മാതാപിതാക്കൾ വലിയ പ്രതീക്ഷയർപ്പിച്ചിരുന്ന ഒരു മകൾ സോഷ്യൽ മീഡിയയിൽ കണ്ടു പരിചയപ്പെട്ട ഒരുവൻ്റെ കൂടെ ഇറങ്ങിപ്പോയതിൽ വേദനിക്കുന്ന ഒരു കുടുംബത്തിൻ്റെ വേദന കേൾക്കേണ്ടി വന്നു. വളർത്തുദോഷമെന്ന് കുറ്റപ്പെടുത്തുന്ന സ്വന്തം സഹോദരങ്ങളും ബന്ധുക്കളും…. മകൾ ഒന്നു ഫോൺ വിളിച്ചിട്ടു പോലും മാസങ്ങളായി…
തങ്ങളുടെ വേദനയും നിരാശയും വിവരിച്ച ആ മാതാപിതാക്കളോട്. ”നമ്മുടെ എല്ലാ ധാരണയെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്‌തുവില്‍ കാത്തുകൊള്ളട്ടെ” എന്ന വചനം (ഫിലിപ്പിയർ 4:7) പങ്കുവച്ച് ആശ്വസിപ്പിച്ചു.
തീവ്രവാദികളിൽ നിന്ന് ജീവന് ഭീഷണി നേരിടുന്ന ഒരു ക്രിസ്ത്യൻ അപ്പോളജിസ്റ്റ് തൻ്റെ ആശങ്ക കഴിഞ്ഞ ദിവസം വിവരിച്ചു. മരണഭയത്തിൽ കഴിയുമ്പോഴും ഒരു ധാർമിക പിന്തുണ പോലും നൽകാതെ ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തിൽ കഴിയുന്ന തൻ്റെ സഭാ നേതൃത്വത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിൻ്റെ പരിഭവം. വിശ്വാസ പോർക്കളത്തിൽ മുന്നണിപ്പോരാളിയായി നിൽക്കുന്ന ആ സഹോദരനെ ഓർത്ത് എനിക്ക് വലിയ അഭിമാനം തോന്നി. “മറ്റാരേയും നോക്കേണ്ട, ക്രിസ്തുവിൻ്റെ കുരിശിനെ നോക്കി മുന്നേറുക” എന്നു പറഞ്ഞ് അദ്ദേഹത്തെ ധൈര്യപ്പെടുത്തി.
സന്തോഷിക്കുന്നവരോടു കൂടെ സന്തോഷിക്കുവിനും കരയുന്നവരോടു കൂടെ കരയുവാനുമുള്ള (റോമാ 12:15) കൃപയാണ് ഇന്ന് നമുക്കു വേണ്ടത്.
ആശ്വസിപ്പിക്കാൻ വാക്കുകൾ പരാജയപ്പെടുമ്പോൾ അവരുടെ വേദന കേൾക്കാനും ധൈര്യപ്പെടുത്താനും പ്രാർത്ഥിക്കാനും നമുക്ക് കടമയുണ്ട്. സുവിശേഷ മർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന “ബന്ധനസ്ഥരായ സ്ഥാനാപതികളാണ്” (എഫേ 6 :20) ക്രിസ്ത്യൻ അപ്പോളജിസ്റ്റുകൾ. ജീവൻ അപകടത്തിലാണ് എന്നറിഞ്ഞുകൊണ്ട് സുവിശേഷത്തെക്കുറിച്ച് ലജ്ജയില്ലാതെ ക്രിസ്തുവിൻ്റെ സാക്ഷ്യവുമായി സമൂഹത്തിൻ്റെ മധ്യത്തിൽ അവർ നിൽക്കുന്നു.
“സഭ” ഒരു സംഘടനയല്ല, അതൊരു ശരീരമാണ് (the church is not an organization but an organism) സഭ ക്രിസ്തുവിൻ്റെ ശരീരമാണെന്നും അതിലെ ഒരംഗത്തിൻ്റെ വേദന -അത് സീറോമലബാറോ ലാറ്റിനോ ഓർത്തഡോക്സോ ആംഗ്ലിക്കനോ പെന്തക്കൊസ്തോ യൂറോപ്യനോ ആഫ്രിക്കനോ ഏതുമാകട്ടെ – ശരീരത്തിലെ സകല അംഗത്തിൻ്റെയും വേദനയാണെന്നും മനസ്സിലാകണമെങ്കിൽ വാസ്തവമായും നമ്മൾ “ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെ” (1 കൊറി 12:27) ഭാഗമായിരിക്കണം.
നൈജീരിയയിലും പാക്കിസ്ഥാനിലും ചൈനയിലും പീഡിപ്പിക്കപ്പെടുന്നവരുടെ വേദന എൻ്റെയും വേദനയാണെന്ന് തിരിച്ചറിയണമെങ്കിൽ നിങ്ങൾക്ക് ക്രിസ്തുവിനോട് ആത്മബന്ധം ഉണ്ടായിരിക്കണം. പ്രണയത്തിൻ്റെ വഞ്ചനയിൽ അകപ്പെട്ടു നഷ്ടപ്പെട്ടത് എൻ്റെ സഹോദരിയാണെന്ന് തിരിച്ചറിയാത്തിടത്തോളം ലൗ ജിഹാദ് നിങ്ങളെ അസ്വസ്ഥമാക്കില്ല. അത് വളർത്തുദോഷത്തിൻ്റെ ഫലമാണെന്നു കുറ്റപ്പെടുത്താം.
സഭാഗാത്രത്തിൻ്റെ വേദനയെക്കാൾ സഭയുടെ എതിരാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതും അവരുടെ ആകുലതകൾ പരിഹരിക്കുന്നതുമാണ് പരമപ്രധാനം എന്ന് കരുതുന്നവരുടെ എണ്ണം ഇന്ന് ക്രിസ്ത്യാനിറ്റിയിൽ വർദ്ധിക്കുന്നു. Spiritual Leprosy ബാധിച്ച ഇവർക്ക് ഈ ആത്മീയ ശരീരത്തിൻ്റെ വേദന മനസ്സിലാകുന്നില്ല.
“ആലയത്തെക്കുറിച്ചുള്ള തീക്ഷണത തന്നെ വിഴുങ്ങിക്കളഞ്ഞു” (യോഹന്നാന്‍ 2 : 17 ) എന്ന് ക്രിസ്തുവിനെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നു. ക്രിസ്തുവിൽ നിറഞ്ഞ ഈ തീഷ്ണത ഓരോ ക്രിസ്ത്യാനിയിലും ഉണ്ടാകണം. ഇത് ഒരു സുപ്രഭാതത്തിൽ ഉണ്ടാകുന്നതല്ല, ദേവാലയങ്ങളിൽ, പ്രസംഗപീഠങ്ങളിൽ ഉയർന്നു കേൾക്കേണ്ട നിരന്തരമായ പ്രസംഗങ്ങൾ, പഠനങ്ങൾ, ചർച്ചകൾ എല്ലാം ഒരു പോലെ വിശ്വാസികളിൽ രൂപപ്പെടുത്തേണ്ടതാണ് ക്രിസ്തുവിൻ്റെ മനസ് (The Mind of Christ).
പൗലോസ് പറയുന്നത് നോക്കുക: “കഠിനാധ്വാനത്തിലും വിഷമസന്ധികളിലും നിരവധി രാത്രികളിലെ ജാഗരണത്തിലും വിശപ്പിലും ദാഹത്തിലും പലപ്പോഴും ഉപവാസത്തിലും തണുപ്പിലും നഗ്നതയിലും ഞാന്‍ ജീവിച്ചു. ഇവയ്‌ക്കെല്ലാം പുറമേ, സകല സഭകളെയും കുറിച്ചുള്ള എന്റെ ഉത്‌കണ്‌ഠ അനുദിനം എന്നെ അലട്ടിക്കൊണ്ടുമിരിക്കുന്നു” (2 കോറി 11:27-28)
സഭകൾ ഇന്നു കടന്നു പോകുന്ന പ്രതിസന്ധികളിൽ ഈ ഉത്കണ്ഠ ഒരു ക്രൈസ്തവനെ അലട്ടുന്നില്ലെങ്കിൽ, സഭാ നേതൃത്വത്തെ പഴിച്ചും ആക്ഷേപിച്ചുംസമൂഹത്തിൽ താരമാകുന്ന അൽമേനിയോ തിരുമേനിയോ ആരുമാകട്ടെ, അവരുടെ വിശ്വാസജീവിതത്തിന് കാര്യമായ എന്തോ തകരാറുണ്ട്.
അവരെക്കുറിച്ച് വചനം പറയുന്നത് ”തങ്ങളുടെ കാര്യംമാത്രം നോക്കി നിര്‍ഭയം തിന്നുകുടിച്ചു മദിക്കുന്ന അവര്‍ നിങ്ങളുടെ സ്‌നേഹവിരുന്നുകള്‍ക്കു കളങ്കമാണ്; അവര്‍ കാറ്റിനാല്‍ തുരത്തപ്പെടുന്ന ജലശൂന്യമായ മേഘങ്ങളാണ്; ഉണങ്ങി കടപുഴകിയ ഫലശൂന്യമായ ശരത്കാലവൃക്ഷം പോലെയാണ്.അവര്‍ തങ്ങളുടെ തന്നെ ലജ്ജയുടെ നുരയുയര്‍ത്തുന്ന ഉന്മത്ത തരംഗങ്ങളാണ്; വഴിതെറ്റിപ്പോകുന്ന നക്ഷത്രങ്ങളാണ്”
സന്തോഷിക്കുന്നവരോടു കൂടെ സന്തോഷിക്കുവിനും കരയുന്നവരോടു കൂടെ കരയുവാനുമുള്ള (റോമാ 12:15) കൃപയിൽ നിലനിർത്താൻ പ്രാർത്ഥിക്കാം
മാത്യൂ ചെമ്പുകണ്ടത്തിൽ