കഴിഞ്ഞ ദിവസം കേട്ട ഒരു സംഭവം എന്നെ കുറെ ദിവസങ്ങളില്‍ അസ്വസ്ഥനാക്കി. ഒരു മധ്യവയസ്‌കന്‍ സമീപവീടുകളിലൊക്കെ തന്റെ മകളുടെ വിവാഹത്തിന്റെ ക്ഷണപത്രവുമായി കയറിയിറങ്ങുന്നു. അയാളെ കാണുമ്പോള്‍ ആളുകള്‍ സഹതാപത്തോടെ പിറുപിറുക്കുന്നു. ‘മകളുടെ കല്യാണം അടുത്ത ദിവസമാണ് നിങ്ങള്‍ സകുടുംബം വരണമെന്നു പറഞ്ഞ് ക്ഷണിച്ചിട്ട് ഇയാള്‍ പടിയിറങ്ങുമ്പോള്‍, ആ വീട്ടിലെ കൊച്ചുമകന്‍ പിതാവിനോട് ചോദിച്ചു, രണ്ടാഴ്ച മുമ്പും ഇയാള്‍ വന്നിരുന്നല്ലോ, വിവാഹം ഇതുവരെ നടന്നില്ലേ’ എന്ന്! ആ പിതാവ് പറഞ്ഞ മറുപടി എല്ലാവരും ഒത്തിരി ധ്യാനിക്കണം.

അയാള്‍ മാനസികനില തെറ്റിപ്പോയ വ്യക്തിയാണ്. ഭാര്യ മരിച്ചതിനുശേഷം മറ്റൊരു വിവാഹംപോലും കഴിക്കാതെ തന്റെ ഏകമകളെ സ്‌നേഹിച്ചു വളര്‍ത്തി. മികച്ച വിദ്യാഭ്യാസം കൊടുത്തു, നല്ലൊരു ജോലിയും ഒരുക്കിക്കൊടുത്തു. ഒരു നല്ല കുടുംബത്തിലേക്ക് മകളെ വിവാഹം ചെയ്തുകൊടുക്കുവാന്‍ അയാള്‍ സ്വപ്‌നങ്ങള്‍ നെയ്തു.

ആലോചനകള്‍ വന്നപ്പോള്‍ മകള്‍ എതിര്‍ശബ്ദമൊന്നും ഉയര്‍ത്തിയില്ല. എന്നാല്‍ ആ വിവാഹത്തിന്റെ രണ്ടുദിവസംമുമ്പ് അന്യമതത്തില്‍പെട്ട യുവാവുമായി അവള്‍ ഒളിച്ചോടിപ്പോയി. ആളുകള്‍ക്കുമുമ്പില്‍ അയാള്‍ അപഹാസ്യനായി. തന്റെ മകള്‍ തന്നെ വഞ്ചിച്ചതില്‍ മനസ് തകര്‍ന്ന അയാള്‍ മനോനില തകര്‍ന്നവനായി മാറിയിരിക്കുന്നു. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ ഒരു കുഴപ്പവുമില്ലാത്തവളായി അവള്‍ അഭിനയിച്ച് കള്ളത്തരം കാണിച്ചു. ഇത്രമാത്രം കപടത കാണിക്കുവാന്‍ തന്റെ മകള്‍ക്ക് എങ്ങനെ സാധിച്ചു എന്നതാണ് അയാളെ തകര്‍ത്തത്.

ഒരു അപ്പന്റെ സങ്കടങ്ങള്‍

മകളെ വീണ്ടും പള്ളിയില്‍ ചേര്‍ക്കാമോ എന്ന് ചോദിച്ചാണ് അപ്പനും മകളും എന്നെ കാണാന്‍ വന്നത്. പ്ലസ്ടുവിന് പഠിക്കുന്ന കാലത്ത് ഈ മകള്‍ ഒരിക്കലും ക്രിസ്തീയവിശ്വാസിക്ക് അംഗീകരിക്കാനാവാത്ത, അവളെക്കാള്‍ പത്തുവയസിന് മൂത്ത ഒരു യുവാവുമായി പ്രണയത്തിലായി. സ്‌കൂള്‍പഠനവും വേദപാഠവും പള്ളിയിലെ സംഘടനാ പ്രവര്‍ത്തനങ്ങളുമൊക്കെ നടത്തുമ്പോഴും അവള്‍ ആ പ്രണയബന്ധം തുടര്‍ന്നു. ആര്‍ക്കും ഒരു സംശയവും തോന്നാത്ത രീതിയില്‍ അഭിനയിച്ച് ജീവിച്ചു. പതിനെട്ട് വയസ് പൂര്‍ത്തിയായ മാസംതന്നെ അവള്‍ അവന്റെകൂടെ ദൂരേക്ക് ഒളിച്ചോടി വിവാഹം കഴിച്ചു. വീട്ടിലുള്ള ഒരാള്‍ക്കുപോലും സംശയം തോന്നാത്ത രീതിയില്‍ ഈ ബന്ധം തുടരാനും എല്ലാം പ്ലാന്‍ ചെയ്ത് ഒളിച്ചോടുവാനും അവള്‍ പ്രകടിപ്പിച്ച അഭിനയപാടവമാണ് നമ്മെ പേടിപ്പിക്കുന്നത്.

അപഹാസ്യരായി മനംതകര്‍ന്ന കുടുംബം ഉള്ളതെല്ലാം വിറ്റ് ഏറെദൂരെ വന്ന് ഈ നഗരത്തില്‍ ഒതുങ്ങി ജീവിക്കുകയാണ്. എന്നാല്‍ മൂന്നുവര്‍ഷം കഴിയുന്നതിനുമുമ്പ് യുവാവിന്റെ മയക്കുമരുന്നും സ്വഭാവവൈകൃതങ്ങളുമായി പൊരുത്തപ്പെടാനാകാതെ അവള്‍ തിരിച്ച് കൈക്കുഞ്ഞുമായി വീട്ടില്‍ എത്തി. സാമാന്യം നല്ല വിശ്വാസജീവിതം നയിച്ചിരുന്ന കുടുംബത്തിലേക്ക് തിരിച്ചുവന്ന മകളെ കൂദാശകളിലേക്ക് ചേര്‍ക്കുവാനാണ് അപ്പന്‍ ആവശ്യപ്പെട്ടത്. വീട്ടിലെ പുന്നാര മകളായി, അനുസരണയുള്ള കുഞ്ഞായി ജീവിക്കുമ്പോള്‍ത്തന്നെ വഞ്ചനയുടെയും കള്ളത്തരത്തിന്റെയും വഴികള്‍ അവള്‍ തേടി. കപടതയുടെ ഈ മൂടുപടം സ്ത്രീജന്മത്തിന്റെ മഹത്വത്തിന് കടക്കല്‍ കത്തിവയ്ക്കുന്നതാണ്. ഈ മൂടുപടജീവിതമാണ് നാം വിശകലനം ചെയ്യേണ്ടത്!

ചോദ്യചെയ്യപ്പെട്ട വിശ്വാസം

ഇടവകയിലെ കൈക്കാരനും മതാധ്യാപകനും ഒരു ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകനുമായ വ്യക്തി ഇപ്പോള്‍ വീടിന് പുറത്തിറങ്ങാറില്ല. പള്ളിയില്‍പോലും പോകാറില്ല. തന്റെ മകള്‍ ഒരു അന്യമതസ്ഥനെ പ്രണയിച്ച് മാതാപിതാക്കള്‍ അറിയാതെ വിവാഹം കഴിച്ചപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടത് അയാളുടെ വിശ്വാസജീവിതമാണ്. നല്ല നിലയില്‍ വളര്‍ത്താത്തതിന്റെ ദോഷമാണെന്നും മാതാപിതാക്കളുടെ മാതൃകയുടെ കുറവാണെന്നും ധ്യാനഗുരുക്കന്മാര്‍വരെ പ്രസംഗിച്ചപ്പോള്‍ ചോര്‍ന്നുപോയത് അയാളുടെ അന്തസും വ്യക്തിത്വവുമായിരുന്നു. സന്ധ്യാപ്രാര്‍ത്ഥന മുടക്കാത്ത, കൃത്യമായി മതബോധനത്തിന് കുട്ടികളെ പറഞ്ഞുവിട്ടിരുന്ന, സകുടുംബം വര്‍ഷത്തിലൊരു ധ്യാനം കൂടിയിരുന്ന നല്ല ക്രൈസ്തവ കുടുംബത്തെയാണ് പ്രണയത്തിന്റെ വശ്യതയില്‍ ആ മകള്‍ തകര്‍ത്തത്.

പ്രണയങ്ങളും ഒളിച്ചോട്ടങ്ങളും പുതിയ കഥയൊന്നുമല്ല. എന്നാല്‍ ഈ നാടകങ്ങളില്‍ അരങ്ങു വാഴുന്ന കള്ളത്തരവും വഞ്ചനയുമാണ് എന്നെ അസ്വസ്ഥതപ്പെടുത്തുന്നത്. ആ വഞ്ചനയില്‍ ചങ്കു മുറിഞ്ഞ മാതാപിതാക്കളുടെ കണ്ണീരും ഹൃദയരക്തവും ആരും കാണാതെ പോകുന്നതാണ് എന്റെ ദുഃഖം. യുവതീയുവാക്കളുടെ പ്രണയവും വിവാഹവും എന്നും ഉണ്ടായിട്ടുണ്ട്. എന്നാല്‍ നെഞ്ചോടുചേര്‍ത്തു വളര്‍ത്തിക്കൊണ്ടുവന്ന മാതാപിതാക്കളെ ഇത്രമാത്രം ചതിച്ചും അപഹാസ്യരാക്കിയും കരയിപ്പിച്ചും വേണോ ഈ കഥകള്‍ തുടരാന്‍?

ദുരന്തത്തിന്റെ സൂചനകള്‍

അതിലുപരി പെണ്‍മക്കളുടെ വ്യക്തിത്വത്തില്‍ ഉണ്ടാകുന്ന അപചയം എന്നെ ആശങ്കപ്പെടുത്തുന്നു. ഒരു പിതാവ് എന്നോട് ചോദിച്ചത് ‘എന്റെ മകള്‍ എന്നോട് എന്തിന് കള്ളം പറഞ്ഞുവെന്നാണ്. വീട്ടിലെയും സ്‌കൂളിലെയും ചെറിയ കാര്യങ്ങള്‍പോലും എന്നോടു പറയുന്ന അവള്‍, അവളുടെ അടുപ്പം എന്തുകൊണ്ട് മറച്ചുവച്ചു? വിവാഹം ആലോചിച്ചപ്പോള്‍ പലവട്ടം ചോദിച്ചതാണ്. ഒന്നുമില്ലെന്ന് ആണയിട്ടവള്‍, അല്പദിനങ്ങള്‍ക്കുള്ളില്‍ മാതാപിതാക്കളെ നിഷേധിച്ച് പടിയിറങ്ങുമ്പോള്‍ ചോര്‍ന്നുപോകുന്നത് പെണ്‍ജന്മത്തിന്റെ സുകൃതമായ സത്യസന്ധതയാണ്.

ആണ്‍കുട്ടികളുടെ കുരുത്തക്കേടുകളും ദുഃശീലങ്ങളും അനുസരണക്കേടും നാം ഏറെ കേള്‍ക്കുന്നു. അവ നമ്മെ നൊമ്പരപ്പെടുത്തുമെങ്കിലും അനിവാര്യമായ ആണ്‍ശൈലിയായി നാം അംഗീകരിക്കുന്നു. എന്നാല്‍ ഈ ദിനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് എന്ത് പറ്റുന്നു? സ്ത്രീജന്മത്തിന്റെ സഹജഭാവങ്ങളായ നൈര്‍മല്യവും നിഷ്‌കളങ്കതയും വിശുദ്ധിയും എങ്ങനെയാണ് നഷ്ടപ്പെട്ടുപോകുന്നത് (ഈ ഗുണങ്ങള്‍ പെണ്‍കുട്ടികള്‍ക്കുമാത്രം ഉണ്ടാകേണ്ടത് അല്ല. ആണ്‍കുട്ടികള്‍ക്കും ഉണ്ടാവണം).

ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികള്‍ അബദ്ധവഴികളില്‍ ചരിക്കുന്നുവെന്ന് അധ്യാപകരും സാമൂഹ്യപ്രവര്‍ത്തകരും പോലീസുകാര്‍പോലും പരിഭവം പറയുന്നില്ലേ? മദ്യവും മയക്കുമരുന്നും മാലാഖമാരായ പെണ്‍മക്കളെ അടിപ്പെടുത്തുന്നത് നാം കാണുന്നില്ലേ?

സ്ത്രീസമത്വത്തിന്റെയും വിമോചനത്തിന്റെയും പെണ്‍ശക്തികളുടെയും മുദ്രാവാക്യങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങുമ്പോഴും സ്ത്രീജന്മത്തിന്റെ സൗന്ദര്യമായ നന്മയും കരുണയും സത്യവും ശാലീനതയും വിശുദ്ധിയുമെല്ലാം നഷ്ടപ്പെട്ടാല്‍ പിന്നെ ഈ ശരീരവും ജീവിതവും സ്ത്രീയുടേതാണോ… അമ്മയുടേതാണോ? മയക്കുമരുന്ന് കച്ചവടക്കാരും ഹണിട്രാപ്പുകാരും സാമ്പത്തിക തട്ടിപ്പിന്റെ ബുദ്ധികേന്ദവുമായി സ്ത്രീജന്മം മാറുമ്പോള്‍ നാം നൊമ്പരത്തോടെ പേടിക്കണം. പാളംതെറ്റി പായുന്ന ചില പുരുഷജന്മങ്ങളുടെ വഴികളില്‍ സ്ത്രീയേ നീ ചരിക്കരുത്.

നെഞ്ചിന്റെ സംഗീതവും ജീവിതത്തിന്റെ പുണ്യനദിയുമായ സ്ത്രീജന്മം മലിനമാകുന്നത് വരാന്‍പോകുന്ന ദുരന്തത്തിന്റെ ദുഃസൂചനയാണ്. തുല്യതയ്ക്കുവേണ്ടിയുള്ള വാദം ഞങ്ങള്‍ പുരുഷന്മാരെപ്പോലെ മോശമാകുവാനുള്ള പതനമല്ല. നിങ്ങള്‍ ഞങ്ങളെക്കാള്‍ നല്ലവരാകണം.

എല്ലാ സ്ത്രീകളും മോശമാണെന്നോ പരാജയപാതയില്‍ ചരിക്കുകയാണെന്നോ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ചിലയിടങ്ങളില്‍ കാണുന്ന അപലക്ഷണങ്ങള്‍ സ്ത്രീമഹത്വത്തിന് കളങ്കമാണെന്ന് സൂചിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. നുണയും കള്ളത്തരവും വഞ്ചനയും കപടതയും യുവതലമുറ സാധാരണശൈലിയായി തെറ്റിദ്ധരിക്കുന്നത് മാനവ വംശത്തിനുതന്നെ ദോഷമാകും. ‘തേച്ചിട്ട് പോകുക’ എന്ന ന്യൂജെന്‍ ശൈലി ആര്‍ക്കും അലങ്കാരമല്ലല്ലോ.

ഫാ. മാത്യു ആശാരിപറമ്പില്‍

നിങ്ങൾ വിട്ടുപോയത്