ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ അന്തരിച്ചു

കൊച്ചി: യാക്കോബായ സുറിയാനി സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ (95) അന്തരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വൈകിട്ടായിരുന്നു അന്ത്യം സംഭവിച്ചത്. ആറ് മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് ഇന്ന് വൈകിട്ട് 5.21 ന് അന്ത്യം സംഭവിച്ചത്.

എറണാകുളം ജില്ലയിലെ പുത്തൻകുരിശ് വടയമ്പാടിയിൽ ചെറുവിള്ളിൽ കുടുംബത്തിലെ മത്തായിയുടേയും കുഞ്ഞാമ്മയുടേയും എട്ടുമക്കളിൽ ആറാമനായി 1929 ജൂലൈ 22 നായിരുന്നു കുഞ്ഞൂഞ്ഞ് എന്ന് വിളിപ്പേരുള്ള സിഎം തോമസിന്റെ ജനനം. ദാരിദ്ര്യവും രോഗവും കുഞ്ഞൂഞ്ഞിന്റെ പഠനം നാലാം ക്ലാസിൽ മുടക്കി. പോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ അഞ്ചലോട്ടക്കാരൻ ആയി സിഎം തോമസ് കുറച്ചുകാലം ജോലിനോക്കി. അമ്മയ്ക്കൊപ്പം പ്രാർത്ഥനയ്ക്കായി എത്തിയിരുന്ന മലേക്കുരിശ് ദയറായിൽ അക്കാലത്ത് വൈദികനായിരുന്ന സിവി എബ്രഹാമുമായുള്ള സൗഹൃദമാണ് സിഎം തോമസിനെ വൈദികവൃത്തിയിലേക്ക് ആകർഷിച്ചത്.

അഞ്ചലോട്ടക്കാരന്റെ ജോലി രാജിവച്ച് പൗരോഹിത്യ ശ്രേണിയുടെ ആദ്യഘട്ടമായ കോറൂയോ പട്ടം നേടി. തുടർന്ന് പിറമാടം ദയറായിൽ എത്തുമ്പോൾ തോമസിന്റെ പ്രായം 23 വയസ്സായിരുന്നു. വൈദിക പഠനത്തോടൊപ്പം വേദപുസ്തകത്തിലും പാണ്ഡിത്യം നേടിയ അദ്ദേഹം 1958 ൽ വൈദികപട്ടം സ്വീകരിച്ചു. ഫാദർ തോമസ് ചെറുവിള്ളിൽ എന്നായിരുന്നു ആദ്യ പേരുമാറ്റം. പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് യാക്കോബായ പള്ളി വികാരി ആയ കാലത്ത് തന്നെ വെള്ളത്തൂവലിലും കീഴ്മുറിയിലും വലമ്പൂരിലും പള്ളിവികാരിയായി സേവനമനുഷ്ഠിച്ചു. കൊൽക്കത്തയിലെ കൽക്കരി ഖനിയിൽ ജോലി നോക്കുന്നവർക്കിടയിലും കഷ്മീരിലെ ഉതംപൂരിലും ഫാദർ തോമസ് ചെറുവിള്ളിൽ മിഷൻ പ്രവർത്തനങ്ങൾക്കിറങ്ങി. വരിക്കോലി കുഷ്ഠരോഗ ആശുപത്രിയിലെ അന്തേവാസികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങാനും പള്ളിവികാരിയായിരുന്ന അദ്ദേഹത്തിന് സാധിച്ചു. അത്യുജ്ജലമായ വാക്ചാതുരി കൊണ്ട് ആയിരങ്ങളെ ആകർഷിച്ച ഫാദർ തോമസ് ചെറുവിള്ളിൽ അറിയപ്പെട്ടിരുന്നത് സുവിശേഷക്കാരിലെ സ്വർണനാവുകാരൻ എന്നായിരുന്നു. 

കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി മുതൽ പുത്തൻകുരിശിലെ പാത്രിയാർക്ക സെന്ററും അസംഖ്യം വിദ്യാഭ്യാസ സ്ഥാപനങ്ങളും സഭയ്ക്ക് മുതൽക്കൂട്ടായത് ഫാ.തോമസ് ചെറുവിള്ളിലിന്റെ ദീർഘ വീക്ഷണവും സംഘാടനാ പാടവവും കൊണ്ടാണ്.

1970-71 കാലഘട്ടം മുതൽ തന്നെ സഭയിൽ അനൈക്യത്തിന്റെ വിത്തുകൾ മുളച്ചു തുടങ്ങിയിരുന്നു. ഓർത്തഡോക്സ് , യാക്കോബായ സഭാതർക്കം ചൂടുപിടിച്ചുവന്ന 1974 ഫെബ്രുവരി 24 ന് തോമസ് മാർ ദിവന്ന്യാസിയോസ് എന്ന പേരിൽ അങ്കമാലി ഭദ്രാസനാധിപനായി ഗീവർഗീസ് മാർ ഗ്രിഗോറിയോസിനൊപ്പം ദമാസ്കസിൽ വച്ച് അഭിഷിക്തനായി. 1974 മുതൽ 1998 വരെയുള്ള കാലഘട്ടത്തിൽ അങ്കമാലി ഭദ്രാസനാധിപനായിരുന്നു തോമസ് മാർ ദിവന്ന്യാസിയോസ്. ഇക്കാലത്തിനിടയിൽ പഴന്തോട്ടം, മാമലശേരി, കോലഞ്ചേരി, തൃക്കുന്നത്ത് സെമിനാരി പള്ളി തുടങ്ങി സഭാതർക്കങ്ങളുണ്ടായ ഇടങ്ങളിലെല്ലാം യാക്കോബായ വിശ്വാസി സമൂഹത്തിന് നീതിലഭിക്കാൻ അദ്ദേഹം നിന്നു.

പുത്തൻകുരിശിൽ 2000 ഡിസംബർ 27ന് ചേർന്ന പള്ളി പ്രതിപുരുഷയോഗമാണ് തോമസ് മാർ ദിവന്ന്യാസിയോസിനെ നിയുക്ത കാതോലിക്കാ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. 2002 ജൂലൈ 26ന് ബസേലിയോസ് തോമസ് പ്രഥമൻ എന്ന പേരിൽ ശ്രേഷ്ഠ കാതോലിക്ക ബാവയായി ദമാസ്ക്കസിൽ വെച്ച് അദ്ദേഹം അഭിഷിക്തനായി. ആരോഗ്യകാരണങ്ങളാൽ 2019 മെയ് 1 ന് ഭരണച്ചുമതലകളിൽ നിന്ന് ഒഴിഞ്ഞെങ്കിലും ആത്മീയ നേതൃസ്ഥാനത്ത് തുടരുകയായിരുന്നു.

സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് പുത്തൻ കുരിശ് പാത്രിയാർക്കാ സെൻ്ററിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.

അന്ത്യോഖ്യാ പാത്രിയാർക്കീസ് സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

യാക്കോബായ സഭയിലെ മെത്രാപോലീത്തമാർക്ക് പുറമെ വിവിധ ക്രൈസ്തവ സഭകളിലെ ബിഷപ്പുമാരും സംസ്കാരശുശ്രൂഷയിൽ കാർമികത്വം വഹിക്കും.

പുത്തന്‍കുരിശ് : പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവന്‍ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ ഭൗതിക ശരീരം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലെ ക്രമീകരണങ്ങള്‍ക്കു ശേഷം ഇന്ന് രാത്രി ആശുപത്രിയില്‍ നിന്ന് ആലുവ പെരുമ്പാവൂര്‍ വഴി കോതമംഗലം ചെറിയ പള്ളിയില്‍ എത്തിക്കുന്നു. തുടര്‍ന്ന് അവിടെ പൊതുദര്‍ശനത്തിന് വയ്ക്കുന്നു. നാളെ രാവിലെ 8 മണിക്ക് വി. കുര്‍ബ്ബാന കോതമംഗലം ചെറിയ പള്ളിയില്‍ നടക്കും. 9.30 ന് പരിശുദ്ധ സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെയും വര്‍ക്കിംഗ് കമ്മിറ്റിയുടെയും സംയുക്ത യോഗം. തുടര്‍ന്ന് 10.30 ന് കബറടക്കത്തിന്റെ പ്രാരംഭ ശുശ്രൂഷകള്‍ ആരംഭിക്കുന്നു. ഉച്ചനമസ്‌ക്കാരം കഴിഞ്ഞ് 1 മണിക്ക് കോതമംഗലം ചെറിയ പള്ളിയില്‍ നിന്ന് വലിയ പള്ളിയില്‍ എത്തിച്ചേരുന്നു. തുടര്‍ന്ന് 2 മണിക്ക് കോതമംഗലം വലിയ പള്ളിയില്‍ നിന്ന് മൂവാറ്റുപുഴ വഴി 4 മണിക്ക് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ഭൗതിക ശരീരം എത്തിച്ചേരും. ശേഷം പൊതു ദര്‍ശനം. നവംബര്‍ 2-ാം തീയതി ശനിയാഴ്ച രാവിലെ 8 മണിക്ക് പാത്രിയര്‍ക്കാ സെന്റര്‍ കത്തീഡ്രലില്‍ വി.കുര്‍ബ്ബാന ഉണ്ടായിരിക്കും. 3 മണിക്ക് കബറടക്കത്തിന്റെ സമാപന ശുശ്രൂഷ ആരംഭിക്കും.
ശ്രേഷ്ഠ ബാവായുടെ വിയോഗത്തില്‍ പള്ളികളിലും, പള്ളി വക സ്ഥാപനങ്ങളിലും 14 ദിവസത്തെ ദുഃഖാചരണം. സഭയുടെ കീഴിലുള്ള പള്ളി വക സ്ഥാപനങ്ങളില്‍ നവംബര്‍ 1, 2 തീയതികളില്‍ അവിടുത്തെ ക്രമികരണങ്ങള്‍ അനുസരിച്ചു അവധി നല്‍കേണ്ടതാണ്. സഭയുടെ ദൈവാലയങ്ങളില്‍ ദുഃഖാചരണം ആയത് കൊണ്ട് പെരുന്നാളുകള്‍ മറ്റ് പൊതു പരിപാടികളും നടക്കുന്നു എങ്കില്‍ അത് ആഘോഷങ്ങള്‍ ഇല്ലാതെ നടത്തപ്പെടേണ്ടത് ആണ്.

പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ സംസ്കാര ക്രമീകരണങ്ങൾ

ഭൗതിക ശരീരം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലെ ക്രമീകരണങ്ങൾക്കു ശേഷം ഇന്ന് രാത്രി ആശുപത്രിയിൽ നിന്ന് പെരുമ്പാവൂർ വഴി കോതമംഗലം ചെറിയ പള്ളിയിൽ എത്തിക്കുന്നു. തുടർന്ന് അവിടെ പൊതുദർശനത്തിന് വയ്ക്കുന്നു.

നാളെ (നവംബർ 1 വെള്ളി) രാവിലെ 8 മണിക്ക് വി. കുർബ്ബാന കോതമംഗലം ചെറിയ പള്ളിയിൽ നടക്കും.

9.30 ന് പരിശുദ്ധ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെയും വർക്കിംഗ് കമ്മിറ്റിയുടെയും സംയുക്ത യോഗം.

തുടർന്ന് 10.30 ന് സംസ്കാര ശുശ്രൂഷയുടെ പ്രാരംഭ ശുശ്രൂഷകൾ ആരംഭിക്കുന്നു.

ഉച്ചനമസ്ക്കാരം കഴിഞ്ഞ് 1 മണിക്ക് കോതമംഗലം ചെറിയ പള്ളിയിൽ നിന്ന് വലിയ പള്ളിയിൽ എത്തിച്ചേരുന്നു.

തുടർന്ന് 4 മണിക്ക് കോതമംഗലം വലിയ പള്ളിയിൽ നിന്ന് മൂവാറ്റുപുഴ വഴി പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ഭൗതിക ശരീരം എത്തിച്ചേരും. ശേഷം പൊതു ദർശനം.

നവംബർ 2ാം തീയതി ശനിയാഴ്ച രാവിലെ 8 മണിക്ക് പാത്രിയർക്കാ സെന്റർ മോർ അത്തനേഷ്യസ് കത്തീഡ്രലിൽ വി.കുർബ്ബാന ഉണ്ടായിരിക്കും.

3 മണിക്ക് കബറടക്ക ശുശ്രൂഷയുടെ സമാപന ശുശ്രുഷകൾ ആരംഭിക്കും.

ശ്രേഷ്ഠ ബാവായുടെ വിയോഗത്തിൽ പള്ളികളിലും പള്ളി വക സ്ഥാപനങ്ങളിലും 14 ദിവസത്തെ ദുഃഖാചരണം.

സഭയുടെ കീഴിലുള്ള പള്ളി വക സ്ഥാപങ്ങളിലും നവംബർ 1, 2 തീയതികളിൽ അവിടുത്തെ ക്രമികരണങ്ങൾ അനുസരിച്ചു അവധി നൽകേണ്ടതാണ്.

സഭയുടെ ദൈവാലയങ്ങളിൽ ദുഃഖാചരണം ആയത് കൊണ്ട് പെരുന്നാളുകളും ആചാരണങ്ങളും നടക്കുന്നു എങ്കിൽ അത് ആഘോഷങ്ങൾ ഇല്ലാതെ നടത്തപ്പെടേണ്ടത് ആണ്.

1929 ജൂലൈ 22 ന് എറണാകുളം ജില്ലയിലെ പുത്തൻകുരിശിനടുത്ത് വടയമ്പാടി എന്ന ഗ്രാമത്തിൽ ചെറുവിള്ളിൽ കുടുംബത്തിൽ മത്തായിയുടെയും കുഞ്ഞമ്മയുടേയും മകനായി ജനനം.

1952 ൽ അഭിവന്ദ്യ മോർ പീലക്സീനോസ് പൗലോസ് മെത്രാപ്പോലീത്ത (കാലം ചെയ്ത പുണ്യശ്ലോകനായ പൗരസ്ത്യ കാതോലിക്ക ശ്രേഷ്ഠ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ ബാവ) കോറൂയോ സ്ഥാനത്തേക്ക് ഉയർത്തി.

1957 ൽ കടമറ്റം സെന്റ്. ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും അദ്ദേഹം തന്നെ ശെമ്മാശ്ശ പട്ടവും നൽകി.

1958 ൽ മഞ്ഞിനിക്കര ദയറായിൽ വെച്ച് അന്ത്യോഖ്യാ സിംഹാസന പ്രതിനിധിയായിരുന്ന മോർ യൂലിയോസ്‌ ഏലിയാസ് ബാവയിൽ നിന്നും കശീശ്ശാ പട്ടം സ്വീകരിച്ച ചെറുവിള്ളിൽ സി.എം തോമസ് അച്ചൻ പരിപൂർണ്ണ വൈദീക ജീവിതം ആരംഭിച്ചു.

1967 മുതൽ 73 വരെയുള്ള കാലഘട്ടത്തിൽ കോലഞ്ചേരി മെഡിക്കൽ മിഷൻ ഓർഗനൈസിംഗ് സെക്രട്ടറി, ആശുപത്രി ചാപ്പ്ളിൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.

1973 നവംബറിൽ കോതമംഗലം മർത്തമറിയം വലിയ പള്ളിയിൽ കൂടിയ അങ്കമാലി ഭദ്രാസന പള്ളിപ്രതിപുരുഷയോഗം സി.എം തോമസ് അച്ചനെ മെത്രാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു.

1974 ഫെബ്രുവരി 24 ന് ദമസ്‌കൊസിൽ വെച്ച് പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവ മോർ ദീവന്നാസിയോസ് തോമസ് എന്ന നാമധേയത്തിൽ മെത്രാനായി വാഴിച്ചു.

2000 ഡിസംബർ 27 ന് പുത്തൻകുരിശിൽ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസ്സിയേഷൻ മോർ ദീവന്നാസിയോസ് തോമസ് മെത്രാപ്പോലീത്തയെ നിയുക്ത ശ്രേഷ്ഠ കാതോലിക്കയായി തെരഞ്ഞെടുത്തു.

2002 ജൂലൈ 26 ന് ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക എന്ന നാമധേയത്തിൽ പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവായുടെ തൃക്കരങ്ങളാൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കാതോലിക്കായായി വാഴിക്കപ്പെട്ടു.

2002 നവംബർ 2 ന് പരിശുദ്ധനായ ചാത്തുരുത്തിൽ മോർ ഗ്രീഗോറിയോസ് ഗീവർഗീസ് തിരുമേനിയുടെ ചരമശതാബ്ധിയോടനുബന്ധിച്ച് പുത്തൻകുരിശ് പാത്രിയാർക്കൽ സെന്ററിൽ നടത്തിയ നൂറ്റിയൊന്നിന്മേൽ വിശുദ്ധ കുർബ്ബാനയ്ക്ക് ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ മുഖ്യകാർമ്മീകനായി.

2005 ൽ ആലുവ തൃക്കുന്നത്ത് സെന്റ്. മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ ആരാധനാ സ്വാതന്ത്ര്യത്തിനായി നടന്ന സമരത്തിൽ വിശ്വാസികൾക്ക് സമാനതകളില്ലാത്ത ധീരനേതൃത്വം നൽകി.

2007 ജനുവരി 25 ന് തൃക്കുന്നത്ത് സെമിനാരിയിൽ 30 വർഷമായി പൂട്ടിക്കിടന്ന സുറിയാനി സഭയുടെ പരിശുദ്ധ പിതാക്കന്മാരുടെ കബറുകളിൽ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ ധൂപപ്രാർത്ഥന അർപ്പിച്ചു.

2007 ഡിസംബർ 16 ന് ശ്രേഷ്ഠ പിതാവിന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കോതമംഗലത്ത് മുഖ്യമന്ത്രി ശ്രീ വി.എസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു.

2010 സെപ്റ്റംബർ 13 ന് ദമസ്‌കോസിൽ നടന്ന വിശുദ്ധ മൂറോൻ കൂദാശയിൽ ശ്രേഷ്ഠ ബാവ സഹകാർമ്മീകനായി.

2011 ലും 2013 കോലഞ്ചേരി സെന്റ്. പീറ്റേഴ്സ് & സെന്റ്. പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ആരാധനാ സ്വാതന്ത്ര്യത്തിനായി നടന്ന സഹന സമരങ്ങൾക്ക് രാപ്പകലില്ലാതെ ശ്രേഷ്ഠ ബാവ നേതൃത്വം നൽകി.

2014 മാർച്ച് 28 പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ കാലം ചെയ്തു. പരിശുദ്ധ പിതാവിന്റെ കബറടക്ക ശുശ്രൂഷകള്‍ക്ക് ശ്രേഷ്ഠ കാതോലിക്കാ ബാവ മുഖ്യകാര്‍മ്മീകനായി.

2014 മെയ് 29 – പാത്രിയര്‍ക്കാ തെരഞ്ഞെടുപ്പ്, പരിശുദ്ധ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ തെരഞ്ഞെടുപ്പ്. പാത്രിയര്‍ക്കാ സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്ക് ശ്രേഷ്ഠ കാതോലിക്കാ ബാവ മുഖ്യകാര്‍മ്മീകനായി.

സ്ഥാനമാനങ്ങൾ

പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവ ‘ബറിഗേഷ്’ എന്ന സ്ഥാനം നൽകി.

പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ ‘മലങ്കരയുടെ യാക്കോബ് ബുർദ്ദാന’ എന്ന സ്ഥാനം നൽകി.

നിങ്ങൾ വിട്ടുപോയത്