അപൂർവ്വം പുസ്തകങ്ങൾ മാത്രമേ പുനർവായനയ്ക്കു വേണ്ടി സൂക്ഷിച്ചു വയ്ക്കാറുള്ളൂ. അങ്ങനെ ഒന്നാണ് ജി.കടൂപ്പാറയിൽ അച്ചൻ എഴുതിയ “കുന്തുരുക്കം.” ഇതിൻ്റെ ഇംഗ്ലീഷ് പരിഭാഷയും ലഭ്യമാണ്. വയനാട്ടിലെ ഉരുൾപൊട്ടലും തലശേരി അതിരൂപതാംഗം ഷിൻസ് അച്ചൻ്റെ പെട്ടന്നുള്ള നിര്യാണവും മറ്റ് പല സങ്കടപ്പെടുത്തുന്ന വാർത്തകളുമെല്ലാം

ഒരിക്കൽ കൂടി ഈ പുസ്തകം എടുക്കാൻ പ്രേരിപ്പിച്ചു.

പുസ്തകത്തിൽ വിവരിക്കുന്ന ഒരു കഥ ഹൃദയസ്പർശിയാണ്.

ഒരു ദിവസം ശിഷ്യൻ ഗുരുവിനോട് ചോദിച്ചു: “എനിക്ക് മരണത്തെ പേടിയാണ്. ഇതിൽ നിന്നും മുക്തനാകാൻ ഞാനെന്തു ചെയ്യണം?”

ഉത്തരത്തിനു പകരം ഗുരു മറ്റൊരു ചോദ്യമുന്നയിച്ചു: “നീ ആരുടെയെങ്കിലും കയ്യിൽ നിന്ന്

പണം കടം വാങ്ങിയാൽ തിരിച്ചു കൊടുക്കണമോ വേണ്ടയോ?”

“തീർച്ചയായും കൊടുക്കണം”

അയാൾ മറുപടി നൽകി.

“അങ്ങനെയെങ്കിൽ തിരിച്ചറിയുക, നിൻ്റെ ജീവിതം ദൈവം കടമായി നൽകിയതാണ്. അത് തിരിച്ചു നൽകിയേ മതിയാകൂ.”

അതിനു ശേഷം ഒരുപിടി മണ്ണെടുത്ത്

ഇപ്രകാരം പറഞ്ഞു:

“ഈ മണ്ണാണ് നമ്മൾ. നമ്മുടെ ശരീരം ഈ മണ്ണിലേക്ക് മടങ്ങണം. മണ്ണിൽ നിന്ന് ദൈവം ആദത്തെ മെനഞ്ഞു. എന്നിട്ട് മണ്ണിലൂടെ ചവിട്ടി നടക്കാൻ വിട്ടു. അവൻ മണ്ണാണെന്നും മണ്ണിലേയ്ക്ക് മടങ്ങേണ്ടവനാണെന്നുമുള്ള ഓർമ ഉണ്ടാകാൻ വേണ്ടിയുമാണ് ദൈവം അങ്ങനെ ചെയ്തത്. മണ്ണിൽ ചവിട്ടി നടക്കുന്ന നമ്മെ ഒരുനാൾ മണ്ണ് മൂടും. നമ്മുടെ ശരീരം മണ്ണിലലിഞ്ഞ് നമ്മളും മണ്ണായ് തീരും.”

അല്പ നേരത്തെ മൗനത്തിനു ശേഷം കയ്യിലിരുന്ന മണ്ണ് അദ്ദേഹം മുകളിലേക്ക് എറിഞ്ഞു. അത് താഴേയ്ക്ക് പതിയ്ക്കുന്നതു നോക്കി ഗുരു പറഞ്ഞു: “നമ്മൾ എത്ര ഉയരത്തിലെത്തിയാലും എത്ര വിശാലമായ് പടർന്നു കയറിയാലും താഴെ വന്നേ മതിയാകൂ…….”

ശിഷ്യൻ്റെ മിഴികളിലേക്ക് നോക്കി

ഗുരു കൂട്ടിച്ചേർത്തു: “മരണഭയം മാറാൻ ഇത്രമാത്രം തിരിച്ചറിയുക: നിൻ്റെ ശരീരത്തിൻ്റെ യജമാനൻ ദൈവമാണ്. നീ സൂക്ഷിപ്പുകാരൻ മാത്രം; യജമാനൻ ചോദിക്കുമ്പോൾ ജീവിതം തിരിച്ചു നൽകാൻ തയ്യാറായ് നിൽക്കേണ്ട സൂക്ഷിപ്പുകാരൻ!”

നാം ഏറ്റവും കൂടുതൽ കരുതുന്ന ജീവിതം നമ്മുടെ സ്വന്തമല്ലെന്നും അതിൻ്റെ ഉടമസ്ഥൻ ദൈവമാണെന്നുമുള്ള ചിന്ത കൂടെക്കൂടെ നമ്മിൽ വേരുപാകണം. അപ്പോഴേ ഈ ജീവിതത്തിനപ്പറും ഒരു ജീവിതമുണ്ടെന്നും അതിനു വേണ്ടി ഒരുങ്ങി ജീവിക്കേണ്ടവരാണ് നമ്മളെന്നുമുള്ള സത്യം മറക്കാതിരിക്കൂ.

തൻ്റെ പ്രബോധനങ്ങളിൽ

എത്രയോ തവണയാണ് ഇഹലോകജീവിതത്തിൻ്റെ നശ്വരതയെക്കുറിച്ച് ക്രിസ്തു പ്രതിപാദിച്ചിട്ടുള്ളത്. അതിൽ ഒരു ഭാഗമാണ് മത്തായ് ശ്ലീഹാ രേഖപ്പെടുത്തിയിരിക്കുന്നത്:

“ഭൂമിയില്‍ നിക്‌ഷേപം കരുതിവയ്‌ക്കരുത്‌. തുരുമ്പും കീടങ്ങളും അവനശിപ്പിക്കും; കള്ളന്‍മാര്‍ തുരന്നു മോഷ്‌ടിക്കും. എന്നാല്‍, സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കായി നിക്‌ഷേപങ്ങള്‍ കരുതിവയ്‌ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല; കള്ളന്‍മാര്‍ മോഷ്‌ടിക്കുകയില്ല. നിങ്ങളുടെ നിക്‌ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും”

(മത്തായി 6 :19-21).

സ്വർഗ്ഗത്തിനു വേണ്ടി നിക്ഷേപങ്ങൾ കൂട്ടിവയ്ക്കാൻ നമ്മളിൽ പലരും മറന്നുപോകുന്നു എന്നത് യാഥാർത്ഥ്യമല്ലേ? അതെങ്ങനെ സ്വർഗ്ഗം, നരകം എന്നിവയെക്കുറിച്ച് ചിന്തിക്കാനോ പറയാനോ നമ്മളിൽ പലർക്കും താത്പര്യമോ സമയമോ ഇല്ലെന്നതാണ് വാസ്തവം. ചില യാഥാർത്ഥ്യങ്ങളെ എത്ര തമസ്കരിക്കാൻ ശ്രമിച്ചാലും അവ നമ്മെ തേടിയെത്തുക തന്നെ ചെയ്യും. ഉറപ്പ്.

ഫാദർ ജെൻസൺ ലാസലെറ്റ്

വിശുദ്ധ കുർബാനയിൽ ഈശോ മശിഹായുടെ ശരീര-രക്തങ്ങളുടെ സ്വീകരണം അമർത്യതയിലേക്കു നമ്മെ നയിക്കുന്ന ഔഷധമാണ്. മർത്യനെ അമർത്യനാക്കുന്ന ഈ ഔഷധം സ്വീകരിക്കുന്നവന് മരണത്തെ ഭയക്കേണ്ടതില്ല.

“ഞാന്‍ ജീവിക്കുന്നു; അതിനാല്‍ നിങ്ങളും ജീവിക്കും”

(യോഹന്നാന്‍ 14 : 19).

നിങ്ങൾ വിട്ടുപോയത്