കഴിഞ്ഞദിവസം ഒരു പ്രമുഖ സ്കൂളിലെ പ്രിൻസിപ്പാളിനെ കണ്ടു, അദ്ദേഹം പറയുകയായിരുന്നു ഈ ഓൺലൈൻ ക്ലാസുകളുടെ എക്സാമുകൾ വന്നതിൽ പിന്നെ പഠനത്തിൽ മോശമായിട്ട് ഇരുന്ന വിദ്യാർത്ഥികൾ എല്ലാം തന്നെ ഇപ്പോൾ ഒന്നാമതാണ്, ഒരുമാതിരി പഠിക്കുന്ന കുട്ടികളൊക്കെ ഇവരുടെ പിന്നിൽ പോയി, കാരണം ഓൺലൈൻ എക്സാമിൽ ഉഴപ്പൻമാർ എല്ലാം നോക്കി എഴുതും, പഠിക്കുന്ന കുട്ടികൾ സാധാരണ പരീക്ഷ എഴുതുന്നതു പോലെ എഴുതും.
ഇന്ന് ക്ലാസ് മുറികൾ വീട്ടിലേക്കും കൈവെള്ളയിലേക്കും എത്തിനിൽക്കുകയാണ്, ഓൺലൈൻ ക്ലാസുകൾ വിദ്യാർത്ഥികൾ വലിയ തോതിൽ ദുരുപയോഗം ചെയ്യുന്നുണ്ട്, ഇത് കണ്ടു പിടിക്കാനുള്ള സാങ്കേതികജ്ഞാനം പല രക്ഷകർത്താക്കൾക്കുമില്ല. ഓൺലൈൻ ക്ലാസിന്റെ പ്രധാന വെല്ലുവിളി മൊബൈൽ കണക്ടിവിറ്റിയും ഇടയ്ക്കിടെയുണ്ടാവുന്ന വൈദ്യുതി തടസ്സവുമാണ്. ഓൺലൈൻ പഠനം ഔപചാരിക വിദ്യാഭ്യാസത്തിന് ഒരിക്കലും ബദലാവില്ല. മുഖാമുഖം നടക്കുന്ന ആ ജൈവ പ്രക്രിയ മാറ്റിമറിക്കാൻ എത്ര വിദഗ്ധമായി പ്രോഗ്രാം ചെയ്ത കമ്പ്യൂട്ടറിനും സാധ്യമല്ല, നേരിട്ട് ബോധനമില്ലാതെ അധ്യാപകനില്ലാതെ ഒരു വിദ്യാഭ്യാസവും പൂർണമാകില്ല.

സാമ്പത്തികവും സാമൂഹികവുമായ പലവിധ സമ്മർദങ്ങളിൽ കൂടിയാണ് രക്ഷിതാക്കൾ ഓരോ ദിനവും കടന്നുപോകുന്നത് അതിനിടയിൽ വിദ്യാർഥികളെ പഠനത്തിന് തയ്യാറാക്കുക അധിക ചുമതലയായി മാറുന്നു. ചില സ്ഥലങ്ങളിൽ നെറ്റ്വർക്ക് ഇല്ലാത്തതും മഴക്കാലമായതിനാൽ കറണ്ട് പോകുന്നതും പല വീടുകളിലും ടിവിയും അനുബന്ധ ഉപകരണങ്ങൾ ഇല്ലാത്തതും പ്രയാസമാകുന്നു.
വിനോദ് പണിക്കർ
