

പാവങ്ങളെയും പാര്‍ശ്വവത്കൃതരെയും ചേര്‍ത്തു നിര്‍ത്തുന്ന അപൂര്‍വ വ്യക്തിത്വം, കാലഘട്ടം കവർന്ന സഭാതലവനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. പാപ്പാശുശ്രൂഷയെ ഏറ്റവും വിനയത്തോടെ സ്വീകരിച്ച അദ്ദേഹം എല്ലാ ജനങ്ങളോടും സമഭാവം പുലര്‍ത്താന്‍ ശ്രദ്ധിച്ചിരുന്നു. ഏതു കാര്യങ്ങളിലും ഹൃദ്യമായ സമീപനവും നടപടിയുമായിരുന്നു കൈമുതല്‍. ആരെയും പഴിച്ചു സംസാരിക്കാറില്ല. അഭയാര്‍ഥികള്‍ ആരാണെങ്കിലും അവരെ സ്വീകരിക്കണമെന്ന നിലപാടു പുലര്‍ത്തി.
വത്തിക്കാനിലെ തെരുവുകളിൽ അഭയം തേടുന്ന പാവപ്പെട്ട ആളുകൾക്ക് സഹായങ്ങളെത്തിക്കുന്നതിനും അവരുടെ ജീവിതാവശ്യങ്ങൾ സാധിച്ചു കൊടുക്കുന്നതിനും ഫ്രാൻസിസ് മാർപാപ്പാ ഒരു ഡിപ്പാർട്ടുമെന്റിനെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിന്റെ തലവനായിട്ടുള്ള ആർച്ചുബിഷപ്പിനെ കർദ്ദിനാളായി ഉയർത്തുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വത്തിക്കാനില്‍ സിനഡു നടക്കുന്ന സന്ദര്‍ഭം. അവിടത്തെ തെരുവിലെ താമസക്കാരന്‍ വഴിയില്‍ മരിച്ച സംഭവമുണ്ടായി. ഇതറിഞ്ഞ ഫ്രാന്‍സീസ് മാര്‍പാപ്പ മൃതസംസ്‌കാര ശുശ്രൂഷയ്ക്കായി മേൽപറഞ്ഞ കാർദ്ദിനാളിനെ അയച്ചതും റോമിലെ ഒരു സെമിത്തേരിയിൽ മൃതദേഹം സംസ്‌ക്കരിച്ചതും ഓർമിക്കുന്നു.

ഇതര ക്രൈസ്തവവിഭാഗങ്ങളോടും ഇതരമതസ്ഥരോടും ഫ്രാന്‍സീസ് പാപ്പ ക്രിയാത്മക സമീപനം പുലര്‍ത്തി. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം മൂലം സഭാ ശുശ്രൂഷകര്‍ ആക്രമിക്കപ്പെട്ട കാലത്ത് ആ വിഷയത്തില്‍ സീറോ ടോളറന്‍സ് പ്രഖ്യാപിച്ചു സഭയില്‍ സംശുദ്ധീകരണം നടത്താന്‍ പാപ്പായ്ക്ക് സാധിച്ചു. പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് മുതല്‍ എനിക്ക് പാപ്പായുമായി പരിചയമുണ്ട്. സ്ഥാനത്യാഗം ചെയ്തുകൊണ്ടുള്ള ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണം നടക്കുമ്പോള്‍ കര്‍ദിനാള്‍ ബെര്‍ഗോളിയോ (പിന്നീട് ഫ്രാന്‍സീസ് പാപ്പ) യുടെ ഇടത്തുവശത്ത് ഞാനിരിപ്പുണ്ടായിരുന്നു. അന്ന് ഞങ്ങള്‍ തമ്മില്‍ പരിചയമില്ല. സിറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായിരുന്നപ്പോഴും ഇപ്പോള്‍ കര്‍ദിനാള്‍ എന്ന നിലയിലും പാപ്പായുമായി നേരിട്ട് ഇടപെടാന്‍ ഒട്ടേറെ അവസരം ലഭിച്ചിട്ടുണ്ട്.
സിറോമലബാര്‍ സഭയെ സംബന്ധിച്ചിടത്തോളം പരി. പിതാവ് ഏറെ ആദരമും പ്രോത്സാഹനവും നല്കിയെന്നത് എടുത്തുപറയേണ്ടതാണ്. പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഞാന്‍ ഉള്‍പ്പെട്ട സിനഡു പിതാക്കന്മാര്‍ പാപ്പായുടെ മുന്നിൽവെച്ചത്. സിറോ മലബാര്‍ സഭയ്ക്ക് ഗള്‍ഫ് രാജ്യങ്ങളിലെ അജപാലന അധികാരം സംബന്ധിച്ചും ഇന്ത്യ മുഴുവനുമുള്ള അജപാലനപരവും പ്രേഷിതപരവുമായ അധികാരവും സംബന്ധിച്ചുമായിരുന്നു അവ. പിന്നീടുള്ള കൂടിക്കാഴ്ചകളിലെല്ലാം ഈ രണ്ട് വിഷയങ്ങളിലും അനുകൂലമായ നിലപാടാണ് പാപ്പ സ്വീകരിച്ചത്.
മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഫ്രാന്‍സീസ് എന്ന പേര് തിരഞ്ഞെടുത്തതിലും അദ്ദേഹത്തിന്റെ വേറിട്ട വ്യക്തിത്വം പ്രകടമാണ്. ഒരു പാപ്പായും ഇതിന് മുമ്പ് ഫ്രാന്‍സീസ് എന്ന പേര് എടുത്തിരുന്നില്ല. ജെസ്യൂട്ട് അയതിനാൽ ഫ്രാന്‍സീസ് സേവ്യറിന്റെ പേരാണ് തിരഞ്ഞെടുത്തതെന്ന് എല്ലാവരും കരുതി. ഏത് ഫ്രാന്‍സീസ് എന്ന ചോദ്യത്തിന് ഫ്രാന്‍സീസ് അസീസി എന്നായിരുന്നു അന്നു പാപ്പായുടെ മറുപടി.

ഫ്രാൻസിസ് മാർപാപ്പാ നര്‍മസംഭാഷണങ്ങൾ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്തിരുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പായ ശേഷം മലങ്കര സഭാ തലവനും ഞാനും റോമിലെ സിനഡിൽ സംബന്ധിച്ചിരുന്ന സന്ദർഭം. സാധാരണ സഭാപിതാക്കന്മാര്‍ക്കെല്ലാം തലയില്‍ തൊപ്പിയോ ശിരോവസ്ത്രമോ ഉണ്ടാകും. സിറോമലബാര്‍ സഭയിലെ പിതാക്കന്മാര്‍ക്ക് അതില്ല. എന്നെ നോക്കി ‘തലയില്‍ ഒന്നുമില്ലല്ലോയെന്ന്’ പാപ്പ നര്‍മം കലര്‍ത്തി ചോദിച്ചു. ‘അല്പമുണ്ട്, അത് ഉള്ളിലാണ്’ എന്ന് മറുപടി പറഞ്ഞു. നര്‍മബോധത്തോടെ പറയുന്ന കാര്യങ്ങള്‍ക്ക് അതേ രീതിയില്‍ പ്രതികരിക്കാനുള്ള സ്വാതന്ത്യം പാപ്പ നല്‍കുന്നുണ്ടെന്നതിന് തെളിവായിരുന്നു ആ സംഭവം. അതുപോലെ തന്നെ ഞാന്‍ പിതാവിന് വേണ്ടി പ്രാര്‍ഥിക്കുന്നുണ്ടെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ അത് എനിക്ക് അനുകൂലമായിട്ടാണോ എതിരായിട്ടാണോയെന്നായിരുന്നു പാപ്പായുടെ മറുചോദ്യം. മേജര്‍ ആര്‍ച്ച് ബിഷപ് ശുശ്രൂഷയില്‍ നിന്ന് വിരമിച്ച ശേഷവും വത്തിക്കാനിലെ സിനഡില്‍ പങ്കെടുക്കാന്‍ എന്നെ പാപ്പ നോമിനേറ്റു ചെയ്തിരുന്നു.
സിറോ മലബാര്‍ സഭയുടെ പ്രശ്‌നങ്ങള്‍ക്കു സഭാസിനഡ് മുന്നോട്ടുവച്ച കാര്യങ്ങളില്‍ പരി. പിതാവ് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സിനഡിനെയും വ്യക്തിപരമായി എന്നെയും ശക്തിപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്.
ഏതു പ്രതിസന്ധിഘട്ടത്തിലും പ്രതീക്ഷ നല്കുന്ന വാക്കുകളും പ്രവൃത്തികളുമാണ് ഫ്രാൻസിസ് മാർപാപ്പായുടെ പക്കൽ നിന്നും ലഭിക്കുന്നത്. സാഹചര്യങ്ങൾ എത്ര പ്രതികൂലം ആണെങ്കിലും നാം പ്രത്യാശയോടെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്ന് പാപ്പാ പറയുന്നു. ആത്മകഥാപരമായ തന്റെ ഗ്രന്ഥത്തിന് പരിശുദ്ധ പിതാവ് കൊടുത്തിരിക്കുന്ന പേര് തന്നെ ‘ ഹോപ്പ് ‘ (പ്രത്യാശ) എന്നാണ്.

‘ലൗദാത്തോസി’ എന്ന ചാക്രിക ലേഖനത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തെയും പ്രകൃതിക്കെതിരെയുള്ള അതിക്രമങ്ങളെയുംക്കുറിച്ചു ലോകത്തെ ഉദ്‌ബോധിപ്പിക്കാന്‍ പാപ്പായ്ക്ക് കഴിഞ്ഞിരുന്നു. ക്രിസ്തീയ സുവിശേഷത്തിന്റെ സന്തോഷദായകമായ സ്വഭാവം പാപ്പ ചാക്രിക ലേഖനത്തിലൂടെയും പ്രസംഗങ്ങളിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്. സഭയുടെ ഹൈരാര്‍ക്കിക്കല്‍ ഘടന പരിഷ്‌കരിക്കാനും പാപ്പായ്ക്ക് കഴിഞ്ഞു. ഈ സവിശേഷതകളൊക്കെ ചിന്തിക്കുമ്പോള്‍ ‘പരി. പിതാവ് ഈ കാലഘട്ടം കവർന്ന ഒരു സഭാ തലവന്‍’ തന്നെയായിരുന്നുവെന്നു മനസിലാക്കാം.

കർദിനാൾ ജോർജ് ആലഞ്ചേരി