അന്യരായി മാറുന്ന വാർദ്ധക്യം
സത്യൻ അന്തിക്കാടിന്റെ fb പോസ്റ്റിൽ എഴുതിയിരുന്നു ക്യാമറാമാൻ വേണു പറയാറുണ്ട്
‘ മരണത്തെ നമ്മൾ പേടിക്കേണ്ടതില്ല. സമയമാകുമ്പോൾ അതങ്ങ് സംഭവിച്ചോളും. പേടിക്കേണ്ടത് വാർധക്യത്തെയാണ് ‘ എന്ന്.
എത്ര ശരിയാണല്ലേ ? എല്ലാറ്റിനും പരസഹായം ആവശ്യമായി വരുന്നൊരു വാർദ്ധക്യാവസ്ഥ ചിന്തകളിൽ പോലും കോരി നിറയ്ക്കുന്നത് വല്ലാത്തൊരു പേടി തന്നെയാണ് . കാരണം സ്വന്തം വീടുകളിൽ അന്യരായി മാറുന്ന വാർദ്ധക്യം ചുറ്റിനും കാണാറുണ്ട് നമ്മൾ
വൃദ്ധസദനങ്ങളിൽ സ്വന്തം മാതാപിതാക്കളെ കൈയൊഴിയുന്നവരെ പറ്റി ഘോരഘോരം പ്രസംഗിക്കാറുണ്ട് നമ്മൾ . പക്ഷെ സംരക്ഷിക്കപ്പെടുന്നിടത്തു തന്നെ അന്യരായി മാറിക്കൊണ്ടിരിക്കുന്ന വാര്ധക്യങ്ങളും ഉണ്ട് .
ഈ സംരക്ഷണം എന്നാൽ എന്തൊക്കെയാണ്
ഉൾക്കൊണ്ടിട്ടുള്ളത് ?
ഞങ്ങൾ ഒരുസ്ഥലത്തു വാടകക്ക് താമസിക്കുമ്പോൾ
നേരെ എതിർ വശത്തു ഒരു വലിയ രണ്ടുനിലക്കെട്ടിടം ആണ് ഉണ്ടായിരുന്നത് . എന്നും രാവിലെ ഒരു പ്രായമായ ഭാര്യയും ഭർത്താവും കാർപോർച്ചി ന്റെ ഒരുഭാഗത്തു ഇട്ടിരിക്കുന്ന ബെഞ്ചിൽ വന്നിരിക്കും . അവിടേക്കു ഒരു സ്ത്രീ പ്ലേറ്റിലാക്കി പ്രഭാത ഭക്ഷണവും ഉച്ചയൂണും രാത്രി ഭക്ഷണവുമൊക്കെ കൊണ്ടുവന്നു കൊടുക്കുന്നത് കാണാം . കുളിയൊക്കെ റോഡിലൂടെ പോകുന്ന ആർക്കും കാണാവുന്ന കാര്പോര്ച്ചിലെ പൈപ്പിൻ ചുവട്ടിൽ തന്നെ . ഭർത്താവ് ആണ് അവരുടെ രണ്ടാളുടെയും വസ്ത്രങ്ങൾ തിരുമ്പി തോരാനിടുന്നത് .
ഭാര്യക്ക് പ്രായത്തിന്റെ അവശതകൾ ഉണ്ട് .
രാത്രിയായാൽ കാർപോർച്ചിനോട് ചേർ ന്നുള്ള ഒരു മുറിയിലേക്ക് കയറിപ്പോകുന്നത് കാണാം
തൊട്ടടുത്ത് തന്നെഒരു കടയുണ്ട് . സോപ്പ് വാങ്ങാൻ ആ പ്രായമായ ഭർത്താവ് റോഡിലേക്ക് ഇറങ്ങുന്നത് കണ്ടാൽ ഞങ്ങളടക്കം ആരെങ്കിലുമൊക്കെ അവർക്കു സോപ്പോ വേറെ വേണ്ടതെന്തെങ്കിലും ഉണ്ടെങ്കിൽ അത് മേടിച്ചു നൽകാറുണ്ട് . വീട്ടിനുള്ളിൽ മകനും ഭാര്യയും ഉള്ളപ്പോഴുള്ള അവസ്ഥയാണിത്
ദീപാവലി ആകുമ്പോൾ കാണാം മരുമകൾ ജോലിക്കാരിയേയും കൂടിവന്നു അമ്മയെ എണ്ണതേപ്പിച്ചു കുളിപ്പിച്ച് കുങ്കുമം തൊടീച്ചു പട്ടുസാരിയൊക്കെ ഉടുപ്പിച്ചു പൂവ് ചൂടിച്ചു രണ്ടുപേർക്കും വിഭവസമൃദ്ധമായ ഭക്ഷണം കൊടുക്കുന്നത് . അതും കാർ പോർച്ചി ന്റെ ഒരുഭാഗത്തു തന്നെയാണ് . പക്ഷെ അന്ന് വിവാഹിത യായി പോയ കൊച്ചുമകളും പഠിക്കാൻ പോയ കൊച്ചുമകനും അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്തിരുന്നു സംസാരിക്കുന്നതൊക്കെ കാണാം .
ഈ വൃദ്ധ ദമ്പതികൾ തേനിയിൽ വലിയ ഭൂസ്വത്തൊക്കെ ഉണ്ടായിരുന്നവരാണത്രെ
പ്രായമായപ്പോൾ അവരെ തനിയെ ആക്കുന്നത് ശരിയല്ലല്ലോ അതുകൊണ്ടു സംരക്ഷിക്കാൻ കൊണ്ടുവന്നതാണ് എന്നാണു മകന്റെ ഭാഷ്യം
എന്തോ വലിയ കാര്യം ചെയ്തതുപോലെ.
മക്കളുണ്ടായിട്ടും സ്വന്തം വീട്ടിൽ അന്യരായി പോകുന്നഈ ഒരവസ്ഥ എത്രയോ മാതാപിതാക്കൾ അനുഭവിക്കുന്നുണ്ട് .
വൃദ്ധസദനങ്ങളിൽ കൈയൊഴിയുന്നതിനൊപ്പമോ അല്ലെങ്കിൽ അതിനേക്കാളുപരിയോ വേദനയുണ്ടാക്കുന്ന ഒരവസ്ഥയാണ് സ്വന്തം വീടുകളിലും മക്കളുടെ ഇടയിലും അന്യരായി മാറുന്നത്
ഒരു രാത്രി ഡ്രൈവ് നു അമ്മയേയും കൊണ്ടുപോയപ്പോൾ അമ്മയുടെ കണ്ണിലും മുഖത്തും കണ്ട തിളക്കമാണ് ‘മനസ്സിനക്കരെ ‘ എന്ന സിനിമയുണ്ടാകാൻ കാരണമായതെന്ന് സത്യൻ അന്തിക്കാട് ഒരിക്കൽ പറയുകയുണ്ടായി .
എത്ര ചെറിയ ചെറിയ ആഗ്രഹങ്ങൾ ആകും വൃദ്ധമനസ്സുകളിൽ ഉണ്ടാവുക . അവർക്കു ആ ആഗ്രഹങ്ങൾ വലുതാകാം പക്ഷെ മക്കളെ കൊണ്ട് നിസ്സാരമായി സാധിച്ചുകൊടുക്കാവുന്നതാകും മാതാപിതാക്കളുടെ ആ ആഗ്രഹങ്ങൾ .
ഇടയ്ക്കൊന്നു പുറത്തേക്കു കൂട്ടിക്കൊണ്ടുപോവുക
എവിടേക്കു പോകാനാണ് ആഗ്രഹമെന്ന് ഇടയ്ക്കൊന്നു അന്വേഷിക്കുക അവരുടെ അടുത്തിരുന്നു പതിവായി കുറച്ചുനേരം സംസാരിക്കുക രണ്ടുകൂട്ടർക്കും ഇഷ്ടമുള്ളതും പൊതുവായതും ആയ വിഷയങ്ങളെക്കുറിച്ചും സുഹൃത്തുക്കളെ കുറിച്ചു മൊക്കെയാകാം സംസാരം പഴയകാലത്തെ നല്ല നല്ല ഓർമ്മകളിലേക്കൊന്നു കൈപിടിച്ച് കൂടെ കൂട്ടുകയും ആവാം പറ്റുന്ന വീട്ടുകാര്യങ്ങളിലൊക്കെ ഒന്ന് പങ്കെടുപ്പിച്ചാൽ അഭിപ്രായം ചോദിച്ചാൽ അവർക്കതു വലിയ സന്തോഷത്തിനു കാരണമാകും .
കൊച്ചുമക്കളുമായി ഇടപഴകാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് പലരും . അതിനുള്ള അവസരങ്ങൾ നിഷേധിക്കാതിരിക്കുക . കഴിഞ്ഞയാഴ്ച ഒരുപ്രായമായ ലേഡിയുടെ വിഡിയോയിൽ കണ്ടു അമ്മൂമ്മയുടെ കൂടെ ഇടപഴകി മലയാളം പറഞ്ഞു പഠിച്ചാൽ ഇംഗ്ലീഷ് ആക്സന്റ് മോശമാകുമെന്ന കാരണം പറഞ്ഞു കൊച്ചുമക്കളെ കാണാൻഅനുവദിക്കുന്നില്ലെന്ന്
ചെറുപ്പകാലത്തെ ഉത്തരവാദിത്വങ്ങൾ തലയിലേറ്റിയതുകൊണ്ടു മാറ്റി വെച്ച കുറച്ചു ഇഷ്ടങ്ങൾ ആഗ്രഹങ്ങൾ ഒക്കെ കണ്ടേക്കാം ചിലരിലെങ്കിലും .
ഇഷ്ടമുള്ള ഇടങ്ങളിൽ വ്യാപരിക്കാൻ പറ്റുന്ന അവരുടെ ആഗ്രഹങ്ങൾ പൂർത്തീകരിച്ചു കൊടുക്കാൻ പറ്റുന്നതാണെങ്കിൽ അതിനു വേണ്ട സൗകര്യങ്ങളൊരുക്കി കൊടുക്കുക .
ഇതൊക്കെ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്ന കാര്യങ്ങളാണ് .
ജോലിക്കു പോകുന്നതുകൊണ്ടു ഒന്നിനും സമയം മതിയാകുന്നില്ല എന്നൊരു ഒഴിവുകഴിവു പലരും പറയുന്നത് കേൾക്കാം. എന്റെ അമ്മ പറയുമായിരുന്നു സമയമൊക്കെ നമ്മളുണ്ടാക്കിയാൽ ഉണ്ടാവുന്നതേ ഉള്ളൂ എന്ന് . ഇഷ്ടമുള്ള ഏതിനൊക്കെ സമയം കണ്ടെത്തുന്നുണ്ട് നമ്മൾ . അപ്പോൾ സമയമില്ലായ്മയല്ല പ്രയോറിറ്റി ആണ് മുഖ്യം .
സമയാസമയങ്ങളിലെ ഭക്ഷണവും താമസിക്കാനൊരു വീടും മാത്രമല്ല സംരക്ഷണത്തിൽ വരുന്നത് . അവരുടെ മനസ്സറിയുക എന്നതുകൂടിയുണ്ട് . അവനവനു വേണ്ടിക്കൂടി ജീവിക്കുന്ന ഇന്നത്തെ തലമുറയിൽ നിന്ന് തുലോം വ്യത്യസ്ഥരാണ് പഴയ തലമുറ . അവർക്കായി അവർ ജീവിച്ചിട്ടേ ഉണ്ടാകില്ല
അവർ അവരുടെ ആഗ്രഹങ്ങൾ പറയണമെന്നുമില്ല
ഓ ഇനിയിപ്പോൾ അതൊക്കെ എന്തിനാണ് എന്റെ കാലം കഴിയാറായില്ലേ എന്ന് ചിന്തിക്കുന്നവരും പറയുന്നവരും ഉണ്ട് .
അതിൽനിന്നവരെ മാറി ചിന്തിപ്പിച്ചു കൂടെ കൂട്ടൂ . സ്വന്തം മക്കൾക്കായി ഇന്നുള്ളവർ ജീവിക്കുന്നതുപോലെ അത്രപോലും സൗകര്യമില്ലായ്മയിൽ ആകാം മുൻതലമുറ മക്കളെ ഊട്ടിവളർത്തി ആളാക്കിയത് .
വാർദ്ധക്യം ഒരു ജീവിതാവസ്ഥയാണ് .
ആ അവസ്ഥയിൽ അവഗണന അല്ല
പരിഗണന തന്നെയാണ് ആവശ്യം .
ചിത്രം വരച്ചത് Deepthi Jayan
Usha Menon Meleparambottil