” തിരുവനന്തപുരത്തെ ആദ്യത്തെ കെണി” – ഇങ്ങനെയും വിഷയങ്ങൾ പരിഹരിക്കപ്പെട്ടിട്ടുണ്ട്
ഐ പി എസ് ഓഫീസർ ആയിരുന്ന സിബി മാത്യൂസ് തൻറെ ” നിർഭയം” എന്ന പുസ്തകത്തിൽ 1991 കാലഘട്ടത്തിൽ തിരുവനന്തപുരത്ത് പോലീസ് കമ്മീഷണർ ആയി ചുമതല ഏറ്റെടുത്ത സംഭവങ്ങൾ വിവരിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിന് ശേഷം യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്ന ഉടനെയാണ് ശംഖമുഖത്തിന് സമീപം വലിയവേളിയിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് വെടിവെയ്പ്പ് നടത്തിയത്. ഒരു മൽസ്യതൊഴിലാളി കൊല്ലപ്പെട്ട ഈ സംഭവത്തെ തുടർന്ന് ഇളകിയ ജനക്കൂട്ടം രാമചന്ദ്രൻ നായർ എന്ന ഹെഡ് കോൺസ്റ്റബിളിനെ മരക്കഷണം കൊണ്ട് തലക്കെടിച്ച് കൊലപ്പെടുത്തി. സോമരാജൻ ആയിരുന്നു അന്ന് പോലീസ് കമ്മീഷണർ. അദ്ദേഹം പൂന്തുറ, കണ്ണാന്തുറ , വലിയവേളി, തുമ്പ, പള്ളിത്തുറ തുടങ്ങിയ പ്രദേശങ്ങളിൽ പോലീസിൻ്റെ സാന്നിധ്യം ശക്തിപ്പെടുത്തി. പോലീസ് സ്വൈര്യ ജീവിതത്തെ ബാധിക്കുന്ന രീതിയിൽ നിലയുറപ്പിച്ചപ്പോൾ അവരെല്ലാം നാടുവിട്ടു. തീരദേശം പട്ടിണിയിലായി. പോലീസുകാരനെ കൊന്നവരെ കൈകാര്യം ചെയ്തിട്ടേ മടങ്ങു എന്ന ഭാവത്തിൽ ആയിരുന്നു പോലീസ് ഉറപ്പിച്ചിരുന്നത്.
ഈ കാലത്താണ് സിബി മാത്യൂസ് തിരുവനന്തപുരം പോലീസ് കമ്മീഷണർ ആയി ചുമതലയേറ്റത്. തിരുവനന്തപുരത്തെ ആദ്യത്തെ കെണി എന്ന തലക്കെട്ടിൽ അദ്ദേഹം ഇക്കാര്യങ്ങൾ വിവരിക്കുന്നു. ചാർജ് എടുത്ത ഉടനെ മുഖ്യമന്ത്രി കരുണാകരനെ കാണാൻ ചെന്ന അദ്ദേഹത്തോട് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞു വത്രെ. ” യുഡിഎഫ് അധികാരത്തിലെത്തിയതിന്റെ മാറ്റം പോലീസ് നടപടിയിൽ ഉണ്ടാകണം. ജനങ്ങൾക്ക് സമാധാനമായി ജീവിക്കാൻ കഴിയണം അതിനുവേണ്ടതാണ് ഇവിടെ ചെയ്യേണ്ടത് “
ഈ നിർദ്ദേശത്തെ തുടർന്ന് സിബി മാത്യൂസ് തീരപ്രദേശത്ത് ചെയ്ത കാര്യങ്ങൾ വിവരിക്കുന്നത് ഇങ്ങനെ –
“തീരദേശത്തെ ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ലാറ്റിൻ ബിഷപ്പ് സൂസൈപാക്യം തിരുമേനിയെ ഞാൻ പോയി കണ്ടു. തീരദേശ ക്രൈസ്തവഗ്രാമങ്ങളിൽ വൈദികർക്ക് വലിയ സ്വാധീനമുണ്ട് എന്നു ഞാൻ മനസ്സിലാക്കിയിരുന്നു. അദ്ദേഹവുമായി സംസാരിച്ച് പൊലീസിന്റെ ഭാഗത്തുനിന്നും സമാധാനത്തിനുള്ള ശ്രമങ്ങളുണ്ടാകുമെന്ന് ഉറപ്പുനൽകി. അദ്ദേഹം വൈദികർക്ക് സന്ദേശം നൽകി. പൂന്തുറ മുതൽ തുമ്പ വരെയുള്ള പള്ളികളിലെ വൈദികരുമായി ഞാനും പൊലീസ് ഉദ്യോഗസ്ഥരും ചർച്ചകൾ നടത്തി. പൊലീസ് പാർട്ടിയെ കടലോരങ്ങളിൽ നിന്ന് പിൻവലിച്ച് സ്വസ്ഥമായ ജീവിതം ഉറപ്പുവരുത്തുക എന്നതായിരുന്നു അവരുടെ ആവശ്യം. അതു ഞാൻ ചെയ്തു. ബന്ധപ്പെട്ട കേസുകൾ ക്രൈംബ്രാഞ്ചിലേക്ക് കൈമാറി. പിന്നീട് കുറേക്കാലത്തേക്കെങ്കിലും ക്രൈസ്തവസമൂഹവും പൊലീസും തമ്മിൽ ഇക്കാര്യത്തിൽ ഏറ്റുമുട്ടലുണ്ടായിട്ടില്ല. “
ഇതേ തിരുവനന്തപുരത്താണ് അധികമാരും മറന്നിട്ടുണ്ടാകാൻ ഇടയില്ലാത്ത വിഴിഞ്ഞം സമരം നടന്നത്. 140 ദിവസത്തെ സമരത്തിൽ 102 ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇതിലും വലിയ പ്രശ്നങ്ങൾ സമവായങ്ങളിലൂടെ പരിഹരിക്കപെട്ടിരുന്ന മണ്ണ്.
അഡ്വ .ഷെറി തോമസ്