“പേത്തൂര്‍ത്ത” എന്ന വാക്കിന്റെ അര്‍ത്ഥം ‘തിരിഞ്ഞു നോട്ടം ‘ (looking back’ or ‘retrospect’) എന്നാണ്.
നോമ്പുകാലത്തു നമ്മുടെ ജീവിതത്തില്‍ പ്രത്യേകമായി നിലനിര്‍ത്തേണ്ട ആത്മപരിശോധനയുടെയും അനുരഞ്ജനത്തിന്റെയും ചൈതന്യത്തിലേയ്ക്കാണ് പേത്തൂര്‍ത്ത ആചരണം വിരല്‍ചൂണ്ടുന്നത്.
നോമ്പാചരണത്തിന്റെ പ്രാരംഭ ഞായറാഴ്ചയാണു പേത്തുറത്താ ആചരിക്കുക വ്രത വിശുദ്ധിയുടെ പുണ്യനാളുകളിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് പാപപങ്കിലമായ തന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തുകയും, അനുതപിച്ചു ദൈവ സന്നിധിയിലേക്ക് തിരിയാനുള്ള തീരുമാനവുമാണ് പേത്തുർത്താ ദിവസം നടക്കേണ്ടത്.
സുദീര്‍ഘമായ നോമ്പിന് ഉതകും വിധം ആത്മപരിശോധനയിലൂടെയും അനുതാപത്തിലൂടെയും സ്വയം ഒരുക്കി പാപ പങ്കിലമായ തന്റെ ജീവിതത്തിനോട് എന്നെന്നേക്കുമായി വിടപറയുന്ന ദിവസമാണു പേത്തുർത്താ ഞായര്‍.
ഈ ദിവസം മത്സ്യ മാംസാദികള്‍ ധാരാളം കഴിച്ചു ആഘോഷിക്കാനുള്ള ദിവസമാണ് എന്ന തെറ്റായ ചിന്ത പലയിടങ്ങളിലും ഇന്ന് കാണുന്നുണ്ട്. അത് തെറ്റായ ചിന്താഗതിയാണു എന്നു പറയേണ്ടതില്ലല്ലോ. ക്രിസ്തുവിനോട് കൂടെ വസിക്കുവാനായി ആത്മീയമായും ശാരീരികമായും നടത്തേണ്ട ഒരുക്കത്തിന്റെ ദിനത്തില്‍ മദ്യപാനത്തിലും അതിഭക്ഷണത്തിലും മുഴുകി ആഘോഷിക്കുന്ന ശൈലി എങ്ങനെയാണ് ആശാസ്യമാകുകനമ്മുടെ കർത്താവിന്റെ രക്ഷാകരമായ മനുഷ്യാവതാര വ്യാപാരത്തെ ധ്യാനിച്ച് ആയതിനു നന്ദിയർപ്പിക്കുന്ന, രക്ഷാകരമായ പീഡാനുഭവത്തെ ധ്യാനിച്ച് പുനരുദ്ദാന്ത്തിന്റെ വലിയയ ദിവസത്തിലേക്ക് ആയിടുവാൻ ഇനിയുള്ള അൻപത് ദിവസങ്ങൾ നമുക്ക് ക്രിസ്തുവിനോട് കൂടെയയിരിക്കാം. പാപ പങ്കിലമായ കഴിഞ്ഞകാല ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കി പാപത്തെ വിട്ട് പാപിയെ സ്നേഹിക്കുന്ന മേൽത്തരമായ അങ്കിയും കൈക്ക് മോതിരവും കാലിനു ചെരിപ്പും ഒരുക്കി കാത്തിരിക്കുന്ന സ്വർഗ്ഗീയ പിതാവിന്റെ സനിധിയിലേക്ക് ഒരുക്കത്തോടെ കടന്നു ചെല്ലാം.
എല്ലാവർക്കും പേത്തുർത്തയുടെ ആശംസകൾ….
ദൈവം അനുഗൃഹിക്കട്ടെ..
.(ഷിബു ശെമ്മാശൻ)
Dn Shibu Eapen
19 ഫെബ്രുവരി 2023 പേത്തൂർത്താ ഞായർ നോമ്പുകാലം ഒന്നാം ഞായർ
ഒന്നാം വായന പുറ 34 : 27-35പുറപ്പാട് പുസ്തകത്തിൽ നിന്നുള്ള വായന
കര്‍ത്താവു മോശയോട് അരുളിച്ചെയ്‌തു: ഈ വചനങ്ങള്‍ രേഖപ്പെടുത്തുക. നിന്നോടും ഇസ്രായേല്‍ ജനത്തോടും ഞാന്‍ ചെയ്‌ത ഉടമ്പടിയുടെ വ്യവസ്‌ഥകളാണിവ.മോശ നാല്‍പതു പകലും നാല്‍പതു രാവും കര്‍ത്താവിനോടുകൂടെ അവിടെ ചെലവഴിച്ചു. അവന്‍ ഭക്‌ഷിക്കുകയോ പാനംചെയ്യുകയോ ചെയ്‌തില്ല. ഉടമ്പടിയുടെ വചനങ്ങളായ പത്തു പ്രമാണങ്ങള്‍ അവന്‍ പലകകളില്‍ എഴുതി.രണ്ടു സാക്‌ഷ്യഫല കങ്ങളും വഹിച്ചുകൊണ്ട് മോശ സീനായ് മലയില്‍നിന്നു താഴേക്കു വന്നു. ദൈവവുമായി സംസാരിച്ചതിനാല്‍ തന്റെ മുഖം തേജോമയമായി എന്നകാര്യം അവന്‍ അറിഞ്ഞില്ല.അഹറോനും ഇസ്രായേല്‍ജനവും മോശയുടെ മുഖം പ്രശോഭിക്കുന്നതു കണ്ടു. അവനെ സമീപിക്കാന്‍ അവര്‍ ഭയപ്പെട്ടു.മോശ അവരെ വിളിച്ചു. അഹറോനും സമൂഹനേതാക്കന്‍മാരും അടുത്തുചെന്നു.മോശ അവരോടു സംസാരിച്ചു. അനന്തരം, ജനം അടുത്തുചെന്നു. സീനായ്‌മലയില്‍വച്ചു കര്‍ത്താവു തന്നോടു സംസാരിച്ചതെല്ലാം അവന്‍ അവര്‍ക്കു കല്‍പനയായി നല്‍കി.സംസാരിച്ചു തീര്‍ന്നപ്പോള്‍ മോശ ഒരു മൂടുപടംകൊണ്ടു മുഖം മറച്ചു.അവന്‍ കര്‍ത്താവിനോടു സംസാരിക്കാന്‍ തിരുമുന്‍പില്‍ ചെല്ലുമ്പോഴോ, അവിടെനിന്നു പുറത്തുവരുന്നതുവരെയോ മൂടുപടം ധരിച്ചിരുന്നില്ല. അവന്‍ പുറത്തുവന്ന് അവിടുന്ന് തന്നോടു കല്‍പിച്ചവയെല്ലാം ഇസ്രായേല്‍ ജനത്തോടു പറഞ്ഞിരുന്നു.ഇസ്രായേല്‍ജനംമോശയുടെ മുഖം കണ്ടു; മോശയുടെ മുഖം പ്രകാശിച്ചിരുന്നു. കര്‍ത്താവിനോടു സംസാരിക്കാന്‍ അകത്തു പ്രവേശിക്കുന്നതുവരെമോശ മുഖം മറച്ചിരുന്നു.
രണ്ടാം വായന ഏശ 58,1-10
ഏശയ്യ പ്രവാചകന്റെ പുസ്തകത്തിൽ നിന്നുള്ള വായന
ആവുന്നത്ര ഉച്ചത്തില്‍ വിളിച്ചുപറയുക. കാഹളംപോലെ സ്വരം ഉയര്‍ത്തുക. എന്റെ ജനത്തോട് അവരുടെ അതിക്രമങ്ങള്‍, യാക്കോബിന്റെ ഭവനത്തോട് അവരുടെ പാപങ്ങള്‍, വിളിച്ചുപറയുക.നീതി പ്രവര്‍ത്തിക്കുകയും തങ്ങളുടെ ദൈവത്തിന്റെ കല്‍പനകള്‍ ലംഘിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ജനതയെന്നോണം അവര്‍ ദിവസേന എന്നെ അന്വേഷിക്കുകയും എന്റെ മാര്‍ഗം തേടുന്നതില്‍ സന്തോഷിക്കുകയും ചെയ്യുന്നു. അവര്‍ എന്നോടു നീതിവിധികള്‍ ആരായുന്നു; ദൈവത്തോട് അടുക്കാന്‍ താത്‌പര്യം കാണിക്കുകയും ചെയ്യുന്നു.ഞങ്ങള്‍ എന്തിന് ഉപവസിച്ചു? അങ്ങ് കാണുന്നില്ലല്ലോ! ഞങ്ങള്‍ എന്തിനു ഞങ്ങളെത്തന്നെ എളിമപ്പെടുത്തി? അങ്ങ് അതു ശ്രദ്‌ധിക്കുന്നില്ലല്ലോ! എന്നാല്‍, ഉപവസിക്കുമ്പോള്‍ നിങ്ങള്‍ സ്വന്തം സുഖമാണു തേടുന്നത്. നിങ്ങളുടെ വേലക്കാരെ നിങ്ങള്‍ പീഡിപ്പിക്കുന്നു.കലഹിക്കുന്നതിനും ശണ്‌ഠകൂടുന്നതിനും ക്രൂരമായി മുഷ്‌ടികൊണ്ട് ഇടിക്കുന്നതിനും മാത്രമാണ് നിങ്ങള്‍ ഉപവസിക്കുന്നത്. നിങ്ങളുടെ സ്വരം ഉന്നതത്തില്‍ എത്താന്‍ ഇത്തരം ഉപവാസം ഉപകരിക്കുകയില്ല.ഇത്തരം ഉപവാസമാണോ ഞാന്‍ ആഗ്രഹിക്കുന്നത്? ഒരു ദിവസത്തേക്ക് ഒരുവനെ എളിമപ്പെടുത്തുന്ന ഉപവാസം! ഞാങ്ങണപോലെ തല കുനിക്കുന്നതും ചാക്കു വിരിച്ച് ചാരവും വിതറികിടക്കുന്നതും ആണോ അത്? ഇതിനെയാണോ നിങ്ങള്‍ ഉപവാസമെന്നും കര്‍ത്താവിനു സ്വീകാര്യമായ ദിവസം എന്നുംവിളിക്കുക?ദുഷ്‌ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം?വിശക്കുന്നവനുമായി ആഹാരം പങ്കുവയ്‌ക്കുകയും ഭവനരഹിതനെ വീട്ടില്‍ സ്വീക രിക്കുകയും നഗ്‌നനെ ഉടുപ്പിക്കുകയും സ്വന്തക്കാരില്‍നിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?അപ്പോള്‍, നിന്റെ വെളിച്ചം പ്രഭാതംപോലെ പൊട്ടിവിരിയും; നീ വേഗം സുഖം പ്രാപിക്കും; നിന്റെ നീതി നിന്റെ മുന്‍പിലും കര്‍ത്താവിന്റെ മഹത്വം നിന്റെ പിന്‍പിലും നിന്നെ സംരക്‌ഷിക്കും.നീ പ്രാര്‍ഥിച്ചാല്‍ കര്‍ത്താവ് ഉത്തരമരുളും; നീ നിലവിളിക്കുമ്പോള്‍ ഇതാ ഞാന്‍, എന്ന് അവിടുന്ന് മറുപടി തരും. മര്‍ദനവും കുറ്റാരോപണവും ദുര്‍ഭാഷണവും നിന്നില്‍നിന്ന് ദൂരെയകറ്റുക.വിശക്കുന്നവര്‍ക്ക് ഉദാരമായി ഭക്‌ഷണം കൊടുക്കുകയും പീഡിതര്‍ക്കു സംതൃപ്‌തി നല്‍കുകയും ചെയ്‌താല്‍ നിന്റെ പ്രകാശം അന്‌ധകാരത്തില്‍ ഉദിക്കും. നിന്റെ ഇരുണ്ടവേളകള്‍ മധ്യാഹ്‌നം പോലെയാകും.
എങ്കർത്ത/ലേഖനംഎഫേസോസ് 4 : 17-24വിശുദ്ധ പൗലോസ് ശ്ലീഹാ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിൽ നിന്നുള്ള വായന
കര്‍ത്താവില്‍ ഞാന്‍ നിങ്ങളോട് ഉറപ്പിച്ചു പറയുകയും സാക്‌ഷ്യപ്പെടുത്തുകയും ചെയ്യുന്നു: നിങ്ങള്‍ ഇനിയൊരിക്കലും വ്യര്‍ഥചിന്തയില്‍ കഴിയുന്ന വിജാതീയരെപ്പോലെ ജീവിക്കരുത്.ഹൃദയകാഠിന്യം നിമിത്തം അജ്‌ഞത ബാധിച്ച അവര്‍ ബുദ്‌ധിയില്‍ അന്‌ധകാരം നിറഞ്ഞ് ദൈവത്തിന്റെ ജീവനില്‍നിന്ന് അകറ്റപ്പെട്ടിരിക്കുന്നു.അവര്‍ മനസ്‌സു മരവിച്ച് ഭോഗാസക്‌തിക്കു തങ്ങളെത്തന്നെ സമര്‍പ്പിച്ചു; എല്ലാത്തരം അശുദ്‌ധികളിലും ആവേശത്തോടെ മുഴുകി.പക്‌ഷേ, ഇതല്ല നിങ്ങള്‍ മിശിഹായില്‍നിന്നു പഠിച്ചത്.നിങ്ങള്‍ ഈശോയെക്കുറിച്ചു കേള്‍ക്കുകയും സത്യം തന്നിലായിരിക്കുന്നതുപോലെ തന്നെ, അവന്‍ നിങ്ങളെ പഠിപ്പിക്കുകയും ചെയ്‌തിട്ടുണ്ടല്ലോ.നിങ്ങളുടെ പഴയ ജീവിതരീതിയില്‍നിന്നു രൂപംകൊണ്ട വഞ്ചനനിറഞ്ഞ ആസക്‌തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍.നിങ്ങള്‍ മനസ്‌സിന്റെ ചൈതന്യത്തില്‍ നവീകരിക്കപ്പെടട്ടെ.യഥാര്‍ഥമായ വിശുദ്‌ധിയിലും നീതിയിലും ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്‌ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍.
സുവിശേഷം മത്താ 4 : 1-11വിശുദ്ധ മത്തായി അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം
അനന്തരം, പിശാചിനാല്‍ പരീക്‌ഷിക്കപ്പെടുന്നതിന് ഈശോയെ ആത്‌മാവു മരുഭൂമിയിലേക്കു നയിച്ചു. ഈശോ നാല്‍പതു ദിനരാത്രങ്ങള്‍ ഉപവസിച്ചു. അപ്പോള്‍ അവനു വിശന്നു.പ്രലോഭകന്‍ അവനെ സമീപിച്ചു പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാകാന്‍ പറയുക.അവന്‍ പ്രതിവചിച്ചു: മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു.അനന്തരം, പിശാച് അവനെ വിശുദ്‌ധ നഗരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി ദേവാലയത്തിന്റെ അഗ്രത്തില്‍ കയറ്റി നിര്‍ത്തിയിട്ടു പറഞ്ഞു:നീ ദൈവപുത്രനാണെങ്കില്‍ താഴേക്കു ചാടുക; നിന്നെക്കുറിച്ച് അവന്‍ തന്റെ ദൂതന്‍മാര്‍ക്കു കല്‍പന നല്‍കും; നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളും എന്ന് എഴുതപ്പെട്ടിരിക്കുന്നു. ഈശോ പറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്‌ഷിക്കരുത് എന്നുകൂടി എഴുതപ്പെട്ടിരിക്കുന്നു.വീണ്ടും, പിശാച് വളരെ ഉയര്‍ന്ന ഒരു മലയിലേക്ക് അവനെ കൂട്ടിക്കൊണ്ടുപോയി, ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും അവനെ കാണിച്ചുകൊണ്ട്, അവനോടു പറഞ്ഞു:നീ സാഷ്‌ടാംഗം പ്രണമിച്ച് എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിനക്കു ഞാന്‍ നല്‍കും. ഈശോ കല്‍പിച്ചു: സാത്താനേ, ദൂരെപ്പോവുക; എന്തെന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു.അപ്പോള്‍ പിശാച് അവനെ വിട്ടുപോയി. ദൈവദൂതന്‍മാര്‍ അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു.