ചങ്ങലക്കു ഭ്രാന്തുപിടിച്ചാൽ എന്തുചെയ്യും?

‘ചങ്ങലക്കു ഭ്രാന്തുപിടിച്ചാൽ’ ഇത് കേരളത്തിൽ പ്രചുരപ്രചാരത്തിലുള്ള ഒരു പഴചൊല്ലാണ്. പണ്ട് കാലങ്ങളിൽ ചിത്തഭ്രമം വന്നവരെ ചങ്ങലക്കിട്ടാണ് നിയന്ത്രിച്ചിരുന്നതു. എന്നാൽ ആ ചങ്ങലക്കുകൂടെ ഭ്രാന്തുപിടിച്ചാലോ? നിയന്ത്രിക്കാൻ കടമയുള്ളവർതന്നെ നിയന്ത്രണംവിട്ടു പെരുമാറുന്ന ദുരിതകാലത്തെയെയാണ് ഈ പഴമൊഴി അർത്ഥമാക്കുന്നത്. ചങ്ങലകൾക്കു ഭ്രാന്തുപിടിക്കുന്ന ദുരിതകാലത്തുകൂടെയാണോ കേരളം കടന്നുപോകുന്നത് എന്ന് തോന്നുംവിധമാണ് നമുക്കുചുറ്റും ഓരോ ദിവസവും വാർത്തകൾ നിറയുന്നത്. അതിലേറ്റവും ഗൗരവമായാണ് പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബുമായി ബന്ധപ്പെട്ട വിഷയമാണ്. ഈ വിഷയം വിവാദമായ ആദ്യ ദിവസങ്ങളിൽ തന്നെ കുട്ടിയുടെ രക്ഷിതാവുമായി ചർച്ചനടത്തി സ്‌കൂൾ നിയമനങ്ങൾക്കു വിധേയപ്പെട്ടു മുന്നോട്ടുപോകാൻ അവർ തയ്യാറായതാണ്.

എന്നാൽ വിഷയത്തിൽ സംഭവിച്ച സമവായവും അനുരഞ്ചനവും അപ്പാടെ തകർത്തു വിഷയം കലുഷിതമാക്കിയത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ചില പ്രസ്താവനകളാണ്. “വിദ്യാർത്ഥിനിക്ക് ഹിജാബ് ധരിച്ചുകൊണ്ട് തുടർപഠനത്തിന് അനുമതി നൽകണം, മാനേജ്മെന്റിന്റെ ഭാഗത്തു ഗുരുതര വീഴ്ച്ച ഉണ്ടായി, കുട്ടിയ്ക്ക് തുടർന്ന് പഠിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായതിനു സ്‌കൂൾ സമാധാനം പറയണം, തട്ടമിട്ട കന്യാസ്ത്രി തട്ടമിടുന്ന വിദ്യാർത്ഥികൾക്കെതിരെ സംസാരിക്കുന്നു’ എന്നിങ്ങനെ ആയിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവനകൾ. താൻ പറയുന്നതിന്റെ യുക്തിരാഹിത്യവും അത് സൃഷ്ടിക്കാവുന്ന പ്രത്യാഘാതങ്ങളും ബഹു. മന്ത്രിക്കു മനസിലാകുന്നില്ല എന്നത് കഷ്ട്ടമാണ്. മന്ത്രിയെ ഇത്തരത്തിൽ തെറ്റിദ്ധരിപ്പിച്ചുകൊണ്ടു റിപ്പോർട്ട് നൽകിയ വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥരുടെ ഗൂഢലക്ഷ്യങ്ങളും അന്വേഷണവിധേയമാക്കേണ്ടതാണ്.

ഇപ്പോളിതാ, ഏറ്റവുമവസാനമായി വിദ്യാർത്ഥിനിയെ സ്‌കൂൾമാറ്റുകയാണെന്ന രക്ഷകർത്താവിന്റെ അറിയിപ്പും, മുസ്ലിം സംഘടനാ വക്താക്കളുടെ പ്രതിഷേധ പ്രസ്താവനകളും പുറത്തുവന്നിട്ടുണ്ട്. രമ്യമായി പരിഹരിച്ച ഒരു വിഷയത്തെ വിവേകമില്ലാത്ത വാക്കുകൾകൊണ്ട് എങ്ങനെ വീണ്ടും വഷളാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബഹു. മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ വിവാദ പ്രസ്താവനകൾ. ഇദ്ദേഹം എന്താണ് ലക്‌ഷ്യം വയ്ക്കുന്നത്? വർഗീയ സംഘർഷമാണോ? അതോ ഈ സർക്കാരിന്റെ തലക്കുമീതെ നിൽക്കുന്ന വിവാദങ്ങളിൽനിന്നും അഴിമതിക്കഥകളിൽനിന്നും പൊതുശ്രദ്ധ തിരിക്കുന്നതിനുള്ള രാഷ്ട്രീയ ഗിമ്മിക്കോ?

എന്തായാലും, ഭ്രാന്തുപിടിച്ച ചങ്ങലകൾ ഇനി എന്തെല്ലാം പൊല്ലാപ്പുകളാണാവോ ഉണ്ടാക്കാൻ പോകുന്നത്? പൊതുസമൂഹം വലിയ ജാഗ്രതയും സംയമനവും കാണിക്കേണ്ട സമയമാണിത്. മത താല്പര്യങ്ങൾ നമ്മുടെ പൊതുഇടങ്ങളുടെ സ്വച്ഛതയ്‌ക്ക്‌ ഭംഗം വരുത്താതെയുമിരിക്കട്ടെ. വിഷയം ബഹു. കോടതിയുടെ പരിഗണയിലാണ്, കോടതിയും നിയമവും തീരുമാനിക്കട്ടെ ഇനി കാര്യങ്ങൾ. വിദ്യാർത്ഥിയുടെയും സ്‌കൂളിന്റെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം, അതുകൊണ്ട്, സ്ഥാപിത താല്പര്യക്കാരെ നമുക്ക് അകറ്റിനിർത്താം

Syro-Malabar Media Commission 

നിങ്ങൾ വിട്ടുപോയത്