“അങ്കമാലിക്കല്ലറയിൽഞങ്ങടെ സോദരരുണ്ടെങ്കിൽഓരോ തുള്ളിച്ചോരയ്ക്കുംപകരം ഞങ്ങൾ ചോദിക്കും . . . “
കേരളരാഷ്ട്രീയ ചരിത്രത്തിൽ അങ്കമാലിയെ ചോരകൊണ്ട് അടയാളപ്പെടുത്തിയ അങ്കമാലി പോലീസ് വെടിവെയ്പ്പിന് ഇന്ന് 62 വയസ് തികയുന്നു.വിമോചന സമരത്തിന്‍റെ ഭാഗമായി 1959 ജൂൺ 13 ന് നടന്ന വെടിവെയ്പിൽ കൊല്ലപ്പെട്ടത് ഏഴ് പേർ. അഞ്ച് പേർ സംഭവസ്ഥലത്തും രണ്ട് പേർ ആശുപത്രിയിലും വച്ച് മരിച്ചു. ഇവരെ അങ്കമാലി പള്ളിയിലെ കല്ലറയിൽ അടക്കി.
പിന്നീട് വിമോചന സമരത്തിന് ആവേശം പകർന്ന “അങ്കമാലി കല്ലറയിൽ എന്ന മുദ്രാവാക്യം അവിടന്ന് ആരംഭിച്ചു. 1957 ജൂലൈയ് 13ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. ജോസഫ് മുണ്ടശേരി നിയമസഭയില്‍ വിദ്യാഭ്യാസബില്‍ അവതരിപ്പിച്ചു. തുടര്‍ന്നുള്ള നാളുകള്‍ പ്രതിഷേധങ്ങള്‍ നിറഞ്ഞതായിരുന്നു. ഒടുവില്‍ 1959 ജൂണ്‍ 12ന് വിമോചനസമരം പ്രഖ്യാപിക്കപ്പെട്ടു.
ജൂൺ 12 ന് സമരക്കാർ വിമോചനം ദിനം ആചരിക്കുകയും നാടെങ്ങും പിക്കറ്റിങ്ങും ധർണയും നടത്തുകയും ചെയ്തിരുന്നു. കള്ള് ഷാപ്പു പിക്കറ്റിങ്ങിൽ കുഞ്ഞപ്പൻ എന്ന തൊഴിലാളിയെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് കാലടി, കൊറ്റമം, മറ്റൂർ ഭാഗത്തും നിന്നും എത്തിയ പ്രതിഷേധ ജാഥയാണ് വെടിവെയ്പിൽ കലാശിച്ചത്. ജൂണ്‍ 13ന് രാത്രി ഒമ്പതരയോടെ അങ്കമാലിയില്‍ വെടിവെയ്പ് നടന്നു.
വെടിവയ്പിൽ കൊല്ലപ്പെട്ടവരെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി മോർച്ചറിയിൽ ആണ് സൂക്ഷിച്ചത്. പൈലി പാപ്പച്ചന്‍, മാടശേരി ദേവസി, ചെമ്പശേരി കൊച്ചുവറീത്, മുക്കട പള്ളന്‍ വറീത്, കൊഴിക്കൊട്ട പൈലി, കുര്യപ്പറമ്പിൽ വര്‍ഗീസ്, കോലഞ്ചേരി കുഞ്ഞവിര പൗലോസ് എന്നിവരാണ് മരിച്ചത്. ഇതില്‍ കുഞ്ഞവിര പൗലോസ് വിദ്യാർഥിയും മറ്റുള്ളവര്‍ തൊഴിലാളികളുമായിരുന്നു. പ്രധാന നേതാക്കൾ അങ്കമാലിയിലേക്ക് എത്തി.
പനമ്പിള്ളി ഗോവിന്ദമേനോൻ, മത്തായി മാഞ്ഞൂരാൻ, സി.ജി. ജനാർദ്ദനൻ, ഫാ. വടക്കൻ, ഭാരതി ഉദയഭാനു എംപി, ഹെന്‍റി ഓസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ 14 ന് അങ്കമാലി നഗരത്തിൽ വലിയ പ്രതിഷേധ യോഗം നടന്നു. വിമോചന സമരത്തിന് ലഭിച്ച ഇന്ധനമായിരുന്നു ആ സംഭവം. പിന്നീട് കേരളത്തിൽ അങ്ങോളമിങ്ങോളം സമരങ്ങൾ നടന്നു.
ജൂണ്‍ 15 ന് വെട്ടുകാട് പുല്ലുവിള വെടിവയ്പുണ്ടായി.ജൂലൈ 3 ന് ചെറിയതുറയില്‍ വെടിവയ്പിൽ ഫ്ലോറി എന്ന ഗര്‍ഭിണി മരിച്ചു. ജൂലൈ 15 ന് സമരനായകൻ മന്നത്ത് പദ്മനാഭൻ അങ്കമാലിയിൽ നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണം തിരുവനന്തപുരത്ത് അവസാനിച്ചത് ഈഎംസ് മന്ത്രിസഭയുടെ പതനം ഉറപ്പിച്ചുകൊണ്ടാണ്. 1959 ജൂലൈ 31 ന് ഭരണഘടനയുടെ 356-ാം വകുപ്പ് പ്രകാരം പ്രസിഡന്‍റ് ഭരണം ഏർപ്പെടുത്തി.
Bobby Thomas