8 വയസ്സായ ഒരു കുട്ടി ഒരു രൂപയുടെ നാണയം കയ്യില് വെച്ച് ഒരു കടക്കാരനെ സമീപിച്ചിട്ട് നാണയം നീട്ടിക്കൊണ്ട് ചോദിച്ചു…..
താങ്കളുടെ കടയിൽ ഈശ്വരാനുണ്ടെങ്കിൽ ഒരു രൂപക്ക് തരുമോ?
കടക്കാരൻ ആ നാണയം തട്ടിക്കളഞ്ഞ് കുട്ടിയെ ഓടിച്ചുവിട്ടു.
അടുത്ത കടക്കാരനോടും ഇത്പോലെ ചോദിച്ചു…
ആയാളും കുട്ടിയെ ഒട്ടിച്ചുവിട്ടു…
പക്ഷെ ആ നിഷ്‌ക്കളങ്കനായ ബാലൻ തോൽവി സമ്മതിച്ചില്ല. അവൻ ഏതാണ്ട് 40 കടകളോളം കയറിയിറങ്ങി. അവസാനം വലിയൊരു കടയുടെ അടുത്തെത്തി.
ഒരു വൃദ്ധനായിരുന്നു കടയുടമസ്ഥൻ.കുട്ടി അദ്ദേഹത്തെ സമീപിച്ച് കാര്യം പറഞ്ഞു. അദ്ദേഹം കുട്ടിയോട് ചോദിച്ചു…
എന്തിനാണ് കുട്ടി ഈശ്വരനെ വാങ്ങുന്നത്?
വാങ്ങിയിട്ട് എന്ത് ചെയ്യാൻ പോകുകയാണ്?
ഇതുകേട്ടപ്പോൾ കുട്ടിക്ക് സന്തോഷമായി… ആദ്യമായി ഒരാളിൽ നിന്നും ഇങ്ങിനെ ഒരു ചോദ്യം കേട്ടപ്പോൾ കുട്ടിയുടെ മനസ്സിൽ ആശയുടെ കിരണങ്ങൾ അലയടിച്ചു. അവന് തോന്നി , ഈ കടയിൽ എനിക്ക് ഈശ്വരനെ കിട്ടും. അവൻ വളരെ ഉത്സാഹത്തോടെ പറഞ്ഞു തുടങ്ങി….
ഈ ലോകത്തിൽ എന്റെ അമ്മയല്ലാതെ എനിക്കാരുമില്ല. ദിവസം മുഴുവൻ പണിയെടുത്താണ് അമ്മ എന്നെ പരിപാലിക്കുന്നത്. എന്റെ അമ്മ ഇപ്പോൾ ആസ്പത്രിയിലാണ്. എന്റെ അമ്മ മരിച്ചുപോയാൽ പിന്നെ ആരാണ് എന്നെ ഊട്ടുന്നത്… ആരാണ് വളർത്തുന്നത്… അമ്മക്ക് രോഗം കൂടുതലാണ്. ഡോക്ടർ പറയുന്നത്, ഇനി ഈശ്വരന് മാത്രമേ നിന്റെ അമ്മയെ രക്ഷിക്കാൻ സാധിക്കൂ എന്നാണ്……
താങ്കളുടെകടയിൽ ഈശ്വരനെ കിട്ടുമോ?
വൃദ്ധൻ ചോദിച്ചു …. നിന്റെ കയ്യിൽ എത്ര പണമുണ്ട് കുഞ്ഞേ…?
കുട്ടി പറഞ്ഞു… എന്റെ കയ്യിൽ ഒരു രൂപയെ ഉള്ളൂ…
വൃദ്ധൻ പറഞ്ഞു… സാരമില്ല ഒരു രൂപക്ക് തന്നെ ഈശ്വരനെ കിട്ടും.
അദ്ദേഹം ആ കുഞ്ഞിന്റെ കയ്യിൽ നിന്ന് ഒരു രൂപ വാങ്ങി ഒരു ഗ്ലാസ് ഫിൽറ്റർ ചെയ്ത വെള്ളത്തിന്റെ ഗ്ലാസ് അവന്റെ കയ്യിൽ കൊടുത്തു…
എന്നിട്ട് പറഞ്ഞു… കുഞ്ഞേ നീ ഈ വെള്ളം കൊണ്ടുപോയി അമ്മക്ക് കൊടുക്കൂ… നിന്റെ അമ്മയുടെ രോഗം മാറിക്കിട്ടും.
പിറ്റേ ദിവസം ചില മെഡിക്കൽ സ്പെഷ്യലിസ്റ് ഡോക്ടർമാർ ആസ്പത്രിയിൽ എത്തി . കുട്ടിയുടെ അമ്മയുടെ ഓപ്പറേഷൻ നടത്തി. കുറച്ച് ദിവസത്തിനുള്ളിൽ അവർ സുഖം പ്രാപിച്ചു.
ഡിസ്ചാർജ് ചെയ്യുമ്പോൾ ആസ്പത്രിയിലെ ബില്ല് കണ്ട് ആ സ്ത്രീ അന്തം വിട്ടു….
ഡോക്ടർ അവരെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു…
വിഷമിക്കണ്ട…. ഒരു വൃദ്ധനായ മനുഷ്യൻ നിങ്ങളുടെ ബില്ലുകളെല്ലാം അടച്ചുകഴിഞ്ഞു. കൂട്ടത്തിൽ ഒരു കത്തും നിങ്ങൾക്ക് തരാൻ ഏൽപ്പിച്ചിട്ടുണ്ട്…
അവർ കത്ത് തുറന്ന് വായിക്കാൻ തുടങ്ങി… അതിൽ ഇപ്രകാരം എഴുതിയിരുന്നു…
“എനിക്ക് നന്ദി പറയേണ്ട ആവശ്യമില്ല.
താങ്കളെ സ്വയം ഈശ്വരൻ തന്നെയാണ് രക്ഷിച്ചത്. ഞാൻ വെറും നിമിത്തം മാത്രം. നന്ദി പറയേണ്ടത് താങ്കളുടെ നിഷ്ക്കളങ്കനായ കുഞ്ഞിനോടാണ്…
പാവം, ഒരു രൂപയും കൊണ്ട് അവൻ ഈശ്വരനെ വാങ്ങാനായി അലയുകയായിരുന്നു… അവന്റെ മനസ്സിൽ ദൃഢ നിശ്ചയമുണ്ടായിരുന്നു, ഈശ്വരന് മാത്രമേ നിങ്ങളെ രക്ഷിക്കാൻ കഴിയുള്ളൂ എന്ന്……
ഇതിനെയാണ് വിശ്വാസം എന്ന് പറയുന്നത്.
ഈശ്വരനെ കണ്ടെത്താൻ, ലഭിക്കാൻ കോടിക്കണക്കിന് പണം ആവശ്യമില്ല, …….
മനസ്സിൽ അത്രക്ക് ശക്തമായ വിശ്വാസമുണ്ടെങ്കിൽ ഒരു രൂപക്ക് പോലും ഈശ്വരനെ ലഭിക്കും. “