സത്യവും നുണയും ഒരുമിച്ച് നടത്തിയ യാത്രയിൽ സത്യത്തിന് സംഭവിച്ചതെന്ത്..?
ഒരു ഐതിഹ്യമനുസരിച്ച്, സത്യവും നുണയും ഒരു ദിവസം കണ്ടുമുട്ടി. നുണ സത്യത്തോട് പറഞ്ഞു: “ഇന്ന് ഒരു മനോഹരമായ ദിവസമാണ്!” സത്യം ആകാശത്തേക്ക് നോക്കി നെടുവീർപ്പിട്ടു, നുണ പറഞ്ഞത് ശരിയാണല്ലോ!
ആ ദിവസം ശരിക്കും മനോഹരമായിരുന്നു…
അവർ ഒരുമിച്ച് ധാരാളം സമയം ചെലവഴിച്ചു, ഒടുവിൽ അവർ ഒരു കുളത്തിന്റെ കരയിൽ എത്തി. നുണ കുളത്തിലേയ്ക്ക് നോക്കി വീണ്ടും സത്യത്തോട് പറഞ്ഞു: “വെള്ളം വളരെ മനോഹരമാണ്, നമുക്ക് ഒരുമിച്ച് ഒന്ന് കുളിച്ചാലോ?” സത്യം ഒരിക്കൽ കൂടി സംശയാലുവായി.. എന്നാൽ, സത്യം കുളത്തിലെ ജലത്തിലേയ്ക്ക് നോക്കിയപ്പോൾ അത് വളരെ മനോഹരമാണെന്ന് മനസ്സിലാക്കുകയും അതിശയിക്കുകയും ചെയ്തു. സത്യം തന്നോട് തന്നെ മന്ത്രിച്ചു ഹോ… നുണയ്ക്ക് മാനസാന്തരം വന്നോ, കക്ഷിയും പതിയെ നേര് പറയാൻ തുടങ്ങിയല്ലോ..!!
അവർ രണ്ടുപേരും കുളത്തിന്റെ കരയിൽ വസ്ത്രം അഴിച്ചുവച്ച് വെള്ളത്തിൽ ഇറങ്ങി കുളിക്കാൻ തുടങ്ങി. അല്പ സമയം പിന്നിട്ടപ്പോൾ, പൊടുന്നനെ നുണ കുളത്തിലെ വെള്ളത്തിൽ നിന്ന് കരയ്ക്കിറങ്ങി, വേഗം സത്യത്തിന്റെ വസ്ത്രം ധരിച്ച് ദൂരേയ്ക്ക് ഓടിപ്പോയി. സത്യത്തിന്റെ വസ്ത്രങ്ങൾ മോഷ്ടിക്കപ്പെട്ടതിൽ കുപിതയായ സത്യം, കിണറിൽ നിന്ന് പുറത്തുവന്ന് നുണയെ അന്വേഷിച്ച് എല്ലായിടത്തും ഓടി നടന്നു. തന്റെ വസ്ത്രങ്ങൾ എത്രയും വേഗം തിരികെ വാങ്ങണം എന്നതായിരുന്നു സത്യം ആഗ്രഹിച്ചത്.
നഗ്നയായി ഓടി നടക്കുന്ന സത്യത്തെ കണ്ടപ്പോൾ, ലോകം അവളെ അവജ്ഞയോടെയും കോപത്തോടെയും തുറിച്ചു നോക്കാനും കളിയാക്കാനും തുടങ്ങി. പാവം സത്യത്തിന് അധികനേരം പിടിച്ച് നിൽക്കാൻ സാധിച്ചില്ല.
നിറകണ്ണുകളോടെ കുനിഞ്ഞ ശിരസ്സുമായി സത്യം വേഗം പഴയ കുളത്തെ ലക്ഷ്യമാക്കി വേഗത്തിൽ ഓടിമറഞ്ഞു… അന്നുമുതൽ, നുണ ലോകമെമ്പാടും അലഞ്ഞുനടക്കുന്നു, സത്യത്തെപ്പോലെ വസ്ത്രം ധരിച്ച്, സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നു, കാരണം ലോകത്തിന് നഗ്നമായ സത്യത്തെ കാണാൻ ആഗ്രഹമില്ല…
സത്യത്തിന് വേണമെങ്കിൽ നുണയുടെ വസ്ത്രം ധരിച്ച് വികലമാക്കപ്പെട്ട ഒരു യാഥാർത്ഥ്യമായി മാറാമായിരുന്നെങ്കിലും സത്യത്തിന്റെ മനസ്സാക്ഷി അവളെ അതിന് അനുവദിച്ചില്ല…
സത്യം തന്നോട് തന്നെ മന്ത്രിച്ചു എന്നെ മനസ്സിലാക്കണമെന്ന് ആഗ്രഹം ഉള്ളവർ എന്നെ തേടി വരട്ടെ, ആഴങ്ങളിൽ മറഞ്ഞിരിക്കുന്ന നഗ്നമായ സത്യത്തെ കണ്ടെത്തട്ടെ..
. സ്നേഹപൂർവ്വം,
സി. സോണിയ തെരേസ് ഡി. എസ്. ജെ