വത്തിക്കാ൯ : വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവൻ കർദ്ദിനാൾ മർച്ചെല്ലോ സെമെരാരോയുമായി നവംബർ എട്ടാം തിയതി ഫ്രാൻസിസ് പാപ്പാ കൂടികാഴ്ച നടത്തി. തതവസരത്തിൽ കർദ്ദിനാൾ മർച്ചെല്ലോ സമർപ്പിച്ച ദൈവദാസി മദർ ഏലീശ്വായുടെ വീരോചിത പുണ്യങ്ങൾ പാപ്പാ അംഗീകരിച്ചു. മദർ ഏലിശ്വായോടൊപ്പം ദൈവദാസൻ ഫാ. ജുസേപ്പേ മറാസ്സോ, ദൈവദാസി മദർ മരിയാ ഫ്രാൻചെസ്കാ ഫൊറെസ്തി എന്നിവരുടെ വീരോചിത പുണ്യങ്ങളും, ധന്യനും, ദൈവദാസനുമായ കർദ്ദിനാൾ എദോആർദോ ഫ്രാൻചെസ്കോ പിറോനിയോയുടെ മധ്യസ്ഥതയിൽ സംഭവിച്ച അത്ഭുതവും പാപ്പാ അംഗീകരിച്ചു.
ദൈവദാസരായി അംഗീകരിക്കപ്പെട്ട മൂവ്വരും ഇനി ധന്യ പദവിയിലേക്ക് ഉയർത്തപ്പെടും. ഇത് വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്കുള്ള നടപടിക്രമങ്ങളിലെ അടുത്ത പടിയാണ്.
പ്രഥമ തദ്ദേശിയ സന്യാസിനി സഭാ സ്ഥാപക
ദൈവദാസി മദർ ഏലിശ്വ വാകയിൽ കേരളത്തിലെ പ്രഥമ തദ്ദേശിയ സന്യാസിനി സഭയായ നിഷ്പാദുക കർമ്മലീത്ത മൂന്നാം സഭയുടെ (TOCD) സ്ഥാപകയാണ്. ഇന്ന് ഈ സഭ തെരേസ്യ൯ കർമ്മലീത്ത സന്യാസിനി സഭ (സി.റ്റി.സി) എന്ന പേരിൽ അറിയപ്പെടുന്നു.
1831 ഒക്ടോബർ 15ന് കേരളത്തിൽ വരാപ്പുഴ വികാരിയേറ്റിലെ ഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രസ് ഇടവകയിൽ വിശ്വാസത്തിൽ സമ്പന്നരും കുലീനരുമായ കപ്പിത്താൻ കുടുംബത്തിൽ തൊമ്മൻ – താണ്ട ദമ്പതികളുടെ എട്ട് മക്കളിൽ ആദ്യ പുത്രിയായി ഏലിശ്വ ജനിച്ചു. ബാല്യം മുതൽ പ്രാർത്ഥനയിലും സുകൃതങ്ങളിലും വേരൂന്നിയ ആത്മീയത സ്വന്തമാക്കിയ ഏലിശ്വ ദരിദ്രരോടും പാർശ്വവത്കരിക്കപ്പെട്ടവരോടും അനുകമ്പയുള്ളവളായിരുന്നു. മാതാപിതാക്കന്മാരുടെ ആഗ്രഹപ്രകാരം 1847 ൽ കൂനമ്മാവ് വത്തരു വാകയിലിനെ വിവാഹം കഴിച്ചു. 1850ൽ ഒരു കുഞ്ഞിന്റെ അമ്മയായ ഏലിശ്വയെ ഭർത്താവിന്റെ മരണം വിധവയാക്കി. പുനർവിവാഹത്തിന് നിർബന്ധിച്ചെങ്കിലും അതിന് സമ്മതിക്കാതെ പ്രാർത്ഥനയുടെയും ഉപവി പ്രവർത്തനങ്ങളുടെയും വഴിയാണ് അവൾ തിരഞ്ഞെടുത്തത്.
പ്രാർത്ഥനയുടെ ഗോവണിയിലൂടെ സഞ്ചരിച്ച സന്യാസിനി
ദിവ്യകാരുണ്യ നാഥനോടുള്ള ഭക്തിയും, ഏകാന്ത ധ്യാനവും ഇറ്റാലിയൻ വൈദീകനും കർമ്മ ലീത്ത മിഷനറിയുമായിരുന്ന ഫാ.ലെയോ പോൾഡ് ഒ.സി.ഡി യുടെ ആത്മീയ പരിശീലനവും ഏലീശ്വയിൽ സന്യാസ ജീവിതത്തിലേക്കുള്ള അതിതീവ്രമായ ആഗ്രഹത്തെ ജ്വലിപ്പിച്ചു. ഇത് അവളെ ആദ്യത്തെ തദ്ദേശീയ സന്യാസിനീ സമൂഹമായ നിഷ്പാദുക കർമ്മലീത്ത മൂന്നാം സഭയുടെ സ്ഥാപനത്തിലേക്ക് നയിച്ചു. 1866 ഫെബ്രുവരി 13 -ആം തിയതിയാണ് കേരളത്തിലെ തദ്ദേശിയ പ്രഥമ സന്യാസിനി സഭയ്ക്ക് മദർ ഏലീശ്വ ജന്മം നൽകിയത്. മദർ ഏലിശ്വായോടൊപ്പം സഹോദരി ത്രേസ്യയും, മകൾ അന്നയും സമർപ്പിത വഴി സ്വീകരിച്ചു.
ജീവിതത്തിന്റെ അന്ത്യം വരെയും കടന്നു പോകേണ്ടിയിരുന്ന കഠിന വഴികളെ പ്രാർത്ഥനയുടെയും എളിമയുടെയും പാദുകമണിഞ്ഞ് മദർ ഏലിശ്വ അതിജീവിച്ചു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുകയും, പെൺകുട്ടികൾക്ക് വേണ്ടി ബോർഡിംഗ് സ്കൂൾ ആരംഭിക്കുകയും ചെയ്തുകൊണ്ട് കേരളത്തിൽ സ്ത്രീ നവോത്ഥാനത്തിനായി മദർ ഏലിശ്വ പ്രവർത്തിച്ചു. ദൈവത്തെ മാത്രം സ്നേഹിച്ച് ദൈവം അല്ലാതെ മറ്റൊന്നും തനിക്കില്ലെന്ന് വിളിച്ചുപറഞ്ഞ് തന്റെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളെയും ദൈവാരാധനകളാക്കി മാറ്റിയ മദർ ഏലിശ്വ 1913 ജൂലൈ 18-ആം തീയതിയാണ് ദൈവസന്നിധിയിലേക്ക് യാത്രയായത്.
വരാപ്പുഴ അതിരൂപതയിലെ പരിശുദ്ധ കർമ്മലമാതാവിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും നാമധേയത്തിലുള്ള ബസിലിക്കയിലാണ് മദർ ഏലിശ്വയുടെ ഭൗതിക ശരീരം അടക്കം ചെയ്യപ്പെട്ടത്. പിന്നീടു മദറിന്റെ ഭൗതിക അവശിഷ്ടങ്ങൾ വരാപ്പുഴ സെന്റ് ജോസഫ് കർമ്മല മഠത്തിലെ സ്മൃതി മന്ദിരം എന്ന കപ്പേളയിലേക്ക് മാറ്റി. 2008 മെയ് 30 ആം തീയതി മദർ ഏലിശ്വയെ തിരുസഭ ദൈവദാസി പദവിയിലേക്ക് ഉയർത്തി. അനേകം തീർത്ഥാടകരും വിശ്വാസികളും അവളുടെ ശവകുടീരം സന്ദർശിക്കുകയും മാധ്യസ്ഥം തേടുകയും അനുഗ്രഹങ്ങൾ നേടുകയും ചെയ്യുന്നു.