ഉടച്ചുവാർപ്പ്

“സാമാന്യ ബുദ്ധി” -common sense- എന്ന സംഭവം പലപ്പോഴും നമ്മെ സഹായിക്കാറുണ്ട്. പലപ്പോഴും അതേ സാധനം മനുഷ്യസമൂഹത്തെ വഴി തെറ്റിക്കാറുമുണ്ട്. സമൂഹത്തെ ഭരിക്കുന്ന പല മൂല്യവ്യവസ്ഥിതികളുടെയും അടിസ്ഥാനം ഇപ്പറയുന്ന സാമാന്യ ബുദ്ധിയാണ് എന്നു കാണാം. നമ്മുടെ പല അനുഭവങ്ങളുടെയും വെളിച്ചത്തിൽ മൊത്തത്തിൽ നോക്കുമ്പോൾ ഇന്നതാണ് ശരി എന്ന് നമുക്ക് തോന്നിയിട്ടുള്ള എത്രയെത്ര കാര്യങ്ങൾ കൂടുതൽ ‘ശാസ്ത്രീയ’മായ വിശകലനത്തിനുശേഷം നാം തിരുത്തി നിലപാട് മാറ്റിയിട്ടുണ്ട് എന്നോർത്താൽത്തന്നെ കാര്യം വ്യക്തമാകും.

നമ്മുടെ സാമാന്യ ബുദ്ധിയെ നമ്മുടെ സ്വാർത്ഥപരമായ പല താല്പര്യങ്ങളും ശക്തമായി സ്വാധീനിക്കുന്നുണ്ട് എന്നതാണ് അതിനുള്ള കാരണം. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് പൊതുസമൂഹം ഏതാണ്ട് ബോധ്യപ്പെടാൻ എത്രകാലം വേണ്ടിവന്നു എന്നാലോചിച്ചാൽ മതി. കുട്ടികളുടെ അവകാശങ്ങളെ കുറിച്ച്, ആദിമ ജനതകളുടെ അവകാശങ്ങളെക്കുറിച്ച് ഒക്കെ ഇപ്പോഴും പല നാടുകളിലും വേണ്ടത്ര അവബോധം ഉണർന്നു വന്നിട്ടില്ല. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ചും അങ്ങനെ തന്നെ. അടിമകളുടെ അവകാശങ്ങളെ കുറിച്ച് ചിന്തിക്കാൻ പോലും ഒരുകാലത്ത് സമൂഹം ഒരുക്കമുള്ളതായിരുന്നില്ല.

പുതിയ നിയമത്തിൽ പൗളൈൻ കോർപ്പസ് എന്നറിയപ്പെടുന്ന പൗലോസിൻ്റെ പേരിലുള്ള 13 ലേഖനങ്ങളിൽ അവസാനത്തേത് പൗലോസ് ഫിലെമൊന് എഴുതിയ ഹ്രസ്വമായ ലേഖനമാണ്. വളരെ വ്യക്തിപരമായ ഒരു കത്താണത്. കൊളോസിയയിലെ ഒരു ധനികനായിരുന്നു ഫിലെമൊൻ. അയാളെ പൗലോസാണ് മാനസാന്തരപ്പെടുത്തിയത്.

സ്വാഭാവികമായും ഒരു അപ്പസ്തോലൻ എന്നതിലുപരി സ്വന്തം ഗുരു എന്നതാണ് ഫിലെമൊന് പൗലോസിനോടുള്ള ബന്ധം. ഒരുപക്ഷേ, പൗലോസ് ഏതാനും ദിവസം ഫിലെമോൻ്റെ ആതിഥ്യം സ്വീകരിച്ചിട്ടുമുണ്ടാകാം. ധനികർക്കെല്ലാം അക്കാലത്ത് ഉണ്ടായിരുന്നതുപോലെ അയാൾക്ക് അടിമകൾ ഉണ്ടായിരുന്നു. ഒനേസിമുസ് എന്ന അടിമ മിക്കവാറും ഒരു അലസനായിരുന്നിരിക്കണം. സ്വാഭാവികമായും ഫിലെമൊൻ എന്ന ഉടയോൻ സ്ഥിരമായി അയാളെ ശകാരിക്കുകയോ ശിക്ഷിക്കുകയോ ചെയ്തിരിക്കണം. അതുകൊണ്ടായിരിക്കണം അയാൾ ഒളിച്ചോടുന്നത്.

വലിയ നഗരങ്ങളിലേക്കാണ് അത്തരക്കാർ ഒളിച്ചോടുക. അന്നത്തെ നാട്ടുനടപ്പനുസരിച്ച് അത്തരം തെറ്റിന് ഉടയോന് അടിമയെ കൊല്ലാൻ പോലും അധികാരം ഉണ്ടായിരുന്നു. പൗലോസാകട്ടെ അപ്പോൾ തടവറയിലാണ്. ഫിലെമൊൻ്റെ അതിഥിയായിരിക്കേ പൗലോസ് അയാളോട് പ്രത്യേകമായ സ്നേഹവും സഹാനുഭൂതിയും കാട്ടിയിരിക്കണം. അതുകൊണ്ടാവണം അയാൾ പൗലോസിനെ തേടി തടവറയിലെത്തുന്നത്. പൗലോസാകട്ടെ, അയാളോട് വചനം പങ്കുവെക്കുന്നു. അയാളെ മാനസാന്തരപ്പെടുത്തുന്നു. അയാൾക്ക് മാമോദിസ നൽകുന്നു. എന്നിട്ട് ഫിലെമൊന് എഴുതുന്ന ശുപാർശക്കത്താണ് പൗലോസിൻ്റെ അവസാനത്തെ ലേഖനമായി പുതിയ നിയമത്തിൽ ഉള്ളത്.

“സഹോദരാ, നിൻറെ സ്നേഹത്തിൽ നിന്നും വളരെയേറെ ആശ്വാസവും സന്തോഷവും എനിക്ക് ലഭിച്ചിരിക്കുന്നു. എന്തെന്നാൽ, നീ വഴി വിശുദ്ധർ ഉന്മേഷഭരിതരായി.

ഉചിതമായത് ചെയ്യാൻ നിന്നോട് ആജ്ഞാപിക്കാനുള്ള തന്റേടം ക്രിസ്തുവിൽ എനിക്കുണ്ടെങ്കിലും, സ്നേഹം മൂലം നിന്നോട് അപേക്ഷിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. പൗലോസ് ആയ ഞാൻ ഒരു വൃദ്ധനും, ഇപ്പോൾ യേശുക്രിസ്തുവിനെ പ്രതി തടവുകാരനുമാണ്. എൻറെ പുത്രൻ ഒനേസിമുസിന്റെ കാര്യമാണ് നിന്നോട് ഞാൻ അപേക്ഷിക്കുന്നത്. എൻറെ കാരാഗൃഹ വാസകാലത്ത് ഞാൻ അവനു പിതാവായി. മുമ്പ് അവൻ നിനക്ക് പ്രയോജന രഹിതനായിരുന്നു. ഇപ്പോൾ ആകട്ടെ അവൻ നിനക്കും എനിക്കും പ്രയോജനമുള്ളവനാണ്. അവനെ നിൻറെ അടുത്തേക്ക് ഞാൻ തിരിച്ചയക്കുന്നു. എൻ്റെ ഹൃദയം തന്നെയാണ് ഞാൻ അയക്കുന്നത്.

സുവിശേഷത്തെ പ്രതിയുള്ള എൻ്റെ ബന്ധിതാവസ്ഥയിൽ നിനക്കുവേണ്ടി എന്നെ ശുശ്രൂഷിക്കാൻ ഞാൻ അവനെ സന്തോഷപൂർവ്വം എന്നോടൊപ്പം നിർത്തുമായിരുന്നു. നിന്റെ ഔദാര്യം നിർബന്ധത്താൽ ആകാതെ സ്വതന്ത്ര മനസ്സാൽ ആകുന്നതിനാണ് നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്യാൻ ഞാൻ ആഗ്രഹിക്കാത്തത്. അൽപ്പകാലത്തേക്ക് അവൻ നിന്നിൽ നിന്ന് വേർപിരിഞ്ഞത് ഒരുപക്ഷേ നിത്യമായി അവനെ നിനക്ക് തിരിച്ചുകിട്ടുന്നതിന് ആയിരിക്കാം. ഇനി ഒരു ദാസൻ ആയിട്ടല്ല, അതിലുപരി, ലൗകികമായും കർത്താവിലും എനിക്കും അതിലേറെ നിനക്കും പ്രിയപ്പെട്ട ഒരു സഹോദരനായി അവനെ ലഭിച്ചിരിക്കുന്നു.

അതുകൊണ്ട് നീ എന്നെ നിന്റെ സഹകാരിയായി പരിഗണിക്കുന്നെങ്കിൽ എന്നെപ്പോലെ അവനെയും സ്വീകരിക്കുക. അവൻ നിന്നോട് എന്തെങ്കിലും തെറ്റ് ചെയ്യുകയോ, എന്തെങ്കിലും നിനക്ക് തരാൻ ഉണ്ടായിരിക്കുകയോ ചെയ്താൽ അതെല്ലാം എൻ്റെ പേരിൽ കണക്കാക്കി കൊള്ളുക. പൗലോസായ ഞാൻ എന്റെ സ്വന്തം കൈപ്പട കൊണ്ടുതന്നെ എഴുതുന്നു. എല്ലാം ഞാൻ തന്ന് വീട്ടിക്കൊള്ളാം. എന്നാൽ, നീ തന്നെയും മുഴുവനായി എനിക്ക് കടപ്പെട്ടിരിക്കുന്നു എന്ന കാര്യം ഞാൻ എടുത്തു പറയുന്നില്ല. അതേ സഹോദരാ, നീ കർത്താവിൽ എനിക്ക് ഈ സഹായം ചെയ്യുക. ക്രിസ്തുവിൽ എൻ്റെ ഹൃദയത്തെ നീ ഉന്മേഷഭരിതമാക്കുക.”

സ്നേഹത്തിൽ കുതിർത്തതും ആദരവുള്ളതും സഹാനുഭൂതി നിറഞ്ഞതും ശക്തവും, അതേസമയം അതീവ വിനയത്തോടെ കേണപേക്ഷിക്കുന്നതും ആയ കുറിപ്പാണിത്.

ആദിമ നൂറ്റാണ്ടിൽത്തന്നെ ക്രിസ്തുവിന്റെ സ്നേഹമാർഗ്ഗം അടിമയെ വിമോചിപ്പിച്ച് സഹോദരനും പ്രേഷിതനും ഉടമയോടൊപ്പം സഹകാരിയും ആക്കുന്ന തന്ത്രമാണ് ഹ്രസ്വമായ ഈ കത്തിനെ ഇത്രമേൽ സവിശേഷതരമാക്കുന്നത്.

ജോർജ് വലിയപാടത്ത്