മെത്രാപ്പോലീത്തയുടെ കത്ത്

സാമുദായിക സൗഹൃദത്തിന് കൂട്ടായി ശ്രമിക്കണം.

പൊതു സമൂഹത്തിലും മതസമൂഹങ്ങൾ തമ്മിലും മതത്തിനുള്ളിൽ തന്നെയും തർക്കങ്ങളും ആശയ സംഘർഷങ്ങളും ഉണ്ടാവുക സാധാരണമാണ്. പലപ്പോഴും സ്വാഭാവികവുമാണ്. ഏതെങ്കിലും വിഭാഗത്തിന് ആശങ്കകൾ ഉണ്ടാകുമ്പോൾ അത് പരസ്യമായി പറഞ്ഞു എന്നുമിരിക്കും. ആ സാഹചര്യങ്ങളിൽ മാധ്യമങ്ങളും രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കളും പക്ഷം പിടിച്ച് പ്രശ്നം വഷളാക്കുക എന്നത് നല്ല സമീപനമല്ല . ആരോപണ വിധേയമാകുന്ന വിഭാഗം പ്രത്യാക്രമണം നടത്താൻ ശ്രമിക്കുന്നതും വിഷയ പരിഹാരത്തിന് സഹായകമാകില്ല. നേരെ മറിച്ച് , ഉന്നയിക്കപ്പെട്ട ആരോപണത്തിൽ കഴമ്പുണ്ടോ എന്ന് അവധാനതയോടെ സത്യസന്ധതാപൂർവ്വം സ്വയം വിമർശനം നടത്തുകയും അതോടൊപ്പം ആരോപണം ഉന്നയിച്ച സമൂഹവുമായി വിഷയം സംബന്ധിച്ച് സംവാദത്തിനും ചർച്ചയ്ക്കും തയ്യാറാവുകയും മുൻകൈയെടുത്ത് അവരുടെ ആശങ്കകൾക്ക് പരിഹാരം കണ്ടെത്തുകയുമാണ് അഭികാമ്യമായ പരിഹാര മാർഗ്ഗം.

അപ്രിയ വസ്തുതകൾ മൂടി വെയ്ക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നതും പ്രശ്നം രൂക്ഷമാകാൻ മാത്രമെ ഇടയാക്കൂ. അതായത് ആശങ്ക പങ്കുവെയ്ക്കുകയോ വിഷയം ഉന്നയിക്കുകയോ ചെയ്യുന്നവരെ കടന്നാക്രമിക്കുകയല്ല വേണ്ടത് ; പ്രത്യുത വസ്തുതകൾ തിരിച്ചറിഞ്ഞ് പിശകുകൾ സ്വയം തിരുത്തുകയും അനുരഞ്ജനത്തിന് മുൻകൈയെടുക്കുകയുമാണാവശ്യം . ഇതിനെ dialogue over discord എന്ന് അലിഗാർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. താരിഖ് മൻസൂർ വിളിക്കുന്നു. ഇത് ഭിന്നത പരിഹരിക്കുന്നതിനുള്ള സഹതാപപൂർവ്വമായ സമീപനത്തിന്റെയും സഹവർത്തിത്വത്തിന്റെയും വഴിയാണ്. അങ്ങനെ ഓരോ കാലത്തും സമൂഹത്തിൽ ഉണ്ടാകുന്ന വിവാദങ്ങളും ചേരിതിരിവുകളും മാറ്റി നഷ്ടപ്പെട്ട ഐക്യവും സൗഹൃദവും വീണ്ടെടുത്ത് നാട്ടിൽ സാമൂഹ്യ കെട്ടുറപ്പും മതമൈത്രിയും ദേശീയ ഉദ്ഗ്രഥനവും ആത്യന്തികമായി സമാധാനവും ഉറപ്പു വരുത്തുകയാണ് ചെയ്യേണ്ടത്. ഉന്നയിക്കപ്പെടുന്ന വിഷയങ്ങൾ അടിസ്ഥാനപരമായി കഴമ്പില്ലാത്തതാണ് എന്ന് വിലയിരുത്തപ്പെടുന്ന സാഹചര്യത്തിൽ പോലും അവ ഗൗരവമായി എടുക്കുവാനും പഠനവിധേയമാക്കുവാനും കൂട്ടായി വസ്തുതകൾ അന്വേഷിച്ച് വിവാദങ്ങൾക്ക് അന്ത്യം കുറിക്കുവാനും ഉള്ള സന്മനസ്സാണാവശ്യം.

ഞാൻ ഇത്രയും പറഞ്ഞത് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് സെപ്തംബർ എട്ടാം തീയതി എട്ട് നോമ്പിനോടനുബന്ധിച്ച് കുറവിലങ്ങാട് മർത്തമറിയം പള്ളിയിൽ വെച്ച് വിശ്വാസ സമൂഹത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം കേരള സമൂഹത്തിൽ കോളിളക്കം സൃഷ്ടിച്ച പശ്ചാത്തലത്തിൽ അദ്ദേഹം പങ്കുവെച്ച ആശയം സംബന്ധിച്ച എന്റെ പ്രതികരണത്തിന്റെ ആമുഖമായിട്ടാണ്.

ബിഷപ്പിന്റെ പ്രസംഗം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് എന്ത് സംഭവിച്ചു എന്ന് ശ്രദ്ധിക്കുക :

തീവ്രവാദി മുസ്ലീം സംഘടനകളുടെ നിർദ്ദേശപ്രകാരം മുസ്ലീങ്ങൾ സംഘടിച്ച് ബിഷപ് ഹൗസിനു നേർക്ക് നീങ്ങുകയും മുദ്രാവാക്യങ്ങൾ വിളിച്ച് ജാഥ നയിക്കുകയും റോഡുകൾ ഉപരോധിക്കുകയും ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു . ഇത് കൂടാതെ പ്രതിഷേധ യോഗങ്ങൾ , പ്രകോപനപരമായ പ്രസ്താവനകൾ , ചാനൽ ചർച്ചകളിലെ നിർദ്ദയമായ ആക്ഷേപങ്ങൾ എന്നിവയും അരങ്ങേറി (Frontline, October ) . ഭീഷണിപ്പെടുത്തിയും ഒറ്റപ്പെടുത്തിയും വ്രണപ്പെടുത്തിയുമല്ലല്ലോ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് . അഭിലഷണീയമല്ലാത്ത പദപ്രയോഗങ്ങളും പ്രകോപനപരമായ പ്രതികരണങ്ങളും പ്രതിപ്രവർത്തനങ്ങളും ഭിന്നതയും അകല്ച്ചയും വർദ്ധിപ്പിക്കുന്നതിന് മാത്രമെ സഹായമാകൂ.

ഇതിനിടെ അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്തയും സഭയുടെ എക്യുമെനിക്കൽ ഡിപ്പാർട്ട്മെന്റിന്റെ അധ്യക്ഷനുമായ സഖറിയ മാർ നിക്കോളാവോസ് തിരുമേനിയും ഞാനും കല്ലറങ്ങാട്ട് പിതാവിനെ സന്ദർശിച്ച് വിഷയം ചർച്ച ചെയ്യുകയും ആശയ വിനിമയം നടത്തുകയും ചെയ്തു.

പ്രസംഗത്തിൽ അദ്ദേഹം ഉന്നയിച്ച കാര്യങ്ങളും കാലിക സാഹചര്യങ്ങളും സംബന്ധിച്ച് വിശദമായി സംസാരിച്ചു. പിതാവിന്റെ പ്രസംഗം ഞാൻ കേട്ടിരുന്നില്ല. എന്നാൽ സെപ്തംബർ 14-ാം തീയതിയിലെ ദീപിക ദിനപത്രത്തിൽ അത് പ്രസിദ്ധീകരിച്ചിരുന്നു. അതുകൊണ്ട് പ്രസംഗം ശ്രദ്ധാപൂർവ്വം വായിക്കുവാനും വിഷയം സംബന്ധിച്ച് പിതാവിന്റെ കാഴ്ചപ്പാടും നിലപാടുകളും മനസ്സിലാക്കുവാനും വിലയിരുത്തുവാനും ഇടയായി. പിന്നീട് നടന്ന കൂടിക്കാഴ്ചയോടെ പ്രസംഗത്തിന്റെ ഉള്ളടക്കം , ലക്ഷ്യം എന്നിവ എനിക്ക് കുറെ കൂടി വ്യക്തമായി. ആ പ്രസംഗം ഏകദേശം ഇപ്രകാരം സംഗ്രഹിക്കാമെന്ന് തോന്നുന്നു.

കേരളത്തിലെ യുവജനങ്ങളെ തെറ്റുകളിലേക്ക് നയിക്കുന്ന രണ്ട് സംരംഭങ്ങളാണ് നാർക്കോട്ടിക് ജിഹാദും ലൗ ജിഹാദും. ഇതിന് നേതൃത്വം നൽകുന്നത് മുസ്ലീം സമുദായത്തിലെ ചുരുക്കം ചില തീവ്രവാദി ഗ്രൂപ്പുകളാണ്. ഇവർ പ്രായ – പക്വതകളില്ലാത്ത യുവജനങ്ങളെ വഴി തെറ്റിലേക്ക് നയിക്കുകയും അവരുടെ ജീവിതം വീണ്ടെടുക്കാനാവാത്ത ദു:സ്ഥിതിയിൽ എത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ട് സഭാ വിശ്വാസികൾ വിവേകപൂർവ്വം ഇത്തരം കാര്യങ്ങൾ മനസ്സിലാക്കി ജാഗ്രത പുലർത്തണം. തീവ്രവാദികളുടെ സാന്നിധ്യമുള്ള ക്ലബുകൾ , വിരുന്നുകൾ , കൂട്ടായ്മകൾ എന്നിവ ഒഴിവാക്കേണ്ടതാണ്. യുവജനങ്ങൾ വഴി തെറ്റി പോകാതെയും സഭയ്ക്കും കുടുംബത്തിനും നഷ്ടപ്പെടാതിരിക്കുകയും വേണം എന്ന് സഭ ആഗ്രഹിക്കുന്നു.
ഈ പ്രസംഗം സംബന്ധിച്ച പ്രതികരണങ്ങൾ ഏകദേശം താഴെ പറയുന്ന രീതിയിൽ വിലയിരുത്താവുന്നതാണ്:


1 . ബിഷപ് മാർ കല്ലറങ്ങാട്ട് മുസ്ലീം സമുദായത്തെ ആക്ഷേപിച്ചു കൊണ്ട് പ്രസംഗിച്ചു. മുസ്ലീങ്ങൾ ലൗ ജിഹാദ് , നാർക്കോട്ടിക് ജിഹാദ് എന്നിവ നടത്തുന്നു എന്ന് ആരോപിച്ച് മുസ്ലീം സമുദായത്തെ അവഹേളിച്ചു.
2 . മത ബഹുലത (religious pluralism ) യും മതനിരപേക്ഷത (ടecularism ) യും നില നില്ക്കുന്ന കേരള സമൂഹത്തിൽ വർഗ്ഗീയതയും വിഭാഗീയതയും വളരുവാൻ പ്രേരണ നല്കി അന്തരീക്ഷം കലുഷിതമാക്കി.
3 . സമൂഹത്തിൽ വർഗീയത വളരുന്നതു വഴി സംഘർഷ – കലഹ – കലാപ സാധ്യതകൾക്ക് ബിഷപ്പിന്റെ പ്രസംഗം സാഹചര്യം ഒരുക്കി .
4 . ഭരണഘടന ഉറപ്പു നൽകുന്ന വ്യക്തി സ്വാതന്ത്ര്യം , മത തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യം എന്നീ മൗലിക അവകാശങ്ങൾക്കെതിരെയുള്ള പ്രകടമായ പ്രതികരണമായിരുന്നു ബിഷപ്പിന്റെ പ്രസംഗം.
5 . ഹിന്ദു വർഗ്ഗീയ സംഘടനകളുമായുള്ള ബന്ധത്തിന് ക്രൈസ്തവ സഭയെ ഒരുക്കുന്നതിനുള്ള ദല്ലാൾ പണിയുടെ ഭാഗമായിരുന്നു ബിഷപ്പിന്റെ പ്രസംഗം . കൂടാതെ അൾത്താരയെ രാഷ്ട്രീയ താത്പര്യങ്ങളുടെ പ്രചരണ വേദിയായി ബിഷപ് തരം താഴ്ത്തി .
ഈ അഭിപ്രായ പ്രകടനങ്ങൾക്കൊപ്പം വഴി തടയൽ , പ്രതിഷേധ പ്രകടനങ്ങൾ , ചാനൽ ചർച്ചകൾ എന്നിവയ്ക്ക് കേരള സമൂഹം സാക്ഷിയായി .

ബിഷപ് മാർ കല്ലറങ്ങാട്ടലിനെതിരെ ഉയർത്തിയ വിമർശനങ്ങൾ എത്രമാത്രം വസ്തുനിഷ്ഠമാണ് എന്ന് ചിന്തിക്കേണ്ടതുണ്ട് .


പിതാവിന്റെ അഭിപ്രായ പ്രകാരം :
ലൗ – നാർക്കോട്ടിക് ജിഹാദുകൾക്ക് നേതൃത്വം നൽകുന്ന ചുരുക്കം ചില തീവ്രവാദി മുസ്ലീം ഗ്രൂപ്പുകൾ ഉണ്ട് .

അസഹിഷ്ണുത, വിദ്വേഷം, അക്രമങ്ങൾ എന്നിവ വളർത്തുന്ന ഇസ്ലാമിക ജിഹാദികൾ ലോകമാസകലം സജീവമാണ് . കേരളത്തിലും അവർ പ്രവർത്തന നിരതരാണ് . ജിഹാദികൾ ഇതര മതക്കാരെ തങ്ങളുടെ ശത്രുക്കളായാണ് കാണുന്നത് .
പിതാവ് മുസ്ലീം സമൂഹത്തിനെതിരെ മേല്പറഞ്ഞ പ്രകാരമുള്ള ഒരു പരാമർശവും നടത്തിയില്ല .

ഇസ്ലാമിലെ ചുരുക്കം ചില തീവ്രവാദി ഗ്രൂപ്പുകളെപ്പറ്റിയാണ് പറഞ്ഞത് . ‘ചുരുക്കം , ‘ ചില’ എന്നീ വിശേഷങ്ങൾ തീവ്രവാദികൾ എന്ന നാമത്തോട് ചേർത്ത് ഉപയോഗിച്ചിരിക്കുന്നതു തന്നെ മുസ്ലിം സമുദായത്തിന് മുറിവുണ്ടാകരുത് എന്ന ചിന്തയിലാണ് . ഇസ്ളാമിക തീവ്രവാദികളുടെ സാന്നിധ്യം (presence) , പ്രവർത്തനം (operation) എന്നിവ ലോകത്തെവിടെയും നടക്കുന്നു എന്നത് സ്ഥാപിച്ചെടുക്കുകയോ ആരെയെങ്കിലും ബോധ്യപ്പെടുത്തുകയോ ചെയ്യേണ്ട കാര്യമില്ല .

ലിബിയയിൽ ഐ. എസ് തീവ്രവാദികൾ ഒരു പറ്റം കോപ്റ്റിക് ക്രൈസ്തവരെ നിർദ്ദയം ശിരച്ഛേദം ചെയ്തത് ലോക മന:സാക്ഷിയെ ഞെട്ടിച്ചു . അഫ്ഗാനിസ്ഥാനിലെ ബാമിയനിൽ നൂറ്റാണ്ടുകൾ പഴക്കമുണ്ടായിരുന്ന ബുദ്ധപ്രതിമകൾ 2001 ൽ അസഹിഷ്ണുക്കളായ താലിബാൻ തീവ്രവാദികൾ നശിപ്പിച്ചതും ലോകത്തെ നടുക്കുകയുണ്ടായി . ഇവരുടെ ക്രൂരമായ അക്രമങ്ങൾക്കും പീഡനങ്ങൾക്കും വിധേയരായ രണ്ട് പെൺകുട്ടികൾ – മലാല യൂസഫ് സായ് , നാദിയ മുറാദ് – നോബൽ സമ്മാനം നേടുവാൻ തക്കവിധം ജനശ്രദ്ധ ആകർഷിച്ചത് ആർക്കും അറിയാവുന്ന വസ്തുതയാണ്.

തീവ്രവാദികളിൽ നിന്നും താൻ അനുഭവിക്കേണ്ടി വന്ന പീഡന പരമ്പരയെപ്പറ്റി യസീദി മതാംഗമായ നാദിയ തന്റെ ആത്മകഥയായ ‘The Last Girl : My Story of Captivity and My Fight Against the Islamic State എന്ന ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. ഇസ്ലാമിക മൗലികവാദികൾ സമൂഹത്തിന്റെ പൊതുബോധത്തിനും അടിസ്ഥാന വിശ്വാസത്തിനും വിരുദ്ധമായി വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയ ശാസ്ത്രത്തിന്റെ വക്താക്കളും മതത്തിന്റെ ലേബലിൽ അതിക്രമം പ്രവർത്തിക്കുന്ന ക്രിമിനലുകളുമാണ് . ഇവർ തന്നെയാണ് തങ്ങൾ എന്ന് പറയുവാൻ യഥാർത്ഥ മുസ്ലീമിനോ ഇസ്ലാമിനോ സാധിക്കുകയില്ല . ഈ കാടൻ വർഗ്ഗത്തെ ആശയവത്ക്കരിക്കുക , വാഴ്ത്തുക , ഇവരുമായി ഐക്യദാർഢ്യപ്പെടുക എന്നിവ വിശ്വാസിയായ മുസ്ലീമിന് അസാധ്യമാണ്

ഇസ്ലാമിക് തീവ്രവാദം കേരളത്തിലും എത്രമാത്രം സജീവമാണ് എന്ന് ഹമീദ് ചേന്ദമംഗലൂർ , വി. എസ്. റഷീദ് എന്നിവരുടെ ആനുകാലികങ്ങളിലെ ലേഖനങ്ങൾ വായിച്ചാൽ മനസ്സിലാക്കാൻ കഴിയും . ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇസ്ളാമിക തീവ്രവാദികൾ പ്രൊഫ. ടി. ജെ ജോസഫിന്റെ കൈകൾ വെട്ടി അറുത്തപ്പോൾ ഇപ്പോൾ ബിഷപ്പിന്റെ പ്രസംഗം സൃഷ്ടിച്ച കോലാഹലം ഒന്നും ഉണ്ടായില്ല . കത്തോലിക്കർ പോലും അന്ന് വായ് തുറക്കാൻ ഭയന്നു . അദ്ദേഹത്തിന് നീതി ലഭിക്കുന്നതിന് വേണ്ടി ഞാൻ മുട്ടിയിട്ട് അരമന വാതിലുകൾ തുറന്നില്ല . പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ നൂറുകണക്കിന് തീവ്രവാദികൾ പോലീസ് സ്റ്റേഷനിലേക്ക് ഇടിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെതിരെ പ്രതികരിക്കാൻ അധികം ആരുമുണ്ടായില്ല .

ഇരകളെ ആക്രമിച്ച് അതിൽ ആനന്ദം കണ്ടെത്തുന്നവരാണ് തീവ്രവാദികൾ . അവരിൽ നിന്ന് അകലം പാലിക്കണമെന്ന് പാലാ ബിഷപ് പറയുമ്പോൾ അത് വർഗീയതയും വിഭാഗീയതയുമായി മാറുന്നതെങ്ങനെ.


മത നിന്ദ നടത്തുന്നതും സ്വന്തം മതം ഉപേക്ഷിക്കുന്നതും വധശിക്ഷയ്ക്ക് കാരണമെന്നാണ് മൗലിക വാദികളുടെ നിലപാട് . മതത്തെ , മത നേതാക്കന്മാരെ , മതഘടനയെ വിശ്വാസികൾ ആരാധനയോടെയല്ല മറിച്ച് വിമർശനബുദ്ധിയോടെ നോക്കിക്കാണുന്നതിന് പഠിക്കണം. അല്ലെങ്കിൽ മതജീവിതം അപകടത്തിലാകും . അതുകൊണ്ടാണ് മത നിന്ദ മൗലിക അവകാശമായി പരിഗണിക്കപ്പെടണം എന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ അഭിപ്രായപ്പെട്ടത് . ഇന്ത്യയിൽ പൊതുവെയും പ്രത്യേകിച്ച് കേരളത്തിലും വർഗീയ വാദികൾ അതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ അസഭ്യ വർഷം ചൊരിയുകയുണ്ടായി. മത നിന്ദയുടെ പേരിൽ ഫ്രഞ്ച് സ്വതന്ത്ര ചിന്തകനും അധ്യാപകനുമായ സാമുവേൽ പാറ്റി ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടപ്പോൾ ഇവിടത്തെ സ്വതന്ത്ര ചിന്തകർ നിശബ്ദത ഭേദിച്ചത് കേൾക്കുകയുണ്ടായില്ല . ശാന്തിയുടെയും സമാധാനത്തിന്റെയും സംസ്ക്കാരം ( Peace culture) രൂപപ്പെടുവാനാണ് ശ്രമിക്കേണ്ടത് . അല്ലാതെ മതത്തിന്റെ ഭിത്തിയെ ബലവത്താക്കുകയല്ല സമൂഹത്തിനാവശ്യം.

മതാധിഷ്ഠിത ഭരണം വരണം എന്ന് ചിന്തിക്കുകയും മത നിന്ദകർ എന്ന് വിളിച്ച് സ്വതന്ത്ര ചിന്തകരെ കൊലപ്പെടുത്തുകയും ചെയ്യുന്ന മത ഭ്രാന്തൻമാർ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും മാത്രമല്ല ഏതക്രമവും ചെയ്യുന്നതിന് മടിക്കുന്നില്ല . ഇങ്ങനെയുള്ളവരിൽ നിന്ന് അകലം പാലിക്കണമെന്ന് ബിഷപ് പറയുമ്പോൾ അത് എങ്ങനെയാണ് കുറ്റകരമാകുന്നത്. ബിഷപ് പ്രതി ഭീകരത (counter terrorism) യ്ക്ക് ആഹ്വാനം ചെയ്യുകയോ തിരിച്ചടി(counter attack ) ക്കാൻ പ്രേരണ നല്കുകയോ ചെയ്തില്ല എന്ന് മാത്രമല്ല കത്തോലിക്ക സഭയുടെ ഉരുക്ക് കോട്ടയായ പാലായിൽ വെച്ച് ബിഷപ്പിനെതിരെ നടത്തിയ പ്രതിഷേധ സമരം തടയാൻ പോലും ശ്രമിച്ചില്ല .

ഇസ്ലാം മതം ലൗ ജിഹാദോ നാർക്കോട്ടിക് ജിഹാദോ നടത്തുന്നുവെന്ന് ആരോപണം ബിഷപ്പിൽ നിന്ന് ഉണ്ടായിട്ടില്ല . വർഗ്ഗീയ വാദികളായ വ്യക്തികളും മത വൈരാഗ്യം പുലർത്തുന്ന സംഘടനകളും തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുമ്പോൾ സഭാ വിശ്വാസികൾ അതിൽ നിന്ന് അകലം പാലിക്കേണ്ടതാണ് എന്നാണ് ബിഷപ് പറയുന്നത് . ബിഷപ്പിന്റെ പ്രസംഗം ഇസ്ലാം മത വിമർശനമാണ് എന്ന സൂചനയില്ല .

മത ബഹുലതയും മതനിരപേക്ഷതയും നിലനില്ക്കുന്ന കേരളത്തിൽ ബിഷപ്പിന്റെ പ്രസംഗം മതധ്രുവീകരണവും അസഹിഷ്ണുതയും വർഗീയതയും സൃഷ്ടിക്കുമെന്ന വിമർശനം അസ്ഥാനത്താണ്.

കേരളത്തിൽ പോപ്പുലർ ഫ്രണ്ട് , ജമാഅത്തെ ഇസ്ളാമി , വെൽഫയർ പാർട്ടി , സിമി മുതലായ മത മൗലികവാദ പ്രസ്ഥാനങ്ങൾ മത ബഹുലതയെയും സെക്കുലറിസത്തെയും ആശയതലത്തിൽ വെല്ലുവിളിക്കുകയും മത ഭരണം ഇവിടെ സ്ഥാപിക്കുന്നത് കാര്യപരിപാടിയായി നിശ്ചയിക്കുകയും ചെയ്തിട്ട് ഇവർക്കെതിരെ യാതൊരു ആക്ഷേപവും ഉയരുന്നില്ല എന്നതും ചിന്തിക്കേണ്ടിയിരിക്കുന്നു . ഇത് പൊതുസമൂഹം ശ്രദ്ധിക്കേണ്ട കാര്യമാണ് . ഈ കൂട്ടരും ഇവരെ പ്രീണിപ്പിക്കുന്നവരുമാണ് മതനിരപേക്ഷതയും ബഹുസ്വരതയും അപകടത്തിലാക്കുന്നത് .

ഇവിടത്തെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും അവലംബിച്ച നയവും മറ്റൊന്നല്ല . ബീഗം ഷബാനു കേസിൽ ഭർത്താവ് ഉപേക്ഷിച്ച മുസ്ലീം ഭാര്യയ്ക്ക് ജീവനാംശാവകാശം സ്ഥാപിച്ച് കൊടുത്ത് കോടതി അവർക്ക് നീതി പുന:സ്ഥാപിച്ചപ്പോൾ അതിനെതിരെ നിയമ നിർമ്മാണം നടത്തി കോടതി വിധി അട്ടിമറിച്ച് ഹിന്ദുവർഗ്ഗീയത വളരാൻ കളമൊരുക്കിയത് കോൺഗ്രസ് പാർട്ടിയാണ്. സ്വതന്ത്ര ചിന്തകയും ഗ്രന്ഥകാരിയുമായ തസ്ലീമ നസ്റീന്റെ താമസാനുവാദം നീട്ടിക്കിട്ടാതിരിക്കുവാൻ തീവ്രവാദ വിഭാഗത്തിന് വിധേയപ്പെട്ടത് അന്നത്തെ ബംഗാളിലെ ഇടതുപക്ഷം ആണ് എന്നതും ചരിത്രം. ബഹുസ്വരതയിലും മതനിരപേക്ഷതയിലും ആർക്ക് താത്പര്യം? എന്നാൽ ഇവിടെ തീവ്രദികളെ അകറ്റി നിർത്തണം എന്ന് തന്റെ ചുമതലയിലുള്ള വിശ്വാസ സമൂഹത്തോട് പറഞ്ഞാൽ അത് ബഹുസ്വരതയ്ക്കും മതനിരപേക്ഷതയ്ക്കും ഭീഷണിയാണ് എന്ന് ആരോപിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ല .

വ്യക്തി സ്വാതന്ത്ര്യം , മത – വിശ്വാസ തെരത്തെടുപ്പുകൾ എന്നിവയ്ക്ക് ബിഷപ് കല്ലറങ്ങാട്ട് എതിരാണ് എന്ന വാദവും ഉയർത്തപ്പെട്ടിരിക്കുന്നു . ഇത് ഗൗരവമായ ആരോപണമാണ് . വ്യക്തി സ്വാതന്ത്ര്യം എന്നാൽ ഇഷ്ടമുള്ള സ്ത്രീയെ വിവാഹം കഴിക്കുക , ഇഷ്ടമുള്ള മതത്തിൽ ചേരുവാനുള്ള അവകാശം എന്നിവയാണല്ലോ ഈ സന്ദർഭത്തിൽ അർത്ഥമാക്കുന്നത് . ബിഷപ് ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 21 നൽകുന്ന ഉറപ്പ് കാറ്റിൽ പറത്തുകയും 2020 ലെ അലഹബാദ് ഹൈക്കോടതി വിധി (2020 Salamoth Ansari Case ) നിർവ്വീര്യമാക്കുകയും ചെയ്യുന്നു എന്നതാണല്ലോ ഈ ആരോപണത്തിന്റെ ഉള്ളടക്കം . ഭരണഘടനയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കോടതി പറയുന്നു : പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ ഒരുമിച്ച് ജീവിക്കുന്നതിൽ വ്യക്തിക്കോ മതത്തിനോ ഭരണകൂടത്തിന് തന്നെയോ ഇടപെടാൻ അവകാശമില്ല . ഈ ശാസനയാണത്രെ ബിഷപ് ധിക്കരിച്ചിരിക്കുന്നത് എന്നാണ് വിമർശക ഭാഷ്യം . എന്നാൽ വാസ്തവം എന്താണ് ? ബിഷപ് ഈ സ്വാതന്ത്ര്യം അംഗീകരിക്കുന്നു എന്നത് പ്രസംഗത്തിൽ തന്നെ സൂചനയുണ്ട് . എന്നാൽ അവർ ഏത് പ്രായത്തിൽ പ്രണയത്തിലായി , എങ്ങനെ വിവാഹത്തിലേക്ക് വന്നു , പിന്നീട് എന്ത് സംഭവിക്കുന്നു എന്നീ കാര്യങ്ങളാണ് ബിഷപ്പിനെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങൾ. ഇവിടെ വിശ്വാസ ത്യാഗത്തിന് പെൺകുട്ടികൾ നിർബന്ധിക്കപ്പെടുന്നു , നിരുപാധികം ജീവനാംശം ലഭിക്കാതെ ഉപേക്ഷിക്കപ്പെടുന്നു , ഭീകരവാദ ക്യാംപുകളിൽ എത്തുന്നു എന്നിവയാണ് വിഷയം . ഇതൊന്നും ഭരണഘടനയുടെ 21-ാം വകുപ്പും അലഹബാദ് ഹൈക്കോടതി വിധിയും സാധൂകരിക്കുന്നില്ല.

സഭയിലെ യുവ സമൂഹത്തിന്റെ ഭാവിയെ പറ്റിയുള്ള തന്റെ ഉത്കണ്ഠയാണ് പ്രസംഗത്തിൽ വെളിപ്പെടുന്നത്. തീവ്രവാദികൾ പ്രണയത്തെ മതപരിവർത്തനത്തിനും ഭീകര പ്രവർത്തന ക്യാമ്പുകളിലേക്ക് റിക്രൂട്ട്മെന്റിനും ഉപകരണമാക്കുന്നുവെങ്കിൽ അവിടെ വിശ്വാസികൾ ജാഗ്രത പുലർത്തണമെന്ന് പറയുമ്പോൾ പ്രകടമാകുന്നത് തന്റെ അജപാലന വ്യഗ്രതയാണ്.

പ്രണയത്തിനും വിവാഹത്തിനും എന്തിന് വിശ്വാസ ത്യാഗത്തിനും ഉള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. എന്നാൽ ഇതിനായി പ്രലോഭിപ്പിക്കുവാനും നിർബന്ധിക്കുവാനും നിയമമില്ല. വരുംവരായ്കകൾ ചിന്തിച്ച് പ്രണയത്തിൽ പെടാനുള്ള പ്രായവും മാനസിക വളർച്ചയും വിവേചന ശക്തിയും പ്രാപിക്കാത്ത കുഞ്ഞുങ്ങൾ ഇതിൽ കുരുക്കപ്പെടുന്നുവെങ്കിൽ അതിന് ഭരണഘടന സംരക്ഷണം നൽകുന്നില്ല എന്ന് ഓർക്കണം.

തിരിച്ചറിവാകുന്നതിന് മുമ്പ് തലയൂരാൻ പറ്റാത്ത അവസ്ഥയിൽ എത്തിച്ചേരുന്ന യുവ വിശ്വാസികളെപ്പറ്റി മാതാപിതാക്കൾക്കും ആത്മീക നേതൃത്വത്തിനും ഉള്ള വ്യഥയാണ് പിതാവിന്റെ പ്രസംഗത്തിൽ പ്രകടമാകുന്നത്.

പക്വതയില്ലാത്ത പ്രായത്തിൽ കുഞ്ഞുങ്ങളെ പ്രണയത്തിൽ കുരുക്കുന്നതും വിശ്വാസ ത്യാഗത്തിലേക്കും തീവ്രവാദി ക്യാമ്പുകളിലേക്കും നയിക്കുന്ന തീവ്രവാദി പ്രസ്ഥാനങ്ങൾ ആണല്ലോ നിയമങ്ങൾ അട്ടിമറിക്കുന്നത് . അങ്ങനെയെങ്കിൽ മിശ്ര വിവാഹ – മതപരിവർത്തന സ്വാതന്ത്ര്യം ചോദ്യം ചെയ്യുന്നു എന്ന പേരിൽ എന്തിന് ബിഷപ്പിനെ പ്രതിസ്ഥാനത്ത് നിർത്തണം .മിശ്രവിവാഹത്തിനെതിരെയുള്ളതല്ല ബിഷപ്പിന്റെ പ്രസ്താവന . ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിലുള്ളതിനെക്കാൾ പതിന്മടങ്ങ് വിവാഹം ക്രിസ്ത്യാനികളും ഹിന്ദുക്കളും തമ്മിൽ നടക്കുന്നുണ്ട്. അതിനെ പറ്റി ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും പരാതിയില്ല . ബിഷപ്പിന്റെ ആശങ്ക മുസ്ലീങ്ങളുമായുണ്ടാവുന്ന പ്രണയ വിവാഹങ്ങളിൽ പെടുന്ന ക്രിസ്തീയ പെൺകുട്ടികളുടെ ഭാവി സംബന്‌ധിച്ചാണ്.

ബിഷപ്പ് ഹിന്ദു വർഗ്ഗീയ വാദികളുടെ ക്യാമ്പിൽ സഭയെ എത്തിക്കുകയാണ് എന്ന ആരോപണം വഴി പിതാവിനെ ഒരു രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാക്കുകയാണ്. സഭാ മേലദ്ധ്യക്ഷൻമാർക്ക് ഇഷ്ടമുള്ള ഇടങ്ങളിൽ പറിച്ച് നടാവുന്ന ഒരു സമൂഹമാണ് ക്രൈസ്തവർ എന്ന് ആരും ചിന്തിക്കുമെന്ന് തോന്നുന്നില്ല. നല്ല വിദ്യാഭ്യാസവും പ്രബുദ്ധതയും ഉള്ള വിഭാഗമാണ് കേരളത്തിലെ ക്രൈസ്തവർ. അവർ മത മേലദ്ധ്യക്ഷൻമാർക്ക് യഥേഷ്ടം നയിക്കാവുന്ന വോട്ട് ബാങ്കാണ് എന്ന ചിന്തയ്ക്ക് മറുപടി അർഹിക്കുന്നില്ല. രാഷ്ട്രീയ താത്പര്യങ്ങൾ വച്ച് പുലർത്തുന്ന വ്യക്തിയല്ല ബിഷപ് ജോസഫ് കല്ലറങ്ങാട്ട് എന്ന് അദ്ദേഹത്തെ പരിചയമുള്ളവർക്ക് അറിയാം.

കേരളത്തിൽ ഇസ്ളാമോ ഫോബിയ ക്രിസ്ത്യാനികളിലും ഹിന്ദുക്കളിലും വർദ്ധിക്കുന്നുവെന്നത് ഒരു പൊതു നിരീക്ഷണമാണ്. ഇതിന് കാരണം അന്വേഷിക്കേണ്ടതുണ്ട്. ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ സിറിയ ,ലബനോൻ , ഇറാക്ക് , ഇറാൻ , ലിബിയ , ഈജിപ്ത് തുടങ്ങിയ നാടുകളിൽ മതാന്തരീക്ഷം നിയന്ത്രിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

യൂറോപ്യൻ രാജ്യങ്ങളിൽ പോലും തീവ്രവാദ , ഭീകര പ്രവർത്തനങ്ങൾ നടക്കുന്നു. നാടിന്റെ സംസ്ക്കാരവും വ്യക്തിയുടെ സ്വാതന്ത്ര്യവും സ്ത്രീകളുടെ വ്യക്തിത്വവും ഇതര വിശ്വാസ സമൂഹങ്ങളുടെ നിലനില്പും ചോദ്യം ചെയ്യപ്പെടുന്നു. ഈ പ്രവണതയ്ക്കെതിരെ ഇസ്ലാം സമൂഹം ശക്തമായ നിലപാടുകൾ എടുക്കാത്ത സാഹചര്യത്തിൽ ഇസ്ലാം തന്നെ ഭീകര പ്രസ്ഥാനം എന്ന ദുഷ് പേരിന് പാത്രമാകുന്നു എന്നതാണ് വാസ്തവം. അതുകൊണ്ട് ഇസ്ലാം മതം തീവ്രവാദ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നില്ക്കുക കൊണ്ടായില്ല . അതിനെതിരെ ശക്തമായി രംഗത്ത് വരേണ്ട സന്ദർഭവും കൂടിയാണ്. ഇത് നടക്കാതിരിക്കുകയും കേരളത്തിൽ മുസ്ലിം ജനസംഖ്യ നിരക്കിൽ കാര്യമായ വർദ്ധനവ് വരികയും ചെയ്യുന്ന സാഹചര്യത്തിൽ ഇസ്ലാമോ ഫോബിയ ശക്തമാകുന്നത് സ്വാഭാവികമാണ് .

ഈ യാഥാർത്ഥ്യം മുസ്ലിം സമുദായം മനസ്സിലാക്കണം. സമൂഹമനസ്സിൽ ആര് മൂലം ഭയം സൃഷ്ടിക്കപ്പെടുന്നുവോ അത് മാറ്റിയെടുക്കുവാൻ മുൻകൈ എടുക്കേണ്ടതും ആ വിഭാഗമാണ്. അതുകൊണ്ട് ക്രൈസ്തവ – ഹിന്ദു മനസ്സുകളിൽ നിന്ന് ഭയവും തങ്ങളുടെ സമൂഹത്തിൽ തീവ്രവാദികൾ മൂലം സൃഷ്ടിക്കപ്പെട്ട ദുഷ്പേരും മാറ്റിയെടുക്കുന്നതിന് മുമ്പിട്ടിറങ്ങേണ്ടത് മുസ്ലീം സമുദായ നേതൃത്വമാണ്. ഭീതിയുടെ അടിസ്ഥാനം വസ്തുതാപരം (factual) ആകണം എന്ന് നിർബന്ധമില്ല. അതുകൊണ്ട് അത് മാറ്റിയെടുക്കുവാൻ കമ്മീഷനെ വെച്ചതു കൊണ്ടും ആവില്ല. അത് മാറണമെങ്കിൽ ബന്ധപ്പെട്ട കക്ഷികൾ കൂട്ടായി അന്വേഷണം നടത്തുകയും പരസ്പര വിശ്വാസ്യത നേടാൻ ശ്രമിക്കുകയും ചെയ്യണം . ഈ പ്രക്രിയയ്ക്ക് തുടക്കം കുറിക്കാതെ മറ്റ് മാർഗ്ഗമില്ല.

ഖാലിഫ് ഒമറാണ് യെരുശലേം പിടിച്ചെടുത്തത്. ഒരിക്കൽ നമസ്ക്കാരസമയത്ത് അദ്ദേഹം ഉണ്ടായിരുന്നത് ക്രിസ്തുവിന്റെ കബറിടപള്ളി ( Cathedral of Holy Sepulchre) യിൽ ആയിരുന്നു. പള്ളി അധികാരികൾ അദ്ദേഹത്തിന് നമസ്ക്കാരത്തിന് ആ ദേവാലയം തുറന്നു കൊടുക്കാൻ തയ്യാറായി. . ഉടൻ ഖാലിഫ് അതു വിലക്കി . അദ്ദേഹം പറഞ്ഞു: ഞാനിതിൽ പ്രാർത്ഥിച്ചാൽ എന്റെ പിൻഗാമികൾ ഇത് ഖാലിഫ് ഒമർ പ്രാർത്ഥിച്ച പള്ളിയാണ് എന്ന് പറഞ്ഞ് പള്ളിയുടെ അവകാശം സ്ഥാപിക്കാൻ ശ്രമിക്കും. അതുകൊണ്ട് അദ്ദേഹം പള്ളിക്ക് പുറത്ത് നമസ്കാരം നടത്തി. തന്റെ വിശ്വാസ സമൂഹത്തിൽ ചിലർ എപ്രകാരം ഭാവിയിൽ പ്രവർത്തിക്കും എന്ന് ദൂരക്കാഴ്ചയോടെ അദ്ദേഹം എടുത്ത നടപടി ആയിരുന്നു ഇതെന്ന് മുൻ രാഷ്ട്രപതി അബ്ദുൾ കലാം ‘വഴി വെളിച്ചങ്ങൾ ‘ എന്ന തന്റെ പുസ്തകത്തിൽ പറയുന്നു . മറ്റുള്ളവരിൽ ഭീതിയുണ്ടാകാതിരിക്കാൻ അദ്ദേഹത്തെ പോലുള്ള മഹാന്മാർ കാണിച്ച മാതൃക ഉയർത്തിക്കാണിക്കുന്നതിന് സാധ്യമാകുമ്പോൾ ഇവിടത്തെ അന്തരീക്ഷം ശാന്തമാകും. ഇത്തരം മാതൃകകൾ ഇല്ലാതാകുന്നതാണ് പ്രശ്നം. ബൈസന്റയിൻ ശില്പകലയുടെ ഏറ്റവും വലിയ സ്മാരകമായ ഇസ്താംബൂളിലെ വിശ്വപ്രസിദ്ധമായ ക്രൈസ്തവ ദേവാലയമായിരുന്ന ” ഹഗിയ സോഫിയ ” 2020 ജൂലൈയിൽ തുർക്കി ഭരണകൂടം മുസ്ലീം മോസ്കാക്കി പരിവർത്തനപ്പെടുത്തുകയുണ്ടായി . അതിനെ കേരളത്തിലെ മുസ്ലീം സമുദായ നേതാക്കൾ ന്യായീകരിച്ചപ്പോൾ ഖാലിഫ് ഒമറിന്റെ നിലപാട് വിസ്മരിച്ചത് പോലെ തോന്നി .

യാഥാർത്ഥ്യങ്ങൾ മറച്ചുവെയ്ക്കാനാവില്ല. അവ അഭിസംബോധന ചെയ്യപ്പെടണം. കഴിഞ്ഞ കാലങ്ങളായി കേരളത്തിൽ ശക്തമായി പ്രവർത്തിക്കുന്ന ഇസ്ളാമിക മൗലികവാദി ഗ്രൂപ്പുകളുടെ സാന്നിധ്യം നിഷേധിക്കാനാവില്ല. അവരാണ് കേരളത്തിലെ ഇസ്ലാം സമൂഹത്തിന് ദുഷ് പേര് വരുത്തുന്നത്. ഇസ്ലാമിക ഭരണം സ്വപ്നം കണ്ടും ലക്ഷ്യമിട്ടുമാണ് ഈ ഗ്രൂപ്പുകളുടെ പ്രവർത്തനം.

ഹമീദ് ചേന്ദമംഗലൂരിന്റെ നിരീക്ഷണം ശ്രദ്ധിക്കുക: വർഗീയ മതവികാരം ആളിക്കത്തിക്കുന്ന മുദ്രാവാക്യങ്ങളും പ്രമേയങ്ങളും കേരളത്തിൽ ആദ്യം ഉയർത്തിയത് ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റുകൾ ആണ് ( മലയാളം വാരിക, ജൂൺ 21). അദ്ദേഹം തുടർന്ന് പറയുന്നു: പുറത്ത് നടക്കുന്ന ഇസ്ലാമിസ്റ്റുകളുടെ കൊടുംപാതകങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്യുവാൻ കേരളത്തിലെ മലയാളം പത്രങ്ങളും വാർത്താ മാധ്യമങ്ങളും തയ്യാറാവുന്നില്ല . വർഗീയതയും മതഭരണ വാദവും ഇവരുടെ പ്രധാന കാര്യപരിപാടിയാണ്. ഹമീദിന്റെ ഈ നിരീക്ഷണം നാട്ടിലെ മുസ്ലീം സമുദായം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് . ഈ മൗലികവാദികൾ ഉന്നയിക്കുന്ന ഉഗ്രവാദ ആശയങ്ങളും അപരത്വ ചിന്തയും അന്യതാബോധവും മുസ്ലീം സമുദായത്തിൽ സൃഷ്ടിച്ചാണ് ആസൂത്രിതമായി വർഗ്ഗീയത പരത്തുവാൻ ശ്രമിക്കുന്നത്. ഇതാണ് മറ്റ് സമുദായങ്ങളിൽ ഭീതി സൃഷ്ടിക്കുന്ന പ്രധാന ഘടകം. ഈ ആശങ്ക ഇതര മതങ്ങളിൽ വർദ്ധിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് സമാധാനം ആഗ്രഹിക്കുന്ന ഭൂരിപക്ഷ മുസ്ലീങ്ങളാണ്. ഈ ആശങ്കയാണ് ബിഷപ്പിന്റെ പ്രസംഗത്തിൽ അനാവരണം ചെയ്തത്. ഇത് മാറ്റിയെടുക്കാൻ മുസ്ലീം സമുദായത്തിനേ സാധിക്കൂ.

മതങ്ങൾ തമ്മിലുള്ള സൗഹൃദം വളരുന്നതിനുള്ള ശ്രമവും സഹകരണവും ഇസ്ലാമിൽ നിന്ന് മാത്രം ഉണ്ടായാൽ മതി എന്ന് ആരും ധരിക്കരുത്. ഹൈന്ദവ വിശ്വാസികളെ മതപരമായി ചൂഷണം നടത്തി രാഷ്ട്രീയമായി മുതലെടുപ്പ് നടത്തി വർഗ്ഗീയത വളർത്തുന്നത് ആർക്കും കണ്ണടയ്ക്കാനാവില്ല.

കഴിഞ്ഞ കാലങ്ങളിൽ ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള ധന വിതരണം സംബന്ധിച്ചുണ്ടായ ചർച്ചകളിൽ ക്രിസ്ത്യാനികൾ മിതത്വം പാലിച്ചു എന്ന് എനിക്ക് അഭിപ്രായമില്ല. ആ പ്രതികരണം വർഗ്ഗീയത വർദ്ധിപ്പിക്കുന്നതിനേ സഹായമായുള്ളൂ. ‘ ഈശോ’ എന്ന ചലച്ചിത്രത്തിന്റെ പേരിൽ സഭകളിൽ നിന്നുണ്ടായ പ്രതികരണവും തികച്ചും അനാവശ്യമായിരുന്നു .

വർഗീയത വളരാതിരിക്കുവാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട് .
ഈ മത തീവ്രത വളർത്തുന്ന പരിസരത്തിൽ മതത്തിന്റെ വേലിക്കെട്ടുകൾക്ക് ഉപരി മതനിരപേക്ഷതയുടെയും സഹവർത്തിത്വത്തിന്റെയും മനുഷ്യത്വത്തിന്റെയും അന്തരീക്ഷ പുന:സൃഷ്ടിയിലൂടെ സൗഹൃദം രൂപപ്പെടുത്തുവാൻ ശക്തമായ പ്രവർത്തനം തുടങ്ങേണ്ട സമയമാണ്. അതിന് ആരോപണങ്ങൾ നിഷേധിക്കുകയോ ആരോപണം ഉന്നയിച്ചവരെ കടന്നാക്രമിക്കുകയോ അല്ല പ്രത്യുത അതിൽ വസ്തുതയുണ്ടോ എന്ന് സ്വയം ചിന്തിക്കുകയും ആരോപണം നടത്തിയവരുമായി ചേർന്ന് വിഷയം പഠിക്കുവാൻ കൂട്ടന്വേഷണം നടത്താൻ തയ്യാറാവുകയും ആണ് വേണ്ടത്.

നീതി പൂർണവും ബഹുസ്വരത ഉൾക്കൊള്ളുന്നതും പരസ്പരാദരവുള്ളതുമായി കേരള സമൂഹത്തെ ഒന്നായി രൂപപ്പെടുത്താൻ തുറന്ന മനസ്സ് എല്ലാവരിൽ നിന്നും ഉണ്ടാകേണ്ടതാണ്. മനുഷ്യനെയും മനുഷ്യത്വത്തെയും അവഗണിച്ച് നൈതികത നിരാകരിക്കുന്ന തീവ്ര സിദ്ധാന്തങ്ങൾക്കും പ്രവണതകൾക്കും എതിരെയുള്ള ചെറുത്ത് നില്പ് ഇതര സമൂഹങ്ങളിൽ നിന്നും ഉണ്ടാകുന്നതുവരെ കാത്ത് നില്ക്കാതെ മുളയിലെ കൂമ്പ് നുള്ളുവാൻ ശ്രമിക്കുകയാണ് വേണ്ടത് . മറ്റ് സമൂഹങ്ങളിൽ നിന്നും ഉയരുന്ന വിമർശനങ്ങൾ പ്രതിരോധിക്കുവാൻ ശ്രമിക്കുന്നതിന് മുമ്പ് ആത്മ വിമർശനം നടത്തുകയും സംയുക്തമായി പ്രശ്ന പരിഹാരത്തിന് ഒരുങ്ങുകയുമാണ് അഭികാമ്യം. ഒപ്പം തന്നെ , ഓരോ മത സമൂഹത്തിന്റെയും ആചാര-അനുഷ്ഠാന – സംസ്ക്കാരങ്ങൾ നിയമത്തിനും പൊതു സമൂഹത്തിനും ഭീഷണിയും വിരുദ്ധവും ആകാത്തിടത്തോളം കാലം അവ സംരക്ഷിക്കപ്പെടുവാനുള്ള സഹിഷ്ണുത മറ്റ് സമൂഹങ്ങൾ പ്രകടിപ്പിക്കുകയും ചെയ്താൽ സംഭവിച്ച ഇടർച്ചകൾക്ക് പരിഹാരമാകും എന്ന് തോന്നുന്നു. അങ്ങനെ നഷ്ടപ്പെടുന്ന സൗഹ്യദം വീണ്ടെടുക്കുകയാണ് കാലത്തിന്റെ ആവശ്യം.

സസ്നേഹം നിങ്ങളുടെ


അത്താനാസിയോസ് തോമസ്
മെത്രാപ്പോലീത്ത.

https://www.facebook.com/drathanasiusthomas


നിങ്ങൾ വിട്ടുപോയത്