ഇക്കഴിഞ്ഞ ദിവസം സീറോ മലബാർ സഭയിലെ വൈദികനും ആരാധനക്രമ പണ്ഡിതനുമായ ഡോ.ആന്റണി നരികുളം “ഒത്തുതീർപ്പിലെ ഉതപ്പുകൾ” എന്ന പേരിൽ തയ്യാറാക്കിയ ഒരു വീഡിയോ കാണാനിടയായി. അതിൽ 1999 ൽ സീറോമലബാർ സഭയിലെ മെത്രാന്മാർ ഏകകണ്ഠമായി പ്രഖ്യാപിച്ചതും 2021ൽ സീറോ മലബാർ സഭയിലെ 34 രൂപതകളിൽ നടപ്പിലായതുമായ ഏകീകൃത വിശുദ്ധ കുർബാനയെപ്പറ്റിയാണ് പറയുന്നത്.
ഏകീകൃത വിശുദ്ധ കുർബാനയെ ഒരുതരം ‘ഒത്തുതീർപ്പ്’ ആയിട്ടാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഇന്ന്, സീറോ മലബാർ സഭയുടെ ഔദ്യോഗിക കുർബാന എന്നത് വചന ശുശ്രൂഷ ജനാഭിമുഖവും അനാഫൊറയുടെ ഭാഗം അൾത്താരാഭിമുഖവുമായ ഏകീകൃത വിശുദ്ധ കുർബാനയാണ്. ‘ഒത്തുതീർപ്പ് ‘ എന്ന വാക്ക് ഇവിടെ ഉപയോഗിക്കുമ്പോൾ ഡോ. ആന്റണി നരികുളം വ്യക്തമാക്കേണ്ട ചില കാര്യങ്ങളുണ്ട്. വാസ്തവത്തിൽ എന്താണ് ഒത്തുതീർപ്പാക്കിയത്? വിശുദ്ധ കുർബാനയുടെ അർപ്പണ രീതിയാണോ? വിശുദ്ധ കുർബാനയുടെ അർപ്പണരീതിയെക്കുറിച്ച് പൗരസ്ത്യ തിരുസംഘം സീറോ മലബാർ സഭയ്ക്ക് നൽകിയ നിർദ്ദേശമെന്താണെന്ന് ഈ പശ്ചാത്തലത്തിൽ പരിശോധിക്കുന്നത് ഉചിതമായിരിക്കും.
ഒരുദാഹരണം മാത്രം ഇവിടെ പരിശോധിക്കാം. റോമിലെ പൗരസ്ത്യതിരുസംഘം 1983ല്‍ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനെക്കുറിച്ച് സീറോ മലബാർ സഭയ്ക്ക് നൽകിയ നിർദ്ദേശത്തിൽ ഇപ്രകാരം പറയുന്നു: “വിശുദ്ധ കുർബാനയർപ്പിക്കുമ്പോൾ കാർമികൻ കിഴക്കിനഭിമുഖമായിട്ടാണ് നിൽക്കേണ്ടത്,ജനങ്ങളുടെ നേരെയല്ല”(‘Observations on the order of the Holy Mass from the Sacred Congregation from the Oriental Churches in1983’, in “Roman Documents on the Syro Malabar Liturgy”, Vadavathoor, 1999,p. 83).1996 ൽ പൗരസ്ത്യ തിരുസംഘം പ്രസിദ്ധീകരിച്ച “Instruction for applying the Liturgical Prescriptions of the code of Canons of the Eastern Churches” എന്ന രേഖയിലും കാർമികൻ കിഴക്കിനഭിമുഖമായി ബലിയർപ്പിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചൂണ്ടിക്കാണിക്കുന്നുണ്ട്.(No. 107).ഇവിടെ ഒരു ചോദ്യം ഉദിക്കുന്നു.സീറോ മലബാർ സഭയിലെ വിശുദ്ധ കുർബാനയുടെ അർപ്പണ രീതിയിൽ ആരുമായിട്ടാണ് ഒത്തുതീർപ്പ് ഉണ്ടാക്കേണ്ടത്? റോമിലെ പൗരസ്ത്യ തിരുസംഘവുമായിട്ടാണോ? അതോ മാർപാപ്പയോട് നേരിട്ടാണോ?
ഡോ. ആന്റണി നരികുളത്തിന്റെ അഭിപ്രായത്തിൽ ലിറ്റർജിയുടെ പാരമ്പര്യമനുസരിച്ച് നോക്കിയാൽ ഏകീകൃത വിശുദ്ധ കുർബാന അഥവാ വിശുദ്ധ കുർബാനയിലെ 50 :50 എന്നത് അപ്രസക്തമാണ്. കാരണം അത് ചരിത്രത്തിൽ ഇല്ലാത്ത ഒന്നാണ്! പൂർണ്ണമായും അൾത്താരാഭിമുഖമോ പൂർണമായും ജനാഭിമുഖമോ ആയ കുർബാന അംഗീകരിക്കാം. എന്നാൽ 50: 50 അസ്വീകാര്യമാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.ഇവിടെ ന്യായമായും ഒരു ചോദ്യം ഉദിക്കുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം അനൗദ്യോഗികമായി ലത്തീൻ സഭയിൽ പ്രചരിച്ച ജനാഭിമുഖരീതിയെ അംഗീകരിക്കുന്ന താങ്കൾക്ക് എന്തുകൊണ്ട് 1999 ൽ സീറോ മലബാർ സഭയുടെ സിനഡ് നിർദ്ദേശിച്ചതും 2021ൽ സഭയിലാകമാനം പ്രാവർത്തികമാക്കിയതുമായവിശുദ്ധകുർബാനയുടെ ഏകീകൃതഅർപ്പണരീതിയെ സ്വീകരിക്കാൻ സാധിക്കുന്നില്ല?
1999 ലെ സിനഡ് തീരുമാനം നിലനിൽക്കുന്നതാണ്.അത് ഒരിക്കലും റദ്ദാക്കപ്പെട്ടിട്ടില്ല. തൽക്കാലത്തേക്ക് ആ തീരുമാനം നടപ്പിലാക്കാതിരിക്കുകയാണ് അന്ന് അതിന് Dispensation (ഒഴിവ്) നൽകിയതിലൂടെ സംഭവിച്ചത്. 2021ൽ സീറോ മലബാർ സഭയിൽ ഏകീകൃത വിശുദ്ധ കുർബാന നടപ്പിലാക്കാൻ മാർപാപ്പയെ ചിലർ instrumental ആക്കി എന്ന് ആരോപിക്കുന്ന താങ്കൾതന്നെ അതേ വർഷം ആർച്ച് ബിഷപ്പ് ആന്റണി കരിയിലിനൊപ്പം റോമിൽ പോയി സിനഡ് തീരുമാനത്തിനെതിരെ ഡിസ്പെൻസേഷൻ വാങ്ങിയപ്പോൾ താങ്കളും മാർപാപ്പയെ ഒരു instrumental ആക്കുകയല്ലേ ചെയ്തത് എന്ന് ആരെങ്കിലും ചോദിച്ചാൽ അവരെ കുറ്റപ്പെടുത്താനാകുമോ?
വിശുദ്ധ കുർബാനയിലെ വ്യത്യസ്ത രീതികളെ ആരാധനാ വൈവിധ്യങ്ങൾ ആയിട്ടാണ് താങ്കൾ വീഡിയോയിൽ അവതരിപ്പിക്കുന്നത്. ഈ വൈവിധ്യങ്ങളിൽ ഒന്നാണ് ജനാഭിമുഖ കുർബാന എന്നും താങ്കൾ പറയുന്നു. ഇവിടെ ഒരു കാര്യം പ്രസക്തമാണ്. ഏത് ആരാധനാ വൈവിധ്യം ഉപയോഗിക്കുമ്പോഴും സഭയുടെ അംഗീകാരം അതിന് വേണം എന്നതാണത് . “കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം” ഇപ്രകാരം പഠിപ്പിക്കുന്നു:
” ആരാധനാ പാരമ്പര്യങ്ങളുടെ വൈവിധ്യത്തിനിടയിൽ ഐക്യം ഉറപ്പുവരുത്തുന്ന മാനദണ്ഡം അപ്പസ്തോലിക പാരമ്പര്യത്തോടുള്ള വിശ്വസ്തതയാണ്”(No. 1209).
സത്യത്തിന്റെ പ്രവാചകനായി വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന താങ്കൾ സീറോ മലബാർ സഭയുടെ ആരാധനക്രമവുമായി ബന്ധപ്പെട്ട് കാലങ്ങളായി പൗരസ്ത്യതിരുസംഘം നൽകുന്ന സത്യം സ്വീകരിക്കാൻ സന്നദ്ധനാണോ? ഈ സഭയുടെ നന്മയെ ലക്ഷ്യമാക്കി മാർപാപ്പ നൽകുന്ന സത്യം സ്വീകരിക്കാൻ സന്നദ്ധനാണോ?
അനേകം വൈവിധ്യങ്ങളിൽ ഒന്നുമാത്രമാണ് ജനാഭിമുഖം എന്ന് അംഗീകരിക്കുന്ന താങ്കൾക്ക് ഏകീകൃത വിശുദ്ധ കുർബാന എന്തുകൊണ്ടാണ് ഒരു വൈവിധ്യം ആയി അംഗീകരിക്കാൻ സാധിക്കാത്തത്? സീറോ മലബാർ സഭയെ ഒരു കുടക്കീടിൽ നിർത്തുന്ന ഏകീകൃത വിശുദ്ധ കുർബാനയെ , സഭ ആഗ്രഹിക്കുന്ന വിശുദ്ധ കുർബാനയുടെ ഏകീകൃത രീതിയെ, അട്ടിമറിക്കാൻ ശ്രമിക്കുന്നത് ആരാണ്? വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട വിഷയങ്ങളെ തെരുവിലേക്ക് വലിച്ചിഴക്കുകയും ഇത് ഒരു പ്രശ്നമായി വളർത്തുകയും ചെയ്യുന്നത് ആരാണ്?
പൂർണ്ണമായ അൾത്താരാഭിമുഖരീതിയും പൂർണമായ ജനാഭിമുഖരീതിയും അംഗീകരിക്കാൻ സാധിക്കുന്ന താങ്കൾക്ക് വിശുദ്ധ കുർബാനയുടെ ഏകീകൃതരീതിയെ അംഗീകരിക്കാൻ സാധിക്കാത്തത് താങ്കളുടെ സൈദ്ധാന്തിക കടുംപിടുത്തം കൊണ്ടാണ്. നിർഭാഗ്യവശാൽ, ആരാധനക്രമത്തെ സഭയിൽ നിന്നും വേർപെടുത്തിയാണ് താങ്കൾ കാണുന്നത്. അങ്ങനെ വരുമ്പോൾ വിശുദ്ധ കുർബാന എന്നത് കേവലം ഒത്തുതീർപ്പിന്റെ ഒരു വിഷയമായി മാറുന്നു!
ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ (കർദ്ദിനാൾ ജോസഫ് റാറ്റ്സിംഗർ) “ലിറ്റർജിയുടെ ചൈതന്യം” എന്ന ഗ്രന്ഥത്തിലെ ചില ഭാഗങ്ങൾ ഈ പശ്ചാത്തലത്തിൽ ഏറെ പ്രസക്തമാണ്. ഈ ഗ്രന്ഥത്തിലെ ആദ്യത്തെ അധ്യായം പുറപ്പാട് പുസ്തകത്തിൽ മോശയും ഫറവോയും തമ്മിൽ നടത്തുന്ന സംഭാഷണത്തെക്കുറിച്ചാണ് വിവരിക്കുന്നത്. ദൈവാരാധനയെക്കുറിച്ച് മോശ സംസാരിക്കുമ്പോൾ ഒത്തുതീർപ്പുകളുമായി വരുന്ന ഫറോവയെയാണ് ഇവിടെ അവതരിപ്പിക്കുന്നത്. ദൈവാരാധനയുമായി ബന്ധപ്പെട്ട് ഫറവോ നടത്തിയ എല്ലാ ഒത്തുതീർപ്പ് നിർദ്ദേശങ്ങളും തിരസ്കരിക്കപ്പെട്ടതിനെക്കു റിച്ച് മാർപാപ്പ ഇപ്രകാരം എഴുതുന്നു :”ദൈവത്തെ എങ്ങനെ ആരാധിക്കണം എന്നത് രാഷ്ട്രീയ പ്രായോഗികതലത്തിൽ വരുന്ന കാര്യമല്ല. അത് ദൈവത്തിന്റെ മാനദണ്ഡം അനുസരിച്ച് മാത്രമേ നടക്കുകയുള്ളൂ. അതിനാൽ അത് രാഷ്ട്രീയ ഒത്തുതീർപ്പാകുന്ന മത്സരക്കളിയുടെ നിയമങ്ങളെ ഒഴിവാക്കുന്നതുമാണ് “.
ഫാ.ജോസഫ് കളത്തിൽ, താമരശ്ശേരി രൂപത.