*ഈശോയുടെ അജ്ന സന്തോഷത്തോടെ ഏറ്റെടുത്തപോലെയുള്ള സഹനം ഏറ്റെടുക്കുവാനുള്ള കൃപ എനിക്കില്ല. ആത്മാക്കളുടെ രക്ഷയ്ക്കായി എനിക്കേറ്റെടുക്കുവാൻ പറ്റിയ ‘ചെറിയ’ സഹനങ്ങൾ തരാനുണ്ടോ ഈശോയേ..?*

ഒരുവശത്തെ കവിളും കണ്ണും മൂക്കും കാതും കാൻസർ രോഗം വേദനിപ്പിച്ച് കാർന്നുതിന്നപ്പോഴും അതെല്ലാം ഈശോയ്ക്കു സമർപ്പിച്ച്, ഈശോയോട് സംസാരിച്ചുകൊണ്ടിരുന്ന അജ്ന ജോർജിനെ നമുക്കറിയാം. സഹനങ്ങൾ ചോദിച്ചുമേടിച്ച്, ഈശോയ്ക്കുവേണ്ടി നിരവധി ആത്മാക്കളെ നേടിയെടുത്ത വി.അൽഫോൻസാമ്മ, വി.ഫൗസ്റ്റീന തുടങ്ങിയ വിശുദ്ധരെയും നമുക്കറിയാം. കൃപയ്ക്കുമേൽ കൃപ ലഭിച്ചവർക്കല്ലാതെ, എല്ലാവർക്കും സാധിക്കുന്ന കാര്യമല്ലത്. എന്നാൽ നിത്യജീവിതത്തിൽ നമ്മിലൂടെ സംഭവിക്കുന്ന, നിസ്സാരകാര്യങ്ങളായി തള്ളിക്കളയുന്ന പലതും ആത്മാക്കളെ നേടുവാൻ സാധിക്കുന്ന അമൂല്ല്യനിധികളാണെന്ന്‌ നാം മനസ്സിലാക്കുന്നില്ല…!!

*പാഴായി പോകുന്ന നമ്മുടെ സഹനങ്ങൾ..!!!*

▫️
▫️
▫️
▫️
▫️
▫️
▫️
▫️
▫️

ചെറിയ സഹനങ്ങളിലെ വലിയമുത്തുകൾ..

.മനസ്സിലാകുവാൻവേണ്ടി മനസ്സിൽതോന്നിയ കുറച്ചുദാഹരണങ്ങൾ

:1.) നിങ്ങൾ സ്വയം വണ്ടിയോടിക്കുന്ന ഒരു വ്യക്തി ആണെന്നിരിക്കട്ടെ. മറ്റൊരു വണ്ടിക്കു പോകാനോ, വഴിയാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കുവാനോ സ്വന്തം വണ്ടി നിർത്തികൊടുക്കുമ്പോൾ, ആ പ്രവൃത്തി ആത്മാക്കളുടെ രക്ഷയ്ക്കായി സ്വീകരിക്കണമേയെന്ന് ഈശോയോട് മനസ്സിൽ പറയുവാൻ സാധിക്കില്ലേ?

2.) നിങ്ങൾ ബസ്സിൽ യാത്ര ചെയ്യുന്നവരാണെങ്കിൽ, മറ്റൊരാൾക്കുവേണ്ടി സീറ്റ് ഒഴിഞ്ഞുകൊടുത്ത് നിൽക്കുമ്പോൾ, ആ ‘കൊച്ചുസഹനം’ ഈ ലോകത്തിലെ ആത്മാക്കളുടെ രക്ഷയ്ക്കായും ശുദ്ധീകരണാത്മാക്കളുടെ മോചനത്തിനായും നമുക്ക് സമർപ്പിക്കാമല്ലോ.

3.) നിങ്ങൾ ദീർഘദൂര യാത്ര നടത്തുമ്പോൾ (ബസ്, ട്രെയിൻ, വിമാനം തുടങ്ങിയവയിൽ) ബോറടി മാറ്റുവാനായി സിനിമ കാണുകയോസോഷ്യൽ മീഡിയയിലൂടെ സഞ്ചരിക്കുന്നവരോ ആകാം. ഇത്തരം കാര്യങ്ങൾ ബോധപൂർവം വേണ്ടെന്നുവെച്ച്, ആ ‘ബോറടിസഹനം’ ആത്മാക്കളുടെ മോചനത്തിനായി സമർപ്പിച്ചാലോ..?

4.) വിദ്യാർത്ഥികൾ പഠനകാര്യങ്ങളിൽ മറ്റുള്ളവരെ സഹായിക്കുമ്പോഴും, ജോലി ചെയ്യുന്നവർ സഹപ്രവർത്തകരെ സന്തോഷത്തോടെ സഹായിക്കുമ്പോഴും ജോലിയിലെ അമിതഭാരവും ചിലപ്പോൾ അമിതസമയം ജോലിചെയ്യേണ്ടി വരുമ്പോഴും നമ്മുടെ കൊച്ചുസഹനങ്ങൾ പാഴായിപ്പോകാതെ ഉപയോഗിക്കാം.

5.) നിങ്ങൾ ഒരു ട്രാഫിക്കിൽ പെട്ടുപോയാൽ, അതിനെച്ചൊല്ലി പിറുപിറുത്തുകൊണ്ടിരിക്കാതെ, ആ സമയനഷ്ടത്തെ ആത്മാക്കളുടെ മോചനത്തിനായി സമർപ്പിച്ച് ലാഭമാക്കി മാറ്റുവാൻ നമുക്ക് സാധിക്കും. (എത്ര പിറുപിറുത്താലും ഒച്ചവച്ചാലും നിങ്ങളുടെ യാത്രയുടെ സ്പീഡ്, ട്രാഫിക്കിൽ കൂടില്ല എന്നതും മറ്റൊരു സത്യം..!!)

6.) ശമ്പളമോ പ്രതിഫലമോ പ്രതീക്ഷിക്കാതെ, നേരം പുലരുംമുമ്പ് വീട്ടുജോലി തുടങ്ങുന്ന വീട്ടമ്മമാർക്ക്‌, പാത്രം കഴുകുന്നതടക്കമുള്ള എത്രയോ കാര്യങ്ങളാണ് ഈ രീതിയിൽ സമർപ്പിക്കുവാൻ സാധിക്കുന്നത്..!!

7.) ഓരോ പുണ്യപ്രവൃത്തികളും ചെയ്യുമ്പോഴും, അവയെല്ലാം ആത്മാക്കൾക്കുവേണ്ടി സമർപ്പിക്കുവാൻ ഏവർക്കും സാധിക്കും.

ഓർക്കുക..ഈശോയ്ക്കുവേണ്ടത് എന്റെയും നിന്റെയും ലോകം മുഴുവനിലെയും സകലമർത്യരുടെയും ആത്‌മരക്ഷയാണ്; ഒരാൾപ്പോലും നിത്യനരകത്തിൽപോകാതെ, ഓരോ വ്യക്തിയുടെയും മാനസാന്തരമാണ്. അതോടൊപ്പം ശുദ്ധീകരണസ്ഥലത്തായിരിക്കുന്ന ആത്മാക്കളുടെ പെട്ടെന്നുള്ള മോചനമാണ്. ഈശോയ്ക്കുവേണ്ടി ഈ കാര്യങ്ങൾ നേടുവാനുള്ള സാഹചര്യങ്ങൾ ദിനംപ്രതി ദൈവം നമ്മുടെ മുൻപിൽ തരുന്നുണ്ടെന്ന് മുകളിൽ സൂചിപ്പിച്ച വളരെക്കുറച്ച് ഉദാഹരണങ്ങളിൽനിന്നും മനസ്സിലാക്കുവാൻ സാധിക്കുമല്ലോ. ആയിരക്കണക്കിന് കാര്യങ്ങൾ ഇനിയുമുണ്ടാകും. *ഓരോ ചെറിയ ആശയടക്കവും ഓരോ ചെറിയ സഹനങ്ങളാണ്.* ഒന്നും പാഴാക്കിക്കളയരുതെന്നുമാത്രം.

കുരിശിലെ വേദന നമുക്ക് സഹിക്കാൻ പറ്റില്ലായിരിക്കാം. എന്നാൽ കാൽ ചെറുതായൊന്നു മുട്ടിയാലോ, ചെറിയ തലവേദന വന്നാലോ ആ ചെറിയ വേദന ആത്മാക്കളുടെ മോചനത്തിനായി സമർപ്പിക്കാമല്ലോ..അമ്മത്രേസ്യ പുണ്യവതി നിരവധി ആത്മാക്കളെ ശുദ്ധീകരണസ്ഥലത്തുനിന്നും മോചിപ്പിച്ച പ്രവൃത്തി പലരും കേട്ടിട്ടുണ്ടാകും. മറ്റു കന്യാസ്ത്രീകൾ ഇട്ടിരുന്ന ചപ്പുചവറുകൾ ദിവസേന ആ പുണ്യവതി പരാതിയില്ലാതെ വൃത്തിയാക്കി. ഇതിനുപകരമായി ശുദ്ധീകരാത്മാക്കളെ മോചിപ്പിക്കണമെന്ന് പുണ്യവതി ഈശോയോട് ആവശ്യപ്പെട്ടു. നൂറുകണക്കിന് ആത്മാക്കളെയാണ് ഈ ‘നിസ്സാരപ്രവൃത്തി’ വഴി പുണ്യവതി മോചിപ്പിച്ചത്..!!!

ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് മദർ തെരേസയ്‌ക്ക്‌ ഇഷ്ടമായിരുന്നില്ല. എങ്കിലും മറ്റുള്ളവരുടെ അഭ്യർത്ഥന മാനിച്ച് അവരുടെ സന്തോഷത്തിനുവേണ്ടി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ആ കൊച്ചുസഹനത്തെ ആത്മാക്കളുടെ രക്ഷയ്ക്കായി മദർ സമർപ്പിക്കുമായിരുന്നു..!!

ആത്മാക്കളെ നേടുവാൻ അജ്നയെപ്പോലെയോ അൽഫോൻസാമ്മയെപ്പോലെയോ വലിയ സഹനങ്ങൾ ഏറ്റെടുക്കണമെന്ന് നിർബന്ധമില്ല. ഓരോ ദിവസവും നമ്മുടെ മുൻപിൽ ദൈവം അറിഞ്ഞുതരുന്ന നിസ്സാര കാര്യങ്ങളെ പാഴാക്കിക്കളയാതെ ആത്‌മീയമായി ഉപയോഗിച്ചാൽ മാത്രം മതിയാകും. അതോടൊപ്പം ഈശോയോട് ചേർന്നുനിന്ന് കൂടുതൽ ആത്മാക്കളെ നേടുവാൻ, വിശുദ്ധിയുള്ള ജീവിതത്തിനായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യാം.ദൈവനാമം മഹത്വപ്പെടട്ടെ.

.ആമേൻ

(റെനിറ്റ് അലക്സ്)

▫️
▫️
▫️
▫️
▫️
▫️
▫️
▫️
▫️