ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ

ഭക്ഷിക്കുക, പാനംചെയ്യുക (യോഹ 6:51-58)

എട്ടു വാക്യങ്ങളുള്ള ഒരു സുവിശേഷഭാഗം. അതിൽ എട്ടു പ്രാവശ്യം ആവർത്തിക്കപ്പെടുന്നുണ്ട്; യേശുവിൻ്റെ ശരീരം ഭക്ഷിക്കുന്നതിനെക്കുറിച്ചും നിത്യജീവനെക്കുറിച്ചും. ആദ്യ വായനയിൽ വചനഭാഗം ആവർത്തനവിരസവും ഏകതാനവുമാണെന്നു തോന്നാം. അപ്പോഴും ഓർക്കണം, ഇതാണ് യോഹന്നാൻ്റെ രചനാശൈലി. ആ ഏകതാനത ദൈവികമാണ്. അതിലൂടെയാണ് ശക്തമായ ഒരു ഉള്ളടക്കത്തെ സുവിശേഷകൻ രൂപപ്പെടുത്തുന്നത്. പദങ്ങൾ പരിമിതമാണ്. അപ്പോഴും അർത്ഥപുഷ്ടിയുള്ളവയാണവ. അവ ആവർത്തിക്കുന്തോറും അവയുടെ അർത്ഥതലവും വികസിക്കുകയാണ്. നിശ്ചലമായ ജലാശയത്തിലേക്ക് ഒരു കല്ല് വീഴുമ്പോൾ ഉണ്ടാകുന്ന വൃത്തതരംഗങ്ങൾ പോലെ.

“എൻ്റെ മാംസം ഭക്ഷിക്കുക, എൻ്റെ രക്തം പാനംചെയ്യുക. അപ്പോൾ നിങ്ങൾക്ക് നിത്യജീവൻ ഉണ്ടാകും”. എട്ടു പ്രാവശ്യമാണ് നിത്യജീവനെ അന്നത്തിനോട് ചേർത്തുവയ്ക്കുന്നത്. അതെ, മരിക്കാതിരിക്കാൻ ഭക്ഷിക്കണം. പക്ഷേ എന്തിനെയാണ്, ആരെയാണ് ഭക്ഷിക്കേണ്ടത് അല്ലെങ്കിൽ സ്വാംശീകരിക്കേണ്ടത്? എല്ലാ ഉറപ്പുകളെയും എല്ലാ ചിന്തകളെയും അവൻ തകിടം മറിക്കുന്നു. മരണത്തിലേക്ക് തെന്നിമാറുന്ന നമ്മുടെ അസ്തിത്വത്തെ അവൻ വഴിമാറ്റി വിടുന്നു. ഒഴുക്ക് ഇനി താഴേക്കല്ല, മുകളിലേക്കാണ്. അത് ഇനി വിലയംപ്രാപിക്കാൻ പോകുന്നത് സ്വർഗ്ഗത്തിലാണ്. ദൈവത്തിൽ ജീവിക്കാൻ അവനിതാ, സ്വയം പകുത്തു നൽകുന്നു.

“സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, നിങ്ങൾ മനുഷ്യപുത്രന്റെ മാംസം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങളിൽ ജീവൻ ഉണ്ടായിരിക്കുകയില്ല”. ഭാവി ജീവിതത്തെക്കുറിച്ചല്ല, വർത്തമാനത്തെക്കുറിച്ചാണ് അവൻ പറയുന്നത്. നിത്യജീവൻ ഒരു അന്ത്യ പ്രതിഫലമല്ല. ധാർമികതയ്ക്കു ലഭിക്കുന്ന ഒരു ഭാവി സമ്മാനവുമല്ല. വേതനത്തിൻ്റെയോ ശമ്പളത്തിൻ്റെയോ ഗണത്തിൽ പെടുന്നതുമല്ല അത്. നിത്യജീവൻ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. സത്യവും നീതിയുക്തവുമായ ജീവിതമാണത്. മരണത്തിനതീതമായ നന്മകൾ നിറഞ്ഞ അവസ്ഥയാണത്. യേശുവിൻ്റെ ജീവിതം പോലെയുള്ള ഒരു ജീവിതമാണത്.

മാംസവും രക്തവും എന്നത് യേശുവിൻ്റെ പൂർണ്ണമായ മനുഷ്യത്വത്തെ സൂചിപ്പിക്കുന്ന വാചകമാണ്. അവയിൽ എല്ലാമുണ്ട്. മരത്തിൻ്റെ ഗന്ധമുള്ള ആ മരപ്പണിക്കാരൻ്റെ കൈകൾ, അവൻ്റെ കണ്ണുനീർ, വികാരങ്ങൾ, ആലിംഗനങ്ങൾ, മുറിവേറ്റ പാദങ്ങൾ, സുഗന്ധവും സൗഹൃദവും നിറഞ്ഞ അവൻ്റെ ഭവനം… വരികളുടെയിടയിലൂടെ വായിക്കാവുന്ന മറ്റൊരു വിസ്മയവും കൂടി ഇവിടെയുണ്ട്. അത് പ്രവചനാതീതമാണ്. യേശുവിനെ ഭക്ഷിക്കുകയെന്നാൽ അവൻ്റെ ജ്ഞാനം, വിശുദ്ധി, അവനിലുള്ള മഹനീയത സ്വാംശീകരിക്കുക എന്നതാണ്. അതായത് യേശുവിൻ്റെ മനുഷ്യത്വവും അവൻ്റെ രീതിയും നമ്മുടെ ബന്ധങ്ങളിൽ പുളിമാവായി നിറയണം. അമ്മയുടെ ഉദരത്തിൽ കഴിയുന്ന ഒരു കുഞ്ഞ് അവളുടെ രക്തത്താൽ പോഷിപ്പിക്കപ്പെടുന്നതുപോലെ, നമ്മുടെ മാനുഷികതയുടെ പോഷണം യേശുവാകണം.

യേശു സംസാരിക്കുന്നത് കുർബാനയുടെ കൗദാശികതയെക്കുറിച്ചല്ല, തൻ്റെ അസ്തിത്വത്തിൻ്റെ കൗദാശികതയെക്കുറിച്ചാണ്. അവൻ പറയുന്നത് വ്യക്തമാണ് തൻ്റെ ഓരോ തുള്ളിയും ഓരോ നാരുകളും തിന്നുകയും കുടിക്കുകയും ചെയ്യുക. അവൻ്റെ ജീവിതത്തിൻ്റെ ഊഷ്മളമായ ഒഴുക്ക് നമ്മുടെ സിരകളിലൂടെ ഒഴുകാൻ അവൻ ആഗ്രഹിക്കുന്നു. അവൻ്റെ ധൈര്യം നമ്മുടെ ഹൃദയങ്ങളിൽ വേരൂന്നതിനുവേണ്ടി അവൻ കൊതിക്കുന്നു. അങ്ങനെ അവൻ ജീവിച്ചതുപോലെ നമ്മളും ജീവിക്കാൻ.

മാംസം ധരിച്ച വചനത്തെ ഭക്ഷിക്കുക എന്നു പറഞ്ഞാൽ വചനമായി മാറുക എന്നതും കൂടിയാണ്. അത് ദൈവത്തെ പോലെയാകുന്നതിനു തുല്യമാണ്. തോട്ടത്തിലെ പഴം കഴിച്ചാൽ ദൈവത്തെ പോലെയാകാൻ സാധിക്കുമെന്നു പറഞ്ഞ പ്രലോഭകനെ പോലെയല്ല ഇത്. ക്രിസ്തുവിനെ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുക എന്നതിനർത്ഥം അവനെ ഒരു അളവുകോലായി, പുളിമാവായി, ഊർജമായി സ്വാംശീകരിക്കുക എന്നതാണ്.

അങ്ങനെയാകുമ്പോൾ യേശുവിനെ ഭക്ഷിക്കുക എന്നത് കുർബാന സ്വീകരണം മാത്രമല്ല, നമ്മെത്തന്നെ കൂട്ടായ്മയുടെ കൂദാശയാക്കുക എന്നതാണ്. അപ്പോൾ അടിസ്ഥാന വിഷയം നാം അവനിലേക്ക് പോകുന്നതല്ല, അവനാണ് നമ്മിലേക്ക് വരുന്നത്. എങ്കിലും തന്നിലേക്ക് വരുന്നവരെ ഹൃദയത്തോട് ചേർത്തുനിർത്തുന്നവനാണവൻ. നമ്മൾ വരുന്നത് കണ്ട് സന്തോഷിക്കുന്നവൻ. എന്നിട്ട് അവൻ നമ്മുടെ വിശപ്പുകളെ മനസ്സിലാക്കി പറയും: “എടുത്തു കഴിക്കൂ”. അതെ, അവൻ നമ്മെ അന്വേഷിക്കുന്നവനാണ്, കാത്തിരിക്കുന്നവനാണ്, സ്വയം പകുത്തുനൽകുന്നവനാണ്.

“എടുക്കുക, ഭക്ഷിക്കുക!” ഓരോ തവണയും നമ്മെ അത്ഭുതപ്പെടുത്തുന്ന കുർബാനവചനങ്ങളാണവ. ഒരു സ്നേഹപ്രഖ്യാപനം പോലെ നമ്മുടെ കരങ്ങളിൽ സമ്മാനമായി, നാവിൽ അപ്പമായി, ചോദനയുടെ ആഴങ്ങളിൽ രക്തമായി, കോശമായി, ശ്വാസമായി, ചിന്തയായി മാറുന്ന ദിവ്യകാരുണ്യം.

നമ്മുടെ ജീവിതമായി മാറുന്നു അവൻ്റെ ജീവിതം. നമ്മുടെ മാംസം അവന്റെ മാംസത്തോടു ചേരുന്നു. നമ്മുടെ രക്തം അവന്റെ രക്തത്തിൽ അലിയുന്നു. “ഇനിമുതൽ ഞാനല്ല, എന്നിൽ ക്രിസ്തു വസിക്കുന്നു” എന്ന് പൗലോസപ്പോസ്തലനെ പോലെ അപ്പോൾ നമ്മളും പറയും.

/// മാർട്ടിൻ N ആൻ്റണി ///

അളക്കാനാവാത്ത സ്നേഹം.. വർണ്ണിക്കാനാവാത്ത ആനന്ദം..

നമ്മുടെ ജീവന്റെ ഭാഗമായി നാവിൽ അപ്പമായും,രക്തമായും,കോശമായും, ശ്വാസമായും ചിന്തയായും,മാറുന്ന പരിശുദ്ധ.. പരമ.. ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.. 🙏