അപ്പൊസ്തൊലിക സഭകളിലെകൈവയ്പ്പും പട്ടത്വവും:
മാര്‍ അദ്ദായിയുടെ പ്രബോധനത്തില്‍നിന്ന്
അപ്പൊസ്തൊലിക സഭകളില്‍ ശ്ലൈഹിക കൈവയ്പ്പ്, പട്ടത്വം, പുരോഹിതശുശ്രൂഷ എന്നീ പാരമ്പര്യങ്ങള്‍ എവിടെനിന്നു വന്നു എന്ന് ചോദിക്കുന്ന പ്രൊട്ടസ്റ്റന്റുകളും ന്യൂജെന്‍ ക്രിസ്റ്റ്യന്‍ മൂവ്മെന്റു അംഗങ്ങളുമുണ്ട്.
പുതിയനിയമ സഭയില്‍ പൗരോഹിത്യത്തെക്കുറിച്ച് ഏറെ പ്രതിപാദിക്കുന്ന ഹെബ്രായ ലേഖനത്തില്‍, ക്രൈസ്തവസഭയില്‍ ഉണ്ടായിരിക്കേണ്ട പട്ടത്വഘടനയേക്കുറിച്ചോ പൗരോഹിത്യത്തെക്കുറിച്ച് നേരിട്ട് പ്രതിപാദ്യമില്ല എന്നതിനാല്‍ അപ്പൊസ്തൊലിക സഭകളിലെ പട്ടത്വവും പൗരോഹിത്യവും അംഗീകരിക്കേണ്ടതില്ല എന്നാണ് ഇക്കൂട്ടര്‍ വിശ്വസിക്കുന്നത്. അതോടൊപ്പം എല്ലാ ക്രിസ്ത്യാനികളും “രാജകീയ പുരോഹിതഗണമാണ്”(1 പത്രോ 2:9) എന്നതിനാൽ, ഇതിൽ നിന്നു വ്യത്യസ്തമായി മറ്റൊരു പൗരോഹിത്യം പുതിയ നിയമത്തിൽ ഇല്ല എന്നു കരുതുന്നവരും ഉണ്ട്.
സീനായ് ഉടമ്പടിയിൽ ഇസ്രായേൽ സമൂഹം ഒന്നടങ്കം അറിയപ്പെട്ടിരുന്നത് പുരോഹിതഗണമായിട്ടാണ് (പുറ 19:6). എന്നാൽ ലേവീഗോത്രത്തേ പുരോഹിത ശുശ്രൂഷയ്ക്കായി പ്രത്യേകം വേർതിരിച്ചിരുന്നു എന്ന് സംഖ്യാ പുസ്തകം 3:10 ൽ വായിക്കുന്നു. ഇപ്രകാരം പുതിയനിയമ സഭയിൽ സകല വിശ്വാസികളും പുരോഹിതരായിരിക്കുമ്പോൾ തന്നെ (Universal priesthood) ഇവരിൽ നിന്നും പ്രത്യേകം വേർതിരിക്കപ്പെട്ടവർ നിർവ്വഹിക്കേണ്ട ശുശ്രൂഷാ പൗരോഹിത്യവും (Ministerial priesthood) നിലനിൽക്കുന്നു. എന്നാൽ ഈ ശുശ്രൂഷാ പൗരോഹിത്യം ആരംഭിച്ചത് എന്നു മുതലാണ്, ആരാണ് ഇവരെ കൈവയ്പ്പിലൂടെ പുരോഹിത ശുശ്രൂഷയ്ക്കായി അഭിഷേകം ചെയ്തത് എന്നതാണ് പലരും ഉയർത്തുന്ന ചോദ്യം. ഇതിന് ”എഡേസയിലും മെസൊപ്പൊട്ടോമിയായിലും പ്രസംഗിച്ച മാര്‍ അദ്ദായിയുടെ പ്രബോധനം” എന്ന ഗ്രന്ഥത്തിലാണ് ക്രൈസ്തവസഭയില്‍ നിലനില്‍ക്കുന്ന പട്ടത്വം ഈശോമശിഹായില്നിന്ന് നേരിട്ട് ശിഷ്യന്മാർക്ക് ലഭിച്ചതിൻ്റെ പിന്തുടർച്ചയാണ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
അദ്ദായി എന്ന ഈ ശിഷ്യന് ഈശോമശിഹായുടെ പന്ത്രണ്ട് ശിഷ്യന്മാരില് ഒരുവനായ തദേവൂസ് ആയിരുന്നുവെന്നോ, ഈശോമശിഹായുടെ എഴുപത്തിരണ്ട് ശിഷ്യഗണങ്ങളില്‍ ഉള്‍പ്പെട്ട ഒരു ശിഷ്യൻ ആയിരുന്നു എന്നുമുള്ള രണ്ട് വാദങ്ങളും നിലവിലുണ്ട്.
“നമ്മുടെ കര്‍ത്താവില്‍നിന്ന് ശ്ലീഹന്മാര്‍ക്ക് ലഭിച്ച പൗരോഹിത്യ കൈവയ്പ്പിലൂടെ അവരുടെ സുവിശേഷം ലോകത്തിന്റെ നാലുഭാഗങ്ങളിലേക്കും പറന്നെത്തി” എന്ന് അദ്ദായി രേഖപ്പെടുത്തുന്നു (ആധാരം: സഭാപിതാക്കന്മാര് -3, റവ ഡോ ജി ചേടിയത്ത്, ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സ്റ്റഡീസ്, പേജ് 180- 192). “ഈശോമശിഹായില്നിന്ന് പൗരോഹിത്യ ശുശ്രൂഷയ്ക്കായി കൈവയ്പ്പ് ലഭിച്ചതോടെ മോശെയുടെയും അഹറോന്റെയും കുടുംബക്കാരുടെ പൗരോഹിത്യത്തിന്റെ വലതുകരവും ദാനവും സ്വീകരിച്ചതിനാല്‍ ശിഷ്യന്മാര് സന്തോഷിച്ചു” എന്നും മാര്‍ അദ്ദായി എഴുതിയിട്ടുണ്ട്.
“ഈശോമശിഹായുടെ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം ശിഷ്യന്മാര് ഒരുമിച്ചുകൂടി പുതിയനിയമ ക്രൈസ്തവ സഭയ്ക്ക് വേണ്ടി കാനോനുകള്‍ ഉണ്ടാക്കുകയും സഭയുടെ മുന്നോട്ടുള്ള ഗതിക്കായി നിയമങ്ങളും ചട്ടങ്ങളും ക്രിമീകരിക്കുകയും ചെയ്തു. തങ്ങളുടെ സുവിശേഷപ്രസംഗമനുസരിച്ചും തങ്ങളുടെ പ്രബോധനത്തോടു വിശ്വാസ്തത പുലര്‍ത്തിയും അതിന് അനുസൃതവുമായി ആത്മാവിന്റെ ദാനമനുസരിച്ചാണ് അവര്‍ ഇപ്രകാരം ചെയ്തത്” (പേജ്182). പന്തക്കുസ്തായ്ക്കു ശേഷം ശിഷ്യന്മാർ ഒരുമിച്ചുകൂടി 26 വിവിധ വിഷയങ്ങളിലാണ് പുതിയനിയമ സഭയ്ക്കുവേണ്ടി നിയമങ്ങളും ആരാധനാ രീതിയും പൗരോഹിത്യക്രമവും ഉണ്ടാക്കിയത്. (ശിഷ്യന്മാര് തീര്‍പ്പുകല്‍പ്പിച്ച 26 വിഷയങ്ങളെ പൂര്‍ണ്ണമായി പിന്നീട് എഴുതാം)
ഇപ്രകാരം അപ്പൊസ്തൊലന്മാര് തീര്‍പ്പുകല്‍പ്പിച്ച 26 വിവിധ വിഷയങ്ങളില്‍ പട്ടത്വവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ക്കാണ് വ്യക്തത വരുത്തിയത്. ഇതില്‍ ആറാമതായി രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ് ”ശ്ലീഹന്മാര് ഇപ്രകാരം തീര്‍പ്പു കല്പ്പിച്ചു, ലേവ്യരെപ്പോലെ പുരോഹിതരും (elders) ഡീക്കന്മാരും ഉണ്ടായിരിക്കണം. കര്‍ത്താവിന്റെ വിശുദ്ധസ്ഥലത്തിന്റെ പ്രാകാരങ്ങളില്‍ പാത്രങ്ങള്‍ വഹിക്കുന്നവരേപ്പോലെ സബ്ഡീക്കന്മാരും ഉണ്ടായിരിക്കണം. ലേവ്യരുടെ ഇടയില്‍ അഹറോനെപ്പോലെ ജനങ്ങളുടെയെല്ലാം വഴികാട്ടിയും വൈദികസമൂഹം മുഴുവന്റെയും തലവനും പ്രധാനിയുമായ ഒരു മേലന്വേഷകനും (മേല്പട്ടക്കാരന് അഥവാ സഭാതലവന്) ഉണ്ടായിരിക്കണം”
ഇരുപത്തി മൂന്നാമത്തെ ഖണ്ഡികയില്‍ ശ്ലീഹന്മാര് വീണ്ടും തീര്‍പ്പുകല്‍പ്പിച്ചു “ഗ്രാമങ്ങളിലെ പള്ളികളിലുള്ള പുരോഹിതന്മാര്ക്ക് ഒരു മേലാളനുണ്ടായിരിക്കണം. അവരുടെയെല്ലാം തലവനായി അയാള്‍ അംഗീകരിക്കപ്പെടുകയും എല്ലാവരും അയാളെ അനുസരിക്കുകയും വേണം. ശാമുവേലും ഇപ്രകാരം ഓരോ സ്ഥലവും സന്ദര്‍ശിച്ച് കല്‍പ്പനകള്‍ നല്‍കിയിരുന്നു”
ശ്ലീഹന്മാര് തീര്‍പ്പുകല്‍പ്പിച്ച ഒന്നാമത്തെ വിഷയം “കിഴക്കോട്ടു തിരിഞ്ഞുനിന്നുകൊണ്ടു പ്രാര്‍ത്ഥിക്കണം എന്നതായിരുന്നു. കാരണം, കിഴക്കുനിന്നുള്ള മിന്നല്‍ പടിഞ്ഞാറും കാണപ്പെടുന്നതുപോലെയായിരിക്കും മനുഷ്യപുത്രന്റെ വരവും. അന്ത്യത്തില്‍ അവിടുന്ന് കിഴക്കുനിന്ന് പ്രത്യക്ഷനാകും എന്ന് ഇതില്‍ നാം അറിയുകയും ചെയ്യുന്നു”
ശ്ലീഹന്മാര് ഇപ്രകാരം വിവിധ വിഷയങ്ങള്‍ക്ക് ആദ്യമേ തന്നെ തീര്‍പ്പു കല്പ്പിച്ചതിന്റെ കാരണമായി പറയുന്നത് “ശ്ലീഹന്മാര് ഈ സംഗതികളെല്ലാം തങ്ങള്‍ക്കുവേണ്ടിയല്ല, തങ്ങളുടെ പിന്നാലേ വരുന്നവര്‍ക്കു വേണ്ടി ക്രമീകരിച്ചു. കാരണം, ഭാവിയില്‍ ചെന്നായ്ക്കള്‍ കുഞ്ഞാടിന്റെ വേഷം ധരിച്ചുവരുമെന്ന് അവർ അറിഞ്ഞിരുന്നു…. നമ്മുടെ കര്‍ത്താവില്‍നിന്ന് ശക്തിയും അധികാരവും സ്വീകരിച്ചവര്‍ക്ക് മറ്റുള്ളവര്‍ നിയമം ഉണ്ടാക്കിക്കൊടുക്കേണ്ട ആവശ്യമില്ലായിരുന്നു. പൗലോസും തിമോഥിയോസും സിറിയാ, സിലിഷ്യ പ്രദേശങ്ങളില്‍ ചുറ്റി സഞ്ചരിച്ചപ്പോള്‍ ശ്ലീഹന്മാരുടെയും മൂപ്പന്മാരുടേതുമായ ഈ കല്പ്പനകളും നിയമങ്ങളും വിവിധ സ്ഥലങ്ങളിലെ ശ്ലൈഹിക സഭകളിലുള്ള മൂപ്പന്മാരേ ഭരമേല്‍പ്പിച്ചു…. വിശ്വസിച്ചവര്‍ ശ്ലീഹന്മാരോടു പറ്റിച്ചേര്‍ന്നു. അവരില്‍ നിന്ന് അകന്നു മാറിയില്ല. കാരണം അവര്‍ ജനങ്ങളെ പഠിപ്പിച്ചവയെല്ലാം എല്ലാവരുടെയും മുമ്പാകെ അവര്‍ പ്രാവര്‍ത്തികമാക്കിയിരുന്നു… ശ്ലീഹന്മാരുടെ മരണശേഷം സഭകളില്‍ അധ്യക്ഷന്മാരും മേലന്വേഷകരും ഉണ്ടായിരുന്നു. ശ്ലീഹന്മാര് ഭരമേല്പ്പിച്ചവയും സഭകളില്‍ നിലനിന്നു”
ശ്ലീഹന്മാര് തങ്ങള്‍ക്കു ലഭിച്ചവയലെല്ലാം തങ്ങളുടെ മരണാവസരം തങ്ങളുടെ ശിഷ്യന്മാരേ ഭരമേല്‍പ്പിച്ചു. അപ്പൊസ്തൊലിക പാരമ്പര്യത്തിന്റെ ഭാഗമായി ഇക്കൂട്ടത്തില്‍ കൈമാറപ്പെട്ടതാണ് ശിഷ്യന്മാരുടെ എഴുത്തുകള്‍. ഇവയാണ് പുതിയ നിയമ ഗ്രന്ഥമായി പിന്നീട് അംഗീകരിച്ചത്.”യാക്കോബ് ജറുസലേമില്‍നിന്ന് എഴുതിയതും ശെമയോന് റോമാനഗരത്തില്നിന്ന് എഴുതിയതും യോഹന്നാന് എഫേസോസില്‍നിന്ന് എഴുതിയതും മര്‍ക്കോസ് വലിയ അലക്സാണ്ട്രിയയില്‍ നിന്നും അന്ത്രയോസ് ഫ്രീജിയായില്നിന്നും ലൂക്കോസ് മാസിഡോണിയായില്നിന്നും തോമാ ഇന്ത്യയില്‍നിന്നും എഴുതിയവയും പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളും ശ്ലീഹന്മാരുടെ വിജയത്തിന്റെ നടപടികളും എല്ലാ സ്ഥലങ്ങളിലുമുള്ള സഭകളിലും സ്വീകരിച്ചു വായിക്കേണ്ടതാണ്. ലൂക്കോസ് സുവിശേഷകനെഴുതിയ ശ്ലീഹന്മാരുടെ നടപടികളും വായിക്കണം. അതുവഴി ശ്ലീഹന്മാരും പ്രവാചകന്മാരും പഴയനിയമവും പുതിയനിയമവും അറിയപ്പെടാന്‍ ഇടയാകും…”
“അനേകരാജ്യങ്ങള്‍ അവരുടെ പ്രബോധം സ്വീകരിച്ചു. അങ്ങനെ ശ്ലീഹന്മാരിലൂടെ നമ്മുടെ കര്‍ത്താവ് സംസാരിക്കുകയും ശ്ലീഹന്മാര് തങ്ങളുടെ പിന്‍ഗാമികള്‍ക്കു കൈമാറുകയും ചെയ്തവയെല്ലാം എല്ലാ രാജ്യങ്ങളിലും നമ്മുടെ കര്‍ത്താവിനോടുള്ള ബന്ധംകൊണ്ട് വിശ്വസിക്കാനും സ്വീകരിക്കാനും ഇടയാകും. ഞാനോ ഇതാ ലോകാവസാനം വരെ നിങ്ങളോടുകൂടെയുണ്ട് എന്ന് അവിടുന്നു വാഗ്ദാനം ചെയ്തിരുന്നുവല്ലോ”നമ്മുടെ കര്‍ത്താവില്‍നിന്ന് ശ്ലീഹന്മാര്‍ക്ക് ലഭിച്ച പൗരോഹിത്യ കൈവലയ്പ്പിലൂടെ അവരുടെ സുവിശേഷം ലോകത്തിന്റെ നാലു ഭാഗങ്ങളിലും പറന്നെത്താനിടയായി. അവര്‍ പരസ്പരം സന്ദര്‍ശിക്കുകയും പരസ്പരം ശുശ്രൂഷിക്കുകയും ചെയ്തു
ശ്ലീഹന്മാരില്‍നിന്ന് പൗരോഹിത്യ കൈവയ്പ്പ് സ്വീകരിച്ച് രാജ്യങ്ങള്‍
ജെറുസലേമും പാലസ്തീനായിലെ എല്ലാ പ്രദേശങ്ങളും സമറിയാക്കാരുടെയും ഫിലിസ്ത്യരുടെയും പ്രദേശങ്ങളുടെ ഭാഗങ്ങളും അറബികളുടെയും ഫിനീഷ്യരുടെയും പ്രദേശങ്ങളും കേസറിയായിലെ ജനങ്ങളും യാക്കോബില്‍നിന്ന് പൗരോഹിത്യ കൈവയ്പ്പ് സ്വീകിരച്ചു.
വലിയ അലക്സാണ്ട്രിയ, തേബായിസ്, ഈജിപ്റ്റ് ഉള്‍പ്പെടെയുള്ള നാടുകള്‍ മുഴുവന്‍ സുവിശേഷകനായ മാര്‍ക്കോസില്‍നിന്ന് പൗരോഹിത്യത്തിന്റെ ശ്ലൈഹിക കൈവയ്പ്പ് സ്വീകരിച്ചു. അവന് ശുശ്രൂഷിച്ച സഭയില്‍ അവന് മേലധ്യക്ഷനും നായകനുമായിരുന്നു.
ഇന്ത്യയും അതിനു ചുറ്റും വിദൂര കടല്‍വരെയുള്ള അതിലെ എല്ലാ നാടുകളും തോമായില്നിന്ന് പൗരോഹിത്യത്തിന്റെ ശ്ലൈഹിക കൈവയപ്പ് സ്വീകരിച്ചു. അവന് സ്ഥാപിച്ചു ശുശ്രൂഷിച്ച സഭയില്‍ അവന് മേലധ്യക്ഷനും നേതാവുമായിരുന്നു.
അന്ത്യോക്യായും സിറിയയും കിലീക്യയും പോന്തുസുവരെയുള്ള ഗലാത്യായും ശെമയോന് കേപ്പായില്‍നിന്ന് പൗരോഹിത്യത്തിന്റെ ശ്ലൈഹിക കൈവയ്പ്പ് സ്വീകരിച്ചു. അവിടെയെല്ലാം അവന് സഭയ്ക്ക് അടിസ്ഥാനമിടുകയും പുരോഹിതനായിരിക്കുകയും റോമിലേക്ക് പോകുന്നതുവരെ അവിടെ ശുശ്രൂഷിക്കുകയും ചെയ്തു.
റോമാ നഗരവും ഇറ്റലി മുഴുവനും സ്പെയിനും ബ്രിട്ടനും ഗാളും (പടിഞ്ഞാറന്‍ യൂറോപ്പ്) ഇവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളും ശെമയോന് കേപ്പായില്നിന്ന പൗരോഹിത്യത്തിന്റെ കൈവയ്പ്പ് സ്വികരിച്ചു. അവന് അന്ത്യോഖ്യായില്നിന്നാണ് പോയത്. അവന് അവിടെ മേലധ്യക്ഷനും നായകനുമായിരുന്നു.
എഫേസോസും തെസലോനിക്കയും ആസിയായിലെ എല്ലാ രാജ്യങ്ങളും കോറിന്തോസുകാരുടെ എല്ലാ രാജ്യങ്ങളും അകായിയാ മുഴുവനും അതിനു ചുറ്റുമുള്ളവയും സുവിശേഷകനനായ യോഹന്നാനില്നിന്ന് പൗരോഹിത്യത്തിന്റെ ശ്ലൈഹിക കൈവയ്പ്പ് സ്വീകരിച്ചു. അന്ത്യത്താഴത്തില്‍ അവനാണ് കര്‍ത്താവിന്റെ മാര്‍വില്‍ ചാരിക്കിടന്നത്. അവന് അവിടെ സഭ സ്ഥാപിക്കുകയും അവിടെ അധ്യക്ഷനായി ശുശ്രൂഷ ചെയ്യുകയും ചെയ്തു.
നിഖ്യായും നിക്കോമോദിയായും ബിഥീനിയായിലെ എല്ലാ രാജ്യങ്ങളും ഗോത്തിയായും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും പൗരോഹിത്യത്തിന്റെ ശ്ലൈഹിക കൈവയ്പ്പ് ശെമയോന് കേപ്പായുടെ സഹോദരനായ അന്ത്രയോസില്നിന്ന് സ്വീകരിച്ചു. അവന് അവിടെ സ്ഥാപിച്ച സഭയില്‍ അവന് അധ്യക്ഷനും നേതാവുമായിരുന്നു. അവന് അവിടെ പൗരോഹിത്യ ശുശ്രൂഷ ചെയ്തു. ബിസാന്സ്യവും ത്രേസിലെ എല്ലാ രാജ്യങ്ങളും അതിനെ മരുഭൂമിയില്‍നിന്ന് വേര്‍തിരിക്കുന്ന അതിര്‍ത്തിവരെ അതിനു ചുറ്റുമുള്ള പ്രദേശങ്ങളും ലൂക്കാ ശ്ലീഹായില്‍നിന്ന് പൗരോഹിത്യത്തിന്റെ ശ്ലൈഹിക കൈവയ്പ്പ് സ്വീകരിച്ചു. അവന് അവിടെ അധ്യക്ഷനും നേതാവുമായി ശുശ്രൂഷ ചെയ്തു.
എഡേസയും അതിനു ചുറ്റിനും എല്ലായിടത്തുമുള്ള പ്രദേശങ്ങളും നിസിബിസും അറേബ്യയും വടക്കന്‍ പ്രദേശങ്ങള്‍ മുഴുവനും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും തെക്കും മെസപ്പൊട്ടോമിയായുടെ അതിര്‍ത്തികളും എഴുപത്തി രണ്ട് ശ്ലീഹന്മാരില്‍ ഒരാളായ ആദായി ശ്ലീഹായില്‍നിന്ന് പൗരോഹിത്യത്തിന്റെ ശ്ലൈഹിക കൈവയ്പ്പ് സ്വീകരിച്ചു. അവന് അവിടെ പ്രസംഗിക്കുകയും പൗരോഹിത്യ ശുശ്രൂഷ നിര്‍വ്വഹിക്കുകയും അധ്യക്ഷനായിരിക്കുകയും ചെയ്തു.
പേര്‍ഷ്യ മുഴുവനും അസീറിയാക്കാരുടെയും അര്മീനിയാക്കാരുടെയും മേദ്യരുടെയും പ്രദേശങ്ങളും ഇന്ത്യന്‍ അതില്ത്തിവരെയും ഗോഗിന്റെയും മാഗോഗിന്റെയും രാജ്യം വരെയും ബാബിലോണിനും ബേത്ഹൂസായ്ക്കും ഗെലിയേയ്ക്കും ചുറ്റുമുള്ള രാജ്യങ്ങളും എല്ലാവശത്തുമുള്ള മറ്റെല്ലാ രാജ്യങ്ങളും ആദായി ശ്ലീഹായുടെ ശിഷ്യനും സില്‍ക്ക് നിര്‍മ്മാതാവുമായ ആഗായ് ശ്ലീഹായില്‍നിന്ന് പൗരോഹിത്യത്തിന്റെ ശ്ലൈഹിക കൈവയ്പ്പ് സ്വീകരിച്ചു (പേജ് 189-190)
“ശ്ലീഹന്മാരുടെ ശേഷിച്ച സഹപ്രവര്‍ത്തകര്‍ അപരിഷ്കൃതരുടെ വിദൂരസ്ഥലങ്ങളിലേക്ക് പോയി. അവര്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പഠിപ്പിച്ചുകൊണ്ട് കടന്നുപോയി. തങ്ങളുടെ പ്രബോധനം വഴി അവര്‍ അവിടെ ശുശ്രൂഷ ചെയ്തു. അവിടെ വച്ചുതന്നെ അവര്‍ ഈ ലോകത്തില്‍നിന്ന് കടന്നുപോയി. അവര്‍ക്കു ശേഷം അവരുടെ ശിഷ്യന്മാര് ഈ ദിവസം വരെ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു. അവരുടെ പ്രബോധനത്തില്‍ അവര്‍ മാറ്റമോ കൂട്ടിച്ചേര്‍ക്കലോ ഒന്നും വരുത്തിയില്ല.
മാര്‍ ആദായിയുടെ വിവരണങ്ങളില്‍ നിന്നാണ് പന്തക്കുസ്താ ദിനത്തില്‍ അഗ്നിനാവുകളായി ശിഷ്യര്‍ എന്തുകൊണ്ടാണ് അഭിഷിക്തരായത് എന്നതിന്റെ വ്യക്തമായ സൂചന ലഭിക്കുന്നത്. പന്തക്കുസ്തായുടെ മുമ്പുവരെയുള്ള ദിവസങ്ങളില്‍, തങ്ങള്‍ക്ക് അജ്ഞാതവും അപരിചിതവുമായ ഭാഷകളുള്ള ലോകത്തിന്റെ അറ്റത്തോളം എങ്ങനെയാണ് സുവിശേഷം പ്രസംഗിക്കുക എന്നൊരു ആകുലത ശിഷ്യന്മാര്ക്ക് ഉണ്ടായിരുന്നുവത്രെ.
“ആകുലപ്പെട്ടിരിക്കുന്ന ശിഷ്യരുടെ മധ്യേ ശെമയോന് കേപ്പ എഴുന്നേറ്റുനിന്ന് അവരുടെ പ്രസംഗിച്ചു. എന്റെ സഹോദരരേ, തന്റെ സുവിശേഷം ലോകത്തില്‍ നാം എങ്ങിനെ പ്രസംഗിക്കണം എന്ന് തീരുമാനിക്കുക നമ്മുടെ കാര്യമല്ല. അവുടുന്ന് നമ്മോടു വാഗ്ദാനം ചെയ്ത പരിപാലനയില്‍ നമുക്ക് ആശ്രയിക്കാം.
ഞാന്‍ എന്റെ പിതാവിങ്കലേക്ക് കരേറുമ്പോള് ഞാന്‍ നിങ്ങള്‍ക്ക് ആശ്വാസപ്രദനെ അയയ്ക്കാം, നിങ്ങള്‍ അറിയേണ്ടതും അറിയിക്കേണ്ടതുമായ സംഗതികളെല്ലാം അവിടുന്നു നിങ്ങളെ പഠിപ്പിക്കും.
തന്റെ സഹോദരന്മാരോടു ശെമയോന് കേപ്പ ഇപ്രകാരം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അലൗകികമായ ഒരു സുഗന്ധം അവിടെ വീശുകയും സുഗന്ധത്തോടും ശബ്ദത്തോടും ഒപ്പം അഗ്നിനാവുകള്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് അവരുടെ പക്കലേക്കിറങ്ങി അവരില്‍ ഓരോരുത്തന്റെയും മേല്‍ ആവസിച്ച് പ്രകാശിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ഓരോരുത്തനും ലഭിച്ച വ്യത്യസ്ത നാവനുസരിച്ച് (ഭാഷയനുസരിച്ച്), ആ ഭാഷ സംസാരിക്കുകയും കേള്‍ക്കുകയും ചെയ്യുന്ന നാട്ടിലേക്ക് പോകാനായി ഓരോരുത്തനും ഒരുങ്ങി.
മാത്യൂ ചെമ്പുകണ്ടത്തിൽ