ഇന്ന് വി. വലന്റൈൻസ് ഡേ അഥവാ ദമ്പതിദിനം

കാമദേവനെ മദനോത്സവത്തിലൂടെ പുനഃ:സൃഷ്ടിക്കാൻ വെമ്പുകയാണ് ഇന്നത്തെ തരളിത ന്യൂജെൻവികാരജീവികൾ. ഇക്കൂട്ടർ ഞെട്ടലോടെ അംഗീകരിക്കേണ്ട ചില വിചാരങ്ങളുണ്ട്.

വാലന്റൈൻസ് ഡേ പണ്ടത്തെ വസന്ത പഞ്ചമിയുടെ തനിയാവർത്തനമല്ല. മറിച്ച് ദമ്പതികൾ തങ്ങളുടെ പരസ്പര സ്നേഹം ആഴപ്പെടുത്തേണ്ട വിശുദ്ധദിനമാണ്. കാരണം, അനേകം ക്രിസ്തീയ വിവാഹങ്ങൾ ആശീർവദിക്കുകയും വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്ത വിശുദ്ധനാണ് മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വി. വലന്റൈൻ!

അതായത്, വിവാഹമെന്ന കൂദാശയുടെ മഹത്വം ഉയർത്തിപ്പിടിക്കുന്ന മഹനീയ ദിനമാണ് സഭയ്ക്ക് വലന്റൈൻസ് ഡേ!അതിനുവേണ്ടി ജീവൻ ത്യജിച്ച പുരോഹിതനാണ് വിശുദ്ധ വലന്റൈൻ. ആഘോഷ ലഹരികൾക്കിടയിൽ ആ സത്യം നാം മറന്നുപോകരുത്.

ഇത്തിരി ചരിത്രം-മൂന്നാം നൂറ്റാണ്ടിൽ ക്ലോഡിയസ് ചക്രവർത്തി റോം ഭരിച്ചിരുന്ന കാലത്തെ കത്തോലിക്കാ പുരോഹിതനായിരുന്നു അദ്ദേഹം. ബിഷപ്പായിരുന്നു എന്ന് പറയുന്നവരുമുണ്ട്. ഏതായാലും വിവാഹം കഴിഞ്ഞ പട്ടാളക്കാർ യുദ്ധത്തേക്കാൾ കൂടുതൽ കുടുംബത്തെ സ്നേഹിക്കുന്നുവെന്ന് തിരിച്ചറിഞ്ഞ ചക്രവർത്തി റോമിൽ വിവാഹം നിരോധിച്ചു. എന്നാൽ,സഭയെ സംബന്ധിച്ചിടത്തോളം വിവാഹം പരിശുദ്ധമായ കൂദാശയാണ്. അതങ്ങനെ നിരോധിക്കാവുന്നതല്ല. അതുകൊണ്ട് സഭാസ്നേഹിയായ ഈ പുരോഹിതൻ എന്തു ചെയ്തെന്നോ? വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി.

ചക്രവർത്തിക്ക് സുഖിക്കുമോ? ക്രൂരനായ ക്ലോഡിയസ് ചക്രവർത്തി വലൻന്റൈനെ ജയിലിൽ അടച്ചു. അതിനിടെ ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ചക്രവർത്തിയുടെ മകൾക്ക് കാഴ്ചശക്തി ലഭിച്ചത്രേ!ഏതായാലും തൻ്റെ ആജ്‌ഞയ്ക്ക് വിരോധമായി വിവാഹം നടത്തിക്കൊടുത്ത ഈ ‘രാജ്യദ്രോഹി’ യെ തല വെട്ടിക്കൊല്ലാൻ ചക്രവർത്തി ആജ്ഞ നൽകി.

തലവെട്ടാൻ കൊണ്ടുപോകുന്നതിനുമുൻപ് വലൻന്റൈൻ, രാജാവിൻ്റെ മകളായ പെൺകുട്ടിക്ക് “ഫ്രം യുവർ വലൻന്റൈൻ” എന്നെഴുതി ഒരു കുറിപ്പ് വെച്ചു.അതിനോടനുബന്ധിച്ചാണത്രേ ഫെബ്രുവരി 14 ന് വലൻന്റൈൻസ് ദിനം ആ‍ഘോഷിക്കാൻ തുടങ്ങിയത്! കഷ്ടമെന്നു പറയട്ടെ, ഈ കഥ സൗകര്യപൂർവ്വം മറന്നു പോകുന്നു പലരും.

വി. വലൻ്റൈൻ!,വിവാഹബന്ധത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ്‌ അത് ഊട്ടിയുറപ്പിക്കാനുള്ള കൗദാശിക ദൗത്യം നിർവഹിച്ചതിന്റെ പേരിൽ കൊല ചെയ്യപ്പെട്ടതായി മനുഷ്യഹൃദയങ്ങളിൽ കുറിക്കപ്പെട്ടിരിക്കുകയാണീ നാമം.

കാമമോഹിതരുടെയല്ല, ദമ്പതികളുടെ ദിനമാകണം അത് എന്നു സാരം.സത്യത്തിൽ, മാര്യേജിനു ശേഷമാണ് ‘ലവ്’ പക്വത പ്രാപിക്കുകയും സുദൃഡമാകുകയും ചെയ്യേണ്ടത്.

എന്നാൽ, നിർഭാഗ്യകരമെന്നു പറയട്ടെ, വിവാഹത്തിനു മുമ്പാണ് പല ‘ലവ്’ നാടകങ്ങളുമിന്ന് അരങ്ങേറുന്നത്. വിവാഹ ശേഷം ‘ലവ്’ ന്റെ “പൊടിപോലുമില്ല കണ്ടു പിടിക്കാൻ! പിന്നെയെല്ലാം, സമൂഹത്തെ കാട്ടാനുള്ള തട്ടിക്കൂട്ട് അഭിനയങ്ങൾ മാത്രം. എന്തു കഷ്ടമാണിത്?

എത്ര അപക്വമാണിത്?അതുകൊണ്ടു തന്നെ,ദമ്പതീദിനമായി മഹത്വീകരിക്കപ്പെടേണ്ട ഈ വിശുദ്ധദിനം വിവാഹപൂർവ്വബന്ധങ്ങളെ അരക്കിട്ടുറപ്പിക്കാൻ ഉപയോഗിക്കുന്നത് തലമുറകൾ ഓമനിച്ചു കൈമാറിയ ആത്മീയ പാരമ്പര്യങ്ങളുടെ മേൽ വിഷപ്രയോഗം നടത്തുന്നതിനു തുല്യമാണ്.ഒന്നും പ്രതീക്ഷിക്കാതെ, നിഷ്ക്കളങ്കമായി സ്നഹിക്കാൻ വേണ്ടി സ്നേഹിക്കുന്നയാൾ മാത്രം യഥാർത്ഥത്തിൽ സ്നേഹിക്കുന്നു. അല്ലാത്തവരെല്ലാം ദാഹിക്കുക മാത്രം ചെയ്യുന്നുവെന്നു പറഞ്ഞത് നിത്യ ചൈതന്യയതിയാണ്.

അതുകൊണ്ടാണ്, ഈ വിശുദ്ധസ്നേഹദിനത്തെ അടങ്ങാത്ത ദാഹവും, അതിലേറെ മോഹവും, ആർത്തിയും, ആക്രാന്തവും നിറഞ്ഞവർ മലിനീകരിച്ചിരിക്കുകയല്ലയോ എന്ന് പക്വചിന്താശേഷിയെ ചോക്ലറ്റ് വികാരങ്ങൾക്കു പണയം വെച്ച് ശോഷിപ്പിക്കാത്തവർ“വർണ്ണ്യത്തിലാശങ്ക” പ്പെടുന്നത്.☺ചിന്തിച്ചുനോക്കൂ,വിശുദ്ധനായ വലന്റൈന്റെ പേരിൽ കാമാതുര മനസ്സുകൾ നടത്തുന്ന സുഖക്കസർത്ത് ആ വിശുദ്ധാത്മാവിനെ പരിഹസിക്കുന്നതിനു തുല്യമല്ലേ?

ഏതായാലും, വിവാഹം എന്ന കൂദാശയുടെ മഹത്വം ഉയർത്തിപ്പിടിക്കുന്ന മഹാദിനമാണ് സഭയ്ക്ക് വി.വലന്റൈന്റെ തിരുനാൾ.അതെ,വിവാഹജീവിതത്തിൻ്റെ സ്നേഹമാധുര്യം ജീവിതകാലം മുഴുവൻ നിറഞ്ഞു തുളുമ്പി നിൽക്കാൻ ഈ വലന്റൈൻസ് ഡേ കാരണമാകട്ടേയെന്നാണ് ഈയുള്ളവന്റെ ഹൃദയപൂർവ്വമായ പ്രാർത്ഥന. ഹാപ്പി വലന്റൈൻസ് ഡേ! –

സൈ

നിങ്ങൾ വിട്ടുപോയത്