ്പെടെ, പാശ്ചാത്യ രാജ്യങ്ങളിൽ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മറ്റു പശ്ചാത്യ രാജ്യങ്ങളിലേക്കും വലതുപക്ഷ ചിന്താഗതിയിൽ ഊന്നിയ രാഷ്ട്രീയ മാറ്റങ്ങളുടെ കാറ്റു വീശി തുടങ്ങിയിരിക്കുന്നു! ഒപ്പം, അന്ധമായ മതാത്മക രാഷ്ട്രീയ ആദർശങ്ങളിൽ ഊന്നിയ ‘പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റു’കളുടെ സ്വാധീനവും ആഗോളത്തലത്തിൽ ശക്തിയാർജിച്ചു വരികയാണ്. ഇതു ലോകത്തെ ഗുരുതരമായ ഒരു പ്രതിസന്ധിയിലേക്കു നയിക്കും എന്ന മുന്നറിവാണ് പാപ്പായെ ഇത്തരത്തിലുള്ള ഒരു അനുരഞ്ജന, സമാധാന ദൗത്യത്തിനു പ്രേരിപ്പിക്കുന്നത് എന്നതു വ്യക്തമാണ്.
മനുഷ്യനും മനുഷ്യനും തമ്മിലും, വ്യത്യസ്ഥ സമുദായങ്ങളും മതങ്ങളും രാഷ്ട്രങ്ങളും തമ്മിലും സമാധാനവും സ്നേഹവും സാഹോദര്യവും നിലനിന്നെങ്കിലേ മനുഷ്യ വർഗ്ഗത്തിനു പ്രത്യാശയോടും ആത്മവിശ്വാസത്തോടുംകൂടി ഭാവിയിലേക്കു നോക്കാൻ കഴിയുകയുള്ളൂ. അതിനായുള്ള പരിശ്രമങ്ങൾ എല്ലാ ഭാഗത്തുനിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു. ‘നിലനിൽക്കുക’ എന്നതിന്റെ അർത്ഥം സഹാസ്തിത്വത്തിൽ, സഹോദര്യത്തിൽ സഹവസിക്കുക എന്നാണ് എന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്.
അപരൻ നരകമാണ് എന്ന കാഴ്ചപ്പാട് എല്ലാവർക്കും നരകം മാത്രമേ തീർക്കുകയുള്ളു. സ്വർഗ്ഗരാജ്യം, സഹോദര്യത്തിന്റേതും സഹവർതിത്വത്തിന്റേതും സഹോദര്യത്തിന്റേതുമാണ്. അതു മാത്രമേനിത്യമായി നിലനിൽക്കുകയുള്ളു. ഭൂമിയിൽ നമുക്കു വർഗശത്രുക്കളില്ല, വർഗ, വർണ്ണ, സഹോദര്യമേയുള്ളു എന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. അതിനു വിരുദ്ധമായ പ്രത്യയശാസ്ത്രങ്ങൾ അധികാരത്തിനും കീഴടക്കലിനും മാത്രമുള്ളതാണ്. അവ, മനുഷ്യ വർഗത്തെ അതിന്റെതന്നെ നിലനിൽപ്പിനു വിരുദ്ധമായി പ്രവർത്തിക്കാൻ മാത്രമേ പ്രചോദിപ്പിക്കുകയുള്ളു.
സാഹോദര്യത്തിന്റെ കാഴ്ചപ്പാടിനെ വളർത്തിക്കൊണ്ടുമാത്രമേ ലോകത്തിനു മുന്നോട്ടുപോകാൻ കഴിയൂ എന്ന സന്ദേശമാണ് പാപ്പാ ലോകത്തിനു നൽകുന്നത്. ഭൂമിയിൽ, സന്മനസ്സുള്ളവർക്ക് സമാധാനം!
വാൽ കഷ്ണം: പാപ്പയുടെ ഇന്ത്യാ സന്ദർശനം യഥാർത്യമാകുമോ? പോളറൈസേഷൻ ജനാധിപത്യ യുക്തിയുടെ മർമ്മമാണ് എന്നു ചിന്തിക്കുന്ന സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിനു സാഹോദര്യത്തിന്റെയും സഹാസ്തിത്വത്തിന്റെയും യുക്തിയെ സ്വാഗതം ചെയ്യാൻ കഴിയുമോ?
ഫാ. വർഗീസ് വള്ളിക്കാട്ട്