1112ന്റെ മധ്യത്തിൽ, ഫ്രാൻസിലെ ബർഗണ്ടിക്കടുത്ത് ഡിഷോണിലുള്ള ഫൊണ്ടെൻസ് കോട്ട പെട്ടെന്ന് വിജനമായ പ്രതീതി. സമ്പന്ന പ്രഭുകുടുംബത്തിൽ പിറന്ന ബെർണാർഡും അവന്റെ നാല് സഹോദരന്മാരും ( ഗീയ്, ജെറാർഡ്, ആൻഡ്രൂ, ബർത്ലോമിയോ ) ലോകത്തെ പരിത്യജിക്കാനും സന്യാസാശ്രമത്തിലേക്ക് പ്രവേശിക്കാനുമായി ഒരുങ്ങി നില്ക്കുന്നു.

ഏറ്റവും താഴെയുള്ള സഹോദരൻ നിവാർഡിനെ മാത്രം അവർ കൂടെ കൂട്ടിയിട്ടില്ല. പ്രായമായ പിതാവിനെ നോക്കാൻ ആരെങ്കിലും വേണമല്ലോ. തികഞ്ഞ ദൈവഭക്തയായ അവരുടെ അമ്മ ആറ് വർഷങ്ങൾക്ക് മുൻപ് മരണമടഞ്ഞിരുന്നു. അവർ അഞ്ചുപേരും വീട്ടിൽ നിന്ന് ഇറങ്ങി അകലുമ്പോൾ അവർ വിളിച്ചു പറഞ്ഞു, ” വിട കൊച്ചു നിവാർഡേ, ഇനി നമ്മുടെ എല്ലാ സ്ഥലങ്ങളും എസ്റ്റേറ്റുമൊക്കെ നിന്റെയാണ് കേട്ടോ ” അവനെ ആശ്വസിപ്പിക്കാണെന്ന വണ്ണം അവർ വിളിച്ചുപറയുന്ന കേട്ട് നിവാർഡ് തിരിച്ചു ഉറക്കെ വിളിച്ചുപറഞ്ഞു, ” അതൊട്ടും ശരിയായില്ല, നിങ്ങൾക്ക് സ്വർഗ്ഗം, എനിക്ക് ഭൂമി മാത്രം?!”

സിറ്റോവിലെ ആശ്രമത്തിലേക്ക് അവനോട് കൂടെ ചേരാനായി, തന്റെ സഹോദരരെയും അമ്മാവനെയും ബർഗണ്ടിയിലെ 26 ശ്രേഷ്ഠപ്രഭുക്കന്മാരെയും ബെർണാർഡ് പിന്നാലെ നടന്നു സമ്മതിപ്പിച്ചിട്ട് ഏതാനും ആഴ്ചകളെ ആയിട്ടുള്ളു. അവന് 22 വയസ്സായിരുന്നു അപ്പോൾ. 1090 ൽ ജനിച്ച്, ഏറ്റവും മികച്ച സ്‌കൂളുകളിൽ വിദ്യാഭ്യാസം ലഭിച്ച ബെർനാർഡിന് സാഹിത്യം വളരെ ഇഷ്ടമായിരുന്നു. വഴിയോരത്തുള്ള ഒരു പള്ളിയിലെ സന്ദർശനവും ഭാവിയെക്കുറിച്ചുള്ള ദൈവഹിതം അറിയാനുള്ള പ്രാർത്ഥനയും അവന്റെ സംശയങ്ങളെല്ലാം ദുരീകരിച്ചു. ലോകവും അതിന്റെ ആർഭാടങ്ങളും തനിക്കുള്ളതല്ല, തന്റെ ഹൃദയം ദൈവത്തിന് മാത്രം അവൻ നിശ്ചയിച്ചു.

സിറ്റോയിലെ ആശ്രമത്തിലെ ആബട്ട് സ്റ്റീഫൻ ഹാർഡിങ് ബെർണാർദിനെയും മറ്റ് 31 പേരെയും സ്വീകരിച്ചു. കുറെ കൊല്ലങ്ങളായി അവിടെ പുതിയ നോവിസുമാർ ഉണ്ടായിരുന്നില്ല. തീക്ഷ്‌ണതയോടെ പുതിയ ബാച്ചിന്റെ മേൽനോട്ടം അദ്ദേഹം നിർവ്വഹിച്ചു. 1115ൽ സ്റ്റീഫൻ ബെർണാർഡിനോട്‌ 12 പേരെ കൂട്ടി ക്ലയർവോയിൽ പോയി, ഒരു പ്രഭു കൊടുത്തിരുന്ന സ്ഥലത്ത് ആശ്രമം തുടങ്ങാൻ ആവശ്യപ്പെട്ടു . അങ്ങനെ ഇരുപത്തിയഞ്ചാം വയസ്സിൽ ബെർണാർഡ് മഠാധിപനായി. അടുത്ത 38 കൊല്ലം ബെർണാർഡ് ആബട്ട് ആയിരിക്കെ, പേര് സൂചിപ്പിക്കും പോലെ തന്നെ ക്‌ളെയർവോ പ്രകാശത്തിന്റെ താഴ്‌വര ആയി മാറി.

“ബെർണാർഡ്, നീയെന്തിനാണ് വന്നത്?” ഈ ചോദ്യം വിശുദ്ധനായ ആ ആബട്ട് സ്വയം എന്നും ചോദിച്ചു, കൂടുതൽ തീക്ഷ്‌ണതയോടെയും ഉത്സാഹവും ദൈവത്തെ സേവിക്കാനായി. അദ്ദേഹത്തിന്റെ വിശുദ്ധിയെയും വിജ്ഞാനത്തെയും കുറിച്ചറിഞ്ഞ ആളുകൾ ക്ലെയർവോയിലേക്ക് പ്രവഹിച്ചു. കുറഞ്ഞ സമയത്തിനുള്ളിൽ സന്യാസിമാരുടെ എണ്ണം നൂറുകണക്കിനായി. 1117 ൽ, താഴെയുള്ള സഹോദരനും പിതാവും കൂടി ആശ്രമത്തിൽ ചേർന്നു. ആകെയുള്ള ഒരു സഹോദരി സന്യാസിനിയായി കോൺവെന്റിൽ ചേർന്നു. വിശുദ്ധ ബെർണാർഡിന്റെ മരണത്തിനു മുൻപ് തന്നെ ജർമനിയിലും സ്വീഡനിലും അയർലണ്ടിലും ഇംഗ്ലണ്ടിലും പോർച്ചുഗലിലും ഇറ്റലിയിലും സ്വിറ്റ്സെർലണ്ടിലുമൊക്കെയായി 68 ആശ്രമങ്ങളുണ്ടായി. അദ്ദേഹത്തിന്റെ പ്രഭാവം മറ്റ് സന്യാസസഭകളെയും ആത്മീയമായി നവീകരിച്ചു.

സുവിശേഷപ്രഘോഷകനായ വിശുദ്ധ ബെർണാർഡ്

‘Art of Preaching’ എന്ന തന്റെ പുസ്തകത്തിൽ ഇറാസ്മസ് എഴുതുന്നു. ” ബെർണാർഡ് വാഗ്വിലാസമുള്ള ഒരു പ്രസംഗകനാണ്, കല എന്നതിനേക്കാൾ സ്വാഭാവികമായിത്തന്നെ. ആകർഷണശക്തിയോടെയും ചടുലതയോടെയും സംസാരിക്കുന്നവൻ, എങ്ങനെ മറ്റുള്ളവരിലേക്ക് എത്തിക്കണം, അവരുടെ മനസ്സിൽ ചലനം സൃഷ്ടിക്കണം എന്നെല്ലാം അറിയാവുന്നവൻ”. സുവിശേഷം പ്രസംഗിക്കാൻ വേണ്ടി അഞ്ചു പ്രാവശ്യമാണ് ബിഷപ്പാവാനുള്ള ക്ഷണം ബെർണാർഡ് നിരസിച്ചത്. അദ്ദേഹത്തിന്റെ മുന്നൂറോളം പ്രഭാഷണങ്ങൾ ലഭ്യമാണ്. ഉത്തമഗീതത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം പ്രസിദ്ധമാണ്.അതിലെ കുറച്ചു വരികൾ:-

“സ്നേഹം സ്വയം പര്യാപ്തമാണ്. അത് അതിന് തന്നെ സന്തോഷം പകരുന്നു , അതിന്റെ സ്വന്തം ചിലവിൽ. സ്നേഹം തന്നെ അതിന് ശമ്പളമാണ്, അതിനുള്ള പ്രതിഫലവും. അതിന് ബാഹ്യമായ കാരണം ആവശ്യമില്ല, ഒരു ഫലവും തേടുന്നുമില്ല. സ്നേഹം ഉണ്ടാകുന്നത് സ്നേഹത്തിന്റെ ഫലമായി തന്നെയാണ്. ആന്തരികമായി വളരെ മൂല്യമുണ്ടതിന്. ഞാൻ സ്നേഹിക്കുന്നത് സ്നേഹിക്കുന്നതുകൊണ്ട് തന്നെയാണ്. സ്നേഹിക്കാൻ വേണ്ടി തന്നെയാണ് ഞാൻ സ്നേഹിക്കുന്നത്. സ്നേഹം മൂല്യമുള്ളതാകുന്നത് അതിന്റെ ആരംഭത്തിലേക്ക് മടങ്ങി , ഉത്ഭവം തേടി, തിരിച്ച് അതിന്റെ ഉറവിടത്തിലേക്ക് ഒഴുകുമ്പോഴാണ്. അതെപ്പോഴും നിലക്കാത്ത ആ ഒഴുക്കിൽ നിന്ന് വലിച്ചെടുക്കപ്പെടണം. സ്നേഹം വഴിയായാണ് ആത്മാവിന്റെ ചലനങ്ങൾ, ഇന്ദ്രിയം, വാത്സല്യം എന്നിവയിലൂടെ സൃഷ്ടി അതിന്റെ സൃഷ്ടാവിനോട്‌ തിരിച്ചു പ്രതികരിക്കുന്നത് ദൈവം നമ്മെ സ്‌നേഹിക്കുമ്പോൾ, സ്നേഹം മാത്രമാണ് അവൻ തിരിച്ചു ആഗ്രഹിക്കുന്നതും. വേറെ ഒന്നിനും വേണ്ടിയല്ല സ്നേഹത്തെ പ്രതി മാത്രമാണ് ഉറപ്പായും അവന് നമ്മെ സ്നേഹിക്കുന്നത്. അവനെ സ്നേഹിക്കുന്നവർ അവരുടെ സ്നേഹത്തിൽ സന്തോഷവാന്മാരാണെന്ന് അവനറിയാം”.

തെക്കൻ ഫ്രാൻസിലെല്ലാം ആൽബിജെൻസിയൻ പാഷണ്ഡത പടർന്നുപിടിച്ച സമയമായിരുന്നു അത്. കർദ്ദിനാൾ ആൽബെറിക് ബെർണാർദിനോട് താഴെപ്പോയി ജനങ്ങളുടെയിടയിൽ പ്രവർത്തിക്കാൻ പറഞ്ഞപ്പോൾ അസുഖമായി ക്ഷീണിതനായിരുന്നെങ്കിലും അദ്ദേഹം പോയി പറഞ്ഞപോലെ ചെയ്തു. 1146ൽ പോപ്പ് യൂജീൻ മൂന്നാമന്റെ അപേക്ഷപ്രകാരം യൂറോപ്പിലും ജർമനിയിലും കുരിശുയുദ്ധത്തെക്കുറിച്ച് ജനങ്ങളെ ഉത്ബോധിപ്പിച്ചു. യൂറോപ്പിലെ അനേകം ഭരണാധികാരികൾക്ക് അദ്ദേഹം എഴുതിയതിന്റെ ഫലമായി വിശുദ്ധനാട്ടിലേക്ക് ക്രിസ്ത്യാനികളുടെ സഹായത്തിനായി അനേകം പേരെത്തി. നിർഭാഗ്യമെന്നു പറയട്ടെ,അന്ന് കുരിശുയുദ്ധത്തിൽ പങ്കെടുത്തവരുടെ ധാർമികഅധഃപതനം മൂലം അത് പരാജയപ്പെട്ടു.

എഴുത്തുകാരനായ ബെർനാർഡ്

മധ്യകാലഘട്ടത്തിലെ അനേകം മികച്ച മിസ്റ്റിക് കൃതികൾ ബെർണാർഡിന്റെതായി ഉണ്ട്. Degrees of Humility and Pride എന്ന അദ്ദേഹത്തിന്റെ പ്രബന്ധം മനുഷ്യസ്വഭാവത്തെ പറ്റിയുള്ള അതിശയകരമായ വിചിന്തനമാണ്.ഇറ്റലിയിലേക്കുള്ള ഒരു യാത്രക്ക് ശേഷം കുറച്ചു സന്യാസാർത്ഥികളെ ബെർണാർഡ് ക്ലെയർവോയിലേക്ക് കൊണ്ടുവന്നു. അവരിലൊരാളായ യുവാവായ പീറ്റർ ബെർണാർഡ് പഗനേലി പിന്നീട് മാർപ്പാപ്പയായി യൂജിൻ മൂന്നാമൻ എന്ന പേര് സ്വീകരിച്ചു കുറച്ചു അന്തർമുഖനും പൊതുജനമദ്ധ്യത്തിൽ വരാൻ മടിയുള്ളവനും ആയ പോപ്പിന് വേണ്ടി അദ്ദേഹത്തെ നിർദ്ദേശപ്രകാരം Matters of Concern എന്ന പുസ്തകമെഴുതി, ക്രിസ്തുവിന്റെ വികാരിക്ക് വേണ്ട വിശുദ്ധിയെക്കുറിച്ചും സവിശേഷതകളെക്കുറിച്ചുമായി.

ഹൃദയത്തിൽ തട്ടുന്ന അനേകം എഴുത്തുകൾ അദ്ദേഹത്തിന് ” The Doctor flowing with honey” എന്ന വിശേഷണം സമ്മാനിച്ചു. ‘ എത്രയും ദയയുള്ള മാതാവേ ” എന്ന, നമ്മൾ എന്നും ചൊല്ലുന്ന പ്രാർത്ഥന എഴുതിയതും അദ്ദേഹമാണല്ലോ.

മധ്യസ്ഥനായ ബെർണാർഡ്

ഏകാന്തജീവിതത്തിനു ബെർണാർഡ് വളരെ ആഗ്രഹിച്ചെങ്കിലും അദ്ദേഹത്തിന്റെ വിശുദ്ധിയും വിജ്ഞാനവും സമാധാനം സ്ഥാപിക്കാനുള്ള കഴിവും പ്രസിദ്ധമായതിനാൽ രാജാക്കന്മാർ അവരുടെ തർക്കങ്ങൾ തീർക്കാനും മെത്രാന്മാർ രൂപതകാര്യങ്ങളിൽ അഭിപ്രായം ആരായാനും മാർപ്പാപ്പമാർ അവർക്ക് ഉപദേശത്തിനായുമൊക്കെ അദ്ദേഹത്തെ സമീപിച്ചിരുന്നു.

അനേകം സിനഡുകൾ അദ്ദേഹം കൂടേണ്ടതായി വന്നു. 1130 ൽ ഹോണോറിയസ് രണ്ടാമൻ പാപ്പ മരിച്ചപ്പോൾ ഇന്നസെന്റ് രണ്ടാമൻ പാപ്പയെ തിരഞ്ഞെടുത്തത് ഒരു കൂട്ടർക്കിഷ്ടപ്പെട്ടില്ല. അനക്ളീറ്റസ് രണ്ടാമൻ എന്നപേരിൽ അവർ വേറെ ഒരാളെ തിരഞ്ഞെടുത്തു. പ്രശ്നം തീർക്കാൻ ഫ്രാൻസിലെ രാജാവ് ഒരു യോഗം വിളിച്ചു കൂട്ടി. ബെർണാർഡിനെ അതിലേക്ക് ക്ഷണിച്ചിരുന്നു, അദ്ദേഹൻ ഊഷ്മളമായും വ്യക്തതയോടെയും സംസാരിച്ചതിന്റെ ഫലമായി ഇന്നസെന്റ് രണ്ടാമൻ പാപ്പയെ എല്ലാവരും ഏകകണ്ഠമായി തിരഞ്ഞെടുത്തു. നന്ദിസൂചകമായി ഇന്നസെന്റ് രണ്ടാമൻ പാപ്പ റോമിലേക്കുള്ള യാത്രമദ്ധ്യേ ക്ലെയർവോ സന്ദർശിച്ചു.

1153 ൽ ബെർണാർഡ് അവസാനമായി രോഗബാധിതനായി. അതിനിടയിലും ആർച്ച്ബിഷപ്പിന്റെ നിർദ്ദേശപ്രകാരം സമാധാനശ്രമങ്ങൾക്കായി പോയി. അനുസരണത്തിന്റെ മുൻപിൽ അദ്ദേഹത്തിന് രോഗക്ലേശങ്ങൾ ചെറുതായിരുന്നു. തിരിച്ച് ക്ലെയർവോയിലെത്തിയപ്പോഴേക്കും അസുഖം വല്ലാതെ വഷളായിരുന്നു. തന്റെ ആത്മീയപുത്രരുടെ സാന്നിധ്യത്തിൽ അന്ത്യകൂദാശകൾ സ്വീകരിച്ചു.

ഓഗസ്റ് 20 1153ന് ദൈവം ബെർണാർഡിനെ നിത്യമഹത്വത്തിലേക്ക് വിളിച്ചു. 1174 ൽ, ഇരുപത്തിയൊന്നു വർഷങ്ങൾ മാത്രം പിന്നിട്ടപ്പോൾ, അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. പീയൂസ് എട്ടാമൻ പാപ്പ 1830ൽ വിശുദ്ധ ബെർണാർഡിനെ സഭയിലെവേദപാരംഗതനായി ഉയർത്തി.

ക്ലെയർവോയിലെ ഒറ്റപ്പെട്ട ആശ്രമത്തിൽ നിന്നുകൊണ്ട് പടിഞ്ഞാറൻ സഭയെ അദ്ദേഹം നിയന്ത്രിച്ചു എന്നാണ് പറയപ്പെടുന്നത്. “പന്ത്രണ്ടാം നൂറ്റാണ്ടിനെ തന്റെ തോളിൽ വഹിച്ച ” ആ വിശുദ്ധൻ തന്റെ ജീവിതമികവിനാലും സംഭാവനകളാലും ” The last of the Church Fathers” എന്ന് ആദരിക്കപ്പെട്ടു.

ക്ലെയർവോയിലെ വിശുദ്ധ ബെർണാർഡിന്റെ തിരുന്നാൾ ആശംസകൾ

ജിൽസ ജോയ് ✍️

നിങ്ങൾ വിട്ടുപോയത്