സഹനപ്പൂക്കളോട് ചേർന്ന് ജെറുസലേം ധ്യാനകേന്ദ്രം
വിശുദ്ധ അമ്മത്രേസ്യയ്ക്കു ഈശോ പ്രത്യക്ഷപ്പെട്ടുകൊണ്ട് പറഞ്ഞു പ്രവർത്തനനിരതമായ ആത്മാക്കളെക്കാൾ എനിക്കിഷ്ടം സഹിക്കുന്ന ആത്മാക്കളെയാണ്.
സഹിക്കുന്ന ആത്മാക്കൾ പ്രവർത്തിക്കുന്ന ആത്മാക്കളെക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നു. ജെറുസലേം ധ്യാനകേന്ദ്രത്തിൽ , ജീവിതത്തെ സഹനത്തിന്റെ ഇടമായി ധ്യാനിച്ച് കൃപയോടു കൂടി ജീവിക്കുന്ന – പ്രാർത്ഥനയായിതീർന്ന 75ഓളം സഹനത്തിന്റെ ആത്മാക്കൾ ഒന്നുചേർന്ന സഹനപ്പൂക്കൾ ധ്യാനം സമാപിച്ചു.
ധ്യാന സമാപനത്തിൽ ഇരിങ്ങാലക്കുട രൂപത മെത്രാൻ അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവ് സമാപന സന്ദേശം നൽകി ആശീർവദിച്ചു. ജീവിതത്തിലെ സഹനത്തിന്റെ ഇടനാഴിയിലൂടെ യാത്രചെയ്യുമ്പോൾ ഈ സഹനങ്ങൾ ക്രിസ്തു സ്നേഹത്തിൻറെ അനുഭവമായി അനേകരിലേക്ക് പടർത്താൻ പിതാവ് ആഹ്വാനം നൽകി.
സഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കുവാനും സഹനങ്ങൾ എല്ലാം സഭയുടെ വളർച്ചയ്ക്ക് വേണ്ടി കാഴ്ചവയ്ക്കാനും അഭിവന്ദ്യ പിതാവ് ഉദ്ബോധിപ്പിച്ചു. ധ്യാനകേന്ദ്രം ഡയറക്ടർ ബഹു. ഡേവിസ് പട്ടത്തച്ചന്റെ നേതൃത്വത്തിൽ പ്രാർത്ഥനയുടെയും വലിയ ഒരുക്കത്തിന്റെയും പ്രവർത്തനഫലമായാണ് ഈ ധ്യാനം സംഘടിപ്പിക്കപ്പെട്ടത്.
75ഓളം വരുന്ന ഇവരുടെ ഭവനങ്ങളിൽ ബഹുമാനപ്പെട്ട പട്ടത്തച്ചൻ സന്ദർശിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.
ജീവിതത്തെ പുതിയ തലത്തിൽ നോക്കി കാണുവാനും പ്രത്യാശ നഷ്ടപ്പെട്ട ജീവിതങ്ങൾക്ക് ദൈവസ്നേഹത്തിന്റെ വെള്ളിവെളിച്ചം കാണിച്ചുകൊടുക്കുവാനുമുള്ള വലിയ ഒരു അവസരം ആയിരുന്നു സഹന പൂക്കൾ ധ്യാനം.