ഏറ്റവും ഭയനാകമായ വഞ്ചന മറ്റുള്ളവരെ വഞ്ചിക്കുന്നതല്ല മറിച്ച് അവനോടുതന്നെയുള്ള വഞ്ചനയാണ്.

ഒറ്റികൊടുക്കലിനെപ്പറ്റി ചിന്തിക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിലേക്ക് വരുന്നത് യൂദാസ് ഈശോയെ ഒറ്റിക്കൊടുത്തതിനെപറ്റിയാണ് -വിശ്വസ്തനായ ഒരുസുഹൃത്ത് 30വെള്ളിനാണയങ്ങൾക്കായി ദൈവപുത്രനെ കൈമാറുന്ന വഞ്ചനയെക്കുറിച്ചാണ്, എന്നാൽ ഏറ്റവും വഞ്ചനാത്മാകമായ ഒറ്റ് നടക്കുന്നത് നാം മറ്റുള്ളവരെ ഒറ്റികൊടുക്കുമ്പോഴല്ല മറിച്ച് നാം നമുക്കെതിരെ തന്നെ തിരിയുമ്പോഴാണ്. കത്തോലിക്കാ സഭയുടെ ധാർമ്മികബോധമനുസരിച്ച് സ്വയ വഞ്ചന ആത്മീയമായിട്ടുള്ള ആത്മഹത്യയാണ് (self-betrayal) സത്യത്തിൽനിന്നും കൃപയിൽനിന്നും ദൈവത്തിൽ നിന്നും തിരികെ നടക്കാനുള്ള ഒരുവൻ്റെ തീരുമാനമാണത്. നമ്മളെത്തന്നെതകർക്കാൻ പുറമേനിന്നു ഒരു ശത്രുവിൻ്റെ ആവശ്യമില്ല ചിലപ്പോഴൊക്കെ നമ്മളുതന്നെ ഏറ്റവും നീചന്മാരായ വഞ്ചകരാകുന്നു. പലപ്പോഴും യൂദാസ് എന്ന വിത്തിനെ നമ്മുടെ ഉള്ളിൽ നാം വഹിക്കുന്നു, ഈശോയെ നാം പ്രത്യക്ഷത്തിൽ വിൽക്കുന്നില്ലങ്കിലും നമ്മുടെ ഉള്ളിലെ ഈശോയെ നും ചിലപ്പോൾ വിൽക്കുന്നു.
യൂദാസിൻ്റെ ഒറ്റിക്കൊടുക്കലിൽ രണ്ടു ഘടകങ്ങൾ കാണാൻ കഴിയും
ബാഹ്യമായ ഒറ്റുകൊടുക്കൽ
ഈശോയെ കൊല്ലാൻ അന്വേഷിച്ചു നടക്കുന്നവർക്കു യുദാസ് ഈശോയെ ഒറ്റുകൊടുക്കുന്നു (മത്താ 26:14–16). സ്നേഹത്തിൻ്റെയും വാത്സല്യത്തിൻ്റെയും അടയാളമായ ചുംബനനത്തെ വിശ്വാസവഞ്ചനയുടെ ആയുധമാക്കി മാറ്റിയാണ് യൂദാസ് ഈശോയെ ഒറ്റുകൊടുക്കുന്നത്. (cf. ലൂക്കാ 22:47–48). ഈ ബാഹ്യമായ ഒറ്റുകൊടുക്കൽ യഥാർത്ഥവും ഭീകരവും ആയിരുന്നു എന്നാൽ കൂടുതൽ ഭയാനകമായതു വരുന്നുണ്ടായിരുന്നു
ആന്തരികമായ അധപതനം
യൂദാസ് ഈശോയെ ഒറ്റുകൊടുക്കുന്നതിനുമുമ്പുതന്നെ അവൻ തന്നെത്തന്നെ ഒറ്റുകൊടുക്കുന്നു. അവൻ്റെ അത്യാഗ്രഹം, അസൂയ, മോഹഭംഗം, നിരാശ എന്നിവ അവനെത്തന്നെ വിഴുങ്ങുവാൻ അവൻ അനുവദിക്കുന്നു. അവൻ്റെമനസാക്ഷിയെ അവൻതന്നെ നിശബ്ദനാക്കുന്നു. ഈശോയുടെ കണ്ണുകളിലെ സ്നേഹാഗ്നി അവൻ അവഗണിക്കുകയും അവസാനം ദൈവകാരുണ്യത്തിൽപോലും ആശ്രയിക്കാതെ തൂങ്ങിച്ചാവുകയും ചെയ്യുന്നു.(cf. മത്താ 27:3–5). ദൈവത്തിൻ്റെ കാരുണ്യത്തെക്കാൾ സ്വന്തം പാപം വലുതാണ് എന്ന നുണയിൽ യൂദാസ് വിശ്വസിച്ചു. ഏറ്റവും ഭയനകമായ നുണയാണിത്.
നമ്മൾ എങ്ങനെ യൂദാസുമാരാകുന്നു
നിത്യമഹത്വത്തെ നശ്വരമായ വെള്ളിനാണയങ്ങൾക്കു പകരം വിൽക്കുമ്പോൾ യൂദാസിനെപ്പോലെ നമ്മളും സ്വയം വഞ്ചിതരാക്കുന്നു. ദൈവം നമുക്കു നൽകിയ മഹത്വവും കൂലീനതയും ക്ഷണികമായ സുഖങ്ങൾക്കും കയ്യടികൾക്കും സന്തോഷങ്ങൾക്കും ഭയത്തിനും അടിമപ്പെട്ടു നാം ചിലപ്പോൾ വിൽക്കാറുണ്ട്. “ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്‍റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അതുകൊണ്ട് അവന് എന്തു പ്രയോജനം?”
(മര്‍ക്കോ 8 : 36). പാപം ചെയ്യാനായി നാം തീരുമാനിക്കുമ്പോൾ കൃപാവരത്തിൻ്റെ സമ്പത്തിനെ അഴിമതിയുടെ ആസ്തിയുമായി നാം ആത്മീയമായ ഒരു കൈമാറ്റത്തിനു വിധേയമാക്കുന്നു.
നമ്മുടെ തന്നെ ആന്തരിക അസകാരത്തെ എതിരിടുന്നതു നാം നിരസിക്കുന്നു.
യൂദാസിനു സ്വന്തം ചെയ്തികളെ ഓർത്തു അനുതപിക്കാൻ എല്ലാ അവസരങളും ഉണ്ടായിരുന്നു. അവൻ ഈശോയുടെ ഉപമകളും ഉപദേശങ്ങളും കേൾക്കുകയും രക്ഷകനൊത്ത് വിരുന്നിന് ഇരിക്കുകയും ചെയ്തവനാണ് എന്നാലും അവൻ തൻ്റെ ഹൃദയത്തെ കഠിനമാക്കുകയും പ്രകാശത്തെ നിരസിക്കുകയും ചെയ്തു.
നമ്മൾ നമ്മുടെ പാപങ്ങളെ നീതീകരിക്കുകയും അനുരജ്ഞനകൂദാശയ്ക്കു അണയാൻ വിമുഖതകാണിക്കുകയും ആത്മപരിശോധനകളിൽ നിന്നു സ്വയം മാറുകയും ചെയ്യുമ്പോൾ യൂദാസിൻ്റെ പാതതന്നെയാണ് നാം പിൻതുടരുന്നത്. യൂദാസിനെപ്പോലെ ഒരു തെറ്റുചെയ്തല്ല നാം സ്വയം വഞ്ചകരാക്കുന്നത് പലതരത്തിലുള്ള ചെറിയ ചെറിയ വിട്ടുവീഴ്ചകൾക്കു അവസാനം വലിയ ഒറ്റികൊടുക്കലിൽനാം എത്തിക്കും. ഹൃദയം മറ്റെന്തിനെക്കാളും കാപട്യമുള്ളതാണ്; ശോചനീയമാംവിധം ദുഷിച്ചതുമാണ്. അതിനെ ആര്‍ക്കാണു മനസ്സിലാക്കാന്‍ കഴിയുക?
(ജറെമിയാ 17 : 9)
കത്തോലിക്കാ ആത്മീയത വിട്ടുവീഴ്ചയില്ലാത്ത ആത്മപരിശോധനകളിലേക്കും കുമ്പസാരത്തിലേക്കും ആത്മീയ ശിക്ഷണത്തിലേക്കും നമ്മളെ ക്ഷണിക്കുന്നു.
ദൈവ കരുണയെ നാം നിരാകരിക്കുമ്പോൾ
ദൈവകരുണയെ നിരാകരിക്കുക എന്നതാണ് ഒരു മനുഷ്യൻ ചെയ്യുന്ന ഏറ്റവും ഭയനകമായ തെറ്റ്. യൂദാസ് അവൻ്റെ പാപം തിരിച്ചറിഞ്ഞ് വെള്ളി നാണയം ദൈവാലയത്തിലേക്കു വലിച്ചെറിഞ്ഞു. പക്ഷേ താൻ ക്ഷമിക്കപ്പെടുമെന്നു വിശ്വസിക്കാൻ അവൻ തയ്യാറായില്ല. നിരാശ ഒരിക്കലും എളിമയല്ല അതു പരിശുദ്ധാത്മാവിനെതിരായ പാപമിണ്കാരണം ദൈവത്തിൻ്റെ സൗഖ്യദായകശക്തി അതു നിഷേധിക്കുന്നു.’ “ദൈവഹിതപ്രകാരമുള്ള ദുഃഖം രക്ഷാകരമായ പശ്ചാത്താപം ജനിപ്പിക്കുന്നു. അതില്‍ ഖേദത്തിനവകാശമില്ല. എന്നാല്‍, ലൗകികമായ ദുഃഖം മരണത്തിലേക്കു നയിക്കുന്നു.”(2 കോറി 7 : 10J
മാനഷ്ടത്തിൽ തുങ്ങിക്കിടക്കുമ്പോൾ എനിക്കുരക്ഷയില്ലാ എന്നു വിശ്വസിക്കുമ്പോൾ സ്നേഹിക്കപ്പെടാൻ ഞാൻ അയോഗ്യനാണ് എന്നിങ്ങനെ ഞാൻ ചിന്തിക്കുമ്പോൾ നാം നമ്മെത്തന്നെ വഞ്ചിക്കുന്നു.
പത്രോസും ഈശോയെ നിഷേധിച്ചവനാണ് പക്ഷേ അവൻ അനുതപിക്കുകയും തെറ്റുകളോർത്തു കരയുകയും ചെയ്തു (cf. ലൂക്കാ 22:61–62). ഈ വിത്യാസമാണ് പത്രോസിനെ ഒരു വിശുദ്ധനും യൂദാസിനെ ഒരു കുരുക്കിലും ആക്കിയത്.
എങ്ങനെ യൂദാസുമാർ ആകാതിരിക്കാം
1. ക്രിസ്തുവിലുള്ള നമ്മുടെ അനന്യത വീണ്ടെടുക്കുക
എല്ലാ കത്തോലിക്കരും ക്രിസ്തുവിൻ മാമ്മോദീസാ സ്വീകരിച്ചതുവഴി ദൈവത്തിൻ്റെ പുത്രന്മാരും പുത്രികളുമാണ്. (cf. റോമ 8:14–17).
നമ്മൾ പാപം ചെയ്യുമ്പോൾ നമ്മൾ ഒരു കല്പന ലംഘിക്കുകമാത്രമല്ല ചെയ്യുന്നത് മറിച്ച് നമ്മൾ ആരാണന്നുള്ളതുതന്നെ വിസ്മരിക്കുന്നു.
നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല.
നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍.(1 കോറി 6 : 19-20)
നമ്മളെത്തന്നെ വഞ്ചിക്കുക എന്നാൽ നമ്മുടെ രാജകീയ അനന്യത നമ്മൾ തിരസ്കരിക്കുകയും അടിമയെപ്പോലെ ജീവിക്കലുമാണ്
2. അനുരജ്ഞന കൂദാശയിലേക്കു മടങ്ങുക
കുമ്പസാരം എന്നകൂദാശ ക്ഷമക്കു വേണ്ടിമാത്രമല്ല അതു പുനരുദ്ധാരണത്തിനു വേണ്ടിയുള്ളതാണ് ഇവിടെ നമ്മൾ നമ്മുടെ വഞ്ചന ഏറ്റു പറയുകയും ക്രിസ്തുവിനു നമ്മെ വീണ്ടെടുക്കാൻ വിട്ടുകൊടുക്കുകയും ചെയ്യുന്നു.”എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും.” (1 യോഹ 1 : 9). നമ്മൾ തീർത്തും മലിനരാണ് എന്നും തിരിച്ചുപോക്ക് അസാധ്യമാണന്നു പിശാചു നമ്മുടെ ചെവിയിൽ മന്ത്രിക്കുമ്പോൾ എൻ്റെ കരുണ ഓരോപ്രഭാതത്തിലും പുതിയതാണുന്നു ദൈവം (cf. വിലാ 3:22–23) നമ്മുടെ ഹൃദയത്തിൽ പറയുന്നു.
3. പത്രോസിൻ്റെ പാത തിരഞ്ഞെടുക്കുക

യൂദാസ് പ്രതീക്ഷയ്ക്കു വകയില്ലന്നു കരുതി എല്ലാം ഉപേക്ഷിച്ചപ്പോൾ പത്രോസ് പ്രത്യാശയോടെ ഉണർന്നേഴുന്നേറ്റു. നിത്യനാശവും നിത്യരക്ഷയും തമ്മിലുള്ള വിത്യാസം പരിപൂർണ്ണതമാത്രമല്ല അത് സ്ഥിരോത്സാഹമാണ്. “എന്തെന്നാല്‍, നീതിമാന്‍ ഏഴുതവണ വീണാലും വീണ്ടും എഴുന്നേല്‍ക്കും; ദുഷ്ടനാകട്ടെ കാലിടറി വീഴുന്നത് പൂര്‍ണനാശത്തിലേക്കാണ്.”(സുഭാ 24 : 16)
സഭയിലെ വിശുദ്ധന്മാർ ആരും പാപമില്ലാത്തവരായിരുന്നില്ല പക്ഷേ അവർ ദൈവസ്നേഹത്തിൽ പിൻവലിയുന്നവരായിരുന്നു. ദൈവ കരുണയിൽ ആശ്രയിക്കുന്നത് നമ്മൾ നിരാകരിക്കാതിരിക്കുമ്പോൾ നം നമ്മുടെ സ്വത്വത്തോട് നീതിപുലർത്തുകയാണ് ചെയ്യുന്നത്.
പാപത്തിൻ്റെ ബന്ധനത്തിൽ നിന്നുമാറി ദൈവ കരുണയിൽ അഭയം തേടി കൃപയിൽ നമുക്കു ജീവിക്കാം. ദൈവത്തെക്കാൾ ഉപരി പാപം തിരഞ്ഞെടുക്കുമ്പോൾ, നമ്മുടെ മനസാക്ഷിയെ നിശബ്ദമാക്കുമ്പോൾ, നമ്മുടെ ആത്മാവിനെ മരവിപ്പിക്കുമ്പോൾ ഏറ്റവും ഒടുവിൽ ദൈവകരുണയിൽ പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ നാം നമുക്കുതന്നെ യൂദാസുമാർ ആകുന്നു.
സുവിശേഷം ഒരു ദുരന്തനാടകമല്ല ഉത്ഥാനത്തിലേക്കുള്ള വിളിയാണത്. യൂദാസ് ഒരു മൂന്നു ദിവസം കൂടി കാത്തിരുന്നെങ്കിൽ അവൻ ശ്യൂന്യമായ കല്ലറ കാണാൻകഴിയുമായിരുന്നു പക്ഷേ കൃപയാൽ അവനെത്തന്നെ പുനരുദ്ധരിക്കാനുള്ള അവസരം അവൻ തന്നെ നഷ്ടപ്പെടുത്തി.
ഒരിക്കലും യൂദാസുമാർആകാതിരിക്കാം
പത്രോസുമാരാകാം
ധൂർത്തപുത്രന്മാരാകാം
ലാസറാകാം

സ്വയവഞ്ചനയുടെ കല്ലറയിൽ നിന്നു ഈശോ വിളിക്കുമ്പോൾ പുറത്തുവരാം. അവനോടുള്ള സ്നേഹത്തെപ്രതി നിത്യജീവൻ്റെ സമ്പത്തു സ്വന്തമാക്കാൻ സ്വയ വഞ്ചനയുടെ മുപ്പതു വെള്ളിനാണയങ്ങൾ നമുക്കു വലിച്ചെറിയാം
ഫാ. ജയ്സൺ കുന്നേൽ mcbs